ഖുര്‍ആന്‍ & സയന്‍സ്‌

ഖുര്‍ആനും ഭ്രൂണശാസ്ത്രവും

മനുഷ്യസൃഷ്ടിയുടെ വിവിധ ഘട്ടങ്ങള്‍ ഖുര്‍ആനിലൂടെ

ഖുര്‍ആന്‍ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുല്‍ മുഅ്മിനൂനിലെ 12 മുതല്‍ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയെ വശ്യവും എന്നാല്‍ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.
‘ തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമാക്കി മാറ്റി. അനന്തരം ആ ഭ്രൂണത്തെ നാം മാംസപിണ്ട(പറ്റിപ്പിടിച്ച)മായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ടത്തെ എല്ലുകളാക്കി. എന്നിട്ട് നാം എല്ലുകളെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ സൃഷ്ടിയായി അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ(അല്‍ മുഅ്മിനൂന്‍ 14).’

ഈ സൂക്തങ്ങള്‍ വിശകലനംചെയ്യുമ്പോള്‍ കളിമണ്ണില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന, ശാസ്ത്രം പിന്നീട് കണ്ടെത്തിയ വസ്തുതയെ അറിയിക്കുന്നതായി കാണാം. ഭ്രൂണത്തിന്റെ അടിസ്ഥാനമായ സ്ത്രീപുരുഷശുക്ലം മനുഷ്യര്‍ കഴിക്കുന്ന ആഹാരപ്രക്രിയയുടെ അനന്തരഫലമാണല്ലോ. ഈ ആഹാരമുണ്ടാകുന്നത് മണ്ണില്‍നിന്നാണ്. സൂക്തത്തിലെ ബീജം എന്നതിന്റെ വിവക്ഷ പുരുഷനില്‍നിന്ന് സ്രവിച്ച് സ്ത്രീയുടെ ഗര്‍ഭാശയത്തിലെ ദ്രവത്തില്‍ നീന്തിപ്പോകുന്ന പുംബീജങ്ങളാണ്. അവ സ്ത്രീയുടെ അണ്ഡവാഹിനിയെ ലക്ഷ്യമാക്കി കുതിക്കുന്നു.അണ്ഡത്തിനുസമീപം എത്തിയ ബീജങ്ങളില്‍ ഒരെണ്ണം അണ്ഡത്തിന്റെ ഉള്ളില്‍ തുളച്ചുകയറി അതിനോട് സങ്കലിച്ചുചേരുന്നു. ഇതാണ് ഭ്രൂണരൂപവത്കരണത്തിന്റെ ആദ്യപടി. പിന്നീട് അത് പറ്റിപ്പിടിച്ചതായിത്തീരുന്നു എന്നു ഖുര്‍ആന്‍ പറഞ്ഞു. ഭ്രൂണോല്‍പാദനം നടന്നുകഴിഞ്ഞശേഷം ബീജസങ്കലിതാണ്ഡം വിഭജിച്ചുണ്ടായ കോശമാണ് ഇതിന്റെ ഉദ്ദേശ്യം. ഇത് ഗര്‍ഭാശയഭിത്തിയില്‍ അട്ടയെപ്പോലെ പറ്റിപ്പിടിച്ചുകിടക്കുന്നതുകൊണ്ടാണ് (അലഖ) എന്ന് പദപ്രയോഗം ഖുര്‍ആന്‍ നടത്തിയത്.
പിന്നീട് ഈ ഭ്രൂണം അടുക്കുംചിട്ടയുമില്ലാത്ത ഗോളാകൃതി സ്വീകരിക്കുന്നു. ഈ രീതിയില്‍ ഏതാനും ആഴ്ച കിടക്കും. ചവയ്ക്കപ്പെട്ട മാംസക്കഷ്ണത്തോട് സാമ്യമുള്ളതുകൊണ്ടാണ് ‘മുദ്ഗ’എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇവിടെനിന്ന് വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആരംഭിക്കുകയും മാംസപിണ്ഡത്തില്‍ അസ്ഥികളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു. അസ്ഥികള്‍ രൂപം കൊണ്ടശേഷം പേശികള്‍ പ്രത്യക്ഷപ്പെടുന്നതോടെ മാംസമുണ്ടായിത്തുടങ്ങുന്നു. അസ്ഥികളുടെ ചുറ്റുമുള്ള കോശങ്ങള്‍ പെരുകിയാണ് ഇതുണ്ടാകുന്നത്. അസ്ഥികളും മാംസപേശികളും പ്രത്യക്ഷപ്പെടുന്നതിനിടയില്‍ മറ്റുശരീരാവയവങ്ങളും രൂപംകൊള്ളുന്നു.
പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു എന്ന മേല്‍സൂക്തത്തിലെ പരാമര്‍ശം ഖുര്‍ആന്റെ അമാനുഷികത്വത്തിന്റെ വസ്തുനിഷ്ഠമായ തെളിവാണ്. ഭ്രൂണം രണ്ടാംമാസത്തിന്റെ തുടക്കത്തില്‍ മനുഷ്യനോട് ഒരു നിലക്കും സാദൃശ്യം പുലര്‍ത്തുന്നില്ലല്ലോ. വളര്‍ച്ചയുടെ പരിണാമദശയിലുള്ള തവളയുടെ(വാല്‍മാക്രി) ആകൃതിയാണ് അതിനുണ്ടാവുക. എന്നാല്‍ രണ്ടാംമാസത്തിനുള്ളില്‍ ഭ്രൂണം പലപരിവര്‍ത്തനങ്ങള്‍ക്കും പാത്രീഭവിക്കുകയും അതുവഴി ജലജീവികളുടെ ആകൃതിയില്‍നിന്ന് മനുഷ്യരൂപത്തിലേക്ക് രൂപഭേദം സംഭവിക്കുകയും ചെയ്യുന്നു. ഈ രൂപഭേദം തന്നെയാണ് മറ്റൊരു സൃഷ്ടിയായി ‘വളര്‍ത്തിയെടുക്കല്‍’.

ഇവ്വിധം ഖുര്‍ആനില്‍ വന്ന ഭ്രൂണദശകള്‍ ആധുനികശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ ആണെന്ന് മനസ്സിലാകുന്നു. പതിനാലുനൂറ്റാണ്ടുമുമ്പ് അറബ് ഉപദ്വീപില്‍ ജീവിച്ച ഒരു സാധാരണക്കാരന് അല്ലാഹു സന്ദേശം ഇറക്കാതെ ഇതു സ്വന്തമായി പറയാനാകില്ലല്ലോ.

Topics