1917-ലെ റഷ്യന്‍ വിപ്ലവത്തിന്റെ തുടക്കത്തില്‍ ലെനിനും മറ്റു വിപ്ലവനേതാക്കളും റഷ്യയിലെയും മധ്യേഷ്യയിലെയും മുസ്‌ലിംകളോട് അതില്‍ പങ്കെടുക്കാനും അതിന് പിന്തുണ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. സര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യത്തില്‍നിന്ന് രക്ഷപ്പെടുത്തി പൂര്‍ണ മതസ്വാതന്ത്ര്യം നല്‍കാമെന്ന് വിപ്ലവനേതാക്കള്‍ വാഗ്ദത്തം ചെയ്തു. സര്‍ ചക്രവര്‍ത്തിയുടെ കൈവശമുള്ള ഉഥ്മാന്‍ (റ)ന്റെ മുസ്ഹഫ് നേടിത്തരാമെന്നും മുസ്‌ലിംപ്രദേശങ്ങളുടെ അതിര്‍ത്തികള്‍ അംഗീകരിക്കാമെന്നും അവര്‍ മുസ്‌ലിംകളോട് കരാര്‍ ചെയ്തു. യൂറോപ്യന്‍ അധിനിവേശത്തില്‍നിന്ന് ഇസ്‌ലാമിന് മോചനം നല്‍കുന്ന ഒരു സംഭവമായി മധ്യേഷ്യന്‍ മുസ്‌ലിംകള്‍ റഷ്യന്‍ വിപ്ലവത്തെ നോക്കിക്കണ്ടു. കമ്യൂണിസവും ഇസ്‌ലാമും പരസ്പരംയോജിച്ചുപോവുന്നതാണെന്ന വികാരം മുസ്‌ലിംനേതാക്കള്‍ പങ്കുവെക്കാന്‍ തുടങ്ങി. മൂസ ജാറുല്ലയെ പോലുള്ള റഷ്യന്‍ മുസ്‌ലിംപണ്ഡിതന്‍മാര്‍ ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. വിപ്ലവാനന്തരം മധ്യേഷ്യയും വോള്‍ഗയിലെ മുസ് ലിംപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തുര്‍ക്കിസ്ഥാന്‍ എന്ന ആശയമാണ് മധ്യേഷ്യന്‍ മുസ്‌ലിംകള്‍ വിപ്ലവനേതാക്കള്‍ക്ക് മുമ്പില്‍ വെച്ചത്. പക്ഷേ, മുസ് ലിംകളുടെ പിന്തുണയോടെ വിപ്ലവം വിജയിച്ചെങ്കിലും അവര്‍ക്ക് നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ ഒന്നുംപാലിക്കപ്പെട്ടില്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത നടപടികളാണ് കമ്യൂണിസ്റ്റ് ഭരണകൂടം നടപ്പില്‍ വരുത്തിയത്. പള്ളികളും മതപാഠശാലകളും അടച്ചുപൂട്ടി.ഖുര്‍ആന്‍ നിരോധിച്ചു. ഇസ്‌ലാമികകര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി. മുസ്‌ലിംകള്‍ക്കിടയിലെ ഐക്യം തകര്‍ക്കുന്നതിന് അവര്‍ക്കിടയില്‍ വ്യത്യസ്തദേശീയതകളും വംശീയതകളും സൃഷ്ടിച്ചെടുക്കാനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചത്. ഇതിന്റെ ഭാഗമായി മധ്യേഷ്യയെ ആറ് റിപബ്ലിക്കുകളാക്കി വിഭജിച്ചു. ആദരികള്‍, ഉസ്‌ബെക്കുകള്‍, താജിക്കുകള്‍, തുര്‍ക്കുമാനികള്‍, കസാഖുകള്‍, കിര്‍ഗീസുകള്‍ എന്നിങ്ങനെയുള്ള വംശീയതകളുടെ അടിസ്ഥാനത്തിലായിരുന്നു വിഭജനം. അതോടൊപ്പം ഈ വംശീയതകള്‍ തമ്മിലുള്ള സംഘട്ടനവും ആരംഭിച്ചിരുന്നു. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കിര്‍ഗിസുകളും കസാഖുകളും തമ്മിലായിരുന്നു മുഖ്യസംഘട്ടനം. മധ്യേഷ്യന്‍ മുസ്‌ലിംകളെ പ്രത്യേകിച്ചും കസാഖുകളെയും കിര്‍ഗിസുകളെയും സോവിയറ്റ് ഭരണകൂടത്തിനെതിരെ കലാപത്തിലേക്ക് നയിച്ച സംഭവമായിരുന്നു കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനെന്ന പേരില്‍ കമ്യൂണിസ്റ്റ് ഭരണകൂടം നടപ്പിലാക്കിയ കൂട്ടുകൃഷി സമ്പ്രദായം. ജനങ്ങളെ കൂട്ടുകൃഷിയിടങ്ങളിലേക്ക് ബലം പ്രയോഗിച്ച് ആട്ടിത്തെളിച്ച് നടപ്പിലാക്കിയ ഈ പരിഷ്‌കാരം പലരുടെയും ജീവഹാനിയില്‍ കലാശിച്ചു.
