വിശ്വാസം-ലേഖനങ്ങള്‍

വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത്

ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ പല കൂട്ടായ്മകളും രൂപപ്പെട്ടുവരുന്നുണ്ട്. മതരംഗത്തും രാഷ്ട്രീയരംഗത്തും ഒട്ടേറെ കൂട്ടായ്മകള്‍ കാണാം. പ്രശ്‌നാധിഷ്ഠിതമായ അത്തരം കൂട്ടായ്മകള്‍ നമ്മുടെ നാട്ടിലും ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. നാലു വര്‍ഷം മുമ്പ് സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും അന്തര്‍ദേശീയ സംഗമങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. വിവിധ മതങ്ങള്‍ കൂടിയിരുന്ന് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ ആലോചിക്കുന്നതിന് പണ്ഡിതന്മാരുടെ അഭിപ്രായമറിയാന്‍ അതിന്റെ മുന്നോടിയായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാരുടെ ഒരു സമ്മേളനം മക്കയില്‍ വിളിച്ച് ചേര്‍ത്തിരുന്നു.

വിവിധ മതങ്ങളില്‍പെട്ട ആളുകള്‍ ഒന്നിച്ചിരുന്ന് സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു മതവിധി നല്‍കുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത സമ്മേളനം.

അതിനുശേഷമാണ് വാഷിംഗ്ടണിലും മഡ്രിഡിലും യു.എന്‍.ഒയിലും സമ്മേളനങ്ങള്‍ നടന്നത്. അന്ന് ലോക പത്രങ്ങള്‍ ആ സമ്മേളനങ്ങളെക്കുറിച്ച് എഴുതിയ വാചകം ”ഒരു പുതുയുഗത്തിന്റെ പിറവി” എന്നാണ്. ആ ഡയലോഗുകളില്‍ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ പണ്ഡിതന്മാരും ജൂതപണ്ഡിതന്മാരും വരെ പങ്കെടുത്തിരുന്നു.

ഇവിടെ ഇപ്പോള്‍ നടക്കുന്നത് ഈ പ്രദേശത്തെ മഹല്ലുകളിലെ മുസ്‌ലിംകളുടെ സംഗമമാണ്. അടുത്ത ഘട്ടത്തില്‍ നാം ലക്ഷ്യമാക്കേണ്ടത് ഒരു പ്രദേശത്തെ മുഴുവന്‍ മനുഷ്യരുടെയും സംഗമമാണ്. ഘട്ടംഘട്ടമായി നമ്മള്‍ അങ്ങോട്ട് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ബഹ്‌റൈനില്‍ ഏതാനും വര്‍ഷം മുമ്പ് ഞാന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. …”മദ്ഹബുകളെ തമ്മില്‍ അടുപ്പിക്കല്‍” എന്ന വിഷയത്തില്‍. അവിടത്തെ ഔഖാഫിന്റെ സഹായത്തോട് കൂടിയായിരുന്നു ആ പരിപാടി. റാബിത്വ സെക്രട്ടറി ഡോ: അബ്ദുല്ല തുര്‍ക്കി, ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖുല്‍ അസ്ഹര്‍ തുടങ്ങിയ വലിയ പണ്ഡിതന്മാര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയില്‍ സൗഹാര്‍ദം രൂപപ്പെടാന്‍ അത്യാവശ്യമായ ചില പെരുമാറ്റരീതികള്‍ അതില്‍ സൂചിപ്പിച്ചിരുന്നു.

1.    ഓരോ വിഭാഗത്തെയും അവര്‍ സ്വന്തം നിലയില്‍ പരിചയപ്പെടുത്തുന്ന പേരില്‍ മാത്രമേ മറ്റുള്ളവരും അവരെ പരിചയപ്പെടുത്താനും വിളിക്കാനും പാടുള്ളൂ. ഉദാഹരണമായി ശീഈ വിഭാഗത്തെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകള്‍ റാഫിളികള്‍ എന്ന് വിളിക്കാന്‍ പാടില്ല. മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളെയും നവോത്ഥാന സംരംഭങ്ങളെയും പിന്തുടരുന്നവരെ വഹാബികള്‍ എന്ന് പറയരുത്. മറ്റൊരു കൂട്ടരെ ഖുറാഫികള്‍ എന്ന് പറയരുത്.
