Uncategorized

ഖുര്‍ആന്‍ ശ്രവിച്ച് സത്യസാക്ഷ്യത്തിലേക്ക്

(ജൂതവംശജനും കംപ്യൂട്ടര്‍ പ്രോഗ്രാമറുമായ റിചാര്‍ഡ് ലീമാന്റെ  ഇസ് ലാം സ്വീകരണം)

കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് എപ്പോഴും റേഡിയോ കേള്‍ക്കാന്‍ അവസരമുണ്ടായിരുന്നു. അപ്പോഴൊക്കെ ബിബിസി വേള്‍ഡ്‌സര്‍വീസിന്റെ പശ്ചിമേഷ്യന്‍ പ്രോഗ്രാമുകളാണ് കേള്‍ക്കാറുണ്ടായിരുന്നത്. അറബ് സംഗീതവും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ചിലപ്പോഴൊക്കെ ഖുര്‍ആനും ശ്രവിക്കാറുണ്ട്. പക്ഷേ, അതിന്റെ ആശയമൊന്നും മനസ്സിലാകുമായിരുന്നില്ല.

കൗമാരം പിന്നിടുമ്പോഴും റേഡിയോ കേള്‍ക്കുന്ന പരിപാടി തുടര്‍ന്നുകൊണ്ടേയിരുന്നു. എല്ലാദിവസവും രാവിലെ വ്യത്യസ്തമതദര്‍ശനങ്ങളെപ്പറ്റി അഞ്ചുമിനിറ്റ് നീളുന്ന ഏതെങ്കിലും മതപ്രഭാഷകരുടെ ഭാഷണം ഉണ്ടാകുമായിരുന്നു. അവയില്‍ മുസ് ലിംപ്രഭാഷകരുടേതിനായി ഞാന്‍ കാതുകൂര്‍പ്പിച്ചിരിക്കുമായിരുന്നു. ഓരോ ഇസ് ലാമികപ്രഭാഷണങ്ങളും കഴിയുമ്പോള്‍ അതിനെക്കുറിച്ച് കൂടുതലറിയാന്‍ അടുത്ത പ്രഭാഷണത്തിനായി കാതോര്‍ത്തിരിക്കുമായിരുന്നു. ഇസ് ലാം അനുസരിച്ച് ജീവിക്കുന്നവര്‍ വളരെ സന്തോഷവാന്‍മാരാണെന്നായിരുന്നു എന്റെ വിശ്വാസം. അമേരിക്കന്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുംപോലെ മുസ് ലിംകള്‍ എനിക്ക് ഭീകരരൊന്നുമായിരുന്നില്ല. അല്ലാഹുവിനെ അതിയായി സ്‌നേഹിക്കുന്ന ആളുകള്‍ അത്തരക്കാരായിരിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.കാരണം ഞാനൊരു ജൂതനാണ്, അല്ലാഹുവിന് പങ്കുകാരില്ലെന്ന് വിശ്വസിക്കുന്ന ആശയം തന്നെയായിരുന്നു എന്റേതും.

ജോലിക്കായി ബ്രിട്ടനിലേക്ക്
കരാറടിസ്ഥാനത്തില്‍ വന്‍കിട കമ്പനികള്‍ക്കായി ജോലിചെയ്യുന്ന ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ഞാന്‍. ന്യൂയോര്‍ക്കില്‍ ജോലിയിലായിരിക്കെ ബ്രിട്ടനില്‍ എന്തെങ്കിലും അവസരങ്ങളുണ്ടോയെന്ന അന്വേഷണത്തില്‍ ഞാന്‍ ലണ്ടനിലെത്തി. എനിക്ക ഏറെ പ്രിയപ്പെട്ട നഗരമാണ് ലണ്ടന്‍. അവിടെ ഞാനൊരു മുസ്‌ലിമിനെ കണ്ടുമുട്ടി. അയാളൊരു യഥാര്‍ഥ മുസ് ലിമായിരുന്നുവെന്ന് അപ്പോഴൊന്നും എനിക്ക് മനസ്സിലായില്ല. ജോലിക്കായി ഒരുപാട് എംപ്ലോയ്‌മെന്റ് ഏജന്‍സികള്‍ കയറിയിറങ്ങി. അതില്‍ ഒരു ഏജന്‍സി എനിക്ക് കുറേ ബിസിനസ് മാഗസിനുകള്‍ തന്നു. ഞാന്‍ അതുമായി അമേരിക്കയില്‍ തിരിച്ചെത്തി. മാഗസിനുകളിലെ അഡ്രസുകളിലേക്ക് ബയോഡാറ്റ അയച്ചുകൊണ്ടിരുന്നു. അതിലൊരുകമ്പനി കൂടിക്കാഴ്ചയ്ക്കുക്ഷണിച്ചതനുസരിച്ച് ഞാന്‍ വീണ്ടും ലണ്ടനിലേക്കു പറന്നു. ലോഗോടെക് എന്ന കമ്പനിയില്‍ താല്‍ക്കാലികജോലിക്ക് കയറി സറേയ്ക്കടുത്തുള്ള എഗ്ഹാമിലായിരുന്നു അത്.

