ഒരു പ്രമുഖനായ കലാകാരനില്‍ ആകൃഷ്ടനായ ഒരു ആരാധകന്‍ ഇപ്രകാരം ഒരു സന്ദേശമയച്ചുവത്രെ. ‘ഇറ്റലിയിലെ ഏറ്റവും മഹാനായ കലാകാരന്’ എന്നായിരുന്നു കത്തിലെ അഭിസംബോധന. എന്നാല്‍ പ്രസ്തുത കലാകാരന്‍ ആ കത്ത് ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞു ‘ഇത് എനിക്കുള്ള സന്ദേശമല്ല. അദ്ദേഹം എന്നെയായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കില്‍ ‘ലോകത്തെ ഏറ്റവും മഹാനായ കലാകാരന്’ എന്നായിരുന്നു എഴുതേണ്ടിയിരുന്നത്’.
ലോകപ്രശസ്ത ചിത്രകാരനായ പിക്കാസോ ഒരു രാത്രി തന്റെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വീട്ടുപകരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചതായി കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് ആകെ അസ്വസ്ഥത പരന്നു. അപ്പോള്‍ അവിടെ തടിച്ചുകൂടിയവരില്‍ ഒരാള്‍ ചോദിച്ചു.
– അവര്‍ കാര്യപ്പെട്ട വല്ലതും മോഷ്ടിച്ചോ?
– ഇല്ല
– പിന്നെ എന്തിനാണ് താങ്കള്‍ അസ്വസ്ഥനാവുന്നത് ?
– എന്റെ വിലകൂടിയ പെയിന്റുകള്‍ ഒന്നും അവര്‍ മോഷ്ടിച്ചില്ലല്ലോ എന്നതിലാണ് എന്റെ വേദന!
ലോകപ്രശസ്ത ചിത്രകാരന്റെ വീട്ടില്‍ കടന്ന കള്ളന്‍ അദ്ദേഹത്തിന്റെ ചിത്രമൊന്നും മോഷ്ടിച്ചില്ലെന്നത് തന്റെ മഹത്ത്വത്തിനേറ്റ പോറലായാണ് അദ്ദേഹം വിലയിരുത്തിയത്. മോഷ്ടിച്ചതല്ല അവര്‍ ചെയ്ത കുറ്റം മറിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പെയിന്റിങുകളുടെ വില അറിഞ്ഞില്ല എന്നതാണ്.
കഴിവും വിനയവും ഒരുമിക്കുക എന്നതാണ് ഏറ്റവും വലിയ മഹത്ത്വം. ഏറ്റവും വലിയ സിദ്ധി ഉന്നത സ്വഭാവം തന്നെയാണ്. നാം നമ്മോട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഏറ്റവും നല്ല സ്വഭാവം. ഏതെങ്കിലും തരത്തിലുള്ള കഴിവുകള്‍ എല്ലാ മനുഷ്യനും നല്‍കപ്പെട്ടിരിക്കുന്നു. കഴിവിന്റെ കാര്യത്തില്‍ എല്ലാവരും ഒരേ പതിപ്പോ, ഒരേ സിദ്ധികള്‍ ലഭിച്ചവരോ അല്ല. ഇരട്ടക്കുഞ്ഞുങ്ങള്‍ പോലും പല കാര്യങ്ങളിലും വ്യത്യസ്തരാണ്. ഒരാളില്‍ ഉള്ള സിദ്ധി മറ്റെയാളില്‍ കണ്ടുകൊള്ളണമെന്നില്ല.
നാം നാം തന്നെയാവുക എന്നതാണ് സുപ്രധാനം. നാം മറ്റൊന്നും ആവാന്‍ ഒരിക്കലും ശ്രമിക്കരുത്. നല്ല പാകപ്പെട്ട മനസ്സാണ് ഉന്നത സിദ്ധികള്‍ക്ക് പ്രഥമമായി വേണ്ടത്. അവയെ വിലമതിക്കുന്ന, അവ നല്‍കിയവനോട് നന്ദി കാണിക്കുന്ന, അവയുടെ അവസാനം പ്രതീക്ഷിക്കുന്ന മനസ്സാണ് അത്.
