വിശ്വാസം-ലേഖനങ്ങള്‍

വിശ്വാസി കുറുനരിയല്ല, സിംഹമാണ്

പ്രസിദ്ധ അറബി എഴുത്തുകാരനായ ഡോ. അലി ഹമ്മാദി വിവരിക്കുന്ന ഒരു സംഭവം ഇങ്ങനെ: ഒരു മനുഷ്യന്‍ കച്ചവടം നടത്താനായി മകനെ ഒരു സ്ഥലത്തേക്കയച്ചു. വഴിയില്‍ ഒരു കുറുനരി തിന്നാന്‍ കിട്ടാതെ തീരെ അവശനായി കിടക്കുന്നു. ആ യുവാവ് അതിനരികില്‍ അല്‍പനേരം വിചാരമൂകനായി നില്‍ക്കുന്നു. എഴുന്നേല്‍ക്കാന്‍ കഴിയാത്ത ഈ ജീവിക്ക് എങ്ങനെ ആഹാരം കിട്ടും? അടുത്ത നിമിഷം ഇത് ചാവുകയില്ലേ? ഇങ്ങനെ ചിന്തയില്‍ മുഴുകി നില്‍ക്കുമ്പോള്‍ പെട്ടെന്ന് അവിടെ ഒരു സിംഹം പ്രത്യക്ഷപ്പെട്ടു. വായില്‍ ഒരു ഇരയുമുണ്ട്. കുറുനരിയുടെ അരികത്ത് നിന്ന് ഇരയുടെ കുറേ ഭാഗം കടിച്ചുതിന്ന് ബാക്കി അവിടെ ഉപേക്ഷിച്ച് സിംഹം അപ്രത്യക്ഷമായി. കുറുനരി പതുക്കെ ഞരങ്ങി നീങ്ങി സിംഹം ബാക്കിവെച്ച മാംസാവശിഷ്ടങ്ങള്‍ തിന്ന് വയറ് നിറക്കുന്നു.

ഈ രംഗത്തിന് സാക്ഷിയായ യുവാവിന്റെ ചിന്ത പോയതിങ്ങനെ: ഇത്‌പോലെ സൃഷ്ടികള്‍ക്കെല്ലാം ദൈവം ഭക്ഷണം തരികയില്ലേ. പിന്നെ ഞാന്‍ എന്തിനിങ്ങനെ കഷ്ടപ്പെട്ട് അധ്വാനിക്കുന്നു. യുവാവ് വീട്ടിലേക്ക് തിരിച്ചു. വിഷയം പിതാവിന്റെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: മകനേ, വിശ്വാസി ഒരിക്കലും ഉച്ചിഷ്ടങ്ങള്‍ ആര്‍ത്തിയോടെ തിന്നുന്ന കുറുനരിയാകാന്‍ പാടില്ല. മറിച്ചു മറ്റുള്ളവര്‍ക്ക് തിന്നാന്‍ നല്‍കുന്ന സിംഹമായിരിക്കണം. അന്യരുടെ ഔദാര്യത്തിന് വേണ്ടി കൈയ്യും നീട്ടി കാത്തിരിക്കുന്നവനാകരുത് വിശ്വാസി. കൊടുക്കുന്ന കൈയാണ് വാങ്ങുന്ന കൈയ്യേക്കാള്‍ ഉത്തമം. ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമന്‍. ഉപജീവനത്തിനാവശ്യമായത് നേടിയെടുക്കാതെ പള്ളിയില്‍ ആരാധനയില്‍ കഴിച്ചു കൂട്ടുന്നവരെ നബി അപലപിക്കുന്നു. ദൈവം ആകാശത്തുനിന്ന് സ്വര്‍ണവും വെള്ളിയും ഇറക്കി തരികയില്ല. മറിച്ച് അവന്‍ കൃഷി ചെയ്യാന്‍ ആവശ്യമായ ജലമാണ് വര്‍ഷിപ്പിക്കുന്നത്.

