ഇസ്‌ലാം-Q&A

ഞാന്‍ എന്തുകൊണ്ട് ഇസ്‌ലാമിനെ വെറുക്കുന്നു

ചോ: ഞാനൊരു നിരീശ്വരവാദിയാണ്. ഇസ്‌ലാം സമര്‍പ്പിക്കുന്ന എല്ലാ വീക്ഷണങ്ങളെയും ഞാനെതിര്‍ക്കുന്നു. ദൈവമുണ്ടെന്ന് സമര്‍ഥിക്കാന്‍ സ്വീകരിച്ച രീതിയും സത്യവിരുദ്ധമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ നിയമങ്ങളനുസരിച്ച് വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ-വര്‍ണ-സംസ്‌കാരത്തില്‍ പെട്ട മനുഷ്യര്‍ ജീവിക്കണമെന്നും അതല്ലാത്തപക്ഷം വിധിതീര്‍പ്പിനൊടുവില്‍ അവരില്‍ ഒരുകൂട്ടരെ ശിക്ഷിക്കുമെന്ന് പറയുന്നതും അധാര്‍മികമാണ്. ഒരു ഖുര്‍ആന്‍ വചനം കാണുക:’നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്‍ച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവര്‍ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടര്‍ന്നും അവര്‍ നമ്മുടെ ശിക്ഷ അനുഭവിക്കാന്‍. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. ‘(അന്നിസാഅ് 56)വളരെ മോശമായ ആചാരരീതികളുള്ള മതസംസ്‌കാരം തികച്ചും സാഡിസ്റ്റികായ ഇത്തരം രീതികള്‍ അവലംബിക്കുന്നുവെന്നറിയുമ്പോള്‍ വളരെ കഷ്ടംതോന്നുന്നു. എന്തിന്റെ പേരിലായാലും അത് ഒരു മുസ്‌ലിമാണെങ്കില്‍പോലും ഇത്തരത്തിലുള്ള ആശയം ദൈവത്തില്‍നിന്നാണെന്ന് പറഞ്ഞുകൊണ്ട് സ്വീകരിക്കപ്പെടുകയും അത് വിശ്വസിക്കപ്പെടുകയും ചെയ്യുന്നത് വളരെ കഷ്ടംതന്നെ. മനുഷ്യനെ നന്നാക്കിയെടുക്കാനാണ് ഇത്തരം വീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന കാഴ്ചപ്പാടിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല. ഇത്തരം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടുകളാണ് ഗോത്രസംസ്‌കൃതിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കുന്നത്. യഥാര്‍ഥത്തില്‍ സ്വയംതന്നെ സമ്പൂര്‍ണവും പരമസത്യവും ആണെന്ന് അവകാശപ്പെടുന്ന ഇതരമതസംസ്‌കാരങ്ങളുമായി കലഹിക്കുന്ന ഒരു മതത്തിന് യുക്തിവിരുദ്ധവും ധാര്‍മികവിരുദ്ധവുമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ കഴിയുന്നുവെന്നാലോചിക്കുമ്പോള്‍ വെറുപ്പുതോന്നുന്നു. അതിനാല്‍ ഇസ്‌ലാമിക സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലസ്മാരകങ്ങളോട് എനിക്ക് ഒട്ടുംതന്നെ പ്രതിപത്തി തോന്നാറില്ല. ചില ഇസ്‌ലാമികരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമില്ല, െ്രെഡവിങ് അനുവദനീയമല്ല, ശരീരം മൂടിപ്പൊതിയാതെ പുറത്തിറങ്ങാനാവില്ല. കുറേക്കൂടിതീവ്രമായ നിലപാടുകളും അവര്‍ക്കുണ്ട്. സ്വവര്‍ഗരതിക്കാരെ ക്രിമിനലുകളായിക്കണ്ട് അവര്‍ക്ക് ശിക്ഷ നല്‍കുന്നു. ലോകത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ബിസിനസ് മേഖലയിലും സര്‍ക്കാര്‍ ഉദ്യോഗമേഖലയിലും സ്ത്രീകള്‍വളരെ പിന്നാക്കമാണ്.

