Uncategorized

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ

ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ മാതാവായ തൈമിയയിലേക്ക് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രസിദ്ധമായത്. താര്‍ത്താരികളുടെ കടന്നാക്രമണ ഭീതിയില്‍ ഡമസ്കസിലേക്ക് ഓടിപ്പോയവരുടെ കൂട്ടത്തില്‍ ശൈഖുല്‍ ഇസ്ലാമിന്റെ കുടുംബവും ഉണ്ടായിരുന്നു. ഇങ്ങനെ തന്റെ 7-ാം വയസ്സ് മുതല്‍ തന്നെ ഡമസ്കസില്‍ സ്ഥിരതാമസക്കാരനാകേണ്ടി വന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും ചിന്തയിലുമെല്ലാം ഡമസ്കസിന്റെ സ്വാധീനം നമുക്ക് കണ്ടെത്താവുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബം ഹമ്പലീ മദ്ഹബിന്റെ ആളുകളായിരുന്നു. പാരമ്പര്യമായി പിതാവില്‍ നിന്ന് ഹമ്പലി മദ്ഹബിനെക്കുറിച്ചും അതിന്റെ നിദാനങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

വിദ്യാഭ്യാസവും മറ്റു പ്രവര്‍ത്തനങ്ങളും

മുമ്പു സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്നു തന്നെയായിരുന്നു. ഹമ്പലി മദ്ഹബും അതിന്റെ ഉസ്വൂലും കുടുംബത്തില്‍ നിന്ന് മനസ്സിലാക്കിയ അദ്ദേഹം ശൈഖ് ശംസുദ്ദീന്‍, ശൈഖ് സൈനുദ്ദീനുബ്നു മാജാ, മജീദ്ബ്നു അസാകീര്‍ തുടങ്ങി 200 ലധികം ഗുരുവര്യന്മാരില്‍ നിന്ന് വിജ്ഞാനം നേടുകയുണ്ടായി. ഇബ്നു അബ്ദില്‍ ഖവിയ്യില്‍ നിന്ന് അറബി ഭാഷയില്‍ പ്രാവീണ്യം നേടുകയും സീബവയ്ഹിയുടെ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്ത അദ്ദേഹം ഇമാം അഹ്മദുബ്നു ഹമ്പലിന്റെ മുസ്നദും വിശ്വപ്രസിദ്ധ ഹദീസ് സമാഹാരമായ ‘സിഹാഹുസ്സിത്ത’യും അനവധി തവണ ആവര്‍ത്തിച്ച് പഠിക്കുകയും 14 വര്‍ഷം ഹദീസ് പഠനത്തിനായി നീക്കിവെക്കുകയും വലിയ ഹദീസ് പണ്ഡിതനായി മാറുകയും ചെയ്തു.

‘ഇബ്നു തൈമിയ്യക്കറിയാത്ത ഹദീസൊന്നും ഹദീസല്ല’ എന്നു പറയപ്പെടുമാറ് അദ്ദേഹം ഹദീസില്‍ അവഗാഹം നേടുകയുണ്ടായി. പഠിച്ചത് മറക്കുക എന്ന ശീലം ഒട്ടും ഇല്ലാതിരുന്ന അദ്ദേഹത്തിന് ഖുര്‍ആന്‍ വ്യാഖ്യാനത്തിലും കര്‍മശാസ്ത്രത്തിലും അതിന്റെ നിദാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിലും വിജയം വരിക്കാന്‍ കഴിഞ്ഞു. ഇസ്ലാമിക തത്വശാസ്ത്രത്തെ സംബന്ധിച്ചും അതിന്റെ ഏകദൈവ സിദ്ധാന്തത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് വെച്ചു പുലര്‍ത്തിയ അദ്ദേഹത്തിന് അശ്അരികള്‍ക്കും ശീഈ വിശ്വാസക്കാര്‍ക്കും ക്രൈസ്തവ-ജൂത ജല്‍പനങ്ങള്‍ക്കും യുക്തിഭദ്രമായ മറുപടി നല്‍കാന്‍ സാധിച്ചു. ‘എല്ലാ തരത്തിലുമുള്ള വിജ്ഞാനങ്ങള്‍ സമന്വയിച്ച ഒരു വ്യക്തിയെ എനിക്ക് കാണാന്‍ കഴിഞ്ഞു’ എന്നാണ് ഇബ്നു ദഖീഖ് അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.

