Uncategorized

ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍: ഇമാം ശാത്വിബിയുടെ നിരീക്ഷണങ്ങള്‍

ഭൗതികലോകത്തെ സുഖഭോഗാസ്വാദ്യതകളുടെ ഊഷരതയില്‍ അലഞ്ഞു ക്ഷീണിച്ച ദാഹാര്‍ത്തന് പാനജലമാണ് ശരീഅത്തെന്ന നീരുറവ. ജഗന്നിയന്താവായ അല്ലാഹുവാണതിന്റെ സ്രോതസ്സ്. സാര്‍വ കാലികത, സാര്‍വ ജനീനത, പ്രത്യുല്‍പന്ന പരത, ഇലാ സ്തികത തുടങ്ങി പല സവിശേഷതകളും സര്‍വാ തിശായിയും സര്‍വാതിജയിയുമാണ്. ഒരേ സമയം ജൈവികവും അഭൗമികവുമാണ് എന്നതാണതിന് കാ രണം. ഭൂമിയിലെ വൈവിധ്യമാണ് മനുഷ്യധിഷണയുടെ വ്യത്യസ്തതക്ക് കരുത്ത് പകരുന്നത്. ശരീഅത്തിന്റെ വലിയൊരു മേഖല ഇജ്തിഹാദിന് വിധേയമായത് ധിഷണാവൈവിധ്യം കൊണ്ടത്രെ. തദ്ഫലമായി ധിഷണ ശരീഅത്തിനെയും, തിരിച്ചും പരിപോഷിപ്പിച്ചു. അതി നിടയില്‍ ഭ്രഷ്ടിന്റെ വേലിക്കെട്ടുകള്‍ നിലനില്‍ ക്കുന്നതല്ല. ശരീഅത്തെന്ന ദൈവികഉറവയുടെ മുന്നില്‍ തടസ്സങ്ങളോ വിഘ്‌നങ്ങളോ ഇല്ലല്ലോ. ഈ ശുദ്ധ ഉറവയെ പാനം ചെയ്ത മുജ്തഹിദുകളില്‍ ഒരാ ളാണ് ഇമാം അശ്ശാത്വബി. ഒരുവേള, മനനത്തിന്റെയും ഗവേഷണത്തിന്റെയും പാതയിലൂടെ ദൈവിക നിയ മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഉരുക്കഴിക്കാന്‍ ശ്രമം നടത്തിയതിന് ഭീഷണി നേരിട്ട ആളാണദ്ദേഹം. ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനും അദ്ദേഹം സ്വീകരിച്ച രീതിശാസ്ത്രം അനന്യമാണ്.  

ശാത്വബി ശരീഅത്തിന്റെ താല്‍പര്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1. ശാരിഇന്റെ(അല്ലാഹു)ഉദ്ദേശ്യലക്ഷ്യം.
2. മനുഷ്യന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.
    ശാരിഇന്റെ ഉദ്ദേശ്യലക്ഷ്യത്തെ നാലുരീതിയില്‍ വിഭജിച്ചിരിക്കുന്നു.
മ. നിയമ സംസ്ഥാപനം.
യ. ജനസാമാന്യത്തിന്റെ ബൗദ്ധികനിലവാരത്തോട് സംവദിക്കുന്ന നിയമസംസ്ഥാപനം.
ര. ധാര്‍മിക സദാചാര സംഹിതയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കും വിധം ശരീഅത്ത് സംസ്ഥാപനം.
റ. മനുഷ്യരാശിയെ ശരീഅത്തിന് വിധേയപ്പെടുത്തല്‍.
    ശാരിഇന്റെ ഉദ്ദേശ്യലക്ഷ്യം: മനുഷ്യരാശിക്ക്  നിശ്ചയിച്ചുകൊടുത്തിട്ടുള്ള നിയമസംഹിതയുടെ സംസ്ഥാപനമാണ് അല്ലാഹുവിന്റെ പ്രഥമലക്ഷ്യം. അബ്ദുല്ല അദ്ദര്‍റാസും ഇതേവീക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചുരുക്കിയും അല്ലാതെയും പ്രതിപാദിക്കുന്നിടത്ത് ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്ത് പരാമര്‍ശിക്കുന്നത് ശരീഅത്തിന്റെ സംസ്ഥാപനത്തെക്കുറിച്ചാണ്. ഇതിന്റെ മുഖ്യലക്ഷ്യം മനുഷ്യന്റെ ഇഹ-പര സൗഖ്യമാകുന്നു.
    1. അനിവാര്യകങ്ങള്‍:(അദ്ദ്വറൂറാത്ത്).മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാനാവശ്യമായ ദീന്‍, മനുഷ്യജീവന്‍,കുടുംബം,സമ്പത്ത്,ബുദ്ധി എന്നിവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്ന പക്ഷം ക്രമരാഹിത്യവും താളഭംഗവും നേരിടുകയും അതു വഴി ഇഹ-പരസൗഖ്യം നഷ്ടമാവുകയും ചെയ്യും.
    2. അവശ്യകങ്ങള്‍:(അല്‍ ഹാജിയാത്ത്) മനുഷ്യന് തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നിടത്ത് പ്രയാസങ്ങളെയും  പ്രശ്‌നങ്ങളെയും ലഘൂകരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ .
    3. സമ്പൂര്‍ണകങ്ങള്‍:(തഹ്‌സീനാത്ത് )മേല്‍പറഞ്ഞ രണ്ടു സംഗതികളേക്കാള്‍ പ്രാധാന്യം കുറവാണെങ്കിലും കര്‍മങ്ങളുടെ പരിപൂര്‍ണതക്ക് ഇത് സഹായിക്കുന്നു. സമ്പ്രദായങ്ങള്‍,രീതികള്‍,സദാചാര പെരുമാറ്റങ്ങള്‍ എന്നിവണ് ഇവ.
    മേല്‍പറഞ്ഞ സംഗതികള്‍ ശരീഅത്തിന്റെ താല്‍പര്യ സംരക്ഷണാര്‍ഥം അടിസ്ഥാനമായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ അവശ്യകങ്ങള്‍ (അല്‍ഹാജിയാത്ത്) അനിവാര്യകങ്ങള്‍ക്ക് (അദ്ദ്വറൂറാത്ത്) ഉപോദ്ബലകമായാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സമ്പൂര്‍ണകങ്ങള്‍(തഹ്‌സീനാത്ത് )അവശ്യകങ്ങളെ സേവിച്ചു കൊണ്ടാണ് കടന്നു വരുന്നത.് ഇവയെല്ലാം തന്നെ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനലക്ഷ്യങ്ങളെ പൂര്‍ത്തീകരിച്ചും ബലപ്പെടുത്തിയും സംരക്ഷിച്ചും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നു.