സൗന്ദര്യം, ഉള്‍ക്കാഴ്ച, ദീര്‍ഘ വീക്ഷണം, യുവത്വം തുടങ്ങിയവ കൊണ്ട് വ്യതിരിക്തനായിരുന്നു യൂസുഫ്(അ). പ്രതിബന്ധങ്ങള്‍ താണ്ടിയാണ് അദ്ദേഹം ഈജിപ്തിന്റെ ഭരണാധികാരിയായത്. എല്ലാം നേടിയതിന് ശേഷവും അദ്ദേഹത്തിന് പറയാനുണ്ടായത് ഇത്രമാത്രമായിരുന്നു:’എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സ്വപ്‌ന കഥകളുടെ വ്യാഖ്യാനം പഠിപ്പിച്ചു. ആകാശഭൂമികളെ പടച്ചവനേ, ഇഹത്തിലും പരത്തിലും നീയാണെന്റെ രക്ഷകന്‍. നീയെന്നെ മുസ്‌ലിമായി മരിപ്പിക്കേണമേ, സജ്ജനങ്ങളില്‍ ഉള്‍പെടുത്തേണമേ’. (യൂസുഫ് 101)
മനോഹരമായ അവസാനമാണ് ഇത്. ഏറ്റവും മഹത്തായ സിദ്ധിയും ഇതുതന്നെ. ഇഹ-പര ലോകങ്ങളിലെ നന്മയോടൊപ്പമുള്ള ജീവിതാന്ത്യം. നീതി നടപ്പാക്കിയ ഭരണാധികാരിയായിരുന്നു ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ). അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിലാഷം ആഖിറത്തിലെ വിജയമായിരുന്നു. സ്വര്‍ഗത്തിനായി കൊതിക്കുന്ന മനസ്സാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ശാരീരിക ശക്തി കൊണ്ട് പ്രശസ്തനായിരുന്നു മുഹമ്മദി ക്ലേ. ബോക്‌സിംഗ് റിംഗില്‍ പ്രതിയോഗിയെ മലര്‍ത്തിയടിച്ച ലോകചാമ്പ്യനായിരുന്നു അദ്ദേഹം. ഒടുവില്‍ അദ്ദേഹത്തിന് പാര്‍കിന്‍സണ്‍ രോഗം പിടിപെട്ടു. കോശങ്ങള്‍ ദ്രവിക്കുക, ശരീരം ശോഷിക്കുക തുടങ്ങിയവ ആയിരുന്നു അതിന്റെ ഫലം. ചലിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. എന്നാല്‍ ക്ലേ കേവലം ബോക്‌സിങ് താരം മാത്രമായിരുന്നില്ല മറിച്ച് തന്റേടി കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് :’ബോക്‌സിംഗ് റിങിലേത് പോലെയാണ് റിങിനുപുറത്തെ ജീവിതവും. അതിനുള്ളില്‍ പരാജയപ്പെടുന്നത് പോരായ്മ അല്ലാത്തത് പോലെ ജീവിതത്തില്‍ പരാജയപ്പെടുന്നതും പോരായ്മയല്ല. എന്നല്ല യാതൊരു മാറ്റവുമില്ലാതെ അവശേഷിക്കുക എന്നതാണ് പോരായ്മ’.
അദ്ദേഹം പറയുന്നു:’പരിശീലനത്തിന്റെ ഒരോ നിമിഷവും എനിക്കുവെറുപ്പായിരുന്നു. എന്നാല്‍ ഞാന്‍ എന്റെ മനസ്സിനോട് പറയും. ‘നീ പിന്‍വാങ്ങരുത്, ഇപ്പോള്‍ പ്രയാസങ്ങള്‍ സഹിക്കുക. എന്നാല്‍ ബാക്കിയുള്ള ജീവിതം ചാമ്പ്യനായി നിലകൊള്ളാം’.
‘ഭാവനകളില്ലാത്ത മനുഷ്യന്‍ ചിറകുകളില്ലാത്ത പക്ഷിയെപ്പോലെയാണ് എന്ന് അദ്ദേഹം മറ്റൊരിക്കല്‍ പറയുകയുണ്ടായി. നേത്രശാസ്ത്രത്തില്‍ ഇബ്‌നു ഹൈഥം, വൈദ്യശാസ്ത്രത്തില്‍ ഇബ്‌നു സുഹ്ര്‍, ശസ്ത്രക്രിയയില്‍ സഹ്‌റാവി, ഗണിതശാസ്ത്രത്തില്‍ മജ്‌രീത്വി, സാമൂഹ്യശാസ്ത്രത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങി മഹാന്മാരുടെ വലിയ നിര തന്നെ നമുക്ക് മാതൃകകളായുണ്ട്. മഹത്തായ സംഭാവനകള്‍ മാനവ സമൂഹത്തിന് അര്‍പിച്ച, വിനയവും എളിമയും മുറുകെ പിടിച്ചവരായിരുന്നു അവരെല്ലാവരും.
Add Comment