ഉത്തരം: ഒന്നാമതായി, ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാനസ്രോതസ്സുകളില്‍നിന്ന് മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്; അതായത് ഖുര്‍ആനില്‍നിന്നും പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതത്തില്‍നിന്നും.
രണ്ടാമതായി, ഖുര്‍ആനിലെ വചനങ്ങളെ അവയുടെ പ്രതിപാദ്യസാംഗത്യത്തോടെതന്നെ ഗ്രഹിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പക്ഷപാതരഹിതമായി വിഷയങ്ങളെ മനസ്സിലാക്കാനാകൂ.
ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിക്കാത്ത രീതിയില്‍ ആശയം പ്രതിഫലിപ്പിക്കും വിധം വാചകങ്ങളെ ഏതാള്‍ക്കും വളച്ചൊടിക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്കറിയാമല്ലോ. ടിവി ചാനലുകളില്‍ ‘ഇസ്‌ലാമികവിശാരദര്‍’ ആയി അവതരിക്കുന്ന ചില ആളുകള്‍ തങ്ങളുടെ മതത്തെ പ്രബോധനംചെയ്യാനും സ്ഥാപിതതാല്‍പര്യത്തിനുമായി ഖുര്‍ആനികസൂക്തങ്ങളെ തെറ്റായി ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
‘മനുഷ്യന്‍ വികസിപ്പിച്ചതില്‍വെച്ച് ഏറ്റവും നിലവാരംകുറഞ്ഞ ധാര്‍മികസദാചാരവ്യവസ്ഥയാണ്’ ഇസ്‌ലാമിന്റേതെന്ന് താങ്കള്‍ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. പക്ഷേ, ആ പ്രത്യയശാസ്ത്രത്തിന്റെ ധാര്‍മികസദാചാരവ്യവസ്ഥകള്‍ ഏത് അടിസ്ഥാനങ്ങളിലൂന്നിയാണ് സംസ്ഥാപിതമായിട്ടുള്ളത് എന്ന് പരിശോധിച്ചാല്‍ മാത്രമേ അതിന്റെ സദാചാരവ്യവസ്ഥിതി എത്രമാത്രം പഴഞ്ചനാണെന്നും പിഴവുകള്‍ നിറഞ്ഞതാണെന്നും നമുക്ക് കുറ്റപ്പെടുത്താനാകുകയുള്ളൂ.
ഈ പ്രപഞ്ചം ഒന്നാണ്. അതിലെ മനുഷ്യരാശിയും ഒന്നാണ്. നിയമത്തിനുമുന്നില്‍ മനുഷ്യര്‍ സമമാണ്. അതേസമയം ദുര്‍ബലജനസമൂഹത്തെ അവകാശങ്ങളുടെ പേരില്‍ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.
നീതിയും സന്തുലിതത്വവുമാണ് പ്രപഞ്ചപ്രതിഭാസങ്ങളുടെ ആകത്തുക. അതിനാല്‍ അതിനെ ലംഘിക്കുന്ന ഏതൊരുനടപടിയും ക്രമവും പ്രപഞ്ചവ്യവസ്ഥയുടെ താളവും തെറ്റിക്കുകതന്നെ ചെയ്യും.
മനുഷ്യവര്‍ഗത്തിലെ ആണുംപെണ്ണുമായ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. ദൈവത്തില്‍നിന്ന് ലഭിച്ച സിദ്ധിയും കഴിവും ഉത്തരവാദിത്വബോധത്തോടെ തനിക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കുകയാണ് അവന്റെ കടമ. മനുഷ്യന്റെ ഉള്ളില്‍ ജന്‍മനാതന്നെ നന്‍മ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ആ നന്‍മയില്‍നിന്ന് വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങളെ അതിജയിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. കുടുംബത്തിലും സമൂഹത്തിലും പ്രകൃതിയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ അവന്‍ സദാ ജാഗ്രത്തായിരിക്കേണ്ടതുണ്ട്.
സ്വയം ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം മനുഷ്യന്‍ അനുഭവിക്കേണ്ടതുണ്ട്. നന്‍മചെയ്യുന്നത് ആരാണോ അയാള്‍ക്ക് പ്രതിഫലം കിട്ടണം. തെറ്റുചെയ്യുന്നവര്‍ തങ്ങളുടെ ചെയ്തികളുടെ കയ്പുനീര്‍ കുടിച്ചേ മതിയാകൂ. മറ്റാരോ ചെയ്ത അക്രമപ്രവര്‍ത്തനത്തിന്റെ പാപം ജനങ്ങള്‍ പേറേണ്ടിവരരുത്.
പുരോഗമനപരമെന്നോ പാശ്ചാത്യമെന്നോ വിശേഷിപ്പിക്കപ്പെടുന്ന നാടിന്റെ മതങ്ങള്‍ ഇത്തരത്തിലുള്ള അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന കാര്യം ഒരു യുക്തിവാദിയാണെങ്കിലും ഒരുവേള താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. അതിനുകാരണം അവരുടെതന്നെ വാദങ്ങളെ പ്രസ്തുതതത്ത്വങ്ങള്‍ നിരാകരിക്കുന്നുവെന്നതാണ്.
ഇനി നമുക്ക് ദൈവത്തെക്കുറിച്ച ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിന് ഒരു ദൈവമില്ലെന്നും പ്രപഞ്ചം തനിയെ ഉദ്ഭൂതമായി എന്നുമുള്ള വാദം താങ്കള്‍ തന്നെ തെളിയിക്കേണ്ടതുണ്ട്. ദൈവമുണ്ടെന്ന് തെളിയിക്കാനുള്ള എന്റെ ഉത്തരവാദിത്ത്വത്തില്‍നിന്ന് ഒളിച്ചോടാനല്ല ഞാനത് പറയുന്നത്. ദൈവം ഉണ്ടെന്നുള്ളതിന് നാമും നമുക്കുചുറ്റുമുള്ള പ്രപഞ്ചവുംതന്നെയാണ് തെളിവ്. പ്രപഞ്ചം നിലനില്‍ക്കുന്നുവെന്ന് നമുക്കുറപ്പുണ്ടെങ്കില്‍ താഴെപ്പറയുന്ന മൂന്നുസംഗതികളില്‍ ഏതെങ്കിലുമൊന്നിന്റെ ഫലമായാണ് അത് നിലവില്‍ വന്നതെന്ന് അനുമാനിക്കേണ്ടിവരും.