മുസ് ലിംവ്യക്തിത്വവുമായി പ്രഥമപരിചയം
ഞാന്‍ ജോലിചെയ്തുകൊണ്ടിരുന്ന കമ്പനിയിലെ സൂപര്‍വൈസര്‍ ഒരു മുസ് ലിമായിരുന്നു. അദ്ദേഹത്തോട് ഖുര്‍ആന്റെ ഒരു കോപി കിട്ടാന്‍ വഴിയുണ്ടോയെന്നന്വേഷിച്ചു. രണ്ടുമൂന്നുദിവസത്തിനകം എന്നെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു ഖുര്‍ആന്‍ പ്രതി എനിക്ക് തന്നു. തരുമ്പോള്‍ രണ്ടുകാര്യങ്ങള്‍ അദ്ദേഹം എന്നില്‍നിന്ന് വാഗ്ദാനമായി ആവശ്യപ്പെട്ടു. ഒന്ന്,  ഞാന്‍ അത് വായിക്കാനൊരുങ്ങുംമുമ്പ് കുളിക്കണം. രണ്ട്, ഇസ്‌ലാമിനെ ആക്ഷേപിച്ചുസംസാരിക്കുന്നയാളുകള്‍ക്ക് അത് കാട്ടിക്കൊടുക്കരുത്. അതുരണ്ടും ഞാന്‍ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.
വീട്ടില്‍ചെന്ന് പിറ്റേന്ന് പ്രഭാതത്തില്‍ കുളിയൊക്കെക്കഴിഞ്ഞ് പ്രഭാതഭക്ഷണം ഒരുക്കി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ  ഖുര്‍ആന്‍ ഞാന്‍ മറിച്ചുനോക്കി. അപ്പോള്‍ ‘ഇഖ്‌റഅ് ‘എന്ന് പരാമര്‍ശിക്കുന്ന ഭാഗം ശ്രദ്ധയില്‍പെട്ടു. ജിബ് രീല്‍ മാലാഖ അദ്ദേഹത്തിന്റെ അടുത്തെത്തുന്നതും വായിക്കാനാവശ്യപ്പെടുന്നതും അതിന് അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് പ്രവാചകന്‍ അറിയില്ലയെന്ന് മറുപടികൊടുക്കുന്നതും ആയ വ്യാഖ്യാനവിശദീകരണങ്ങള്‍ വായിച്ചു.
അത്രയും ചെറിയ അധ്യാഭാഗം വലിയ ഒരു സംഭവത്തെ ഉള്‍ക്കൊള്ളുന്നതറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപരതന്ത്രനായി. അതിലെ പത്തുപേജുകളിലെ ആശയങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഞാനെന്നോടുതന്നെ പറഞ്ഞു: ‘ഇതെനിക്കുള്ള മതമാണ്’. ഓരോ പേജും വായിക്കുന്തോറും കൂടുതല്‍ അറിയാന്‍ ആകാംക്ഷയായി. അറിഞ്ഞ കാര്യങ്ങളോട് കൂടുതല്‍ പ്രിയംതോന്നാനുംതുടങ്ങി.
ഈ ഘട്ടത്തില്‍ ഇസ് ലാമിന്റെ മറ്റുസംഗതികളൊന്നും എനിക്കറയില്ലായിരുന്നു. എനിക്ക് ഖുര്‍ആന്‍ പ്രതി തന്ന അനീസ് എന്നെ പള്ളിയിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോകുമായിരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിന് സാഷ്ടാംഗംചെയ്യണമെന്നുമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. അപ്പോള്‍ മാത്രമാണ് ഒരു ദിവസം മുസ്‌ലിംകള്‍ക്ക് അഞ്ചുനേരം നമസ്‌കരിക്കണമെന്ന കാര്യം ഞാന്‍ മനസ്സിലാക്കിയത്. ഞാന്‍ കിടക്കാന്‍ നേരത്തും ഉറക്കത്തില്‍നിന്നെഴുന്നേല്‍ക്കുമ്പോഴും  പ്രാര്‍ഥിക്കുന്ന ശീലം പതിവാക്കി.

തിരിച്ച് അമേരിക്കയിലേക്ക്
ലോഗോടെകിലെ കരാര്‍ പൂര്‍ത്തിയാക്കിയശേഷം കുറെ നാള്‍ ജോലിയൊന്നും ശരിയാകാതെ തിരികെ അമേരിക്കയിലേക്ക് വന്നു. അലബാമയിലുള്ള എന്റെ പിതാവിനെ ഞാന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിനായി ഡാറ്റാബേസ് ആപ്ലിക്കേഷന്‍ ഉണ്ടാക്കി. അലാബാമയിലെ ഹൈടെക് കോസ്‌മോപൊളിറ്റന്‍ സിറ്റിയായ ഹണ്ട്‌സ് വില്ലെയില്‍ ഞാന്‍ പ്രോഗ്രാമറായി ജോലിക്ക് കയറി.