2. വിശ്വാസ രംഗത്തായാലും കര്‍മരംഗത്തായാലും ഒരു കാര്യം ഒരു പണ്ഡിതനോ, ഏതെങ്കിലുമൊരു വിഭാഗമോ അംഗീകരിച്ച് പ്രവര്‍ത്തിക്കന്നുവെങ്കില്‍ അവര്‍ പറയുന്ന ന്യായങ്ങള്‍ കേള്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് വിശാലത വേണം. അവരുടെ വാദമുഖങ്ങള്‍ ശരിയോ തെറ്റോ എന്ന് സ്വന്തം നിലയില്‍ ആര്‍ക്കും പഠിക്കാവുന്നതാണ്.
സുഊദി അറേബ്യ കേന്ദ്രീകരിച്ച് ആ വിധത്തിലുള്ള ഒരു സെന്റര്‍ തന്നെ രൂപീകരിക്കാന്‍ പോവുകയാണ്. മര്‍കസുതഖ്‌രീബ് ബൈനല്‍ മദാഹിബ് എന്ന പേരിലാണ് അത് അറിയപ്പെടുക. സുഊദിയിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ (ഹയ്അത്തുല്‍ കിബാറില്‍ ഉലമാഅ്) പുതിയ കേന്ദ്രസമിതി സുഊദിയിലെ വിവിധ മദ്ഹബുകളുടെ പണ്ഡിതന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വികസിപ്പിച്ചത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഓരോ വിഭാഗവും തങ്ങള്‍ വിശ്വസിക്കുന്നതും കൊണ്ടുനടക്കുന്നതുമായ ആശയാദര്‍ശങ്ങള്‍ നൂറുശതമാനവും അതിലധികവും ശരിയാണ്, എന്ത് വിശ്വസിക്കുന്നതോടൊപ്പം അതല്ലാത്ത അഭിപ്രായങ്ങള്‍ വിശ്വസിക്കാനും കൊണ്ടുനടക്കാനും മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് അംഗീകരിച്ച് കൊടുക്കലാണ്.
ഞാന്‍ ആലോചിക്കുകയാണ്. നമ്മളൊക്കെ കാലങ്ങളായി പ്രഭാഷണങ്ങള്‍ നടത്തി വരികയാണ്. ചില മതപ്രഭാഷണ വേദികള്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ നഗരിയില്‍ നാല് വണ്ടി പോലീസ് വേണം എന്ന് ആവശ്യപ്പെടുന്നു. സമുദായത്തിന് പുറത്തുനിന്നുള്ള ആരെങ്കിലും അക്രമിക്കും എന്ന് ഭയമുള്ളതുകൊണ്ടല്ല പോലീസ് സാന്നിധ്യം തേടുന്നത്. ഭയം സമുദായത്തിനുള്ളില്‍ നിന്നുള്ളവരെ കുറിച്ച് തന്നെയാണ്. ഈ സാഹചര്യത്തിലാണ് കാരകുന്നില്‍ നാം എല്ലാ വിഭാഗങ്ങളിലും പെട്ട മഹല്ലുകളെ കൂട്ടിയിരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ഒരു സംഘടനയില്‍ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളുണ്ടാവും. കാരണം, എല്ലാവരും ഒരേ രൂപത്തില്‍ തന്നെ ചിന്തിച്ചുകൊള്ളണമെന്നില്ല. ഒരേ സംഘത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കു പഴുതുള്ള വിഷയങ്ങളുണ്ടാവും. അതായത് ഖുര്‍ആന്റെ അവതരണ പശ്ചാത്തലവും ഹദീസ് അവതരണ കാലവും സ്വഹീഹ്, ദഈഫ് നിര്‍ണയിക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒക്കെ നോക്കിയാല്‍ ഒരു സംഘടനക്കകത്തുള്ള ആളുകള്‍ക്കിടയില്‍പോലും വ്യത്യസ്ത വീക്ഷണങ്ങളുണ്ടാവാം. വിശാല മനസ്സോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കി ദീന്‍ ദഅ്‌വത്ത് ചെയ്യലാണ് നമ്മുടെ ബാധ്യത.