1.പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.

2.അത് സൃഷ്ടിക്കപ്പെട്ടതല്ല, മറിച്ച് ആദ്യമേതന്നെ നിലവിലുണ്ടായിരുന്നു.

3.അത് സൃഷ്ടിക്കപ്പെട്ടുമില്ല, ആദിയില്‍ ഉണ്ടായുമില്ല.മറിച്ച്, പരിണാമഘട്ടത്തിന്റെ ഒരു പ്രത്യേകദശയില്‍ തനിയെ രൂപംകൊള്ളുകയായിരുന്നു.

ഒന്നാമത്തെ വാദഗതി വിശ്വസിച്ചാല്‍, അത് ആര് സൃഷ്ടിച്ചുവെന്ന ചോദ്യം ഉയരും. ദൈവമല്ലാതെ മറ്റാരുമല്ലെന്നാണ് അതിന്റെ ഉത്തരം. ഇനി രണ്ടാമത്തെ വാദം മുന്‍നിര്‍ത്തി പ്രപഞ്ചം ‘ആദി’യില്‍ ഉണ്ടായതാണെന്ന് സമ്മതിച്ചാല്‍ ഒരു ‘സര്‍വ്വശക്തന്‍’ അപ്രകാരംതന്നെ ഉണ്ടായിയെന്ന സത്യം സ്വീകരിക്കാന്‍ പ്രയാസമില്ലല്ലോ. അതിനാല്‍ ‘ആദി’യില്‍തന്നെ ദൈവംഉണ്ടായിരുന്നുവെന്ന സംഗതിയെ തള്ളിപ്പറയാന്‍ കഴിയില്ല