പരസ്പരസഹായകരമാം വിധം മനുഷ്യന്റെ അടിസ്ഥാനതാല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ശരീഅത്ത് മുന്‍കയ്യെടുക്കുന്നു. മനുഷ്യന്റെ നിലനില്‍പുമായി ബന്ധപ്പെട്ടവയുടെയെല്ലാം സംരക്ഷണം അത് ഉറപ്പുവരുത്തുന്നു. ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ അപചയത്തിന് കാരണമാവുന്നതും, നിലനില്‍പിനുതന്നെ ഭീഷണി സൃഷ്ടിക്കുന്നതുമായ എന്തിനെയും-അത് നിലവിലുള്ളതോ ഭാവിയില്‍ കടന്നുവന്നേക്കാവുന്നതോ ആകട്ടെ- ഇല്ലാതാക്കി ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. ഉദാഹരണത്തിന്, ദീനിനെ നമസ്‌കാരം, സക്കാത്ത് തുടങ്ങി അടിസ്ഥാന സ്തംഭങ്ങളിലൂടെ താങ്ങിനിര്‍ത്തിക്കൊണ്ട് ഒരു വശത്ത് സംരക്ഷിക്കുമ്പോള്‍, മതനിന്ദാ പ്രവണതകളുടെയും നവദര്‍ശനവാദങ്ങളുടെയും ഭീഷണികള്‍ക്ക് ജിഹാദിലൂടെ പ്രതിരോധഭിത്തി തീര്‍ക്കുന്നു.
    ശരീഅത്ത് നിയമങ്ങളുടെ പ്രയോഗതലത്തിലുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കപ്പെടുന്നത് മുകളില്‍ പറഞ്ഞ അടിസ്ഥാനതത്ത്വങ്ങളുടെ വെളിച്ചത്തിലാണ്. അനിവാര്യകങ്ങള്‍ക്ക് സഹായകരവും പൂരകവുമായി വരുന്ന അവശ്യകങ്ങളും സമ്പൂര്‍ണകങ്ങളും പരിഗണനാ വിധേയമാകുന്ന ഘട്ടത്തില്‍ ഏതിനാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന വിഷയത്തില്‍ ചിലപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ടായേക്കാം.അവശ്യകങ്ങളും സമ്പൂര്‍ണകങ്ങളും പൂര്‍ത്തിയായില്ല എന്നത് അടിസ്ഥാന കര്‍മത്തെനഷ്ടപ്പെടുത്തരുത്.ഉദാഹരണത്തിന് നമസ്‌കാരത്തിന് അവശ്യകമായി വരുന്നതാണ് ശുദ്ധി,ഖിബ്‌ലഃ അഭിമുഖീകരണം പോലുള്ളവ. ഇതിലേതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാല്‍ നമസ്‌കാരം ശരിയാവുകയില്ലെന്ന് തെറ്റുധരിക്കുന്നതോടെ അടിസ്ഥാന കര്‍മം തന്നെ നഷ്ടപ്പെടുന്നു. അതായത് അടിസ്ഥാന കര്‍മത്തിന്റെ സഹായക കര്‍മ(അവശ്യകം)മായി വരുന്ന സംഗതികളെ പരിഗണിക്കുന്നത് അടിസ്ഥാന കര്‍മത്തെതന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാകുന്നത് ശരിയല്ല. ഇത്തരമൊരു ഘട്ടത്തില്‍ നമുക്ക് സഹായക കര്‍മം(ശര്‍ത്വ)് നഷ്ടപ്പെട്ടാല്‍ പോലും അടിസ്ഥാന കര്‍മത്തെ മുറുകെ പിടിക്കേണ്ടതുണ്ട.്
ഭൗതികജീവിതത്തില്‍ പൊതുസമൂഹവുമായി ഇടപെടുന്ന മേഖലകളില്‍ ഇത്തരം പ്രതിസന്ധികളുണ്ടാകാം. ഉദാഹരണമായി, കച്ചവടം ഉപഭോക്താവിന് നഷ്ടമോ വഞ്ചനയോ ഉണ്ടാക്കുന്ന രീതിയിലാകരുത്. പക്ഷെ ചില കച്ചവടമേഖലകളില്‍ ഇതിനെ നമുക്ക് പൂര്‍ണമായും ഒഴിവാക്കാനാകില്ല. ഒരേയൊരുമാര്‍ഗം, കച്ചവടം തന്നെ വേണ്ടെന്നുവെക്കുകയോ അല്ലെങ്കില്‍ നഷ്ടവും വഞ്ചനയും സാധ്യമായത്ര കുറച്ചുകൊണ്ട് കച്ചവടം നടത്തുകയോ മാത്രമാണ്. സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും രണ്ടാമത്തെ മാര്‍ഗമാണ് ഭൂഷണമെന്ന്. നിയമജ്ഞനായ അല്ലാഹു അനിവാര്യകങ്ങളെ തടസ്സപ്പെടുത്താന്‍ അവശ്യകങ്ങളെ അനുവദിച്ചിട്ടില്ല. മറിച്ച് പരസ്പരം ബലപ്പെടുത്താനും സംരക്ഷിക്കാനുമാണ് അവയാവിഷ്‌കരിച്ചിരിക്കുന്നത്.
ഈയൊരടിസ്ഥാനത്തിലാണ് ഇമാം ശാത്വബി അനിവാര്യകങ്ങളാണ് അവശ്യകങ്ങളുടെയും സമ്പൂര്‍ണകങ്ങളുടെയും മൂലാധാരമായി വര്‍ത്തിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞത്. പ്രസ്തുത ആശയം അദ്ദേഹം കൂടുതല്‍ വ്യക്തമാക്കുന്നതിപ്രകാരമാണ്.
1. അനിവാര്യകങ്ങളാണ് ആവശ്യകങ്ങള്‍ക്കും സമ്പൂര്‍ണകങ്ങള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.
2. അനിവാര്യകങ്ങളിലെ ക്രമക്കേടുകള്‍ അവശ്യകങ്ങളുടെയും സമ്പൂര്‍ണകങ്ങളുടെയും പൂര്‍ണമായ ക്രമരാഹിത്യത്തിലേക്ക് നയിക്കും.
3. അവശ്യകങ്ങളിലും സമ്പൂര്‍ണകങ്ങളിലും ഉള്ള സമതുലനമില്ലായ്മ അനിവാരകങ്ങളിലും തജ്ജന്യമായ ക്രമഭംഗം ഉളവാക്കണമെന്നില്ല.
4. അവശ്യകങ്ങളിലോ സമ്പൂര്‍ണകങ്ങളിലോ ഉള്ള പൂര്‍ണ താളഭംഗം അനിവാര്യകങ്ങളുടെ നിര്‍വഹണത്തില്‍ ഭംഗം സൃഷ്ടിച്ചേക്കാം.
5. അനിവാര്യകങ്ങള്‍ക്കായി അവശ്യകങ്ങളും സമ്പൂര്‍ണകങ്ങളും സംരക്ഷിക്കപ്പെടണം.