മഹാനായ ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഹിജ്‌റ മൂന്നാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്‌ലിംകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരധ്യായം ഉണ്ട്. വ്യത്യസ്ത മദ്ഹബുകള്‍ രൂപപ്പെടുന്നതിനുമുമ്പ് സ്വഹാബികള്‍ക്കും താബിഉകള്‍ക്കുമിടയിലും അഭിപ്രായ വ്യത്യാസമുള്ള ധാരാളം വിഷയങ്ങള്‍ ഉണ്ടായിരുന്നു. കര്‍മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. എന്നാലും അവര്‍ പരസ്പരം തുടര്‍ന്ന് നമസ്‌കരിക്കുമായിരുന്നു. ഇതൊക്കെ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ, ഇസ്‌ലാമിക വിജ്ഞാന ശാഖക്ക് വലിയ പ്രോത്സാഹനം നല്‍കിയ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയെ ഇന്ത്യയിലെ ഒരു വിഭാഗവും തള്ളിപ്പറയുകയില്ലല്ലോ.
അറബി കോളേജുകളിലും മറ്റും പഠിപ്പിക്കുന്ന അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ, ഇബ്‌നു റുശ്ദിന്റെ ബിദായത്തുല്‍ മുജ്തഹിദ് തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ധാരാളം അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നമ്മുടെ വീക്ഷണങ്ങള്‍ക്ക് വിശാലത നല്‍കേണ്ടതാണ്.
എട്ടുവര്‍ഷം മുമ്പ് ഞാനും സുഹൃത്തും കുവൈത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍, ഒരു വിഷയത്തിന്റെ സംശയനിവാരണത്തിന് അവിടുത്തെ ശൈഖ് മുഹമ്മദ് നജ്ദിയെ സമീപിച്ചു. ‘നിങ്ങളൊക്കെ ഫത്ഹുല്‍ ബാരി വായിക്കണം. പണ്ഡിതന്മാര്‍ക്കിടയില്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ഫത്ഹുല്‍ ബാരിയിലും ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്നുണ്ടല്ലോ’ അദ്ദേഹം പറഞ്ഞു.
മര്‍ഹൂം സി.എന്‍ അഹ്മദ് മൗലവി വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കാന്‍ പോയ കാലത്തെ ഒരനുഭവം പറഞ്ഞിട്ടുണ്ട്. അവിടെ സനദ് നേടാന്‍ വേണ്ടി എത്തിയ കേരളത്തിലെയും ഉത്തരേന്ത്യയിലെയും ശാഫിഈകളും ഹനഫികളുമായ പഠിതാക്കള്‍ കര്‍മശാസ്ത്രപരമായ വിഷയങ്ങളില്‍ തര്‍ക്കിക്കുകയും ആരോഗ്യപരമല്ലാത്ത സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പല്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നാണ്. കിത്താബ് പഠിക്കാനും സല്‍കര്‍മങ്ങള്‍ ചെയ്യാനും വന്ന നിങ്ങള്‍ ഇവിടെ തര്‍ക്കത്തിലും സംഘട്ടനത്തിലുമേര്‍പ്പെടുകയാണെങ്കില്‍ നാട്ടില്‍ തന്നെ നിന്നാല്‍ പോരായിരുന്നോ? ഇവിടെ വരേണ്ട കാര്യമില്ലായിരുന്നല്ലോ.