ഇനി പരിണാമവാദത്തിലൂടെ പ്രപഞ്ചോല്‍പത്തിയുണ്ടായെന്ന് കരുതുകയാണെങ്കില്‍ പ്രസ്തുതപരിണാമപ്രക്രിയയ്ക്ക് മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ലെന്നും വെറുതെയങ്ങ് ഉണ്ടായെന്നും വിശ്വസിക്കണം. എങ്കില്‍ മാത്രമേ ദൈവാസ്തിക്യത്തെ ചോദ്യംചെയ്യാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ പരിണാമപ്രക്രിയ വ്യക്തമായ ഒരു പ്ലാനിങിന്റെ ബാക്കിപത്രമാണെന്നും അല്ലാതെ സ്വയമേവ ഉണ്ടായതല്ലെന്നും കരുതണം. അങ്ങനെ വ്യക്തമായ ആസൂത്രണത്തിന്റെ ബാക്കിപത്രമാണെന്നുവന്നാല്‍ അതിനുപിന്നില്‍ ഒരു ആസൂത്രകനുണ്ടെന്നുണ്ടാകുമെന്നത് വ്യക്തമാണല്ലോ. ഈ അത്ഭുതപ്രപഞ്ചത്തിന്റെ ആസൂത്രകനെ നമുക്ക് ദൈവമെന്ന് വിളിക്കാം.

