വിശ്വാസം-ലേഖനങ്ങള്‍

മനുഷ്യ നിര്‍മിത പ്രസ്ഥാനങ്ങളെവിടെയെത്തി ?

തീവ്രതക്കും കാര്‍ക്കശ്യത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. അതിരുകവിച്ചില്‍ ഇസ്‌ലാമിന്റെ അന്തഃസ്സത്തയ്ക്ക് എതിരാണ്.  ശരീഅത്ത് നിയമങ്ങള്‍ എല്ലാം സുന്ദരമാണെന്നതാണെന്നാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്കും ബാധ്യതകള്‍ക്കുമിടയില്‍ കൃത്യമായ സന്തുലനം സാധ്യമാക്കുന്ന മതമാണ് ഇസ്‌ലാം. അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതു പോലെ തന്നെ അത് കടമകളെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നു. ഒരാള്‍ക്ക് ലഭിക്കേണ്ട അവകാശം മറ്റുള്ളവരുടെ കടമകളില്‍ നിന്നുണ്ടാകുന്നതാണ്.  ഈ ദീന്‍ ദുന്‍യാവിനെയും ആഖിറത്തിനെയും ഒരു പോലെ പരിഗണിക്കുന്ന ദീനാണ്. മനുഷ്യന്റെ ആത്മീയ വശത്തിനു ഊന്നല്‍ നല്‍കുന്നതു പോലെ ഭൗതികവശങ്ങള്‍ക്കും ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. 

മധ്യമവും മിതവും സന്തുലിതവുമായ ജീവിത രീതിക്കും പ്രവര്‍ത്തന ശൈലിക്കും മറ്റെല്ലാറ്റിനുമെന്നപോലെ അനന്യമാതൃകാപുരുഷന്‍ മുഹമ്മദ് നബി തന്നെയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ശരീഅത്തും ജീവിതവും പ്രവര്‍ത്തനങ്ങളും വാക്കുകളും  അനുധാവനം ചെയ്യുന്ന ഒരാള്‍ മിതനിലപാടുകാരനേ ആകൂ. ഒരു സമൂഹം എന്ന നിലയില്‍ മുസ്‌ലിംകള്‍ മിതവാദികളും മധ്യമവീക്ഷണക്കാരുമായിരുന്നപ്പോള്‍ അവര്‍ ലോകത്തിന്റെ ജേതാക്കളായിരുന്നിട്ടുണ്ട്. അവരുടെ മധ്യമവും സന്തുലിതവുമായ ജീവിത ശൈലിക്കുമുമ്പില്‍ ലോകം കീഴൊതുങ്ങി. തീവ്രതയിലും കാര്‍ക്കശ്യത്തിലും ആപതിച്ച സമൂഹങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തിനു വിധേയപ്പെട്ടുനില്‍ക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നത് ചരിത്ര വസ്തുതയാണ്. സാമ്പത്തിക മേഖലയിലെ തീവ്രതയുടെയും അതിരു കവിയലിന്റെയും ഒരു പ്രത്യയശാസ്ത്രമാണ് കാപിറ്റലിസം(മുതലാളിത്തം). അത് വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കിയത് നിഷേധാത്മക പ്രവണതയാണ്. കുതന്ത്രത്തിലൂടെയും ചതിയിലൂടെയും പണം നേടുന്നത് മുതലാളിത്തചിന്താഗതിയില്‍ ഒരു തെറ്റേയല്ല. പൂഴ്ത്തിവെയ്പിന്റെയും കുന്നുകൂട്ടിവെയ്ക്കലിന്റെയും പിശുക്കിന്റെയുമായ നിഷേധാത്മക വശമാണ് അത് മനുഷ്യരില്‍ തീര്‍ത്തത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച സോഷ്യലിസ്റ്റ് ചിന്താഗതികളാകട്ടെ, മനുഷ്യന്റെയും വ്യക്തിയുടെയും ആവശ്യങ്ങളെ സമതുലിതമായല്ല സമീപിച്ചത്. സമൂഹത്തിന് മുഖ്യപരിഗണനനല്‍കിയ കമ്യൂണിസം വ്യക്തിയുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ചു. രണ്ടും തീവ്രതയുടെ ഇരു ധ്രുവങ്ങളില്‍ മനുഷ്യനെ തളച്ചിട്ട പ്രത്യയശാസ്ത്രങ്ങളോ സാമ്പത്തികവീക്ഷണങ്ങളോ ആണ്. ഇവ മനുഷ്യന് ആത്യന്തികമായി നിരാശയും നഷ്ടവും മാത്രം സമ്മാനിച്ചുവെന്നതല്ലാതെ മറ്റൊരുനേട്ടവുമുണ്ടായില്ല. ഇവിടെയാണ് ഇസ്‌ലാമിന്റെ പ്രസക്തി നമുക്ക് തിരിച്ചറിയാന്‍ കഴിയുക. മനുഷ്യന്റെ ഭൗതികസുഖവും ആത്മീയ മോക്ഷവും അതില്‍ സമഞ്ജസമായി സമ്മേളിച്ചു. ക്യാപിറ്റലിസം  സമൂഹത്തെ വിട്ട് വ്യക്തിയെ പരിഗണിച്ചതുപോലെയോ, കമ്മ്യൂണിസം  വ്യക്തിയെ അവഗണിച്ച് സമൂഹത്തെ മാത്രം കണക്കിലെടുത്തതു പോലെയോ ഇസ്‌ലാം പക്ഷംപിടിച്ചില്ല. മറിച്ചു രണ്ടു തലങ്ങളും ഇസ്‌ലാമില്‍ കൃത്യവും സന്തുലിതവുമായ അളവില്‍ പരിഗണിക്കപ്പെടുകയും പ്രതിനിധാനം ചെയ്യപ്പെടുകയും ചെയ്തു. 