കേരളീയ മുസ്‌ലിം സമൂഹത്തിന് ഇന്ത്യയില്‍ വലിയ സ്ഥാനമാണുള്ളത്. കേരളത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ മതരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള എല്ലാവരും കേരള മോഡല്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത് എന്ന് നമുക്ക് അനുഭവപ്പെടും. കേരള മോഡല്‍ എന്ന് പുറത്തുള്ളവര്‍ പറയുമ്പോള്‍ നന്മയാണ് അവര്‍ അര്‍ഥമാക്കുന്നത്. ചില വിഷയങ്ങളില്‍ കേരള മോഡല്‍ എന്താണ് എന്ന് അവര്‍ക്ക് കൃത്യമായി അറിയാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്.
എന്തായാലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പല കൂട്ടായ്മകളും നമുക്കിടയില്‍ ഉണ്ട്. കേരളത്തില്‍ ഒരു സൗഹൃദവേദിക്ക് രൂപം കൊടുക്കാന്‍ കഴിഞ്ഞത് സമുദായത്തിന് ധാരാളം ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. മാസപ്പിറവി വലിയ പ്രശ്‌നമായി മാറിയപ്പോള്‍ ഖാദിമാരുമായി ബന്ധപ്പെടാനും ഹിലാല്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാനും ജംഇയ്യത്തുല്‍ ഉലമയെ വിവരമറിയിക്കാനും നാം ഇനി എന്ത് ചെയ്യണം എന്ന് ചിന്തിക്കാനും ഫോണ്‍ വഴിയും അല്ലാതെയും ധാരാളം സാധ്യതകള്‍ അതുവഴി ഉണ്ടായി.
ഇപ്പോള്‍ സമുദായനേതൃത്വത്തിന്റെ മുമ്പില്‍ മറ്റൊരു ചര്‍ച്ചയുണ്ട്. പള്ളികളില്‍ ബാങ്ക് കൊടുക്കുന്നത് പലരും പല സമയങ്ങളിലാണ്. രണ്ടു മിനിറ്റും നാല് മിനിറ്റുമൊക്കെ വ്യത്യാസത്തിലാണ്. കലണ്ടറുകളിലുള്ള സമയ വ്യത്യാസമാണ് കാരണം. ഒരു പ്രദേശത്തുതന്നെ വ്യത്യസ്ത സമയങ്ങള്‍ കലണ്ടറില്‍ വന്നത് എങ്ങനെയാണ് എന്ന് ആര്‍ക്കും അറിയില്ല. മലയാള മനോരമ, മാതൃഭൂമി പത്രങ്ങളൊക്കെ പറയുന്നത് നിങ്ങള്‍ ഏകോപിച്ച് ഒരു സമയക്രമം നല്‍കിയാല്‍ കലണ്ടറില്‍ അങ്ങനെ കൊടുക്കാമെന്നാണ്. ഈയിടെ കോഴിക്കോട്ട് എം.എസ്.എസിന്റെ നേതൃത്വത്തില്‍ ഒരു പൊതു മുസ്‌ലിം കലണ്ടര്‍ ഉണ്ടാക്കുവാന്‍ ലക്ഷ്യം വെച്ച് ഒരു സിറ്റിംഗ് നടത്തിയിരുന്നു. മൂന്നോ നാലോ സിറ്റിംഗ് കഴിയുമ്പോള്‍ മുസ്‌ലിം വിഭാഗത്തിലെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പൊതുകലണ്ടര്‍ രൂപപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് വര്‍ഷം മുമ്പ് കോട്ടയം ജില്ലയില്‍ മുസ്‌ലിംകള്‍ തിങ്ങി താമസിക്കുന്ന ഈരാറ്റുപേട്ടയില്‍ ബാങ്ക് സമയത്തിന്റെ കാര്യത്തിലുള്ള ഈ വൈരുധ്യം അവസാനിപ്പിക്കാന്‍ മുജാഹിദും സുന്നിയും ജമാഅത്തുമൊന്നുമല്ലാത്ത, അല്ലാഹുവിന്റെ സൃഷ്ടിയായ സൂര്യന്റെ ഉദയാസ്തമയങ്ങളെ കണക്കാക്കി