പ്രപഞ്ചം അത്ഭുതങ്ങളുടെ കേദാരം

ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളുടെയും നേര്‍ക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവെക്കുകയാണെങ്കില്‍ അവയിലെല്ലാം തന്നെ ഒരു ക്രമവും താളവും നമുക്ക് കാണാനാകും. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാര്യംതന്നെ നോക്കുക. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ നിരീക്ഷിക്കുക. ഋതുഭേദങ്ങളെ ക്കുറിച്ച് ആലോചിച്ചുനോക്കുക.
മണ്ണിലെ സസ്യജന്തുജാലങ്ങളുടെ പിറവിയും വളര്‍ച്ചയും മൃതിയും സംഭവിക്കുന്നതെങ്ങനെയെന്നു നോക്കുക. കൃത്യമായ ഒരു നിയമം അവയെല്ലാം പിന്തുടരുന്നതുകാണാം. പിഴക്കാത്തതും ക്രമംതെറ്റിക്കാത്തതുമായ ഈ പ്രതിഭാസങ്ങളെല്ലാംതന്നെ അത്യുന്നതമായ പ്രപഞ്ചത്തിന്റെ ആസൂത്രണമികവിലേക്ക് നമ്മെ നയിക്കുന്നു. അതെല്ലാം യാദൃശ്ചികമാണെന്ന് നമുക്ക് കരുതാനാകില്ല. നമ്മുടെ പ്രപഞ്ചം കൃത്യമായ ചില നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ടുചരിക്കുന്നത് എന്ന വസ്തുത അംഗീകരിച്ചേമതിയാകൂ. അത് അരാജകമായ ചില ചലനങ്ങളുടെ ആകത്തുകയല്ലെന്നുറപ്പ്. അത് കൃത്യമായ നിയമങ്ങളെ ആശ്രയിക്കുന്നില്ലായിരുന്നുവെങ്കില്‍ ശാസ്ത്രലോകത്തിന് ഗവേഷണങ്ങളോ പരീക്ഷണനിരീക്ഷണങ്ങളോ നടത്താനാകുമായിരുന്നില്ല. ഇന്ന് നാം പറയുകയും പഠിക്കുകയുംചെയ്യുന്ന പ്രകൃതിനിയമങ്ങളുണ്ടാകുമായിരുന്നില്ല. ഈ നിയമങ്ങളുടെയെല്ലാം സമജ്ഞസം ഒരു ഉപരിലോകശക്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഖുര്‍ആനിലെ നാലാംഅധ്യാം അമ്പത്തിയാറാംസൂക്തം ദൈവികനിയമങ്ങളെ തള്ളിക്കളയുകയുംധിക്കരിക്കുകയുംചെയ്യുന്നവര്‍ക്കുള്ള ശിക്ഷയെ പ്രതിപാദിക്കുന്നതാണ്. അതിനെ താങ്കള്‍ അപരിഷ്‌കൃതവും ലജ്ജാകരവും എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ദൈവകല്‍പനയംഗീകരിക്കുന്ന ആളുകള്‍ക്ക് അനശ്വരജീവിതം നയിക്കാനാകുംവിധം സ്വര്‍ഗീയാരാമങ്ങളുടെ വാഗ്ദാനവും ഖുര്‍ആന്‍ നല്‍കുന്നുണ്ടെന്നത് വിസ്മരിക്കരുത്.
നന്‍മയുടെയും തിന്‍മയുടെയും ഇടയില്‍ എന്തു തിരഞ്ഞെടുക്കണമെന്ന ധാര്‍മികചോദ്യമാണിവിടെ ഉയരുന്നത്. മനുഷ്യരെന്ന നിലക്ക് നമുക്കതിന് സ്വാതന്ത്ര്യംനല്‍കപ്പെട്ടിരിക്കുന്നു. ബുദ്ധിയും വിവേകവും സവിശേഷം സമ്മാനിക്കപ്പെട്ട ജീവിവര്‍ഗമെന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി അബദ്ധത്തിലും കുഴപ്പത്തിലും ചാടാതിരിക്കാന്‍ സൂക്ഷ്മത കൈക്കൊള്ളലാണ് ബുദ്ധി.
ദൈവത്തിന് വേണമെങ്കില്‍ നമ്മെയെല്ലാവരെയും നരകാവകാശികളാക്കുംവിധം സ്വഭാവപ്രകൃതിയോടെ സൃഷ്ടിക്കാം. അതുവഴി സാഡിസ്റ്റിക് താല്‍പര്യം നടപ്പാക്കാമായിരുന്നു. അതല്ലെങ്കില്‍ എല്ലാവരിലും നന്‍മയുടെ മാത്രംചോദനകളെ അങ്കുരിപ്പിച്ചുനിര്‍ത്തി സ്വര്‍ഗാവകാശികളാക്കാം. പക്ഷേ, അതുരണ്ടും നമുക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ അവനത് ചെയ്തില്ല. യുക്തിബോധവും സ്വാതന്ത്ര്യവും ഉള്ളവനായാണ് മനുഷ്യനെ അവന്‍ സൃഷ്ടിച്ചത് അതിനാല്‍ അവ വേണ്ടുവോളം ഉപയോഗിക്കാനും അതുവഴി ആത്മീയോല്‍ക്കര്‍ഷ നേടാനും അവസരമൊരുക്കുകയാണ് ചെയ്തത്.
താങ്കള്‍ പക്ഷേ, വാദിക്കുന്നത് ഇതെല്ലാം മോശമാണെന്നാണ്. ഉത്തരവാദിത്വരഹിതമായ ജീവിതമാണ് അറിഞ്ഞോ അറിയാതെയോ താങ്കള്‍ താല്‍പര്യപ്പെടുന്നത്. മനുഷ്യര്‍ കന്നുകാലികളെപ്പോലെ ഭോഗാലസരാണ് അല്ലെങ്കില്‍ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്ന റോബോട്ടുകളാണ് എന്ന് ധരിച്ചുവശായിരിക്കുകയാണ്. സ്വാതന്ത്ര്യംനല്‍കപ്പെട്ട വിവേകശാലികളായ ജീവിവര്‍ഗമായല്ല അവരെ താങ്കള്‍ ഗണിക്കുന്നത്.

മതം അപരവീക്ഷണങ്ങളെയും ജനതയെയും മോശമായി ചിത്രീകരിക്കുന്ന വെറുപ്പിന്റെ ഗോത്രസംസ്‌കൃതിക്ക് ബീജാവാപം നല്‍കുന്നുവെന്നാണ് താങ്കളുടെ മറ്റൊരാക്ഷേപം. എന്നാല്‍ ഗോത്ര-വംശ-വര്‍ണവെറിയെ നിരാകരിക്കുകയും അത്തരംചിന്തകളെ മനസ്സുകളില്‍നിന്ന് പിഴുതെറിഞ്ഞ് മനുഷ്യരെല്ലാം ഏകമാതാപിതാക്കളുടെ സന്താനപരമ്പരയാണെന്ന സമത്വത്തിന്റെ യാഥാര്‍ഥ്യം നട്ടുപിടിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഇസ്‌ലാം ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി പ്രചരിച്ചത്.
െ്രെകസ്തവത പാശ്ചാത്യകോളനിവാഴ്ചയുടെ കയ്യിലെ പാവയായപ്പോള്‍ ഇസ്‌ലാമാണ് മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് വീണ്ടെടുത്ത് കറുത്തവരും വെള്ളക്കാരല്ലാത്തവരുമായ ജനതയ്ക്ക് പ്രത്യാശയും ജീവിതവും നല്‍കിയത്.

