ഒരു സത്യവിശ്വാസിയെ ആപത്തുബാധിക്കുമ്പോള്‍ അവന്‍ തന്റെ ചെയ്തികളെക്കുറിച്ച് പുനഃപരിശോധന നടത്തുന്നുവെന്നതാണ് അതുമൂലം ലഭിക്കുന്ന ഏറ്റവും വലിയ ഒരു ഗുണം. തന്റെ കര്‍മ്മങ്ങളെയും ചിന്താഗതികളെയും ആത്മവിചാരണനടത്താന്‍ വഴിയൊരുക്കുന്നതാണ് അവനുമേല്‍ ഉണ്ടാകുന്ന കടുത്ത പരീക്ഷണങ്ങള്‍. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ‘ ഇതെന്ത് ? ഒരു വിപത്തു ബാധിച്ചപ്പോഴേക്കും, ‘ഇതെങ്ങനെ സംഭവിച്ചു’ എന്നു കേഴുന്നുവല്ലോ, നിങ്ങള്‍. എന്നാല്‍ ഇതിന്റെ രണ്ടിരട്ടി നാശം നിങ്ങള്‍ ശത്രുക്കള്‍ക്കേല്‍പിച്ചിട്ടുണ്ട്.
പറയുക: ഈ നാശം നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. സകല സംഗതികള്‍ക്കും കഴിവുറ്റവനാകുന്നു അല്ലാഹു.(ആലും ഇംറാന്‍ 165). സൂറതുല്‍ ഖസ്വസില്‍ സുവ്യക്തമായി അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്’. (അശ്ശൂറാ: 30)
എന്നാല്‍ വിശ്വാസികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പരീക്ഷണങ്ങളും വിപത്തുകളും തങ്ങളുടെ ചെയ്തികളുടെ പരിണിതഫലമായി ഉണ്ടാകുന്നതാവണമെന്നില്ല. എങ്കിലും സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിപത്തുകള്‍ തങ്ങളുടെ കര്‍മങ്ങളെ പുനഃപരിശോധിക്കാന്‍ വീണുകിട്ടുന്ന ഒരു അവസരമാണ്. അതിനാല്‍ ഓരോ സത്യവിശ്വാസിയും സ്വന്തത്തോടു ചോദിച്ചു നോക്കട്ടെ, എന്തുകാരണത്താല്‍ അല്ലാഹു തനിക്കിത് വിധിച്ചുവെന്നും അനുഗ്രഹങ്ങള്‍ നീക്കിക്കളഞ്ഞെന്നും .
പലപ്പോഴും പരീക്ഷണങ്ങളും വിപത്തുകളും സത്യവിശ്വാസികളുടെ പദവികള്‍ ഉയര്‍ത്തുന്നു. ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ അവര്‍ അവലംബിക്കുന്ന ക്ഷമയും ത്യാഗസന്നദ്ധതയുമാണ് അവരെ ഉന്നതപദവിക്കര്‍ഹരാക്കുന്നത്.
അതേസമയംതന്നെ നമ്മുടെ മനസ്സില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നതിതാണ്: ‘ഒരു ജനത്തിനു നല്‍കിയ യാതൊരനുഗ്രഹവും ആ ജനം തങ്ങളുടെ കര്‍മരീതിയില്‍നിന്ന് വ്യതിചലിച്ചാലല്ലാതെ അല്ലാഹു നീക്കിക്കളയുന്നതല്ല’
നാം പ്രതീക്ഷിക്കാത്ത പല അനുഗ്രഹങ്ങളും നമുക്ക് നല്‍കി അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ട്. നാളുകള്‍ കടന്നു പോവുമ്പോള്‍ അല്ലാഹു ആ അനുഗ്രഹങ്ങള്‍ നമ്മില്‍ നിന്ന് നീക്കം ചെയ്യുകയും അത് മറ്റാര്‍ക്കെങ്കിലും നല്‍കുകയും ചെയ്യും. സത്യവിശ്വാസികളും ഭക്തരുമായ ജനങ്ങളില്‍ നിന്ന് ഈ അനുഗ്രഹങ്ങള്‍ നീക്കിയിട്ട് അധര്‍മികള്‍ക്കായിരിക്കും അത് ചിലപ്പോള്‍ നല്‍കുകയെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. എന്തായിരിക്കാം അതിനുകാരണം ? അല്ലാഹുപറയുന്നത് അവന്‍ ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ എന്നാണ്. ഒരാളില്‍ നിന്ന് ഒരു അനുഗ്രഹം നീക്കം ചെയ്തു മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് ഇതു മാത്രമാണ് ന്യായമെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
പ്രശ്‌നം അല്ലാഹുവിന്റേതല്ല. നമ്മുടെ തന്നെ കര്‍മ്മങ്ങളാണ് അനുഗ്രഹങ്ങളെ നമ്മില്‍നിന്ന് അകറ്റിയത്.