ഇന്റര്‍നെറ്റിന്റെയും വാനശാസ്ത്രത്തിന്റെയും ഒക്കെ സഹായത്തോടെ ഒരു കലണ്ടര്‍ രൂപപ്പെടുത്തുകയും മുഴുവന്‍ പള്ളികളും ആ കലണ്ടറിനെ ആശ്രയിക്കാന്‍ ശീലിച്ചതും മാതൃകയാണ്. ഏതൊരു കൂട്ടായ്മയിലും നന്മയാണ് നാം പ്രതീക്ഷിക്കുന്നത്. അതിന്റെ അര്‍ഥം എല്ലാവരും അവരുടെ ആദര്‍ശം മറ്റുള്ളവരുടെ മുമ്പില്‍ അടിയറവെക്കണം എന്നല്ല. അഭിപ്രായ വ്യത്യാസങ്ങളും മറ്റും ഉള്ളതോടൊപ്പം ഇസ്‌ലാമിനും മനുഷ്യ സമൂഹത്തിനും പ്രയോജനപ്പെടുന്ന നന്മക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ കഴിയുക എന്നതാണ്. ധാരാളം പ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കുന്നു. ധാര്‍മികച്യുതി, മദ്യപാനം, വൈവാഹിക രംഗത്തെ പ്രശ്‌നങ്ങള്‍, എയ്ഡ്‌സ് തുടങ്ങി സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും.
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ മദ്യഷാപ്പിനെതിരില്‍ അവിടത്തെ പള്ളിക്കമ്മിറ്റിയും അമ്പല കമ്മിറ്റിയും സംയുക്തമായി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. വിവാഹങ്ങളോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരില്‍ തലശ്ശേരിയില്‍ ഒരു കൂട്ടായ്മ രൂപപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ഇത്തരം കൂട്ടായ്മകളുടെ തലങ്ങളില്‍ മുസ്‌ലിം പണ്ഡിതന്മാരും ഹിന്ദു-ക്രിസ്ത്യന്‍ മതനേതാക്കളുമൊക്കെ സഹകരിക്കുന്നു എന്നത് ഈ രംഗത്ത് നല്ല ലക്ഷണങ്ങളാണ്. വ്യത്യസ്ത മതനേതാക്കള്‍ ഒരു വിഷയത്തില്‍ സഹകരിക്കുക വഴി എല്ലാ മതങ്ങളും വിശ്വാസങ്ങളും ഒന്നാക്കി അല്ലെങ്കില്‍ ഒന്നായി എന്നല്ല മറിച്ച് പ്രശ്‌നാധിഷ്ഠിതമായി സഹകരണം സാധിച്ചു എന്നു മാത്രം.
പ്രായവും പക്വതയുമുള്ള പഴയ തലമുറക്ക് ഈ വക കാര്യങ്ങള്‍ മനസ്സിലാകും. പുതുതായി വളര്‍ന്നുവരുന്ന, ആവേശത്തിന്റെ പുറത്ത് മാത്രം ജീവിക്കുന്ന യുവാക്കള്‍ക്ക് ഇത് വേണ്ടത്ര മനസ്സിലായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് ചരിത്രമോ, പാരമ്പര്യമോ, ജീവിക്കുന്ന സാഹചര്യമോ പ്രശ്‌നമല്ല.
‘ഖുര്‍ആനും സമുദ്ര ശാസ്ത്രവും’ എന്ന വിഷയത്തില്‍ ഒരു സുന്നീസ്ഥാപനം ഒരു സിഡി തയാറാക്കി പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തത് ഓര്‍ക്കുന്നു. സഹകരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന മനസ്സോട് കൂടി അതില്‍ പങ്കെടുത്തപ്പോള്‍, എന്റെ സഹപ്രവര്‍ത്തകരോട് അതില്‍ പങ്കെടുത്തതിന്റെ ന്യായം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവന്നു.