ശാത്വബി ഈ രീതിയില്‍ നിയമങ്ങളെ കൂടുതല്‍ ബലപ്പെടുത്താന്‍ കാരണം, നിസ്സാരമെന്ന് തോന്നുന്ന ഏതെങ്കിലും സംഗതികളോടുള്ള അവഗണന വലിയ സംഗതികള്‍ ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചേര്‍ക്കുമെന്ന ആശങ്കയാണ്. ഇതാകട്ടെ, വാസ്തവമാണുതാനും. വിലക്കപ്പെടുന്നവയുടെ പരിധിയില്‍ മേഞ്ഞുനടക്കുന്നവര്‍ ഏതുനിമിഷവും, നിഷിദ്ധമായത് ഭുജിക്കുന്നതിന് സാധ്യതയുണ്ടെന്ന അടിസ്ഥാന യാഥാര്‍ഥ്യമാണ് ഈ ആശങ്കയ്ക്ക് നിദാനം.
ബൗദ്ധികനിലവാരത്തോട് സംവദിക്കുന്ന നിയമസംസ്ഥാപനം
ശരീഅത്തിന്റെ അടിസ്ഥാനനിയമങ്ങളെയും അവയുടെ ഉദ്ദേശ്യങ്ങളെയും യഥാര്‍ഹം മനസ്സിലാക്കുന്നതിന് അറബിഭാഷ മനസ്സിലാക്കിയേതീരൂ എന്ന് ശാത്വബി നിബന്ധനവെക്കുന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ഇസ്‌ലാമികശരീഅത്ത് ബുദ്ധിജീവികളുടെ മാത്രമല്ല, നിരക്ഷരസമൂഹത്തിന്റെ ഹൃദയവികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്, സഹൃദയഭാവത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു. സമൂഹത്തിലെ ഏഴകളുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രശ്‌നപരിഹാരവും ശരീഅത്തിന്റെ ലക്ഷ്യമാണ്.
ശരീഅത്തിന്റെ ഉദ്ദേശ്യം അടിസ്ഥാനസ്വഭാവ രൂപീകരണം:
ശരീഅത്ത് താല്‍പര്യപ്പെടുന്ന, പ്രത്യേകിച്ച്, മനുഷ്യകഴിവിന്ന് സാധ്യമാണോ എന്നതുസംബന്ധിച്ച് സംശയം നിലനില്‍ക്കുന്ന ചില സ്വഭാവസവിശേഷതകളെക്കുറിച്ച് ശാത്വബി ചര്‍ച്ചചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു. ‘മനുഷ്യകഴിവിനപ്പുറമുള്ള ഒരു നൈതികസ്വഭാവഗുണത്തിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോള്‍ അതിന്റെ പൂര്‍വ ചരിത്രം, ഗുണഫലങ്ങള്‍, സാഹചര്യസ്വാധീനങ്ങള്‍ എന്നിവയെക്കുറിച്ച് ധാരണ ആവശ്യമായി വരുന്നു. ഉദാഹരത്തിന്, വിശ്വാസികള്‍ പരസ്പര സ്‌നേഹം പുലര്‍ത്തുന്നവരാകണം എന്ന, അല്ലാഹുവിന്റെ താല്‍പര്യം സാക്ഷാത്കൃതമാകണമെങ്കില്‍ അത്തരം ഒരു ഗുണം ഉളവാകുന്ന സാഹചര്യങ്ങള്‍, ചുറ്റുപാടുകള്‍, സാമൂഹികാന്തരീക്ഷം, അതിനെതുടര്‍ന്നും നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുബന്ധമായി അല്ലാഹു താല്പര്യപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കണം.
ക്ലിപ്തമല്ലാത്തതും അവ്യക്തവുമായ സ്വഭാവരീതികളുടെ വിഷയത്തിലാണെങ്കില്‍ നിര്‍ദ്ദിഷ്ട സ്വഭാവരീതികള്‍ ആവശ്യമുള്ളതാണോ അതോ മനുഷ്യകഴിവിന്നതീതമായി പ്രത്യക്ഷപ്പെടുന്നതാണോ എന്നിങ്ങനെ- അതിനുമപ്പുറം അത്തരം സ്വഭാവരീതികള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്- മനുഷ്യസ്വഭാവത്തില്‍ പ്രകടമാകാറുള്ള പരുഷത, അസൂയ, ലൗകികത, ഭീരുത്വം, സംയമനം, ക്ഷമ, ധൈര്യം മുതലായവയില്‍ വളരെ കൂലങ്കഷമായ ചര്‍ച്ച ആവശ്യമുണ്ടെന്നതാണ് ശാത്വബിയുടെ വീക്ഷണം. സ്വഭാവ രൂപീകരണത്തില്‍ മനുഷ്യന്റെ കഠിന പരിശ്രമം ആവശ്യമായി വരുന്നവയില്‍ ഇമാം പറയുന്നത് മനുഷ്യന്റെ മേല്‍ പ്രപഞ്ചനാഥന്‍ അമിതഭാരമോ, പ്രയാസമോ വരുത്തിവെക്കാനുദ്ദേശിക്കുന്നില്ലെന്നാണ്. അങ്ങനെയായിരുന്നുവെങ്കില്‍ ഇളവുകള്‍ക്കിടമുണ്ടാകില്ലായിരുന്നു.
സ്വാഭാവികമായുണ്ടാകുന്ന പ്രയാസങ്ങളെ അല്ലാഹു നിരാകരിക്കുന്നില്ല. അതാകട്ടെ, ജീവിതസന്ധാരണത്തിനുള്ള പ്രയത്‌നങ്ങളിലും, ഉദ്യോഗത്തിലും, ബിസിനസ് ഇടപാടുകളിലും അവ തരണം ചെയ്യുന്നത് ഏവര്‍ക്കും സുപരിചിതവും സുസാധ്യവുമായതത്രെ. ദൈനംദിനവ്യവഹാരങ്ങളിലെ പ്രയാസങ്ങളോര്‍ത്ത് ഒരാളും വ്യവഹാരങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ലല്ലോ. എന്നല്ല, അത്തരം പ്രയാസങ്ങള്‍പോലും തരണം ചെയ്യാനുള്ള തന്റേടമില്ലാത്തവരെ വിവേകികള്‍ മടിയന്മാരെന്നും ഭീരുക്കളെന്നും കുറ്റപ്പെടുത്തും. മേല്‍നിലവാരത്തിലുള്ള പ്രയാസങ്ങളേ  ശരീഅത്ത് നിയമങ്ങളുടെ വൃത്തത്തിലുമുള്ളൂ. ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മയാണ് അല്ലാഹു ലക്ഷ്യമിടുന്നത് . പക്ഷെ ഇത്തരം പ്രയാസങ്ങളെ മനുഷ്യര്‍ സ്വമേധയാ വര്‍ധിപ്പിച്ച് പുണ്യം തേടാന്‍ ശ്രമിക്കുന്നത് ശാരിഇന്റെ ഉദ്ദേശ്യലക്ഷ്യത്തിനെതിരാണ്. കാരണം, ആത്മപീഡനത്തെ ദൈവപ്രീതി നേടാനുള്ള മാര്‍ഗമായി ശരീഅത്ത് കാണുന്നില്ല.