റഷ്യന്‍ അധിനിവേശത്തിനും അതുയര്‍ത്തിയ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മധ്യേഷ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ രൂപംകൊണ്ട രണ്ടു സംരംഭങ്ങളായിരുന്നു ബസ്മാച്ചി പ്രസ്ഥാനവും ജദീദിസവും. 1898-ല്‍ സര്‍ ഭരണകൂടത്തിനെതിരെ ഇഹ്‌സാന്‍ എന്ന പേരുള്ള ഒരു നഖ്ശബഹ്ദി സ്വൂഫി നയിച്ച കലാപം ബസ്മാച്ചി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. പരിഷ്‌കരണവാദികളായ റഷ്യന്‍ മുസ്‌ലിംകളും പരമ്പരാഗത മുസ്‌ലിംപണ്ഡിതന്‍മാരും അടങ്ങിയതായിരുന്നു ഇതിന്റെ നേതൃനിര. ഈ പ്രസ്ഥാനം ശക്തമായി നിലകൊണ്ടിരുന്ന 1920-1922 കാലയളവില്‍ ഫര്‍ഗാന താഴ്‌വരയും താജിക്കിസ്താനും അടങ്ങുന്ന ഒരു ഭൂപ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കി. എന്നാല്‍ 1924-ല്‍ സോവിയറ്റ് സൈന്യം ഇതിനെ അടിച്ചൊതുക്കി. പിന്നീട് അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പര്‍വതപ്രദേശത്ത് ബസ്മാച്ചി പ്രതിരോധം 1930 വരെ നിലനിന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി കൊളോണിയല്‍ ആധിപത്യവും ആധുനിക ചിന്തകളും റഷ്യന്‍ മുസ്‌ലിംബുദ്ധിജീവികളില്‍ സൃഷ്ടിച്ച അസ്വസ്ഥതകളുടെ പ്രതിഫലനമായിരുന്നു ജദീദിസം. വിദ്യാഭ്യാസമേഖലയിലാണ് ഇതിന്റെ തുടക്കം. ആദ്യം ക്രിമിയയിലെയും കാക്കസസിലെയും പിന്നീട് മറ്റു റഷ്യന്‍ മുസ്‌ലിംപ്രദേശങ്ങളിലെയും മതപാഠശാലകളിലെ ഭാഷാപഠനം നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു ജദീദിസം എന്ന് വിളിച്ചിരുന്നത്. ഇസ്‌ലാമികസമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, അവരുടെ സാമ്പത്തികവും സാങ്കേതികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കല്‍, കഴിഞ്ഞ കാലങ്ങളില്‍ ഇസ്‌ലാമികസമൂഹത്തിന്റെ നഷ്ടപ്പെട്ട ശക്തിയും പ്രതാപവും വീണ്ടെടുക്കല്‍ തുടങ്ങിയ വിശാല ലക്ഷ്യങ്ങളും ഈ പ്രസ്ഥാനം ഏറ്റെടുത്തു. ഇത്തരം ശ്രമങ്ങള്‍ റഷ്യന്‍മുസ്‌ലിംകളില്‍ ഇസ്‌ലാമിനെ ഒരു പരിധിയോളം