പുളിക്കലില്‍ മുസ്‌ലിം ലീഗ് സംഘടിപ്പി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സന്ദര്‍ഭത്തില്‍ രോഗിയായി വീട്ടില്‍ വിശ്രമിക്കുകയായിരുന്ന പ്രമുഖ മുജാഹിദ് പണ്ഡിതന്‍ പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. സംസാരമധ്യേ ഞാന്‍ വായിച്ചറിഞ്ഞ ഒരു കാര്യത്തില്‍ സംശയം തീര്‍ക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പഴയ കാലത്ത് മലപ്പുറത്ത് ഒരു ഈദ്ഗാഹില്‍ മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നമസ്‌കരിക്കുകയും താങ്കള്‍ ഖുത്വ്ബ നടത്തുകയും ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ വായിച്ച സംഭവം ശരിയാണോ എന്ന് താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഭവം ശരിയാണെന്ന് ഗഫൂര്‍ മൗലവി പറഞ്ഞു. അങ്ങനെ ഒരിക്കല്‍ കൂടി ഈ കാലഘട്ടത്തില്‍ നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടെ കാലം മാറിവരികയാണ്.
ഞാന്‍ ജനിക്കുന്നതിനുമുമ്പാണ് തിരൂരങ്ങാടി യതീംഖാന പള്ളി മര്‍ഹൂം കെ.എം മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. അതിന്റെ ശിലാഫലകത്തില്‍ അക്കാര്യം കൊത്തിവെച്ചത് കാണാന്‍ സാധിക്കും. അത് അന്നും ഇന്നും ഒരു മുജാഹിദ് പള്ളിയായി തന്നെയാണ് നിലനില്‍ക്കുന്നത്. അതിന്റെ പേരില്‍ കെ.എം മൗലവി സാഹിബിന്റെ ആദര്‍ശത്തില്‍ വ്യതിയാനം സംഭവിച്ചതായി മുജാഹിദുകളോ സയ്യിദ് ബാഫഖി തങ്ങളുടെ ആദര്‍ശത്തില്‍ മാറ്റം വന്നു എന്ന് സുന്നികളോ പറഞ്ഞിട്ടില്ല. ഇതൊക്കെ രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. അതൊക്കെ നേരിട്ട് കണ്ടറിഞ്ഞ ആളുകള്‍ ഇന്നും ജീവിച്ചിരിക്കുന്ന ലോകത്താണ് നമ്മളുള്ളത് എന്ന് മനസ്സിലാക്കണം.
മലപ്പുറം ജില്ലയിലെ മങ്കടയിലെ കൂട്ടില്‍ പ്രദേശത്ത് സംയുക്തമായി നടത്തുന്ന ഒരു മഹല്ലിന്റെ പുനര്‍നിര്‍മാണ വേളയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ എം. മുഹമ്മദ് മദനി, എം.ഐ അബ്ദുല്‍ അസീസ് തുടങ്ങിയ പണ്ഡിതര്‍ ഒന്നിച്ചിരുന്നത് ഓര്‍ക്കുകയാണ്. ഇത് വലിയ ഒരു സന്ദേശമാണ്. പ്രചരിക്കേണ്ട സന്ദേശമാണ്.
ആരാണ് മുസ്‌ലിം? നബി പരിചയപ്പെടുത്തിയത് ഇങ്ങനെ:
”നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുന്നവരും നമ്മുടെ ഖിബ്‌ലയിലേക്ക് തിരിയുന്നവരും നാം അറുത്തത് കഴിക്കുന്നവരും, അവരാണ് മുസ്‌ലിം.” ഇത് ഒരു അടിസ്ഥാനമാണ്.
ഈ കഴിഞ്ഞ ഹജ്ജിന്റെ തൊട്ടുമുമ്പ് ദുല്‍ഹജ്ജ് ഒന്നിന് മക്കയില്‍ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി ഒരു അന്തര്‍ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. സമ്മേളന വിഷയം മുസ്‌ലിം സമൂഹം: മാറ്റമില്ലാത്ത അടിസ്ഥാനങ്ങളും മാറ്റം വരാവുന്ന കാര്യങ്ങളും എന്നതായിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഇബാദി മദ്ഹബുകാരനായ ഒമാനിലെ മുഫ്തി ശൈഖ് അഹ്മദ് ഖലീലിയും (അവരെപ്പറ്റി ഖവാരിജുകള്‍ എന്ന് വരെ പറയാറുണ്ട്) മറ്റും പങ്കെടുത്തിരുന്നു. ശിഈ പണ്ഡിതന്മാരും ഉള്‍പ്പെടെ പങ്കെടുക്കാന്‍ സാധിക്കുന്നവിധം ലോകാടിസ്ഥാനത്തിലുള്ള പണ്ഡിതസഭ വിശാലത കാണിക്കുന്നു.