പഠനവും പ്രവര്‍ത്തനവും ഒരുപോലെ ചിട്ടപ്പെടുത്തിയ പണ്ഡിതനായിരുന്നു അദ്ദേഹം. ഒരിക്കല്‍ തന്റെ സന്നിധിയില്‍ വന്ന ഒരു നിര്‍ധനന് തലപ്പാവ് ആവശ്യമാണെന്ന് മനസ്സിലാക്കിയ ശൈഖ് തന്റെ തലപ്പാവ് രണ്ടായി പകുത്ത് ഒരു പകുതി അയാള്‍ക്ക് നല്‍കുകയുണ്ടായി.

ഐഹിക വിരക്തി കാത്തുസൂക്ഷിച്ച ഒരു പണ്ഡിതന്‍ എന്നതിലുപരി, താര്‍ത്താരികളുടെ കടന്നാക്രമണത്തിന് മുമ്പില്‍ പണ്ഡിത സമൂഹം പകച്ചുനിന്നപ്പോള്‍, ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകയ്യില്‍ വാളുമെടുത്ത് അദ്ദേഹം അടര്‍ക്കളത്തിലിറങ്ങുകയുണ്ടായി. അക്രമികളായ രാജാക്കന്‍മാരോട് സത്യം തുറന്നുപറയാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. ഒരിക്കല്‍ ‘ഖത്ത്ലൂബിക്’ രാജാവിന്റെ പീഡനത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് ശൈഖിനോട് ആവലാതിപ്പെട്ടു. ജനങ്ങളെ പ്രയാസത്തില്‍ നിന്ന് രക്ഷിക്കുന്നതിന് രാജാവിനെ നേരിട്ടു കാണാന്‍ ചെന്ന ശൈഖിനോട് രാജാവ് പുച്ഛസ്വരത്തില്‍ പറഞ്ഞു: ‘താങ്കള്‍ വലിയ പണ്ഡിതനും വിരക്തനുമല്ലോ ഞാന്‍ അങ്ങോട്ട് വന്ന് കാണാന്‍ നില്‍ക്കുകയായിരുന്നു’. രാജാവിന്റെ മുമ്പില്‍ വളരെ ധീരമായി ശൈഖുല്‍ ഇസ്ലാം പറഞ്ഞു: ‘മൂസ എന്നേക്കാള്‍ ഉത്തമനും ഫറോവ താങ്കളേക്കാള്‍ നീചനുമാണ്. എന്നിട്ടും ഓരോ ദിവസവും മൂസ ഫറോവയുടെ അടുത്ത് മൂന്ന് പ്രാവശ്യം പോകുമായിരുന്നു’ ഇതുപോലെ ഇബ്നു തൈമിയ്യയുടെ ധീരത പ്രകടമാക്കുന്ന ഒട്ടനവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

