തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യോപകാരിത തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും ബുദ്ധിശക്തിയുണ്ടെന്ന് പൗരാണികശാസ്ത്രജ്ഞന്‍മാര്‍ സമ്മതിച്ചിരുന്നില്ല. വേദനയും വികാരവുമുള്ള കേവലം ജീവയന്ത്രങ്ങളാണ് അവയെന്നും അവര്‍ക്ക് ബുദ്ധിശക്തിയില്ലെന്നും അവര്‍ വാദിച്ചു.
എന്നാല്‍ വിവിധതരം ജീവിവര്‍ഗങ്ങളുടെ അസ്തിത്വം ഖുര്‍ആന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു : ‘ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്.’ (അല്‍അന്‍ആം: 38).
തേനീച്ചയുടെ ജീവിതരീതിയിലേക്ക് വെളിച്ചം വീശുന്ന വചനം: ‘നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് ബോധനം നല്‍കി. മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നവയിലും കൂടുണ്ടാക്കുക. എന്നിട്ട് എല്ലാതരം ഫലങ്ങളില്‍ നിന്നും ആഹരിക്കുക. നിന്റെ നാഥന്‍ പാകപ്പെടുത്തിയ വഴികളില്‍ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്നു വര്‍ണവൈവിധ്യമുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതിലും ദൃഷ്ടാന്തമുണ്ട് ‘ (അന്നഹ്ല്‍:68, 69)
ചിലന്തികള്‍ നെയ്യുന്ന വലകളിലേക്ക് ഖുര്‍ആന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു:’വീടുകളില്‍ ഏറ്റവും ദുര്‍ബലം ചിലന്തികളുടെ വീടാണ്.’ (അല്‍അന്‍കബൂത്:41). ‘വിഹായസ്സില്‍ പറക്കുന്ന പറവകളിലേക്ക് അവര്‍ നോക്കുന്നില്ലേ? അല്ലാഹുവല്ലാതെ അവയെ പിടിച്ചുനിര്‍ത്തുന്നില്ല’ (അന്നഹ്ല്‍: 79). ഇങ്ങനെയുള്ള പരശ്ശതം സൂക്തങ്ങള്‍ വിശ്വാസികളുടെ ജന്തുശാസ്ത്രപഠനത്തിലേക്കു വഴിതുറന്നു.
Add Comment