മറ്റു നിമിഷങ്ങളെപ്പോലെയല്ല ആ നിമിഷം. മനുഷ്യന്‍ ഇഹലോക ജീവിതത്തിന്റെ വസ്ത്രം ഊരി വെച്ച് പരലോക ജീവിതത്തിലേക്ക് ലയിക്കുന്ന നിമിഷമാണ് അത്. എല്ലാ ആസ്വാദനങ്ങളും അവസാനിപ്പിച്ച് ‘മരണവെപ്രാളം യാഥാര്‍ത്ഥ്യമായി ഭവിക്കുന്ന’ ആ നിമിഷത്തെ മനുഷ്യന് അവഗണിക്കാന്‍ സാധിക്കുകയേയില്ല. ആ നിമിഷം ഓരോ മനുഷ്യനും നല്‍കുന്ന ഗുണപാഠങ്ങളും കഥകളും സന്ദേശങ്ങളുമുണ്ട്. അവയില്‍ ഒരു കഥ ഇവിടെ വിവരിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനോ, സ്വര്‍ഗീയാരാമത്തിനായി കൊതിക്കുന്നതിനോ ഇത്തരം കഥകള്‍ കാരണമാവാറുണ്ട് :’അവരുടെ കഥകളില്‍ ബുദ്ധിയുള്ളവര്‍ക്ക് ഗുണപാഠമുണ്ട്’.
ഈ കഥക്ക് മുമ്പ് തിരുദൂതര്‍(സ)യുടെ ഒരു വചനം ഇവിടെ ഉദ്ധരിക്കട്ടെ ‘ഓരോ അടിമയും മരണപ്പെട്ട അവസ്ഥയില്‍ തന്നെയായിരിക്കും പുനര്‍ജീവിപ്പിക്കപ്പെടുക’. സല്‍സ്വഭാവിയും ആരാധനകള്‍ മുറപോലെ അനുഷ്ഠിക്കുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം ഇഹ്‌റാം കെട്ടി മക്കയില്‍ പ്രവേശിച്ചു. ഇശാ നമസ്‌കാരം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹവും ഏതാനും അനുയായികളും അവിടെയെത്തിയത്. അതിനാല്‍ തന്നെ അദ്ദേഹം അനുയായികളെ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. പരിശുദ്ധ ഹറമില്‍, ഇഹ്‌റാം കെട്ടിയ അവസ്ഥയില്‍, മറ്റുള്ളവര്‍ക്ക് ഇമാമായി അദ്ദേഹം സൂറത്തുദ്ദുഹാ പാരായണം ചെയ്തു തുടങ്ങി ‘ആദ്യത്തെതിനേക്കാള്‍ വരാനിരിക്കുന്നതാണ് താങ്കള്‍ക്ക് ഉത്തമം’ എന്നര്‍ത്ഥം വരുന്ന ആയത്ത് എത്തിയ അദ്ദേഹം കിതക്കുകയും ‘നിന്റെ നാഥന്‍ നിനക്ക് നല്‍കുകയും അപ്പോള്‍ നീ തൃപ്തനാവുകയും ചെയ്യും’ എന്നിടത്ത് എത്തിയപ്പോള്‍ മരിച്ച് വീഴുകയും ചെയ്തു. ‘അല്ലയോ ശാന്തമായ ആത്മാവേ, നീ നിന്റെ നാഥനിലേക്ക് തൃപ്തനായും തൃപ്തികരസ്ഥമാക്കിയവനായും മടങ്ങുക. എന്റെ അടിമകളില്‍ നീ പ്രവേശിക്കുക. എന്റെ സ്വര്‍ഗത്തില്‍ നീ താമസിച്ചു കൊള്ളുക’.
അലി ബിന്‍ ഫുളൈല്‍ ബിന്‍ ഇയാദ് വളരെ ലോലഹൃദയനായ യുവാവായിരുന്നു. വളരെ പെട്ടെന്ന് കരയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നരകം, ഖബ്‌റ്, സ്വര്‍ഗം, മരണം തുടങ്ങി എന്ത് കേട്ടാലും തരളിതഹൃദയത്താല്‍ കരയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് നാട്ടിലെ ഒരു പള്ളിയില്‍ ഇമാം ആയിരുന്നു. മകന്‍ പിന്നിലുണ്ടെന്ന് അറിഞ്ഞാല്‍ അദ്ദേഹം പരലോകവുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാരായണം ചെയ്യാറുണ്ടായിരുന്നില്ല. ഒരു ദിവസം മകന്‍ പിന്നിലില്ലെന്ന് കരുതിയ ഫുളൈല്‍ സൂറതുല്‍ മുഅ്മിനൂനിലെ മരണവുമായി ബന്ധപ്പെട്ട ആയത്തുകള്‍ പാരായണം ചെയ്ത് തുടങ്ങി. ഇതുകേട്ട മകന്‍ ബോധമറ്റ് വീഴുകയും കാര്യം മനസ്സിലാക്കിയ പിതാവ് നമസ്‌കാരം ചുരുക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് അല്‍പം വെള്ളം തളിച്ചപ്പോള്‍ അവന് ബോധം തിരികെ ലഭിച്ചു. മറ്റൊരിക്കല്‍ ഇതുതന്നെ ആവര്‍ത്തിച്ചു. അന്നും മകന്‍ ബോധമറ്റ് നിലംപതിച്ചു. പക്ഷെ ഇത് ആദ്യ തവണ പോലെയായിരുന്നില്ല. വെള്ളം തളിച്ചിട്ടും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. നമസ്‌കരിച്ച് കൊണ്ടിരിക്കെ അല്ലാഹുവിലേക്ക് യാത്രയാവാനുള്ള സൗഭാഗ്യം അവനെ തേടിയെത്തി.
സത്യവിശ്വാസികളില്‍പെട്ട ഒരാള്‍ നാട്ടില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. പത്ത് ദിവസം ആരാധനകളും, കണ്ണുനീരില്‍കുതിര്‍ന്ന പ്രാര്‍ത്ഥനകളുമായി ചെലവഴിച്ച അദ്ദേഹം നാട്ടിലേക്ക് മടങ്ങി. വഴിയിലുടനീളം അവരുടെ നേതാവ് ചില ഖുര്‍ആന്‍ വചനങ്ങള്‍ സാരാംശങ്ങളോടെ അവര്‍ക്ക് പകര്‍ന്നുനല്‍കാറുണ്ടായിരുന്നുവത്രെ. ഒരിക്കല്‍ ‘അല്ലാഹുവിനെയും തിരുദൂതരെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരുടെയും സിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും സല്‍സ്വഭാവികളുടെയും കൂടെയായിരിക്കും. എത്ര നല്ല കൂട്ടാണ് അവര്‍’ എന്നര്‍ത്ഥമുള്ള ആയത്ത് ശൈഖ് അവര്‍ക്ക് പഠിപ്പിച്ചുകൊണ്ടിരിക്കെ എതിര്‍ഭാഗത്ത് നിന്ന് ഒരു കാര്‍ വന്ന് ഈ മനുഷ്യന്റെ കാറിനിടിക്കുകയും കാറിലുണ്ടായിരുന്ന എല്ലാവരും മരണപ്പെടുകയും ചെയ്തു.
Add Comment