ഞാന്‍ എന്റെ ജീവിതകാലത്തിനിടിയില്‍ പഠിച്ചെടുത്ത ശറഈ വിജ്ഞാനങ്ങളൊന്നും തന്നെ ജനങ്ങളുടെ മനഃസ്ഥിതി വായിച്ചെടുക്കാനോ, അവരുടെ പ്രകൃതമോ, മനോഭാവമോ മനസ്സിലാക്കാനോ എനിക്ക് സഹായകമായിരുന്നില്ല. എന്നാല്‍ കുഞ്ഞുപ്രായത്തില്‍ തന്നെ ചുറ്റുമുള്ളവരുടെ സന്തോഷത്തെയും, ദുഖത്തെയും, മാനസികമായ പരിഭ്രമത്തെയും കുറിച്ചെല്ലാം ചോദിക്കാനും അറിയാനുമുള്ള ത്വര എനിക്കുണ്ടായിരുന്നു.
അല്‍പം മുതിര്‍ന്നതിന് ശേഷം മനഃശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ച് തുടങ്ങിയപ്പോള്‍ പ്രസ്തുത വിഷയത്തോട് വളരെ താല്‍പര്യംതോന്നി. എന്നില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നു എന്റെ കൂട്ടുകാരുടെ അവസ്ഥ. അവര്‍ മനശാസ്ത്രത്തെ ‘ദൗര്‍ഭാഗ്യശാസ്ത്രം’ എന്നായിരുന്നു പേര് വിളിച്ചിരുന്നത്. മാത്രമല്ല, ശാസ്ത്രീയപഠനങ്ങളുടെ ഗണത്തില്‍ അവര്‍ക്ക് ഏറ്റവും വെറുപ്പുള്ളതും അതിനോടായിരുന്നു.
മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങള്‍ വായിച്ചത് കൊണ്ടും, മറ്റുള്ളവരുടെ ഇടപാടുകളും, മുഖവും നിരീക്ഷിച്ചത് കൊണ്ടും എനിക്ക് എന്നെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. കാരണം മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തുസങ്കല്‍പിക്കുന്നു, അവര്‍ എന്നില്‍ നിന്ന് എന്തുപ്രതീക്ഷിക്കുന്നു എന്നത് എന്നെ മനസ്സിലാക്കാനുള്ള സുപ്രധാനമായ വഴിയാണ്.
തിരക്കുപിടിച്ച ജീവിതമല്ലായിരുന്നു എന്റേതെങ്കില്‍ മറ്റുള്ളവരുടെ വേദനകളും, പ്രയാസങ്ങളും, കഷ്ടപ്പാടും പരിഹരിക്കാന്‍ സഹായിക്കുന്ന കൗണ്‍സിലര്‍ ആവണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താക്കന്മാരെയും, സുഹൃത്തുക്കളെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ സധൈര്യം അഭിമുഖീകരിച്ച്, സംതൃപ്തജീവിതം നയിക്കുമാറ് പ്രാപ്തരാക്കാന്‍ എനിക്ക് കഴിയുമായിരുന്നു.
കഴിഞ്ഞ കാലത്തെക്കുറിച്ച സംതൃപ്തിയും, നിലവിലുള്ള ലോകത്തെ ശോഭയും, ഉത്തമമായ ഭാവിയെക്കുറിച്ച സ്വപ്‌നവും ചേര്‍ന്നതാണ് എന്റെ എഴുത്തുകളും ട്വീറ്റുകളും. വിജയം-പരാജയം, ശക്തി-ദൗര്‍ബല്യം, തെറ്റ്-ശരി, അനുസരണം-ധിക്കാരം തുടങ്ങി മനുഷ്യ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന എല്ലാ ദ്വന്ദ്വങ്ങളോടുമുള്ള പ്രായോഗിക സമീപനമാണ് അതിലുള്ളത്.