പ്രശ്‌നം നമ്മുടെ മനസ്സാണ്. നമ്മുടെ ഹൃദയങ്ങളില്‍ ഭൗതിക ജീവിതം കൂടുകെട്ടിക്കഴിഞ്ഞു. നമ്മുടെ ഹൃദയാന്തരാളങ്ങളെ ഭൗതിക താല്‍പ്പര്യങ്ങള്‍ മഥിച്ചുകൊണ്ടിരിക്കുന്നു. പണ്ട് സ്വഹാബാക്കളുടെ മനസ്സിലും ഒരു വേള ഉഹ്ദ് യുദ്ധത്തില്‍ ഇതു പോലെ ദുന്‍യാപ്രേമം നുരപൊന്തിയതാണ്. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു: അവരില്‍ ചിലര്‍ ദുന്‍യാവ് ഉദ്ദേശിച്ചവരായിരുന്നു. ഭൗതികതാല്‍പ്പര്യമായിരുന്നു അവര്‍ക്ക് മുമ്പില്‍.
സ്വയം തന്നെ നമ്മെക്കുറിച്ചു മതിപ്പുതോന്നുകയെന്നതാണ് മറ്റൊന്ന്. അല്ലെങ്കില്‍ ജനങ്ങളുടെ മേല്‍ സ്വയം അഹങ്കരിക്കുക. അവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും കേള്‍ക്കാന്‍ താല്‍പ്പര്യം കാണിക്കാതിരിക്കുക. ചിലപ്പോള്‍ തിന്‍മ ചെയ്യുന്നത് അന്തസ്സായി ഗണിക്കും. ഇനി അത് തെറ്റാണെന്ന് മനസ്സിലാക്കിയാല്‍പോലും ആ നിലപാടില്‍ നിന്നു മാറാനോ അത് പുനപ്പരിശോധിക്കാനോ അവര്‍ തയ്യാറാവുകയില്ല. ചില കാര്യങ്ങളില്‍ അടുത്തവരോടും സ്വന്തക്കാരോടുമെല്ലാം അനാവശ്യമായി തര്‍ക്കിക്കുകയും കോപിക്കുകയും ചെയ്യും.
അതുപോലെ ജനങ്ങളെ തൃപ്തിപ്പെടുത്തി അവരെ പിണക്കാതെ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് വേറൊന്ന്. അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടിയാണ് ഏതൊരു വിശ്വാസിയും എല്ലാകര്‍മവും നിര്‍വഹിക്കേണ്ടത്. എന്നാല്‍ ചിലപ്പോള്‍ വിശ്വാസികള്‍ തന്നെ ചില കാര്യങ്ങളില്‍ മറ്റുള്ളവരുടെ പ്രീതിലാക്കാക്കി മുന്നോട്ടുനീങ്ങുന്നു. ജനങ്ങളുടെ ഇഷ്ടവും പ്രീതിയും ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നത് അല്ലാഹുവിന്റെ കോപവും അനിഷ്ടവും ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ.
നമ്മുടെ സഹോദരന്‍മാരെ വധിക്കുകയും സഹോദരിമാരുടെ അഭിമാനം പിച്ചിച്ചീന്തുകയും ചെയ്യുന്ന കിരാതന്‍മാരോട് സഹകരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിഷേധിക്കപ്പെടാനിടവരുത്തും. നേരത്തേ സൂചിപ്പിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് നമ്മില്‍ ഉണ്ടായാല്‍ അതോടെ അല്ലാഹു അനുഗ്രഹങ്ങള്‍ വിലക്കുകയായി. മറിച്ചാണെങ്കില്‍ നമ്മില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തുടര്‍ന്നും നിലകൊള്ളും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കരുണയും നമ്മുടെ മേല്‍ സദാ വര്‍ഷിക്കുമാറാകട്ടെ.
Add Comment