നിലനിര്‍ത്തി. അതോടൊപ്പം 1970 കളോടെ റേഡിയോ വഴിയുള്ള ഇസ്‌ലാമികപ്രചാരണം മധ്യേഷ്യയില്‍ വ്യാപിച്ചുകൊണ്ടിരുന്നു. ഇറാന്‍, അഫ്ഗാന്‍ കമ്യൂണിസ്റ്റ് വിരുദ്ധസഖ്യം , സുഊദി അറേബ്യ, വാഷിങ്ടണ്‍ ആസ്ഥാനമാക്കിയുള്ള റേഡിയോ ലിബര്‍ട്ടി, റേഡിയോ ഫ്രീ യൂറോപ് എന്നിവയാണ് ഈ പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. 1919-ലെ ഇറാന്‍ വിപ്ലവം മധ്യേഷ്യയില്‍ ഇസ്‌ലാമിന്റെ നവജാഗരണത്തിന് ആക്കം കൂട്ടി. ഈയൊരു ഘട്ടത്തിലാണ് മധ്യേഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമെന്ന നിലയില്‍ 1979 ല്‍ സോവിയറ്റ് ചെമ്പട അഫ്ഗാനിസ്താന്‍ കയ്യടക്കുന്നത് . എന്നാല്‍, ഒരു ദശാബ്ദം നീണ്ടുനിന്ന അഫ്ഗാന്‍ മുജാഹിദുകളുടെ ചെറുത്തുനില്‍പിനൊടുവില്‍ 1989ല്‍ സോവിയറ്റ് സേനക്ക് പിന്‍മാറേണ്ടിവന്നു. ഗോര്‍ബച്ചേവ് 1985 ല്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായതോടെയാണ് ഇത് സംഭവിച്ചത്. അദ്ദേഹം നടപ്പാക്കിയ ജനാധിപത്യ പരിഷ്‌കരണങ്ങളുടെ ഫലമെന്നോണം സോവിയറ്റ് യൂണിയന്‍ ശിഥിലമാക്കപ്പെടുകയും മധ്യേഷ്യ സ്വതന്ത്രമാവുകയും ചെയ്തു. അങ്ങനെ മധ്യേഷ്യന്‍ റിപബ്ലിക്കുകള്‍ ആറ് മുസ്‌ലിംരാഷ്ട്രങ്ങളായി രൂപാന്തരപ്പെട്ടു. എന്നാല്‍ മധ്യേഷ്യന്‍ റിപബ്ലിക്കുകള്‍ അയല്‍ മുസ്‌ലിംരാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഒരു ‘ഗ്രീന്‍ ബെല്‍റ്റി’നു രൂപം നല്‍കുമോയെന്നായിരുന്നു യൂറോപിന്റെ ആശങ്ക. മധ്യേഷ്യന്‍ മുസ് ലിംകള്‍ക്കിടയില്‍ ഉടലെടുക്കുന്ന ഇസ് ലാമിക നവജാഗരണത്തെ യൂറോപ്പും അമേരിക്കയും ഭയപ്പെടുന്നു. കാരണം, ഇവിടത്തെ മുസ്‌ലിംകള്‍, ഇസ്‌ലാമികലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരും ശാസ്ത്രങ്ങളിലും സാങ്കേതികവിദ്യകളിലും വിദഗ്ധരുമാണ്. ഏറ്റവും വലിയ മുസ്‌ലിംറിപബ്ലിക്കായ കസഖ്‌സ്താന്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്നുവെന്നതാണ് യൂറോപിന്റെ ആശങ്കക്കുള്ള പ്രധാനകാരണം.
ബഷീര്‍ പാലത്ത്
Add Comment