ജീവിതത്തിലെ സമസ്തമേഖകളുടെയും സംസ്‌കരണത്തിന് നിശ്ചയിക്കപ്പെട്ട കര്‍മങ്ങളെ, പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊണ്ട് നിര്‍വഹിക്കുന്നതില്‍ ശരീഅത്ത് പ്രത്യേകം താല്‍പര്യമെടുക്കുന്നതിന് മുഖ്യമായും രണ്ടുകാരണങ്ങളാണുള്ളത്. ഒന്നാമത്, അടിസ്ഥാന കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ ക്രമേണ സ്രഷ്ടാവിനോടുള്ള തന്റെ കര്‍തവ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് മനുഷ്യനെ വിമുഖനാക്കുകയും ക്രമേണ ശാരിഅ് ഉദ്ദേശിച്ച ആത്യന്തിക നന്മയില്‍നിന്ന് അവനെ അകറ്റുകയും ചെയ്യും. മറ്റൊന്നുള്ളത്, കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന വേളയിലെ പ്രയാസങ്ങള്‍ ഒരാളുടെ ആരോഗ്യം, സമ്പത്ത്, മാനസികാരോഗ്യം തുടങ്ങി എല്ലാറ്റിനേയും പ്രതികൂലമായി ബാധിക്കും. തന്റെ ഭാര്യാസന്താനങ്ങളെ പരിപാലിക്കുന്നതിനായുള്ള ത്യാഗപരിശ്രമത്തിനിടയില്‍, അല്ലാഹുവിനോട് നീതിപുലര്‍ത്താനാകാത്തവിധം പ്രയാസങ്ങളിലകപ്പെടുന്ന വ്യക്തിയെ സംബന്ധിച്ച്, രണ്ടിനോടും നീതിപുലര്‍ത്താനാകാതെ ജീവിതവിരക്തിയില്‍ അവന്‍ അഭയം കണ്ടെത്തും. യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ ഒരു മേഖലയിലേക്ക് മാത്രം ചുരുങ്ങി, മറ്റെല്ലാറ്റില്‍നിന്നും അകന്നുമാറി നിര്‍ജീവനാകാതെ, നന്മയില്‍ സമതുലനത്തോടെ ചരിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യനെയാണ് ശരീഅത്ത് അഭിലഷിക്കുന്നത്.
മനുഷ്യന്‍ കടുത്ത പ്രയാസം നേരിടുന്നഘട്ടം, ജഡികേഛകളില്‍നിന്ന് സ്വതന്ത്രനായി ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കൊത്ത് ദൈവത്തിന്റെ അടിമയാകുമ്പോഴാണ്. അത്തരം പ്രയാസങ്ങളാകട്ടെ അതതിന്റെ നിയമപരിധിക്കുള്ളില്‍ വരുന്നതത്രെ. നിയമങ്ങള്‍ അനുധാവനം ചെയ്യുന്നതിലെ പ്രയാസങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ശാത്വബി നല്‍കുന്ന വിശദീകരണമിതാണ:് ‘മധ്യമനിലപാടിന്റെ രാജപാത സ്വീകരിച്ച ആദര്‍ശത്തിന്റെ നിദാനമാണ് ഇസ്‌ലാമിക ശരീഅത്ത്.  ഏതെങ്കിലും വശത്ത് ആത്യന്തികതയുടെ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍തന്നെ, മനസ്സിലാക്കണം, അതിനെതിരായ ആത്യന്തികതിന്മയെ പ്രതിരോധിക്കാനാണതെന്ന്. തികഞ്ഞ സുഖഭോഗവിരക്തി കല്പിക്കപ്പെടുന്നത,് കടുത്ത സുഖൈശ്യര്യഭോഗാസക്തിയിലേക്ക് കൂപ്പുകുത്തി ദീനിനെ വിസ്മരിക്കുമ്പോഴാണ്. ദീനില്‍ കടുംപിടിത്തവും പരുഷതയും വെച്ചുപുലര്‍ത്തുന്നവരെ പ്രോത്സാഹനവും പ്രതിഫലവാഗ്ദാനവും നല്‍കി മയവും അലിവും ഉള്ളവരാക്കുന്നതും ദൃശ്യമാണ.് എന്തായാലും തികഞ്ഞ മിതത്വത്തിന്റെ നയമാണ് ശരീഅത്ത് സ്വീകരിച്ചിട്ടുള്ളത്.’
മനുഷ്യരാശി ശരീഅത്തിന് വിധേയപ്പെടല്‍
 ശരീഅത്ത് നിയമങ്ങളാവിഷ്‌കരിക്കപ്പെട്ടതിന്റെ പിന്നിലെ ലക്ഷ്യങ്ങളിലൊന്ന് ഭൗതികലോകത്തുതന്നെ മനുഷ്യന് സന്തോഷം പകര്‍ന്നുനല്‍കുകയെന്നതാണ്. അതിന് മനുഷ്യന്‍ തന്റെ ജഡികേഛയോടുള്ള വിധേയത്വം ഉപേക്ഷിക്കണം. ദാസ്യം തികച്ചും അല്ലാഹുവിനു മാത്രമാക്കണം. ശരീഅത്തിന്റെ ഈ ഉദ്ദേശ്യത്തില്‍ മനുഷ്യന്റെ ജൈവിക ചോദനകളോ ആശയാഭിലാഷങ്ങളോ ബലികഴിക്കപ്പെടുന്നില്ലയെന്നത് എടുത്തുപറയേണ്ട സംഗതിയാണ്. അല്ലാഹുവിന്റെ ആജ്ഞാ-നിരോധങ്ങളെ കണക്കിലെടുക്കാതെ സ്വാഭീഷ്ടങ്ങളെ പൂര്‍ത്തീകരിക്കുന്ന അവസ്ഥയില്‍ അത്തരമൊരാള്‍ വ്യക്തി-വംശ-വര്‍ഗ സങ്കുചിതത്വത്തിന്റെ നീരാളിക്കൈകളില്‍ പെട്ട് ഞെരിഞ്ഞമരും. ഏകനിയമത്തിലൂടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളില്‍ ഏകോപനം സാധ്യമാവുമ്പോള്‍ സംഘര്‍ഷങ്ങളൊഴിവായി സമാധാനമാണുണ്ടാവുക. ഇനി ദൈവേഛയും ഒരാളുടെ ആഗ്രഹവും ഒന്നായി വരുന്ന വേളയില്‍ അയാളുടെ മനസിലെ മുന്‍ഗണനാക്രമമനുസരിച്ചാണ് വിധിപറയാനാകുക. ഇമാം ശാത്വബി ഇതോടൊപ്പം മറ്റൊരു നിരീക്ഷണംകൂടി നടത്തുന്നുണ്ട്. അതായത്, ഒരാള്‍ മനുഷ്യകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിലൂടെ പ്രഥമമായി അയാള്‍ ലക്ഷ്യം വെക്കുന്നത് മാനസിക സംതൃപ്തിയാണ്. ഇത്തരത്തില്‍ കാലമേറെ ചെല്ലുന്നതോടെ പ്രസ്തുതവ്യക്തി കാരുണ്യപ്രവര്‍ത്തനങ്ങളെന്നു കരുതി ചെയ്യുന്ന കര്‍മങ്ങളില്‍ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളൊക്കെ മറന്ന് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടുരീതിയിലുണ്ടെന്ന് ശാത്വബി നിരീക്ഷിക്കുന്നത് ഇത്തരുണത്തിലാണ്. അടിസ്ഥാന ലക്ഷ്യങ്ങള്‍ (Primary Objec-tives) പ്രകൃതി സഹജലക്ഷ്യങ്ങള്‍ (Secondary Objectives) എന്നിവയാണവ. അടിസ്ഥാനലക്ഷ്യത്തിന്റെ വിഷയത്തില്‍ മനുഷ്യമനസ്സിന്റെ ചായ്‌വോ, ഇഷ്ടാനിഷ്ടങ്ങളോ മുഖ്യപരിഗണനയല്ല. അനിവാര്യകങ്ങളുടെ (ദീന്‍, ജീവന്‍, ബുദ്ധി, കുടുംബം, സമ്പത്ത് എന്നിവയുടെ നിലനില്‍പും സംരക്ഷണവും) പട്ടികയില്‍ പെട്ടതാണിവ. അനിവാര്യകങ്ങളുടെ ആവശ്യം ഒരാള്‍ സ്വയമേവ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും അത് തകര്‍ക്കാനോ ഉന്മൂലനം ചെയ്യാനോ ശ്രമിക്കുന്നത് ഇഹ-പരശിക്ഷക്ക് കാരണമാകുന്നു.
