വിശ്വാസം-ലേഖനങ്ങള്‍

നാം നമ്മെ ആദരിക്കുക

ആ മനോഹരമായ പ്രഭാതത്തില്‍ കാറ്റ് ശക്തിയായി അടിച്ചുവീശുന്നുണ്ടായിരുന്നു. ജനങ്ങള്‍ വളരെ ധൃതിയിലായിരുന്നു. മുഖം മറക്കുന്ന തൊപ്പികള്‍ ധരിച്ച് വേഗത്തില്‍ നടക്കുകയാണ് അവര്‍. കാറ്റിന്റെ ഇരമ്പല്‍ ശബ്ദകോലാഹലങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആരും ഒന്നും കേള്‍ക്കാത്ത അവസ്ഥ. 

ഞാന്‍ വഴിയരികില്‍ നിന്നുകൊണ്ട് തന്നെ ഒരാളെ പരിചയപ്പെടുകയായിരുന്നു. എന്നെ കാണുംവിധത്തില്‍ ഞാന്‍ വഴിയുടെ മധ്യത്തിലാണ് നിന്നിരുന്നത്. ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞ് ‘സി പോയിന്റ്’ എവിടെയെന്ന് ചോദിച്ചു. അദ്ദേഹം ഒന്നുതിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. നേരെ നടന്ന് പോയി. ഇപ്രകാരം തന്നെയായിരുന്നു തുടര്‍ന്ന് വന്നവരുടെയും പ്രതികരണം. 

എനിക്ക് ശരിക്കും അരിശം വന്നു. എങ്കിലും ഞാനത് കടിച്ചമര്‍ത്തി. നമ്മുടെ പ്രതിലോമ വികാരങ്ങള്‍ക്കുമേല്‍ വിജയം വരിക്കാനുള്ള അവസരമായി ഞാനതിനെ എടുത്തു. അങ്ങനെ നില്‍ക്കെ എന്റെ മനസ്സില്‍ സുപ്രധാനമായ ഒരു ആശയം കടന്നുവന്നു. 

ഒരാളുടെ വ്യക്തിത്വത്തെ അവഗണിക്കുകയോ, ആദരിക്കാതിരിക്കുകയോ ചെയ്യുന്നതാണ്  അദ്ദേഹത്തെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്ന കാര്യം. നാല് ഭാഗത്തുമുള്ള ചുമരുകളും പൂട്ടുകളും, ചങ്ങലകളും മാത്രമില്ല തടവറയെ കുറിക്കുന്നത്. മറിച്ച് ഒരാള്‍ ജീവിച്ചിരിക്കെ അവഗണിക്കപ്പെടുകയും നിന്ദ്യതക്കും അപമാനത്തിനും വിധേയമാവുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തടവറ.

മറ്റുള്ളവര്‍ നമ്മെ ആദരിക്കാനുള്ള പ്രഥമമായ മാര്‍ഗം നാം നമ്മുടെ മനസ്സിനെ ആദരിക്കുക എന്നതാണ്. നമ്മുടെ വ്യക്തിത്വവും, മാന്യതയും, സ്വാതന്ത്ര്യവും കാത്ത് സൂക്ഷിക്കുമ്പോഴേ ഇത് പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. സന്താനങ്ങള്‍ മാതാപിതാക്കളെ ആദരിക്കുന്നത് അവരുടെ കാര്യം നേടാനുള്ള വഴിയല്ല, മറിച്ച് കുടുംബത്തിനുള്ള ആദരവ് ആണ്. ഇസ്‌ലാമിക ലോകത്തുള്ള യുവാക്കള്‍ തങ്ങളുടെ രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, പ്രബോധകന്മാരുടെയും ആദരവ് നേടിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. വഴി നന്നാക്കുന്ന, കാറുവൃത്തിയാക്കുന്ന തൊഴിലാളിക്കും ആദരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കാരണം അവനും മനുഷ്യനാണ്. ‘തീര്‍ച്ചയായും നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു'(അല്‍ഇസ്‌റാഅ് 70)