കര്‍മശാസ്ത്രത്തിലൂടെ

മുമ്പ് വിവരിച്ചതു പോലെ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ ഒരു ‘ഹമ്പലീ’ കുടുംബത്തിലാണ് ജനിച്ചത്. അക്കാരണത്താല്‍ ചിലര്‍ അദ്ദേഹത്തെ ഹമ്പലി പണ്ഡിതനായി ഗണിക്കുന്നു. അദ്ദേഹത്തിന്റെ പിതാമഹനും പിതാവും കൂടി രചന ആരംഭിച്ച ഒരു ഹമ്പലി ഗ്രന്ഥം പൂര്‍ത്തീകരിച്ചത് ഇബ്നു തൈമിയ്യഃ ആയിരുന്നു എന്നതും അദ്ദേഹത്തെ ഹമ്പലിയാക്കാന്‍ കാരണമായി. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ എതിരാളികളുടെ കൂട്ടത്തില്‍ ഹമ്പലികളെ കണ്ടെത്തുക വിഷമകരമാണ്. ഇതിനെല്ലാമുപരി ഹമ്പലിയുടെ ഫിഖ്ഹാണ് സത്യത്തോട് കൂടുതല്‍ അടുത്തതെന്നും വിശ്വസിച്ച അദ്ദേഹം അഹ്മദിനെക്കുറിച്ചെഴുതുന്നു: ‘അഹ്മദ്ബ്നു ഹമ്പല്‍ മറ്റുള്ളവരേക്കാള്‍ ഖുര്‍ആനും സുന്നത്തും സ്വഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങളും നന്നായി അറിഞ്ഞിരുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പ്രമാണങ്ങളോട് എതിരാകുന്ന അത്ര പോലും ഹമ്പലീ മദ്ഹബില്‍ എതിരാവുകയില്ല’. (അല്‍ ഫതാവ, ഭാഗം: 2 പേജ്: 199, 200) അന്ധമായി അനുകരിക്കുക എന്നതല്ല, മറിച്ച് ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇബ്നു തൈമിയ്യഃ ഹമ്പലിയായി  മാറിയതെന്ന് മദ്ഹബിനോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു തന്നെ വിളിച്ചോതുന്നുണ്ട്.

മദ്ഹബുകളുമായി ബന്ധപ്പെട്ട മൂന്ന് അടിസ്ഥാന നിഗമനങ്ങളാണ് ഇബ്നുതൈമിയ്യക്കുള്ളത്. അവ ഓരോന്നും ഇബ്നു തൈമിയ്യഃ ഹമ്പലി പക്ഷപാതിയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

1) നാല് മദ്ഹബുകളെയും അങ്ങേയറ്റത്തെ ബഹുമാനാദരവുകളോടെ അദ്ദേഹം നിരീക്ഷിക്കുന്നു.

2) മറ്റു മദ്ഹബുകളിലാണ് സത്യം എന്നറിഞ്ഞാല്‍, താന്‍ നിലകൊള്ളുന്ന മദ്ഹബില്‍ ഉറച്ച് നില്‍ക്കരുതെന്ന് ഇബ്നു തൈമിയ്യഃ ഉപദേശിക്കുന്നു.

3) എല്ലാ മദ്ഹബുകള്‍ക്കും എതിരായി ഹദീസിനെ കണ്ടെത്തിയാല്‍ ഹദീസിനെ സ്വീകരിക്കുക.

താന്‍ നിലകൊള്ളുന്നതിന് എതിരാണ് സത്യം എന്ന് ബോധ്യപ്പെട്ടിട്ടും അത് അംഗീകരിക്കാതെ പാരമ്പര്യ മദ്ഹബില്‍ വിശ്വസിക്കുന്നവര്‍ പിതാക്കളുടെ പാരമ്പര്യം കണ്ട് സത്യദീനില്‍ നിന്ന് അകന്നവനെപ്പോലെ അധര്‍മ്മത്തിലാണ് എന്നാണ് ശൈഖിന്റെ വീക്ഷണം. ഇതോടൊപ്പം ഇബ്നു തൈമിയ്യഃ വിധികള്‍ നിര്‍ദ്ധാരണം ചെയ്യുന്നിടത്ത് പണ്ഡിതന്‍മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളുടെ കാരണം കണ്ടെത്തുന്നുണ്ട്. അടിസ്ഥാനപരമായി സത്യം കണ്ടെത്തലാണ് മുജ്തഹിദിന്റെ ലക്ഷ്യം എന്നിരിക്കെ തെറ്റായാലും ശരിയായാലും കാരണങ്ങള്‍ ഇബ്നു തൈമിയ്യഃ ഇങ്ങനെ നിരത്തുന്നു.

1) ഹദീസിനെക്കുറിച്ച് വേണ്ടത്ര ജ്ഞാനം ഇല്ലാതിരിക്കുക.