അതെല്ലാം ഞാന്‍ നേരിടുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ദുഖിക്കുകയും സന്തോഷിക്കുകയും, കോപിക്കുകയും തൃപ്തിപ്പെടുകയും, ധൃതിപ്പെടുകയും അവധാനത കാത്തുസൂക്ഷിക്കുകയും, തെറ്റുവരുത്തുകയും തിരുത്തുകയും ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. മനസ്സിനെ വിഷമിപ്പിച്ചിരുന്ന കാര്യം നീങ്ങുകയും മനസ്സ് ശാന്തമാവുകയും ചെയ്യുന്നതോടെ എനിക്ക് എന്റെ മനസ്സിന്റെ കാര്യത്തില്‍ ലജ്ജ തോന്നാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ശക്തമായ മനോബലം അനുഭവപ്പെടുകയും തെറ്റ് അംഗീകരിക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു. അവിടെ മനോദാര്‍ഢ്യം കാരണം ചെറിയ തെറ്റില്‍ നിന്ന് വലിയ തെറ്റിലേക്ക് നീങ്ങുകയാണ് നാം ചെയ്യുന്നത്.
ജീവിതം ബഹുവര്‍ണങ്ങളിലാണ് പ്രശോഭിതമാകുന്നത്. സംഭവിച്ചതിന്റെ പേരില്‍ ദുഖിക്കുകയോ, സംഭവിക്കാനിരിക്കുന്നതിന്റെ പേരില്‍ അസ്വസ്ഥപ്പെടുകയോ അല്ല വേണ്ടത്. അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് ഗമിക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം.
നമുക്ക് ചുറ്റുമുള്ള വ്യക്തികളെ നിരീക്ഷിച്ചുനോക്കാം. അവരുടെ വികാരങ്ങളിലേക്കും, പ്രകൃതങ്ങളിലേക്കും ഊളിയിട്ടിറങ്ങാം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മാനസികാവസ്ഥ പഠിക്കുകയും ചെയ്യാം. അല്‍പമൊന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ മാത്രം മതി എന്റെ കൂട്ടുകാരന്റെ ഹൃദയാന്തരാളങ്ങളില്‍ എനിക്ക് കടന്നെത്താന്‍. അവര്‍ അനുഭവിക്കുന്ന മനശ്ശാന്തിയും, അവനെ അലട്ടുന്ന പ്രതിസന്ധിയും എന്തെന്ന് തിരിച്ചറിയാന്‍ അത് സഹായിക്കുന്നു. അവന്റെ നാവ് അവ സത്യപ്പെടുത്തിയാലും ഇല്ലെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ എനിക്ക് വളരെ എളുപ്പം കഴിയും.
‘സന്തോഷം ഒരു ഭാഷയാണ്’ എന്നാണ് എനിക്ക് അതെപ്പറ്റി പറയാനുള്ളത്. നമ്മുടെ വായില്‍ നിന്ന് പുറത്തുവരുന്ന ഓരോ വാക്കും സന്തോഷത്തെയോ, ദുഖത്തെയോ ആണ് അടയാളപ്പെടുത്തുക. നമ്മുടെ സന്തോഷവും, ദുഖവും നിര്‍മിക്കുന്നതും നമ്മുടെ വാക്കുകള്‍ തന്നെ. ‘നാം അവന് രണ്ട് കണ്ണുകള്‍ നല്‍കിയില്ലയോ? ഒരു നാവും രണ്ട് അധരങ്ങളും? നാം അവന് രണ്ടുമാര്‍ഗങ്ങള്‍ കാണിച്ച് കൊടുക്കുകയും ചെയ്തു’. (അല്‍ബലദ് 8-10)
കണ്ണ് കാണുകയും, ചെവി കേള്‍ക്കുകയും, നാവ് സംസാരിക്കുകയും ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാം നമ്മുടെ വഴി തെരഞ്ഞെടുക്കുന്നത് എന്ന് വ്യക്തം. മറ്റുള്ളവരുടെ കര്‍മങ്ങളാണ് നമ്മുടെ കണ്ണിന്റെയും കാതിന്റെയും ലക്ഷ്യം. അവ യഥാര്‍ത്ഥത്തില്‍ നമ്മുടെ സന്തോഷത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും ഉറവിടമല്ല എന്നതാണ് സത്യം. അവയെക്കുറിച്ച നാം നടത്തുന്ന പ്രതികരണമാണ് നമ്മുടെ മാനസികാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നത്. മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്ന, പരാജയം പ്രതീക്ഷിക്കുന്ന ഒരു വ്യക്തി ജീവിതത്തില്‍ വിജയിച്ചതായി ഞാന്‍ കണ്ടിട്ടില്ല. നന്മ പ്രതീക്ഷിച്ച്, നല്ല മനോഹരമായി സംസാരിക്കുന്ന വ്യക്തി ജീവിതത്തില്‍ പരാജയപ്പെട്ടതായി എനിക്കറിയില്ല.
Add Comment