കുറച്ചുകാലമായി ഒരു യുവാവ് എനിക്ക് എഴുത്തുകളയക്കാറുണ്ട്. തന്റെ ബന്ധുക്കളില്‍പെട്ട കുഞ്ഞുങ്ങളുടെ ഹോബികളും സംസാരങ്ങളുമൊക്കെ അതില്‍ അദ്ദേഹം എന്നോട് പങ്കുവെക്കുക പതിവായിരുന്നു. എനിക്ക് അയക്കുന്ന ഓരോ ഇമെയിലുകളും പനിനീര് പൂവ്, പുഞ്ചിരിക്കുന്ന മുഖം, മഴവര്‍ഷിക്കുന്ന മേഘം തുടങ്ങി ഏതെങ്കിലും മനോഹരമായ പ്രതീകാത്മകചിത്രങ്ങള്‍ കൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കാറ്.
അവനുമായുള്ള എഴുത്തുകുത്തുകള്‍ തുടങ്ങിയ ശേഷം ഒരു എഴുത്തുപോലുമില്ലാതെ ഏതെങ്കിലും ഒരാഴ്ച കഴിഞ്ഞുപോയതായി എനിക്കറിവില്ല. അവന് എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയതോടെ സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും തോത് ഇരട്ടിയായി. അവന്റെ ആവേശവും, പ്രസരിപ്പും, കത്തിജ്വലിക്കുന്ന ഊര്ജ്ജ്വസ്വലതയും കണ്ടപ്പോള്‍ ഞാന്‍ അവനെ പത്തൊമ്പതുകാരന് എന്ന് ഊഹിക്കുകയായിരുന്നു.
വളരെ സുദീര്‍ഘമായ കത്തുകളായിരുന്നു അദ്ദേഹം അയച്ചിരുന്നത്. ഒട്ടേറെ സംഭവങ്ങളും ചിത്രങ്ങളും ആ സന്ദേശത്തില്‍ അടങ്ങിയിരിക്കും. അവനോട് മത്സരിച്ച് മറുപടി അയക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അവന്റെ അനാദൃശ സജീവതയും മറ്റും ആര്‍ജ്ജിക്കാന്‍ എനിക്ക് സാധിച്ചില്ല. എഴുത്തിലും, ആവിഷ്കാരത്തിലും, ഒഴുക്കിലുമെല്ലാം അവന് എന്നെ കടത്തിവെട്ടിയിരുന്നു. ഞാന്‍ ഓരോ തവണ അവന് മറുപടി അയക്കുമ്പോഴും അതിനേക്കാള്‍ മികച്ച ഒന്നുകൊണ്ട് അവനത് നിഷ്പ്രഭമാക്കുമെന്ന് എനിക്ക് ബോധ്യമായിരുന്നു. അവന്റെ സന്ദേശങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണനയും പ്രാധാന്യവും എനിക്ക് നല്കാന് കഴിയാറുണ്ടായിരുന്നില്ലെങ്കിലും എന്റെ പ്രതീക്ഷകള്‍ക്കപ്പുറം വളരെ മനോഹരവും ആകര്‍ഷകവുമായ വിധത്തില്‍ മറുപടികള്‍ അയച്ചുകൊണ്ടേയിരുന്നു.
പരസ്പരമുള്ള ആശയവിനിമയത്തിന് അങ്ങേയറ്റം കഴിവുനല്കപ്പെട്ട വല്ലാത്തൊരു വ്യക്തിയായിരുന്നു അവന്. ഇത്രയധികം ബന്ധം പുലര്‍ത്തുന്ന, അതിന് അപാരമായ കഴിവുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടില്ല. അവന്റെ ആകര്‍ഷകമായ സന്ദേശവും, സന്തോഷകരമായ പ്രയോഗങ്ങളും എന്നെ വല്ലാതെ സ്വാധീനിച്ചു. അവനെക്കുറിച്ച് ഒട്ടേറെ കൂട്ടുകാരോട് സംസാരിക്കുകയുണ്ടായി. അവന്റെ വ്യക്തിത്വത്തെക്കുറിച്ച് അവര്‍ക്കെല്ലാം വ്യത്യസ്തമായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആനന്ദകരമായ ജീവിതം നയിക്കുന്ന ഒരു യുവാവാണ് അതിന്റെ പിന്നില്‍ എന്നതില്‍ ഞങ്ങളെല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. അല്പം വളര്‍ന്ന് വലുതായി, ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ഈ ആവേശം തനിയെ നിന്നു പോവുമെന്നും ഞങ്ങള്‍ കരുതി.