പ്രകൃതിസഹജലക്ഷ്യങ്ങള്‍ (Secondary Objectives) മനുഷ്യന്റെ ജൈവിക ചോദനകളെ നിയമാനുസൃത മാര്‍ഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ സാര്‍ത്ഥകമാകുന്നതാണ്. അതുകൊണ്ടുതന്നെ പ്രകൃതിസഹജലക്ഷ്യങ്ങള്‍ അടിസ്ഥാനലക്ഷ്യങ്ങള്‍ക്ക് പൂരകവും ശാക്തീകരണവും പ്രദാനം ചെയ്യുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അടിസ്ഥാനലക്ഷ്യങ്ങള്‍ പ്രത്യക്ഷത്തില്‍ മനുഷ്യചോദനയ്ക്ക് സംതൃപ്തിയോ ആഹ്ലാദമോ നല്‍കുന്നില്ലെന്നാണെങ്കില്‍പോലും അവനത് തള്ളികളയുമോ ഇല്ലയോ എന്നൊന്നും കണക്കിലെടുക്കാതെ തന്നെ അവന്റെ മേല്‍ ബാധ്യതയാക്കിയിരിക്കുന്നു. പക്ഷെ ചിലപ്പോഴൊക്കെ അടിസ്ഥാന ലക്ഷ്യങ്ങളില്‍പെട്ട ചില സംഗതികളില്‍ പ്രകൃതിസഹജലക്ഷ്യത്തിന്റെ സദ്ഫലങ്ങള്‍ പ്രതിഫലിക്കാം. ഒരാള്‍ തന്റെയും കുടുംബത്തിന്റെയും ജീവിതസന്ധാരണത്തിനുള്ള കഠിനപ്രയത്‌നങ്ങളില്‍ സന്തോഷവും മാനസിക സംതൃപ്തിയും കണ്ടെത്തുന്നത് അത്തരത്തിലൊന്നാണ്. അടിസ്ഥാനലക്ഷ്യങ്ങളുടെ നിര്‍വഹണത്തില്‍ ലക്ഷമാകുന്ന മനുഷ്യന്റെ സംതൃപ്തിയും ആഹ്ലാദവും അനുവദനീയമാക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണം, നല്ലവസ്ത്രം, വേഗമേറിയ വാഹനം, സൗന്ദര്യമുള്ള ഇണ എന്നിവ ജീവിതത്തില്‍ സംതൃപ്തിയേകുന്നവയാണ്. ജീവന്റെ സംരക്ഷണം എന്ന അടിസ്ഥാനലക്ഷ്യത്തിലാണെങ്കിലും അതിനെ ആസ്വാദ്യകരവും, സുഖദായകവുമാക്കുകയെന്നത് നിര്‍ബന്ധമാക്കിയിട്ടില്ല. അടിസ്ഥാനലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്വാഭാവിക ലക്ഷ്യത്തിന്റെ ഫലങ്ങള്‍ ഉദ്ഭൂതമാകുന്നുണ്ടെങ്കിലും സ്വാഭാവികലക്ഷ്യത്തിലൂടെ കരഗതമാകുന്ന ആസ്വാദനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് (തദ്ഫലമായി അടിസ്ഥാനലക്ഷ്യം നേടാനാകുന്നുണ്ടെങ്കില്‍പോലും) ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല. അതിനുള്ള കാരണങ്ങള്‍ താഴെപറയുന്നവയാണ്.
1. മനുഷ്യന്‍ തന്റെ ജഡികേഛകളില്‍നിന്നു മുക്തനായി കീഴ്‌വണക്കം പൂര്‍ണമായും തനിക്കാക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം.
2. അടിസ്ഥാനലക്ഷ്യം ലാക്കാക്കിയുള്ള പ്രവര്‍ത്തനമാണ് പൂര്‍ണാര്‍ഥത്തിലുള്ള ഇബാദത്താവുക. ദൈവ പ്രീതിക്കായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വേച്ഛകള്‍ തടയാനിടയുണ്ട്.
3. ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങളെല്ലാം അടിസ്ഥാനലക്ഷ്യങ്ങള്‍ക്ക് വേണ്ടി നടത്തുമ്പോള്‍ അത് സമ്പൂര്‍ണ കീഴ്‌വണക്കത്തിന്റെ പ്രതീകമായിത്തീരുന്നു.
4. സൂക്ഷ്മവിശകലനത്തില്‍ അടിസ്ഥാനലക്ഷ്യങ്ങള്‍ വിശാലവും സര്‍വഥാ പ്രധാനവുമായ മേഖലകളുള്‍കൊള്ളുന്നതാകയാല്‍ പ്രകൃതിസഹജലക്ഷ്യങ്ങളും അതില്‍ ഉള്‍ച്ചേരുന്നു.
5. അടിസ്ഥാനലക്ഷ്യ പൂര്‍ത്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ആഴത്തിലുള്ള വിധേയത്വം ആവശ്യപ്പെടുന്നു എന്നതില്‍നിന്ന് പ്രസ്തുത പ്രവര്‍ത്തനങ്ങളെ നിരാകരിക്കുന്നതിന്റെ  ഗര്‍ഹണീയത ബോധ്യപ്പെടുന്നുണ്ട്.
6. അടിസ്ഥാനലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബാധ്യതാ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. ബാധ്യതാനിര്‍വഹണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റേതുകര്‍മങ്ങളെക്കാളും മഹത്തരമാണ്.