ധാരാളം കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉള്ളതോടൊപ്പം നാം മക്കയില്‍ എത്തിയാല്‍ ഒരു ഇമാമിന്റെ കീഴില്‍ ഒന്നിച്ച് നമസ്‌കരിക്കുന്നു. ഹജ്ജ് കര്‍മത്തിലും നമുക്ക് ഒരുമിക്കാന്‍ സാധിക്കുമെങ്കില്‍ കേരളത്തിലും നമുക്ക് ഒന്നിച്ച് നില്‍ക്കാന്‍ കഴിയണം. മക്കയില്‍ ഒരുമയാകാമെങ്കില്‍ നാട്ടിലും ഒന്നിച്ചുനില്‍ക്കാന്‍ പറ്റും എന്ന് പറയാന്‍ ഹജ്ജ് കഴിഞ്ഞ് വരുന്ന ഹാജിമാര്‍ക്ക് കഴിയണം. ഒരു പ്രദേശത്തെ കാരണവന്മാരെ ബോധവത്കരിക്കാന്‍ സാധിച്ചാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നമ്മുടെ സമവാക്യത്തില്‍ ഒരു മാറ്റം വരേണ്ടതുണ്ട്. ഞാനും ഞങ്ങളുടെ ആളുകളും പറയുന്നത് മാത്രം ശരി. നിങ്ങളും നിങ്ങളുടെ ആളുകളും പറയുന്നതെല്ലാം തെറ്റ് എന്നതിന് പകരം ഞാനും എന്റെ ആളുകളും ചെയ്യുന്ന ശരികളെല്ലാം ശരി. ചെയ്യുന്ന തെറ്റുകളെല്ലാം തെറ്റ്. നിങ്ങളും നിങ്ങളുടെ ആളുകളും ചെയ്യുന്ന ശരികളെല്ലാം ശരി, ചെയ്യുന്ന തെറ്റുകളെല്ലാം തെറ്റ് എന്ന് പറയാനുള്ള വിശാലത കാണിക്കണം. പ്രസിദ്ധമായ ഒരു വാക്യമുണ്ട്:’നമുക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യത്തില്‍ പരസ്പരം ഒഴികഴിവ് നല്‍കാന്‍ നമ്മള്‍ പരസ്പരം തയാറായാല്‍ നാം ഉയര്‍ന്ന നിലവാരത്തിലെത്തും”. അതാണ് ലോകം ആവശ്യപ്പെടുന്നത്, സമൂഹം ആവശ്യപ്പെടുന്നത്. ആ മഹത്തായ സന്ദേശത്തിലേക്കാണ് കാരകുന്ന് പ്രദേശത്തെ ആളുകള്‍ ഇപ്പോള്‍ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വലിയ ഒരു പുണ്യകര്‍മത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആ നിലയില്‍ മുന്നോട്ടുപോകാനുള്ള ഒരുക്കവും വിദ്യാഭ്യാസവും സംസ്‌കാരവും വളര്‍ന്ന് വരണം. വാക്കിലും പെരുമാറ്റത്തിലും എന്തു പറയണം എന്ത് പറയാതിരിക്കണം എന്ന പെരുമാറ്റ വിദ്യാഭ്യാസം ഉണ്ടാവണം. അങ്ങനെ ഒരു നിലവാരം കൈവരിക്കാന്‍ കഴിഞ്ഞാല്‍ നാം ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും, ഇന്‍ശാ അല്ലാഹ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

(കടപ്പാട്: പ്രബോധനം വാരിക)

Topics