Uncategorized

പ്രവാചക സിനിമ: എ.ആര്‍ റഹ്മാനും മാജിദ് മജീദിക്കുമെതിരെ സുന്നിസംഘടനയുടെ ഫത് വ

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ഇറാനിയന്‍ സംവിധായകന്‍ മാജിദ് മാജീദിക്കുമെതിരെ ഫത് വയുമായ് സുന്നി സംഘടന. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡാ’ണ് സംഘടനയെ പ്രകോപിപ്പിച്ചത്.

മാജിദ് മജീദി സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്മാനാണ്. മുംബൈ കേന്ദ്രമായ മുസ് ലിം സംഘടന റസ അക്കാദമിയാണ് ഫത് വ പുറപ്പെടുവിച്ചത്. പ്രവാചകനെ ചിത്രീകരിക്കുന്നതിനാല്‍ മുസ് ലിംകള്‍ ചിത്രം കാണരുതെന്ന് ഫത് വയില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ പ്രവാചകനെ മോശമായാണ് ചിത്രീകരിച്ചതെ ങ്കില്‍ അത് പ്രവാചകനെ അവഹേളിക്കുന്നതിന് തുല്യമാണ്. ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം പണത്തിന് വേണ്ടിയാണ് നല്ല വേഷത്തില്‍ അഭിനയിച്ചതെന്നും ജീവിതത്തില്‍ അവര്‍ എങ്ങിനെയെന്ന് പറയാനാവില്ലെന്നും ഫത് വയില്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തില്‍ ജോലി ചെയ്ത എല്ലാ മുസ് ലിംകളും പ്രത്യേകിച്ച്, മാജിദ് മജീദിയും എ.ആര്‍ റഹ്മാനും വീണ്ടും സത്യവാചകം ചൊല്ലി ഇസ് ലാമിലേക്ക് വരണമെന്നും ഫത് വയിലുണ്ട്. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി ദേവേന്ദര്‍ ഫട്‌നാവിസിന് കത്തും നല്‍കി.

ആഗസ്റ്റ് 26ന് ഇറാനില്‍ 143 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. അഞ്ച് വര്‍ഷമെടുത്ത് ഒരുക്കിയ ചിത്രത്തില്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ 12 വയസു വരെയുള്ള ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. 40 മില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന സിനിമക്ക് വേണ്ടി ഇറാന്‍ സര്‍ക്കാറാണ് പണം മുടക്കിയത്. മൂന്നു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ വിറ്റോറിയോ സ്‌റ്റൊറാറൊയാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍.

Topics