അടിസ്ഥാനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കണം എന്ന നിര്‍ബന്ധ സ്വരത്തിന് പ്രകൃതിസഹജലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമില്ലയെന്നര്‍ഥം കല്‍പിക്കേണ്ടതില്ല. അടിസ്ഥാനലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യംവെച്ചുകൊണ്ട് പ്രകൃതിസഹജലക്ഷ്യങ്ങളെ കാംക്ഷിക്കാം. തജ്ജന്യ പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കിന്റെ പടിവാതിലായി മാറുന്നുവെന്ന ഇമാം ഗസ്സാലിയുടെയും അദ്ദേഹത്തിന്റെ ശിഷ്യനായ ഇബ്‌നുല്‍ അറബിയുടെയും സ്വൂഫീ കാഴ്ചപ്പാടുകളെ ശാത്വബി എതിര്‍ക്കുന്നത് കാണുക.
‘ഏതൊരു മനുഷ്യനും ഭൗതികതാല്‍പര്യങ്ങളുടെ സ്പര്‍ശമില്ലാതെ നിര്‍ബന്ധകര്‍മങ്ങള്‍ നിര്‍വഹിക്കാനാവില്ല; ഭൗതിക താല്‍പര്യങ്ങള്‍ ഉപേക്ഷിച്ചുവേണം നിര്‍ബന്ധകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എന്നതില്‍ യാതൊരു സംശയവുമില്ലെങ്കിലും. പക്ഷെ ഒരാളുടെ കര്‍മങ്ങളില്‍ ഭൗതികതാല്‍പര്യങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നുവെങ്കില്‍ അതപകടം തന്നെയാണ്. കാരണം കര്‍മങ്ങളുടെ മാറ്റ് നിര്‍ണയിക്കപ്പെടുന്നത് ദൈവപ്രീതിക്ക് കൊടുക്കുന്ന മുന്‍ഗണനയിലൂടെയാണ്.
ഒരാളുടെ പ്രതിനിധിയായിക്കൊണ്ട് വേറൊരാള്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സാധുതയുണ്ടോ എന്നവിഷയം കൂട്ടത്തില്‍ കടന്നുവരുന്ന ഒന്നാണ്. മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരങ്ങളില്‍ പ്രാതിനിധ്യം(നിയാബഃ) ശരീഅത്തുനിയമങ്ങള്‍ അംഗീകരിക്കുന്നു. ഒരാളുടെ സാന്നിധ്യത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഇടപാടുകള്‍ ആളുടെ സാന്നിധ്യത്തെയാണ് ഗൗരവത്തിലെടുക്കുന്നത്. പ്രതിനിധിയായി ഇടപാടില്‍ രംഗപ്രവേശം ചെയ്യുന്ന ആളുടെ എഴുത്തുകുത്തുകളും പണമിടപാടുകളും ലക്ഷ്യപൂര്‍ത്തീകരണത്തിനുതകുമെങ്കില്‍ അത് നിയമാനുസൃതമായിത്തീരുന്നു.
ഭൗതിക ക്രയവിക്രയങ്ങളില്‍ സ്വീകരിക്കപ്പെടുന്ന മുക്ത്യാര്‍ (പ്രാതിനിധ്യം) പക്ഷേ നിര്‍ബന്ധ ആരാധനാകര്‍മങ്ങളില്‍ അസ്വീകാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. ‘ഭാരംവഹിക്കുന്നവരാരും മറ്റൊരുത്തന്റെ ഭാരം വഹിക്കുകയില്ല. ഭാരംചുമത്തപ്പെട്ട ഒരുവന്‍ തന്റെ ഭാരം താങ്ങുന്നതിനായി നിലവിളിച്ചാല്‍ അവന്റെ ഭാരത്തില്‍നിന്ന് ചെറിയൊരംശമെങ്കിലും  ഏറ്റെടുക്കാന്‍ യാതൊരാളും എത്തുകയുമില്ല. അയാള്‍ അടുത്ത ബന്ധുവായാലും ശരി. പ്രവാചകരേ, തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും ചെയ്യുന്നവരാരോ, അവരെ മാത്രമേ താങ്കള്‍ക്ക് ഉണര്‍ത്താനാകൂ. വല്ലവനും വിശുദ്ധി കൈകൊള്ളുന്നുവെങ്കില്‍ അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയത്രെ. എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്കുതന്നെ’ (അല്‍ഫാത്വിര്‍-18). ശരീഅത്ത് എന്താണുദ്ദേശിക്കുന്നതെന്ന് പ്രസ്തുത സൂക്തത്തില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം തുടരുന്നു: ‘എല്ലാ അനുഷ്ഠാനകര്‍മങ്ങളും അല്ലാഹുവിനോട് ഭക്ത്യാദരവ്, കീഴ്‌വണക്കം, അനുസരണം, ദൈവികസ്മരണ, സ്മരണയിലൂടെ ഹൃദയവിശുദ്ധി, വാചാ-കര്‍മണാ ദൈവികദീനിലുറച്ചുനില്‍ക്കല്‍, ദൈവിക സാമീപ്യത്തിനുതകുന്ന കര്‍മങ്ങളില്‍ വ്യാപൃതനാകല്‍ തുടങ്ങിയ ഗുണങ്ങള്‍ പകര്‍ന്നു നല്‍കുന്നു. മുക്ത്യാര്‍ ഈ വക ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ നടപടിയത്രെ!’.
മേല്‍ അഭിപ്രായത്തിന് വിരുദ്ധമായി പ്രവാചക വചനങ്ങളുണ്ടെന്ന      വാദത്തിന് അദ്ദേഹത്തിന് മറുപടിയുണ്ട്: ‘ഈ ഹദീസുകള്‍ ഖണ്ഡിതപ്രമാണമായ ഖുര്‍ആന്നെതിരാണ്. ആഹാദ് (ഏകനിവേദക പരമ്പര) ആയി വന്ന പരാമര്‍ശങ്ങളെ അവ ഖുര്‍ആന്നെതിരാണെങ്കില്‍ തള്ളിക്കളയണമെന്ന് മാലികുബ്‌നു അനസും, ഇമാം അബൂഹനീഫഃയും പറയുന്നുണ്ട്.
അനുഷ്ഠാനങ്ങളിലൂടെ അല്ലാഹു തന്റെ ദാസനെ സദാ ദൈവസ്മരണയിലും കീഴ്‌വണക്കത്തിലും ഉറപ്പിച്ചു നിര്‍ത്താനുദ്ദേശിക്കുന്നു. പ്രസ്തുതകര്‍മങ്ങളെ കൃത്യമായും വ്യവസ്ഥാപിതമായും നിര്‍വഹിക്കുന്നവരെ അതിനാല്‍തന്നെ അവന്‍ പുകഴ്ത്തുന്നു. ഒരുഹദീസിലിപ്രകാരം കാണാം: ‘തികഞ്ഞ ഏകാഗ്രതയോടെയും സമര്‍പണബോധത്തോടെയും കൂടി ചെയ്യപ്പെടുന്ന കര്‍മങ്ങള്‍ (അവ ചെറുതാണെങ്കില്‍ കൂടിയും) അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും പ്രിയങ്കരങ്ങളാണ്. ഈയൊരുദ്ദ്യേശ്യത്തിലാണ് അനുഷ്ഠാനകര്‍മങ്ങളിലെ ഞെരുക്കങ്ങളും കടുംപിടിത്തങ്ങളും ശരീഅത്ത് വിലക്കിയത്.