2) ഹദീസിനെക്കുറിച്ച് ജ്ഞാനമുണ്ടെങ്കിലും താന്‍ കൈകാര്യം ചെയ്യുന്ന പ്രശ്നം പോലുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം അത് പൊതുവായിട്ടുള്ളതാണോ പ്രത്യേകമായിട്ടുള്ളതാണോ എന്ന് അറിവില്ലാതിരിക്കുക.

3) ഹദീസ് മന്‍സൂഖ് (ദുര്‍ബലപ്പെട്ടത്) ആവുക.

ഇപ്രകാരം മദ്ഹബുമായി ബന്ധപ്പെടുത്തി പൊതുജനത്തേയും ഇബ്നു തൈമിയ്യഃ മൂന്നായി തരം തിരിക്കുന്നുണ്ട്.

1) തെളിവുകളെ സ്വതന്ത്രമായി നിര്‍ദ്ധാരണം ചെയ്യാന്‍ കഴിവുള്ളവര്‍. ഇവര്‍ പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നത് ശരിയല്ലെന്നാണ് ഇബ്നു തൈമിയ്യയുടെ വീക്ഷണം. അങ്ങനെ ചെയ്യുന്നത് പാപമാണ് എന്നാണ് ഇമാം അഹ്മദുബ്നു ഹമ്പലില്‍ നിന്നും ശാഫിഇകളില്‍ നിന്നും സുഫ്യാനു സ്സൌരിയില്‍ നിന്നും മറ്റും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.

2) എക്കാലത്തും ഭൂരിപക്ഷംവരുന്ന, സ്വന്തം നിലക്ക് വിധികളെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയാതെ ഏതെങ്കിലും പണ്ഡിതന്‍മാരെ ആശ്രയിക്കേണ്ടി വരുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇത് അനുവദനീയം എന്നതിലുപരി നിര്‍ബന്ധമാണ് എന്നാണ് ശൈഖിന്റെ വീക്ഷണം.

3) തെളിവുകളുടെ പിന്‍ബലമില്ലാതെ, ദേഹേച്ഛകള്‍ക്കനുസരിച്ച് മദ്ഹബുകള്‍ മാറിക്കൊണ്ടിരിക്കുക. അഹ്മദ്ബ്നു ഹമ്പലും മറ്റും ഇത് അനുവദനീയമല്ലെന്ന് വിധിച്ചിട്ടുള്ള കാര്യം ഇബ്നു തൈമിയ്യഃ ഉദ്ധരിക്കുന്നു.

ശൈഖുല്‍ ഇസ്ലാം എന്ന മുജ്തഹിദ്

ശൈഖുല്‍ ഇസ്ലാമിനെ മുജ്തഹിദായി അംഗീകരിക്കാത്തവരുണ്ടെങ്കിലും പ്രഗല്‍ഭരായ ബഹുഭൂരിപക്ഷം പണ്ഡിതരും അദ്ദേഹത്തെ മുജ്തഹിദായി അംഗീകരിക്കുന്നു. എന്നാല്‍ ഇജ്തിഹാദിന്റെ ഏത് പദവിയിലാണ് അദ്ദേഹം എന്നത് പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന വിഷയമാണ്. അതിന് മുമ്പ് ഇജ്തിഹാദിന്റെ വ്യത്യസ്ത പദവികളിലൂടെ ഒന്ന് കണ്ണോടിക്കാം. അംറുബ്നു സ്വലാഹ് മുജ്തഹിദുകളെ മൂന്നായി തിരിക്കുന്നു.

1) മുജതഹിദ് മുത്ലഖ്: ഒരു മദ്ഹബിലേക്കും ചേരാതെ സ്വതന്ത്രമായി ഉസ്വൂലിലും ശാഖാപരമായ വിഷയങ്ങളിലും ഇജ്തിഹാദ് ചെയ്യുന്ന മുജ്തഹിദ്.