മറ്റുള്ളവരുടെ സംസ്‌കാരത്തെ വിലയിരുത്താന്‍ താങ്കളുടെ കയ്യിലുള്ള മാനദണ്ഡമെന്താണ്? ‘സ്വയംസമ്പൂര്‍ണമായ ആത്യന്തികസത്യ’മെന്ന് അവകാശപ്പെടുന്ന സംസ്‌കാരം അതായത്,തങ്ങളുടെ കാഴ്ചപ്പാട് എല്ലാവരും പിന്തുടരണമെന്ന വീക്ഷണം വെച്ചുപുലര്‍ത്തുന്നത് അനുയോജ്യമല്ലെന്ന് താങ്കള്‍സമ്മതിക്കുകയുണ്ടായല്ലോ. ഇതരസംസ്‌കൃതിയുടെ മൂല്യവിചാരത്തെ വിലമതിക്കാത്തവിധം വംശീയമനോഭാവം താങ്കളെ പിടികൂടിയിട്ടുണ്ടോയെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലെങ്കില്‍ , ഇസ്‌ലാമികസംസ്‌കാരത്തെ അപരിഷ്‌കൃതമെന്ന് ആക്ഷേപിക്കാന്‍ എന്താണ് താങ്കളെ പ്രേരിപ്പിച്ചത്? മുസ്‌ലിംരാഷ്ട്രങ്ങളിലേക്ക് യാത്രചെയ്യാന്‍പോലും താങ്കളെ വിമ്മിഷ്ടപ്പെടുത്തുന്ന ചേതോവികാരമെന്താണ്?
തീര്‍ച്ചയായും തങ്ങളുടെതാണ് സത്യമെന്നും സമ്പൂര്‍ണമെന്നും മറ്റുള്ളവയെക്കാള്‍ മഹത്തരമെന്നും ചിന്തിക്കുന്നവര്‍ ഓരോ രാജ്യത്തിലും സംസ്‌കാരത്തിലും ആദര്‍ശത്തിലും ഉണ്ടാകും. അത് സ്വാഭാവികവുമാണ്. ആ ആത്മവിശ്വാസവും താല്‍പര്യവുമാണ് അവരെ സത്യസന്ദേശപ്രചാരണത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്‌സിസം, ക്യാപിറ്റലിസം തുടങ്ങി പ്രത്യയശാസ്ത്രങ്ങളും മറ്റു മതങ്ങളും ലോകത്ത് വ്യാപിച്ചത്.
അറബ് സമൂഹത്തില്‍ ആഗതമായ സമ്പൂര്‍ണഇസ്‌ലാം അതിന്റെ ആദര്‍ശപരമായ വ്യതിരിക്തത കൊണ്ടുമാത്രമാണ് അന്നുണ്ടായിരുന്ന ഗോത്രസംസ്‌കൃതികളെ അതിജയിച്ച് വളരെ പെട്ടെന്ന് പ്രചാരംനേടിയത്. ലോകമനുഷ്യസമൂഹത്തെ അഭിസംബോധനചെയ്തുവെന്നതാണ് അതിന്റെ പ്രത്യേകത. ഖുര്‍ആനിലെ ദൈവം(മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ) ലോകജനസഞ്ചയത്തെ തന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ്. ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’.(അല്‍ഹുജുറാത് 13) ‘മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു’.(അന്നിസാഅ് 174)
അതൊടൊപ്പംതന്നെ ഇസ്‌ലാമിന്റെ ഈ സത്യംപ്രചരിപ്പിക്കാന്‍ ബലപ്രയോഗംനടത്തരുതെന്ന് അത് ശക്തിയായി നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’.(അല്‍ബഖറ 256)