ശരീഅത്തിന്റെ
മാനുഷികലക്ഷ്യങ്ങള്‍
ശരീഅത്തുനിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കിയ ഇമാം ശാത്വബി ശരീഅത്തിന്റെ മാനുഷികലക്ഷ്യങ്ങളെക്കുറിച്ചും വളരെ സ്തുത്യര്‍ഹമായ രീതിയില്‍ അപഗ്രഥിച്ചിട്ടുണ്ട്. നിയമത്തിനു മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ട മനുഷ്യധിഷണയെ പരിഗണിക്കാതെയുള്ള ഏതുനിയമവും ഏടുകളില്‍ വിശ്രമിക്കുകയോ അല്ലെങ്കില്‍ നിയമവിശാരദന്റെ മസ്തിഷ്‌കഞൊറികളില്‍ നിദ്രകൊള്ളുകയോ ചെയ്യുമെന്നല്ലാതെ അതുകൊണ്ട് ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാകില്ല. അതുകൊണ്ടുതന്നെ മാനുഷികലക്ഷ്യങ്ങളെപ്പറ്റി അവയെങ്ങനെ അനുകൂലമായും പ്രതികൂലമായും ദൈവികലക്ഷ്യവുമായി  ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വിശദീകരിക്കപ്പെടേണ്ടതുണ്ട്. നിയമദാതാവായ അല്ലാഹുവിന്റെ ഉദ്ദേശ്യം അടിമ നിയമങ്ങളനുസരിക്കുന്നത്് തന്റെ തൃപ്തിക്കനുസൃതമായിരിക്കണമെന്നാണ്. അതുകൊണ്ടുതന്നെ, അനിവാര്യകങ്ങളെ സംരക്ഷിച്ചുകൊണ്ട് അതിനനുസൃതമായ രീതിയില്‍ അവശ്യകങ്ങളെയും സമ്പൂര്‍ണകങ്ങളെയും നിര്‍വഹിക്കുന്ന മനുഷ്യന്‍ കര്‍മങ്ങളെക്കുറിച്ച് വിചാരണചെയ്യപ്പെടും. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയായതുകൊണ്ട് അവന്റെ കുടുംബം, സമ്പത്ത് തുടങ്ങി എല്ലാം മനുഷ്യന്റെതന്നെ ആവശ്യത്തിലേക്കുള്ളതാണ്. ശാരിഇന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിതനായ മനുഷ്യന്‍ അവനോടുള്ള ബാധ്യതാനിര്‍വഹണത്തിന്റെ ഭാഗമായി ദൗത്യം പൂര്‍ത്തീകരിക്കണം.
ശരീഅത്ത് ലക്ഷ്യം വെച്ചതിനു വിരുദ്ധമായി മറ്റൊന്നു പ്രതീക്ഷിച്ചുകൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നത് നിയമലംഘനമാണ.് അത്തരക്കാരുടെ കര്‍മങ്ങള്‍ സ്വീകാര്യമല്ല. ഇവിടെയൊരു ചോദ്യമുയരുന്നു. അല്ലാഹു നിയമം നടപ്പിലാക്കിയത് എന്തുദ്ദേശ്യത്തിലാണോ അതിന് അനുരൂപമായിവേണം മനുഷ്യന്‍ കര്‍മം ചെയ്യേണ്ടതെന്ന പൊതുവാദം ശരിയാണെങ്കിലും അധികനിയമങ്ങളുടെയും ഉദ്ദേശ്യലക്ഷ്യം മനസ്സിലാക്കാത്ത ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം തങ്ങള്‍ പ്രപഞ്ചനാഥന്റെ ഉദ്ദേശ്യലക്ഷ്യത്തിനനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവരെങ്ങനെ തിരിച്ചറിയും?ശാത്വബി അതിന് മറുപടിനല്‍കുന്നത് കാണുക.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്തസാധ്യതകളാണ് നിലനില്‍ക്കുന്നത്.
1. ദൈവികതാല്‍പര്യവും അതിന്റെ നാനാവശങ്ങളും ഒരാള്‍ക്ക് അജ്ഞാതമാണെങ്കിലും ദൈവത്തെ വിസ്മരിക്കാതെ,അവനോടുള്ള ആദര-ബഹുമാനങ്ങള്‍ക്ക് കുറവില്ലാതെ, അനുഷ്ഠാനകര്‍മങ്ങളില്‍ വീഴ്ചവരുത്താതെ, ദൈവം നിശ്ചിതലക്ഷ്യമാണ് പ്രസ്തുതകര്‍മത്തിലൂടെ ഉദ്ദേശിച്ചതെന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുക.
2. ദൈവിക താല്‍പര്യം എന്താണോ, അതാണ് താന്‍ ഈ കര്‍മത്തിലൂടെ കരഗതമാക്കാനുദ്ദേശിക്കുന്നതെന്ന ദൃഡനിശ്ചയത്തോടെ പ്ര വര്‍ത്തിക്കുക.അത് ആദ്യനിലപാടിനെക്കാള്‍ കൂടുതല്‍ ഉത്തമവും മഹത്തരവുമത്രെ.
3. താന്‍ ദൈവികകല്‍പനയ്ക്ക് കീഴൊതുങ്ങാന്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങള്‍ ചെയ്യുക. അത് മേല്‍ വിവരിച്ച രണ്ടു നിലപാടുകളെക്കാളും സ്തുത്യര്‍ഹമാണ്.
ഒരാള്‍ നേട്ടം കൊയ്യുന്നതും നാശത്തില്‍ നിന്ന് രക്ഷതേടുന്നതും (അത് അനുവദനീയമായ സാഹചര്യത്തിലാണെങ്കിലും) രണ്ട് മാര്‍ഗത്തിലൂടെയാകാം. ആര്‍ക്കും നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കാത്തതാണ് അവയിലൊന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, മറ്റുള്ളവര്‍ക്ക് നാശവും ഉപദ്രവവും സൃഷ്ടിക്കുന്നു. ഇത് രണ്ടുരീതിയിലാകാം.
1. ഒരാള്‍ സ്വാര്‍ഥലാഭം മോഹിക്കുന്നതോടൊപ്പം മറ്റൊരാളെ ദ്രോഹിക്കണമെന്നുദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുക. കച്ചവടക്കാരന്‍ തന്റെ കച്ചവടം കൂട്ടാനും അപരന്റേത് കുറയ്ക്കാനും വേണ്ടി വിലകുറച്ച് സാധനങ്ങള്‍ വില്‍ക്കുക.