പരിഷ്‌കരണത്തിനും നൈരന്തര്യത്തിനും ആവശ്യമായ അടിസ്ഥാനപരമായ ഒരു ഗുണം കൂടിയാണ് മിതത്വവും സന്തുലിതത്വവും എന്നത്. പ്രപഞ്ചത്തില്‍ നമുക്ക് സന്തുലിതത്വത്തിന്റെ വിസ്മയകരമായ ദൃഷ്ടാന്തങ്ങള്‍ എത്രയോ കാണാം. രാവും പകലും കൃത്യമായ പൊരുത്തത്തിലും കൃത്യതയിലും സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇരുട്ടും പ്രകാശവും, ചൂടും തണുപ്പും, ദ്രവ്യത്തിന്റെ ഖര-ദ്രാവക-വാതകാവസ്ഥകള്‍ തുടങ്ങി പരസ്പര വിരുദ്ധമായ എല്ലാം കൃത്യവും കണിശവുമായ അളവുകളിലാണ്. വിപരീതസ്വഭാവങ്ങളുള്ളവ പരസ്പരം അതിരുകവിയുന്നില്ല. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട പരിധിയില്‍ നിന്ന് അവ പുറത്തു ചാടുന്നില്ല. സൂര്യചന്ദ്രനക്ഷത്രാദികള്‍ എല്ലാം അങ്ങനെ തന്നെ. 

