ഖുര്‍ആന്‍ & സയന്‍സ്‌

ഖുര്‍ആനും ഗോളശാസ്ത്രവും

‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അവര്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു’ (ആലുഇംറാന്‍:190).

ഗോള രൂപവത്കരണ പഠനത്തിന് അറബിയില്‍ ഇല്‍മുല്‍ ഹൈഅഃ എന്നാണ് പറയുക. ഇല്‍മുന്നുജൂം, ഇല്‍മുല്‍ഫലക് എന്നീ പേരുകളിലും ഗോളപഠനം മുസ്‌ലിം ലോകത്ത് അറിയപ്പെടുന്നു. സമയം, ദിക്ക് ഇവയെക്കുറിച്ചു പഠിപ്പിക്കുന്ന ഗോളശാസ്ത്രശാഖയാണ് ഇല്‍മുല്‍ മീഖാത്ത്.
പ്രവാചകത്വത്തിനു മുമ്പ് അറബ് ലോകത്ത് ഈ ശാസ്ത്രശാഖകളൊന്നും ഉദയം ചെയ്തിരുന്നില്ല. എല്ലാ പൗരാണിക ജനവിഭാഗങ്ങളെയും പോലെ നക്ഷത്രങ്ങളും ഇതര ഗോളങ്ങളും അവര്‍ക്ക് ആരാധ്യവസ്തുക്കളായിരുന്നു. എങ്കിലും ദിക്ക് നിര്‍ണയത്തിന് നക്ഷത്രത്തിന്റെ ഉദയസ്ഥാനങ്ങളെ അവര്‍ അവലംബിച്ചു. മരുഭൂമിയിലെ യാത്രകള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. കാരണം രാത്രിയിലായിരുന്നു അറബികളുടെ വ്യാപാരയാത്രകള്‍ അധികവും. കാലാവസ്ഥയിലെ മാറ്റങ്ങളെ നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവര്‍ മനസ്സിലാക്കി. ഇതിനപ്പുറം ഗോളങ്ങളെയും അവയുടെ ചലനങ്ങളെയും കുറിച്ച് കൃത്യമായ വിവരം ഇസ്‌ലാമിനുമുമ്പ് അറബികള്‍ക്കുണ്ടായിരുന്നതായി അറിവില്ല.

ഇസ്‌ലാമിന്റെ ആഗമനം അറബികള്‍ക്കിടയില്‍ അനിതര സാധാരണമായ വൈജ്ഞാനിക വിപ്‌ളവത്തിനു നിമിത്തമായിത്തീര്‍ന്നു. ആഗോള വിജ്ഞാനീയത്തിന്റെ വികാസത്തില്‍ ഈ വിപ്‌ളവത്തിന്റെ അലകള്‍ ഏറെ ദൃശ്യമാണ്. മുസ്‌ലിം ലോകത്ത് ഗോളശാസ്ത്രപഠനം സജീവമാകാന്‍ രണ്ട് പ്രധാന കാരണങ്ങളാണുള്ളത്.

ഒന്ന്: ഗോളശാസ്ത്ര പഠനത്തിന് ഖുര്‍ആന്‍ നല്‍കുന്ന മുന്തിയ പരിഗണനയും ആഹ്വാനവും.

രണ്ട്: പ്രാര്‍ഥനകളുടെ സമയം, ‘ഖിബ്‌ല’യുടെ സ്ഥാനം, ഹജ്ജിന്റെ മീഖാത്ത് തുടങ്ങിയവ നിര്‍ണയിക്കുന്നതിന് ജ്യോതിര്‍ഗണിത പഠനം ആവശ്യമായിത്തീര്‍ന്നത്.

ഖുര്‍ആന്റെ പ്രേരണ

ഭൂമിയും വാനലോകവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹുവിന്റെ ഇച്ഛപ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതാണ് പ്രപഞ്ചത്തെ സംബന്ധിച്ച ഖുര്‍ആന്റെ ഒന്നാമത്തെ തത്വം. സൃഷ്ടി മായയല്ല; യാഥാര്‍ഥ്യമാണ് എന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. ‘യാഥാര്‍ഥ്യമായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് അവനാകുന്നു’ (അല്‍അന്‍ആം:72).

സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പൂര്‍ണമായും അല്ലാഹുവിന്റെ ഇംഗിതത്തിനു വിധേയമായാണ് ചലിക്കുന്നത്. സൃഷ്ടികളുടെ നിയന്താവും പരിപാലകനും അല്ലാഹുവാകുന്നു. ഇതും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ‘ആറുദിനങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുതന്നെയാകുന്നു നിങ്ങളുടെ നാഥന്‍. അനന്തരം അവന്‍ ‘അര്‍ശി’ല്‍ അധിപനായി. അവന്‍ രാവുകൊണ്ട് പകലിനു മറയിടുന്നു. ധൃതിയില്‍ അത് (പകല്‍) അതിനെ (രാത്രിയെ) അന്വേഷിക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ ആജ്ഞക്കു വിധേയമാണ്. അറിയുക, സൃഷ്ടിപ്പും നിയന്ത്രണവും അവനുള്ളതാകുന്നു. ലോകരക്ഷിതാവായ അല്ലാഹു അത്യധികം അനുഗ്രഹമുടയവനത്രെ’ (അല്‍അഅ്‌റാഫ്:54).

പ്രപഞ്ചം സൃഷ്ടിയും യാഥാര്‍ഥ്യവുമാണ്. പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവാണ്. എന്നീ കാര്യങ്ങള്‍ സ്ഥാപിക്കുക വഴി ഖുര്‍ആന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഈശ്വരസ്ഥാനത്ത് നിര്‍ത്തുന്ന പ്രാകൃത ദൌര്‍ബല്യത്തില്‍ നിന്നു മനുഷ്യമനസ്സുകളെ മോചിപ്പിക്കുകയാണ് ചെയ്തത്. അതോടെ പ്രപഞ്ചം മനുഷ്യനു മുമ്പില്‍ ഒരു തുറന്ന പുസ്തകമായി മാറി.

വാനലോക വിസ്മയങ്ങളിലേക്ക് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധക്ഷണിച്ചു. ‘രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് അവനാണ്. അവയോരോന്നും അതിന്റെ വഴിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നു’ (അല്‍ അന്‍ബിയാഅ്:33). ‘ഏറ്റവും സമീപസ്ഥമായ ആകാശത്തെ അവന്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. സര്‍വജ്ഞനും അജയ്യനുമായവന്റെ വ്യവസ്ഥയാകുന്നു അത.് ‘ (ഫുസ്സിലത്ത്:12).

അത്ഭുതകരമായ പ്രാപഞ്ചിക സംവിധാനത്തെക്കുറിച്ചും അവയുടെ ആത്യന്തിക യാഥാര്‍ഥ്യത്തെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനും ഖുര്‍ആന്‍ നിരന്തരം പ്രോത്സാഹനം നല്‍കുന്നു. ‘നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍. അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന്‍ തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.്’ (അര്‍റഅ്ദ്2,3).
സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്.ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്.(യാസീന്‍ 38-40)
ഇതാണ് ഗോളശാസ്ത്രപഠനത്തിനു ഖുര്‍ആന്‍ നല്‍കിയ പ്രേരണകളുടെ മാതൃക. നിരവധി വാക്യങ്ങളിലായി, ധാരാളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന്റെ ചിന്താശേഷിയെ ഇപ്രകാരം തട്ടിയുണര്‍ത്തുന്നുണ്ട്. ‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അവര്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു’ (ആലുഇംറാന്‍ 190).

Topics