2. ഇനി ഒരാള്‍ ചരക്ക് വിലകുറച്ചുവില്‍ക്കാനുദ്ദേശിക്കുന്നത് അപരനെ ദ്രോഹിക്കാനുദ്ദേശിച്ചല്ലയെന്ന് കരുതുക. ഇത്തരമൊരു നിലപാട് രണ്ടുരീതിയില്‍ പ്രതിഫലനം സൃഷ്ടിക്കാം. പ്രയാസവും നഷ്ടവും സമൂഹത്തെയൊന്നടങ്കം ബാധിക്കുന്നതാണ് അതിലൊന്ന്. നഗരവാസികള്‍ സാധനങ്ങള്‍ ഇറക്കുമതിചെയ്ത് ഗ്രാമീണര്‍ക്ക് വില്കുക (വിദേശ ഉല്‍പന്നങ്ങള്‍ തദ്ദേശീയഉല്‍പന്നങ്ങളെ ബഹിഷ്‌കൃതമാക്കുന്നതും അതില്‍പെട്ടതാണ്). അല്ലെങ്കില്‍ പള്ളി, പള്ളിക്കൂടംപോലെ സമൂഹത്തില്‍ ഉപകാരപ്രദമായ നിര്‍മാണാവശ്യങ്ങള്‍ക്ക് സ്ഥലം വില്‍കാതിരിക്കുക. രണ്ടാമത്തെതാകട്ടെ രണ്ടുതരത്തിലാണ്. അതായത് ഒരാള്‍ക്ക് ഉപകാരം കിട്ടുന്നതോ ഉപദ്രവത്തില്‍നിന്ന് രക്ഷതേടാനാകുന്നതോ ആയ മാര്‍ഗത്തെപ്പറ്റി അതറിയുന്നവന്‍ മൗനം പാലിക്കുക, അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് കിട്ടേണ്ട ഭക്ഷണം താന്‍ നേരത്തെ വാങ്ങി സംഭരിച്ചാല്‍ അപരന്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടിവരുമെന്നറിഞ്ഞിട്ടും മനഃപൂര്‍വം അപ്രകാരം ചെയ്യുക. രണ്ടാമത്തെയവസ്ഥയെന്തെന്നാല്‍, മേല്‍ പ്രവര്‍ത്തനങ്ങള്‍ അന്യവ്യക്തിക്ക് ഉപദ്രവമുണ്ടാക്കാത്ത വിധത്തിലാണ.് അതുതന്നെ മൂന്നുരീതിയിലുണ്ട്.
1. ഒരു കര്‍മം സ്വാഭാവിക രീതിയില്‍ അപകടം ക്ഷണിച്ചുവരുത്തുന്നതാവുക. ഒരാള്‍ തന്റെ വീടിന്റെ പിന്‍വാതിലിനടുത്ത് കിണര്‍ കുഴിക്കുന്നു.  അത്ശ്രദ്ധിക്കാതെ തിടുക്കത്തില്‍ വരുന്നവര്‍ അതില്‍ വീഴാനിടവരുത്തുന്നു.
2. സാധാരണ നിലയ്ക്ക് അപകടമൊന്നും വരുത്തിവെക്കാത്ത കര്‍മങ്ങള്‍ (വരും വരായ്കകള്‍ ആലോചിക്കാതെ എവിടെയെങ്കിലും കിണ ര്‍കുഴിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവ).
3. ചിലപ്പോഴൊക്കെ ഉപദ്രവവും പ്രയാസവും സൃഷ്ടിക്കുന്നവ. യുദ്ധോത്സുകരായവര്‍ക്ക് ആയുധം വില്‍ക്കുക, വീഞ്ഞുല്‍പാദിപ്പിക്കുന്നവന് മുന്തിരി വില്‍ക്കുക, കച്ചവടത്തില്‍ വഞ്ചനചെയ്യുന്നവന് അതിനുസഹായിക്കുന്ന വസ്തുക്കള്‍ വില്‍ക്കുക.
വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തങ്ങളാകുന്നത് ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങളാണ് മുകളില്‍ വിവരിച്ചത്. ഓരോരുത്തരുടെയും പ്രവ ര്‍ത്തനങ്ങള്‍ക്കുപിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് കര്‍മങ്ങളുടെ സ്വീകാര്യതയെ നിര്‍ണയിക്കുന്നത്. ശരീഅത്ത് നിശ്ചയിച്ച കര്‍മങ്ങളുടെ സദ്ഫലങ്ങളോ യഥാര്‍ഥ ലക്ഷ്യമോ തകിടം മറിച്ചുകൊണ്ട് മറ്റെന്തെങ്കിലും താല്‍പര്യാര്‍ഥം ഒരാള്‍ ഉപായങ്ങള്‍ ചെയ്താല്‍ അത് തികഞ്ഞ നിയമലംഘനമായാണ് വിലയിരുത്തപ്പെടുക. ഇതിന്റെ അടിസ്ഥാനത്തില്‍, ഒരാളുടെ ലുബ്ധും ആര്‍ത്തിയും തുടച്ചുനീക്കാനും പട്ടിണിപ്പാവങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങള്‍ എത്തിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള സകാത്ത് വ്യവസ്ഥയെ പരിഹസിച്ചുകൊണ്ട,് സകാത്തില്‍നിന്ന് രക്ഷനേടാനായി, വര്‍ഷാവസാനം സമ്പത്തിന്റെ കുറച്ചെടുത്ത് സമ്മാനമെന്നുപറഞ്ഞ് ആര്‍ക്കെങ്കിലും നല്‍കുകയും മാസങ്ങള്‍ക്കുശേഷം തിരികെ വാങ്ങി സ്വന്തമാക്കുകയും ചെയ്യുന്ന കുതന്ത്രങ്ങള്‍ പയറ്റുന്നവര്‍ ശരീഅത്തു നിഷേധികളാണ്. കാരണം, സമ്മാനമെന്നത് കിട്ടുന്നവന്റെ മൂലവിഭവത്തെയും ദാതാവിനോടുള്ള സ്‌നേഹത്തെയും പരിഗണനയെയും വര്‍ധിപ്പിക്കുന്നതാണ്.
ഈ തത്ത്വത്തിന് വിരുദ്ധമായാണ് മേല്‍പറഞ്ഞയാള്‍ചെയ്തത്. അതെസമയം സദുദ്ദേശ്യത്തോടെ, അപരന്റെ പ്രയാസങ്ങള്‍ ദുരീകരിക്കുക എന്ന അര്‍ഥത്തിലാണ് സ മ്മാനം നല്‍കിയതെങ്കില്‍ അതിനെ സക്കാത്തില്‍നിന്ന് രക്ഷപ്പെടാനുള്ള കൗശലമായി ഗണിക്കുകയില്ല. ചുരുക്കമിതാണ്, നിയമാനുസൃതമായ ലക്ഷ്യത്തോടെ ചെയ്യുന്ന ഒരു കര്‍മം ശരീഅത്ത് വിരുദ്ധമാവുകയില്ല. അതേസമയം നിയമവിരുദ്ധതാല്‍പര്യങ്ങള്‍ ശരീഅത്തിനെ അട്ടിമറിക്കുകതന്നെ ചെയ്യും.

About the author

padasalaadmin

Add Comment

Click here to post a comment

Topics