ഈ ഭൂമിയില്‍ ദൈവം ധാരാളം വിഭവങ്ങള്‍ ഒരുക്കി തന്നിട്ടുണ്ട്. ‘അവനാണ് നിങ്ങള്‍ക്ക് ഈ ഭൂമിയെ പാകപ്പെടുത്തി തന്നത്. നിങ്ങള്‍ അതിന്റെ കോണുകളില്‍ സഞ്ചരിച്ച് ആഹാരം തേടിപ്പിടിച്ച് തിന്നുക’. മനുഷ്യര്‍ക്ക് വേണ്ടിയാണ് നാം ഭൂമിയെ നിര്‍മ്മിച്ചത്. അതില്‍ പൂമ്പാളകളുള്ള ഈത്തപ്പനയും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധ ചെടികളുമുണ്ട്’  ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദൈവത്തിന്റെ ഭൂമിയില്‍ അവന്‍ സൗജന്യമായി നല്‍കിയ വെള്ളം ഉപയോഗിച്ചു കൃഷി ചെയ്തു ഭക്ഷ്യ വസ്തുക്കളായ പഴങ്ങളും ധാന്യങ്ങളും കിഴങ്ങുകളും ഉത്പാദിപ്പിക്കാന്‍ കല്‍പ്പിക്കുന്ന കൃഷി ഒരു പുണ്യ കര്‍മമാണ്. ഒരു മനുഷ്യന്‍ ഭൂമിയില്‍ നടാന്‍ ഒരു തൈ പിടിച്ച് നില്‍ക്കുമ്പോഴാണ് ലോകാവസാനം സംഭവിക്കുന്നതെങ്കില്‍ ഉടനെ ആ തൈ നട്ട് പുണ്യം നേടാന്‍ നബി കല്‍പിക്കുന്നു. തന്റെ കൃഷിയില്‍ നിന്ന് പക്ഷികളോ മനുഷ്യരോ തിന്നുകയോ, ആരെങ്കിലും മോഷ്ടിക്കുകയോ ചെയ്യുകയാണെങ്കില്‍ അതൊരു പുണ്യമായി കണക്കാക്കാന്‍ പ്രവാചകന്‍ ഉപദേശിക്കുന്നു. അബുദര്‍ദ്ദാഅ് ഒരു ബദാം മരം നട്ടുപിടിപ്പിക്കുകയാണ്. ‘നിങ്ങള്‍ക്ക് പ്രായമായില്ലേ? ഇത് കായ്ക്കാന്‍ എത്ര വര്‍ഷം വേണം. എന്തിന് ഈ അധ്വാനം’ ഒരാള്‍ ചോദിക്കുന്നു. ‘അതെ, മറ്റുള്ളവര്‍ തിന്നട്ടെ, പുണ്യം എനിക്ക് കിട്ടുമല്ലോ’ അദ്ദേഹത്തിന്റെ മറുപടി.

കച്ചവടം, വ്യവസായം, ഉദ്യോഗം, കൂലിവേല തുടങ്ങി പല തൊഴില്‍ തുറകളെ സംബന്ധിച്ചും മതം പരാമര്‍ശിക്കുന്നുണ്ട്. സമുദ്ര സഞ്ചാരം നടത്തിയും മറ്റ് മാര്‍ഗങ്ങളുപയോഗിച്ചും കച്ചവടം നടത്തുന്നതിനാവശ്യമായ വാഹനങ്ങള്‍ സ്രഷ്ടാവ് ഒരുക്കി തന്നിട്ടുണ്ട്. വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ രക്തസാക്ഷികളുടെ കൂടെ, അല്ലെങ്കില്‍ പ്രവാചകന്മാരുടെയും പുണ്യ പുരുഷന്മാരുടെയും കൂടെയായിരിക്കുമെന്ന് പ്രവാചകന്‍ ഊന്നിപ്പറയുന്നു. ഹജ്ജ് വേളപോലും കച്ചവടത്തിന് ഉപയോഗിക്കാം. പ്രവാചകന്റെ കാലത്ത് തന്നെ അനുയായികള്‍ എന്തെല്ലാം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു തൊഴിലിലും പതിത്വമില്ല. പ്രവാചകന്‍ മുമ്പ് കൂലിക്ക് ആടുകളെ മേച്ചിരുന്നുവല്ലോ.

ഇന്ന് മുമ്പെന്നെത്തേക്കാള്‍ കൂടുതല്‍ തൊഴില്‍ തുറകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും അവയിലൊന്നും ഏര്‍പ്പെടാതെ നല്ല ആരോഗ്യവും കഴിവുമുള്ളവര്‍ യാചന തൊഴിലായി സ്വീകരിക്കുന്ന അത്യന്തം അപമാനകരമായ സ്ഥിതിവിശേഷം ഇന്ന് കാണപ്പെടുന്നു. യാചിക്കുന്നവനെ സ്വന്തം മുഖത്തെ മാംസം മാന്തിപ്പൊളിക്കുന്നവന്‍ എന്ന് പ്രവാചകന്‍ വിശേഷിപ്പിക്കുന്നു. സ്വന്തമായി ഉപജീവനത്തിന് വഴിയുള്ളവനും തൊഴിലെടുക്കാന്‍ ശാരീരിക ശേഷിയുള്ളവനും യാചന അനുവദനീയമേ അല്ലെന്ന് നബി പ്രസ്താവിക്കുന്നു. ‘തീക്കട്ട പെറുക്കുന്നവന്‍’ എന്നാണ് യാചകനെ മറ്റൊരിക്കല്‍ നബി വിശേഷിപ്പിച്ചത്. ഈ പ്രസ്താവനകളൊക്കെ നടത്തിയ പ്രവാചകന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ തൊഴിലെടുക്കാന്‍ കഴിവുള്ള സ്ത്രീകളും പുരുഷന്മാരും പര്‍ദയും തൊപ്പിയുമണിഞ്ഞു ഊരുകള്‍ ചുറ്റുന്ന കാഴ്ച വളരെ ദയനീയം തന്നെ.