എന്നാല്‍ ഭൂമുഖത്ത് മനുഷ്യന്‍ മനുഷ്യന് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളും വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ പോറലേല്‍പ്പിക്കുന്നവയാണ്. സാമൂഹികപ്രസ്ഥാനങ്ങളും വ്യക്തിപ്രസ്ഥാനങ്ങളും തമ്മില്‍ ശക്തമായ വടം വലികള്‍ നന്നു കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ക്യാപിറ്റലിസം വ്യക്തിയെ മഹത്ത്വവല്‍ക്കരിക്കുകയും അടിസ്ഥാന ഘടകമായി വ്യക്തിയെ പരിഗണിക്കുകയും ചെയ്യുന്നു. ഉടമസ്ഥാവകാശം അല്ലാഹുവിന്റെ കരങ്ങളില്‍ നിന്ന് വ്യക്തിക്ക് നല്‍കുകയാണ് ക്യാപിറ്റലിസം ചെയ്യുന്നത്. ഈ വീക്ഷണപ്രകാരം സമ്പാദിക്കാനുംചിലവഴിക്കാനുമുള്ള സ്വാതന്ത്ര്യം  അവനില്‍ മാത്രം നിക്ഷിപ്തമാണ്. ഈ ചിന്താഗതി വ്യക്തിയെ ദുഷിപ്പിക്കുന്നു. അവന്‍  വ്യക്തിസ്വാതന്ത്ര്യത്തെ തന്റെ ഇഷ്ടം പോലെ പ്രയോഗിക്കുന്നതിനാല്‍ ഇതരവ്യക്തികളെയും സമൂഹത്തെയും അത്  വളരെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെയാണ് അവന്‍ പണം സമ്പാദിക്കുന്നതും, കൂട്ടിവെയ്ക്കുന്നതും, പിശുക്കുണ്ടാകുന്നതും. അതുകൊണ്ടുതന്നെ തന്റെ പണം താനിച്ഛിക്കുംവിധം വിനോദത്തിനും മദ്യത്തിനും തെമ്മാടിത്തത്തിനും ചിലവഴിക്കുന്നതിന് അവനുമടിയില്ല. 

അതേപോലെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും തീവ്രതയുടെ പ്രത്യയശാസ്ത്രമാണ്. പ്രത്യേകിച്ച് അതിലെ മാര്‍ക്‌സിസം. വ്യക്തിയുടെ അവകാശങ്ങള്‍ക്കു മേല്‍ അത് കത്തിവെക്കുന്നു. അവന് പ്രകൃത്യായുള്ള സ്വാതന്ത്ര്യത്തെയാണ് അത് പരിമിതപ്പെടുത്തുന്നത്. വ്യക്തിയുടെ ന്യായമായ അവകാശങ്ങള്‍ ഹനിച്ചു അവനുമേല്‍ കടമകളും ബാധ്യതകളും അടിച്ചേല്‍പ്പിക്കുന്നു. സമൂഹത്തെ പരിഗണിക്കുന്നുവെന്ന പേരില്‍ വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുകയും വ്യക്തികള്‍ അരികുവത്കരിക്കപ്പെടുകയും പാര്‍ട്ടി വലുതാകുകയും ചെയ്യുന്ന അവസ്ഥ. ഇത്തരം സാമൂഹികസംവിധാനത്തിന് നേതൃത്വം നല്‍കുന്നവര്‍ മിക്കവാറും സേച്ഛാധിപതികളായി മാറുന്നു. ചരിത്രം അതിന് സാക്ഷിയാണ്. ക്ലിപ്തവും പരിമിതവുമായ അളവില്‍ മാത്രമേ വ്യക്തിക്ക് സമ്പാദിക്കാനും ഉടമസ്ഥപ്പെടുത്താനും അനുവാദമുള്ളൂ. അവന് പ്രതിഷേധിക്കാന്‍ അവസരമില്ല. അവന് യാതൊരുഅഭിപ്രായസ്വാതന്ത്ര്യവുമില്ല. ഇത്തരം വ്യവസ്ഥയെ വിമര്‍ശിച്ചോ, ചോദ്യം ചെയ്‌തോ എന്തെങ്കിലും രഹസ്യമായോ പരസ്യമായോ ഉരിയാടിയാല്‍ തടവറയാണ് അവന്റെ അന്ത്യസ്ഥലം.

ഈ ലോകത്ത് മനുഷ്യ നിര്‍മിത പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചതും അവ കൊണ്ടാടപ്പെട്ടതും പിന്നീട് പരാജയപ്പെട്ടതും എങ്ങനെയെന്നതിന്റെ ചരിത്രം അറിഞ്ഞവര്‍ക്ക് ഇസ്‌ലാമിന്റെ സന്തുലിതത്വത്തിന്റെയും മിതത്വത്തിന്റെയും ജീവിതരീതിയുടെയും മനോഹാരിത ബോധ്യപ്പെടാന്‍ യാതൊരുപ്രയാസവുമില്ല.


ഡോ. സഅദ് അല്‍ മിര്‍സ്വഫി

Topics