ആദ്യപള്ളിസന്ദര്‍ശനം
ഞാനും എന്റെ സഹോദരിയും ഒരു ഇന്ത്യോനേഷ്യന്‍ യാത്രപ്ലാന്‍ചെയ്തു. അവിടെഞങ്ങള്‍ക്കൊരു തൂലികാസുഹൃത്തുണ്ടായിരുന്നു. യാത്രക്ക് വരാന്‍ കഴിയാതിരുന്ന സഹോദരി അവള്‍ക്കായി ഇസ് ലാമികശൈലിയിലുള്ള ആഭരണം കൊണ്ടുവരണമെന്ന് എന്നോട് ചട്ടംകെട്ടി. ഹണ്ട്‌സ് വില്ലെയില്‍ അക്കാലത്ത് മുസ്‌ലിംകളുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല.

അല്ലാഹുകാര്യങ്ങള്‍ എനിക്കായി ഒരുക്കിവെച്ചിരിക്കുകയായിരുന്നു. ക്രെസന്റ് ഇംപോര്‍ട്ട്‌സ് എന്നപേരില്‍ അവിടെ ഒരുകടയുണ്ടായിരുന്നു. അത് മുസ്‌ലിംകളുടേതാണെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ, അത് എലിജായുടെ നാഷന്‍ഓഫ് ഇസ്‌ലാം ഗ്രൂപിന്റെതായിരുന്നു.
കടയുടെ ഉടമയുടെ അടുത്ത് ചെന്ന് ഇസ് ലാമികശൈലിയിലുള്ള ആഭരണങ്ങള്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അതവിടെയുണ്ടായിരുന്നില്ല. അവരെന്നെ ഹണ്ട്‌സ് വില്ലെയിലെ  ഇസ് ലാമിക് സെന്ററിലേക്ക് തിരിച്ചുവിട്ടു.
അവരെന്നെ അങ്ങോട്ടുപറഞ്ഞുവിട്ടതിന് ഞാനല്ലാഹുവിനെസ്തുതിക്കുന്നു. ഞാന്‍ ആ സെന്ററില്‍ചെല്ലുമ്പോള്‍ അവിടെ ഒരു കാര്‍മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കാറിലുണ്ടായിരുന്നയാള്‍ എന്നോട് ഇമാമിനെ ചെന്നുകാണാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ ഞാന്‍ അവിടെ ശങ്കിച്ചങ്ങനെ നിന്നു. പരിപാവനമായ പള്ളിക്കകത്തെങ്ങനെ കയറും അതായിരുന്നു കാരണം. ഞാന്‍ ഇമാമിനെ ചെന്നുകണ്ടു. അദ്ദേഹം എന്നെ നമസ്‌കാരത്തിനായി ക്ഷണിച്ചു. കുറേ മുസ് ലിംസഹോദരങ്ങളും അപ്പോഴേക്കും അവിടെ എത്തിച്ചേര്‍ന്നു. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രിവേളകളില്‍ പള്ളിയില്‍ പോകുക പതിവായി. ക്രമേണ അസ്ര്‍, മഗ്‌രിബ് നമസ്‌കാരവേളകളൊഴിച്ചുള്ള(ജോലിസമയമായതിനാല്‍) മറ്റുസമയങ്ങളില്‍ പള്ളിയില്‍ പോവുക പതിവായി.

സത്യസാക്ഷ്യം
നവംബര്‍മാസത്തിലാണ് ഞാന്‍ ശഹാദത്തുകലിമചൊല്ലിയത്. ഇന്ന് എന്റെ ജോലിസ്ഥലത്തെ മറ്റുമുസ് ലിംസഹോദരങ്ങളോടൊപ്പം ളുഹ്ര്‍, അസ്വ്ര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നു. ജോലിക്കായി പുറത്തെവിടെപ്പോയാലും അവിടെല്ലാം മുസ്വല്ലയും കൊണ്ടാണ് പോകാറ്. അതുകാണുമ്പോള്‍ ചിലരൊക്കെ ചോദിക്കും അതെന്താണെന്ന്? മുസ്‌ലിമാണെന്ന് ഞാന്‍ അവര്‍ക്ക് മറുപടികൊടുക്കും. ഇസ് ലാമിനെക്കുറിച്ച് ഞാനവര്‍ക്ക് വിവരിച്ചുകൊടുക്കും. എന്റെ ജോലിസ്ഥലത്തും കമ്പ്യൂട്ടറിലും ഇസ് ലാമിന്റെതായ അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പുവരുത്താറുണ്ട്.Share

Topics