മനുഷ്യത്വത്തില്‍ അവരും നമ്മോട് പങ്കുചേരുന്നവരാണ്. എന്ന് മാത്രമല്ല ക്ഷമ, സഹനം, വിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ ചിലപ്പോള്‍ നമ്മേക്കാള്‍ ഉയര്‍ന്നവരായിരിക്കും. തിരുദൂതര്‍(സ) അരുളിയത് ഇപ്രകാരമാണ്:’നിങ്ങള്‍ എന്നെ അന്വേഷിക്കേണ്ടത് നിങ്ങളിലെ ദുര്‍ബലരോടാണ്. നിങ്ങള്‍ അന്നം നല്‍കപ്പെടുന്നതും സഹായിക്കപ്പെടുന്നതും അവരാലാണ്’. (അബൂദാവൂദ്, തുര്‍മുദി, അഹ്മദ്)

ആത്മസംതൃപ്തിയുണ്ടാക്കാനും, മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി പടര്‍ത്താനും ആദരവിന് സാധിക്കും. നാം നമ്മെ ആദരിക്കുക. എങ്കില്‍ നമുക്ക് മറ്റുള്ളവരുടെ  ആദരവ് ലഭിക്കുന്നതാണ്. തിരുമേനി(സ) ഒരിക്കല്‍ ഇപ്രകാരം അരുള്‍ ചെയ്തു:’ഒരാള്‍ തന്റെ മാതാപിതാക്കളെ ശകാരിക്കുന്നതാണ് ഏറ്റവും വലിയ പാപം’. അനുചരര്‍ ചോദിച്ചു ‘ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ശകാരിക്കുമോ പ്രവാചകരെ? അദ്ദേഹം പറഞ്ഞു. ‘അതെ, ഒരാള്‍ അപരന്റെ പിതാവിനെ ശകാരിക്കുകയും അപരന്‍ തിരിച്ച് ഇയാളുടെ പിതാവിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഇപ്രകാരം തന്നെ മാതാവിന്റെ കാര്യത്തിലും സംഭവിക്കുന്നു’. എത്ര മനോഹരമായ ആശയമാണ് തിരുമേനി(സ) ഇവിടെ സ്ഥാപിച്ചിരിക്കുന്നത്! മറ്റുള്ളവരുടെ മാതാപിതാക്കളെ ശകാരിക്കുന്നത് തന്റെ സ്വന്തം മാതാപിതാക്കള്‍ നേരെയുള്ള ശകാരണമാണെന്ന് അര്‍ത്ഥം. 

മനസ്സിനെ ആദരിക്കുകയെന്നത് വ്യക്തിയെ ആദരിക്കുക എന്നതിനെയാണ് കുറിക്കുന്നത്. ‘നിങ്ങളോട് ആരെങ്കിലും കലഹിച്ചാല്‍ മുഖത്തെ ആക്രമിക്കാതിരിക്കട്ടെ. അല്ലാഹു ആദമിനെ തന്റെ ഘടനയിലാണ് സൃഷ്ടിച്ചിട്ടുള്ളത്’. മുഖം ആദരിവിനെയും മഹത്വത്തെയും കുറിക്കുന്ന സ്ഥാനമാണ്. പഞ്ചേന്ദ്രിയങ്ങള്‍ സ്ഥിതി ചെയ്യുന്ന ശരീരത്തിലെ ഏക സ്ഥനമാണ് അത്. ഒരു മനുഷ്യന്റെ എല്ലാ നന്മ-തിന്മ വികാരങ്ങളും പ്രകടമാകുന്നത് അവിടെയാണ്. 

ഇത് മനുഷ്യത്വപരമായ ആദരവാണ്. നാം ഓരോരുത്തരും അതില്‍ ഭാഗവാക്കാണ്. മനുഷ്യരോട് യുദ്ധം ചെയ്യുന്ന, അവരുടെ മഹത്ത്വത്തെ നഷ്ടപ്പെടുത്തുന്ന, അവരുടെ ആദരവിനെ ഇകഴ്ത്തുന്നതാണ് ബഹുദൈവവിശ്വാസത്തിന്് ശേഷം അല്ലാഹുവിന്റെ അടുത്ത് ഏറ്റവും കൊടിയ പാപം. സഹോദരനെ വധിക്കുന്നതില്‍ യാതൊരു മഹത്ത്വവുമില്ല. 

ജീവിതം ദാനവും, ഔദാര്യവുമാണ്. അതിനാലാണ് ജീവിതത്തിന്റെ കാര്യത്തില്‍ പ്രതിക്രിയ നടപ്പാക്കാന്‍ അല്ലാഹു നിഷ്‌കര്‍ഷിച്ചത്. പരിപാവനമായ ആത്മാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അത്. 

Topics