ഒരു ദിവസം അവന് അയച്ച സന്ദേശത്തിന്റെ തലവാചകം ‘ക്ഷമാപണം’ എന്നായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ എഴുത്ത് നിലച്ചുപോയതിനുള്ള ക്ഷമാപണമാണ് അവനതില്‍ കുറിച്ചിരിക്കുന്നത്. അവന്റെ മുഖംമൂടി ഞങ്ങളുടെ മുന്നില്‍ ആദ്യമായി അഴിഞ്ഞുവീണ സന്ദര്‍ഭമായിരുന്നു അത്. നിരന്തരമായ വൃക്കരോഗം അലട്ടുന്ന ഒരു വ്യക്തിയാണ് അവനെന്നും, കഴിഞ്ഞ ആറുദിവസമായി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയിലായിരുന്നത് കൊണ്ടാണ് സന്ദേശം അയക്കാന്‍ സാധിക്കാതിരുന്നതെന്നും അപ്പോള്‍ ഞാന്‍ അറിഞ്ഞത്. തനിക്ക് ചുറ്റും കട്ടിലില്‍ നിരത്തി വെച്ച വയറുകളും മറ്റും എടുത്ത് മാറ്റി, കീബോര്‍ഡില്‍ വിരല്‍ വെക്കാന്‍ കഴിയുന്ന മാത്രയില്‍ വീണ്ടും സന്ദേശങ്ങളയക്കാമെന്ന് അവന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ‘ഞാന്‍ എഴുതാനാഗ്രഹിക്കുന്നു. എഴുത്ത് എനിക്ക് വല്ലാത്ത ഊര്‍ജ്ജമാണ് നല്‍കുന്നത്. മുമ്പത്തെപ്പോലെ വളരെ വേഗത്തില്‍ നല്ല രൂപത്തില്‍ എഴുതാന്‍ കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ’.
ഞാന്‍ അവന്റെ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ചു. പ്രത്യേകിച്ച് യാതൊരു വിഷമവുമില്ലാത്ത ഒരു യുവാവായിരിക്കും അവനെന്ന എന്റെ ധാരണ അതോടെ തകര്‍ന്നുവീണു. അവന് എഴുതിയ സന്ദേശങ്ങളും അയച്ചുതന്ന പൂവുകളും മാത്രം പരിഗണിച്ച് ഉപരിപ്ലവമായ ഒരു തീരുമാനമെടുത്തതില്‍ എനിക്ക് ഖേദം തോന്നി.
ഓരോരുത്തരും അയച്ചു തരുന്ന സന്ദേശങ്ങള്‍, ട്വീറ്റുകള്‍, പോസ്റ്റുചെയ്യുന്ന ചിത്രങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നാം അവരെക്കുറിച്ച് സങ്കല്പിക്കാറുള്ളത്. എന്നാല്‍ അവയെല്ലാം അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് വളരെ വിദൂരമായ, സ്വപ്നത്തോടും ആഗ്രഹത്തോടും ചേര്‍ന്നുനില്‍ക്കുന്ന ചിഹ്നങ്ങളായിക്കുമെന്ന കാര്യം നാം വിസ്മരിക്കുകയാണ് പതിവ്.
വളരെ മനോഹരമായ ഒരു കവിതാ ശകലമുണ്ട് :
‘എന്റെ നൃത്തം ആനന്ദമാണെന്ന് നിങ്ങള്‍ ധരിച്ചേക്കരുത്,
വേദന കൊണ്ട് അറുക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് പക്ഷികള്‍ നൃത്തം ചെയ്യാറ്’.
Add Comment