ഇസ്‌ലാമിന്റെ നിയമങ്ങളനുസരിക്കാന്‍ മറ്റുള്ളവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുകയോ ആദര്‍ശം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് ആദര്‍ശം അതിന്റെ അനുയായികളെ അനുവദിക്കുന്നില്ല. ഇതരമതങ്ങളിലെ അനുയായികള്‍ അതിലെ തത്ത്വങ്ങളും ആശയങ്ങളും മുറുകെപിടിക്കുന്നതിനുപകരം തങ്ങളുടെതായ തെറ്റുധാരണകളിലും സ്വാര്‍ഥതാല്‍പര്യങ്ങളിലും മുഴുകി പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതുപോലെ ഇസ്‌ലാമികസമൂഹത്തിലെ അപഭ്രംശംസംഭവിച്ച അനുയായികളും ചെയ്തുകൂട്ടിയിട്ടുണ്ട്. അതുപക്ഷേ, ഇസ്‌ലാമിനോട് ചേര്‍ത്ത് പറയുന്നതില്‍ യാതൊരു നീതീകരണവുമില്ല.
സ്വവര്‍ഗരതി പ്രകൃതിപരമാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാംമാത്രമല്ല തള്ളിപ്പറയുന്നത്. പടിഞ്ഞാറിന്റെ െ്രെകസ്തവതയും അക്കൂട്ടത്തിലുണ്ട്. പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ അത് ഫാഷനായി കാണുന്നുണ്ടാകാം. അതുകൊണ്ട് മുഴുവന്‍ മനുഷ്യരാശിയും ആ വൈകൃതത്തെ അംഗീകരിക്കണമെന്ന് വാദിക്കുന്നതില്‍ യുക്തിയില്ല.
സ്ത്രീകള്‍ക്ക് ഇസ്‌ലാം കല്‍പിച്ചുനല്‍കുന്ന പദവിയെസംബന്ധിച്ച് താങ്കള്‍ ഗുരുതരമായ തെറ്റുധാരണയിലാണ്. താങ്കള്‍ക്കറിയാമല്ലോ, അമേരിക്കയില്‍ ഇന്നേവരെ ഉന്നതതസ്തികയില്‍ ഒരു വനിതയും എത്തിപ്പെട്ടിട്ടില്ല. അതേസമയം മുസ്‌ലിംരാഷ്ട്രങ്ങളായ ഇന്ത്യോനേഷ്യ, പാകിസ്താന്‍, ബംഗ്ലദേശ്, തുര്‍ക്കി, സെനഗല്‍, കൊസോവോ എന്നിവിടങ്ങളില്‍ രാഷ്ട്രത്തിന്റെ നേതൃപദവികള്‍ വനിതകള്‍ അലങ്കരിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാകില്ല.
അതേസമയം തങ്ങളുടെ പിതാക്കന്‍മാരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന് അവകാശം നല്‍കിത്തുടങ്ങിയത് എപ്പോഴാണ്? കൂടാതെ സമ്മതിദാനാവകാശം അവര്‍ക്ക് ലഭിച്ചത് എന്നുമുതല്‍ക്കാണ്?
ശരീരമാസകലം മൂടിപ്പുതച്ചുനടക്കുന്നുവെന്ന ആക്ഷേപം മുസ്‌ലിംകളുടെമേല്‍ മാത്രം ചൊരിയുന്നതില്‍ എന്ത് നീതികരണമാണുള്ളത്, ലോകത്ത് കന്യാസ്ത്രീകള്‍ പ്രസ്തുതവേഷം ധരിച്ച് ജീവിച്ചുകൊണ്ടിരിക്കെ?പുരുഷന്‍മാരുടെ അധമവികാരങ്ങളെ ആളിക്കത്തിക്കുംവിധം ശരീരത്തെ പ്രദര്‍ശിപ്പിച്ച് സ്വയം അപഹാസ്യരും വിലകെട്ടവരും ആയി സ്ത്രീകള്‍ ജീവിക്കുന്നതിലാണോ പുരോഗതി? ആണ്‍മേല്‍ക്കോയ്മാവാദത്തെ അംഗീകരിക്കുംവിധം അവരുടെ കളിപ്പാവയാകുന്നത് അടിമത്തമല്ലെന്നാണോ?
പ്രൊഫസര്‍ കെ.കെ. ഷാഹുല്‍ ഹമീദ്

Topics