2) മുജ്തഹിദ് മുന്‍തസിബ്: ഏതെങ്കിലും ഒരു മദ്ഹബിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന ഈ മുജ്തഹിദ് ഉസ്വൂലിലും ശാഖാപരമായ വിഷയങ്ങളിലും ഇജ്തിഹാദ് നടത്തുന്നു.

3) മുജ്തഹിദ് മുഖയ്യിദ്: നിര്‍ണ്ണിത മദ്ഹബിലേക്ക് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന ഈ മുജ്തഹിദ് മദ്ഹബിലെ വിധികളെ വെട്ടിച്ചുരുക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്നു.

4) മുകളില്‍ പ്രസ്താവിച്ച മുജ്തഹിദിന്റെ പദവികളില്‍ എത്താത്ത, എന്നാല്‍ സ്വന്തം നിലക്ക് ഒരു വലിയ കര്‍മശാസ്ത്ര പണ്ഡിതനാവുക എന്ന അവസ്ഥ.

5) മദ്ഹബുകളെയും അതിലെ സൂക്ഷ്മ വിധികളേയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും എന്നാല്‍ തെളിവുകളെ വേണ്ടവിധം സ്ഥിരപ്പെടുത്താന്‍ കഴിയാത്തതുമായ മുജ്തഹിദ്.

ഇവിടെ ഇബ്നു തൈമിയ്യഃ ആദ്യത്തെ മൂന്നില്‍ ഉള്‍പ്പെടുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം സ്വതന്ത്രമായി നില്‍ക്കുന്ന മുജ്തഹിദ് മുത്വ്ലഖാണ് അതല്ല, ഇമാം അഹ്മദ്ബ്നു ഹമ്പലിലേക്ക് ചേരുന്ന മുജ്തഹിദ് മുന്‍തസിബാണ് എന്നും അഭിപ്രായമുണ്ട്. അദ്ദേഹം കേവലം ഒരു ഹമ്പലി പണ്ഡിതനാണ് എന്ന് നിരീക്ഷിക്കുന്നവരും വിരളമല്ല. പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അബൂ സുഹ്റയുടെ വീക്ഷണത്തില്‍ അദ്ദേഹം മുജ്തഹിദ് മുന്‍തസിബ് ആണ്.

ഇബ്നു തൈമിയ്യയുടെ കര്‍മ്മശാസ്ത്ര നിദാനങ്ങള്‍

വിധികളെ നിര്‍ദ്ധാരണം ചെയ്യുന്നിടത്ത് ഇബ്നു തൈമിയ്യയുടെ നിദാനങ്ങള്‍ ഇമാം അഹ്മദുബ്നു ഹമ്പലിന്റേതു തന്നെയായിരുന്നു. ശൈഖുല്‍ ഇസ്ലാമിന്റെ പ്രധാന ശിഷ്യനായ ഇബ്നുല്‍ ഖയ്യിം അവ ഇങ്ങനെ വിവരിക്കുന്നു.

1) പ്രമാണങ്ങള്‍: വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണം എന്ന നിലയില്‍ ഹദീസുകളേയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

2) സ്വഹാബികളുടെ ഐകകണ്ഠ്യേനയുള്ള അഭിപ്രായം.

3) റസൂലിനോട് യോജിച്ച് വരുന്ന സ്വഹാബികളുടെ അഭിപ്രായം.

4) ശക്തമായതോ ദുര്‍ബലമാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തതോ ആയ ഹദീസുകള്‍.

5) ഖിയാസ്.

ഇവിടെ ഇബ്നുല്‍ ഖയ്യിം ‘ഇജ്മാഅ്’ നെ പരാമര്‍ശിച്ചില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ‘ഇജ്മാഇ’നെ അംഗീകരിക്കുന്നതോടൊപ്പം സ്വഹാബികളിലല്ലാതെ ഇജ്മാഅ് സംഭവിക്കുമെന്ന് ഹമ്പലികള്‍ വിശ്വസിക്കാത്തതാണ് അതിനു കാരണം. അതുപോലെ അദ്ദേഹം ഇസ്തിഹ്സാനെ മസ്വാലിഹ് മുര്‍സലയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും മസ്വാലിഹ് മുര്‍സലയെ ഖിയാസിന്റെ ഭാഗമായി എണ്ണുകയും ചെയ്തിരിക്കുന്നു.