അതേ അവസരം തൊഴിലിനു പറ്റിയ ആളുകളെ കിട്ടാത്ത പ്രശ്‌നം നേരിടുന്നവരാണ് പലരും. വീടുകളില്‍ പാചക ജോലിയിലേര്‍പ്പെട്ട് മതിയായ വേതനം പറ്റുന്നതില്‍ അഭിമാനക്ഷതം. യാചന നടത്തുന്നത് മാന്യതയും. പ്രവാചകന്റെ കാലത്ത് തോട്ടത്തില്‍ പോയി കൃഷിയുത്പന്നങ്ങള്‍ ചാക്കില്‍ കെട്ടി തലയില്‍ വെച്ച് നടന്നുപോകുന്ന ഒരു സ്വഹാബി വനിതയെ തിരുമേനി കണ്ട സംഭവം ചരിത്രം കൗതുകത്തോടെ വിവരിക്കുന്നുണ്ട്.മറ്റുള്ളവരുടെ ഔദാര്യം നിരസിച്ചു സ്വന്തം അധ്വാനത്തിലൂടെ പണം സമ്പാദിച്ച ഒരു വിശ്വാസിയുടെ കഥ ഇവിടെ വേറിട്ടു നില്‍ക്കുന്നു. പ്രവാചകനോടൊപ്പം വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് മദീനയില്‍ അഭയം തേടിയ അബ്ദുറഹ്മാനുബ്‌നു ഔഫിനോട് അദ്ദേഹത്തിന്റെ ആദര്‍ശ സുഹൃത്ത് സഅദ് പറഞ്ഞു: ‘എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്ന ഒരാളെ മൊഴിചൊല്ലി നിനക്ക് വിവാഹം ചെയ്തുതരാം. എന്റെ വീടും സ്വത്തുമെല്ലാം നാം രണ്ടു പേര്‍ക്കുമായി പങ്കുവെക്കാം.

‘ഒരു അഭയാര്‍ത്ഥിയോട് കാണിക്കേണ്ട മാനുഷിക ധര്‍മമാണ് സഅദ് പ്രകടിപ്പിച്ചതെങ്കിലും അബ്ദുറഹ്മാനുബ്‌നു ഔഫ് നന്ദിപൂര്‍വം ഈ സഹായ വാഗ്ദാനം നിരസിച്ചു. ‘നിന്റെ കുടുംബത്തിലും സ്വത്തിലും ദൈവം അനുഗ്രഹം ചൊരിയട്ടെ’ എന്ന് പ്രാര്‍ത്ഥിച്ച ശേഷം തനിക്ക് കച്ചവടം ചെയ്യാന്‍ മാര്‍ക്കറ്റ് കാണിച്ചു തരാന്‍ അബ്ദുറഹ്മാനുബ്‌നു ഔഫ് ആവശ്യപ്പെടുകയാണുണ്ടായത്. അദ്ദേഹം കച്ചവടം നടത്തി നല്ലൊരു പണക്കാരനായി മാറി.

തൊഴിലെടുക്കാന്‍ കഴിവുള്ള ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്നപ്പോള്‍ പ്രവാചകന്‍ സഹായം നല്‍കുന്നതിന് പകരം അദ്ദേഹത്തിന് തൊഴിലിനുള്ള സൗകര്യം ഏര്‍പ്പെടുത്തികൊടുക്കുകയും തൊഴില്‍ ചെയ്തു ജീവിക്കാന്‍ കല്‍പിക്കുകയുമാണുണ്ടായത്. കാട്ടില്‍ പോയി വിറക് വെട്ടിക്കൊണ്ടുവന്ന് വില്‍ക്കുക എന്ന തൊഴില്‍. സഹായാഭ്യര്‍ത്ഥനയുമായി വരുന്നവര്‍ക്ക് തൊഴിലെടുത്ത് ജീവിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും നല്‍കുക എന്ന പ്രവാചക മാതൃകയാണ് സ്വീകരിക്കേണ്ടത്. ‘തൊഴിലെടുക്കാന്‍ കഴിവുള്ളവര്‍ക്ക് സഹായധനം അനുവദനീയമല്ല’ എന്ന പ്രവാചക വചനത്തിന്റെ പൊരുള്‍ കൊടുക്കുന്നവരും വാങ്ങുന്നവരും ഉള്‍ക്കൊള്ളേണ്ടതാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തിലെ കഥാപാത്രമായ സിംഹത്തെ സൂചിപ്പിച്ചുകൊണ്ട് ധീരനായ ടിപ്പുവിന്റെ ഒരു വാചകം ഉദ്ധരിക്കട്ടെ: ‘ആയിരം വര്‍ഷം ഒരു കുറുനരിയായി ജീവിക്കുന്നതിനേക്കാള്‍ ഒരു ദിവസം സിംഹമായി ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’

കടപ്പാട്: chandrikadaily.com

Topics