ജയിലും മരണവും

മുമ്പ് വിസ്തരിച്ചതു പോലെ ഇബ്നു തൈമിയ്യയുടെ ഫത്വകളൊക്കെ ഹമ്പലികളുടേതായിരുന്നെങ്കിലും ചിലപ്പോഴൊക്കെ ഹമ്പലികളില്‍ നിന്നു തെറ്റി മറ്റു പണ്ഡിതന്‍മാരോട് യോജിച്ചു വരാറുണ്ട്. വളരെ അപൂര്‍വ്വമായി അദ്ദേഹത്തിന്റെ സ്വതന്ത്ര ഫത്വകളുമുണ്ട്. ഉദാഹരണമായി ‘നീ മൂന്ന് ത്വലാഖും’ ചൊല്ലപ്പെട്ടവളാണ് എന്ന് ഒരുത്തന്‍ ഭാര്യയോട് പറഞ്ഞാല്‍ മൂന്നും സംഭവിക്കുമെന്നാണ് ഭൂരിപക്ഷ പണ്ഡിതമതം. എന്നാല്‍ അത് ഒന്നായി മാത്രമേ പരിഗണിക്കൂ എന്നാണ് ഇബ്നു തൈമിയ്യയുടെ വീക്ഷണം. ഈ ഫത്വകാരണത്താലും വിശ്വാസപരമായ കാര്യങ്ങളില്‍ ദൈവശാസ്ത്രത്തിന്റെ ആളുകളേക്കാള്‍ പൂര്‍വ്വികര്‍ക്ക് മുന്‍ഗണന നല്‍കിയതിനാലും അദ്ദേഹം ഹി:698 ല്‍ അറസ്റ് ചെയ്യപ്പെട്ടു. അദ്ദേഹം ഭരണനേതൃത്വം അവകാശപ്പെടുമോ എന്ന ആശങ്കയാണ് അറസ്റിന് കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇബ്നുല്‍ ഖയ്യിമിനെപ്പോലുള്ള ശിഷ്യന്‍മാരും ഇമാമിന്റെ കൂടെ ജയില്‍ വാസം അനുഷ്ഠിച്ചവരാണ്. ഹി: 726 ന് ഡമസ്കസില്‍ വെച്ച് ആ പുണ്യാത്മാവ് ഇഹലോക വാസം വെടിഞ്ഞു. അഞ്ച് ലക്ഷത്തിലധികമാളുകള്‍ മയ്യിത്തു നമസ്കാരത്തില്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.

മരണശേഷവും കുറച്ചുകാലം അദ്ദേഹത്തിന്റെ പേരിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ മുസ്ലിം ലോകത്ത് നടക്കുകയുണ്ടായി. പിന്നീട് ഹി: 12-ാം നൂറ്റാണ്ടില്‍ കടന്ന് വന്ന മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് ഇബ്നുതൈമിയ്യയുടെ ചിന്താസരണിക്ക് പുതിയ ഊര്‍ജ്ജം നല്‍കി. ഹമ്പലി മദ്ഹബില്‍ ‘ശൈഖ്’ എന്ന് സാങ്കേതികമായി പറഞ്ഞാല്‍ ഉദ്ദേശിക്കപ്പെടുന്നത് ഇബ്നു തൈമിയ്യഃ ആണെന്നതും സുഊദികള്‍ അദ്ദേഹത്തെ ഹമ്പലി മദ്ഹബിലെ രണ്ടാമനായി എണ്ണുന്നതും അദ്ദേഹത്തിന് പണ്ഡിത സമൂഹം നല്‍കിയ ആദരവാണ്.Share

About the author

padasalaadmin

Add Comment

Click here to post a comment

Topics