ഖുര്‍ആന്‍ & സയന്‍സ്‌

ഉറുമ്പുകളുടെ വിസ്മയ സാമ്രാജ്യം

മാനവകുലത്തിന് അല്ലാഹു സമ്മാനിച്ച മഹത്തരമായ പാഠശാലയാണ് ഉറുമ്പുകളുടെ ലോകം. തങ്ങളുടെ കോളനികള്‍ക്കകത്ത് ഉറുമ്പുസൈന്യം നടത്തുന്ന സഞ്ചാരങ്ങളും അവ നിര്‍വഹിക്കുന്ന ജോലികളും ഫലപ്രദമാക്കുന്നതിന് ദിവ്യബോധനം നല്‍കപ്പെട്ട ഉറുമ്പുകള്‍ മനുഷ്യസമൂഹത്തിന് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അത്തരം ഉറുമ്പുകളുടെ സംഭാഷണം കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് നല്‍കി അല്ലാഹു ആദരിച്ച പ്രവാചകനാണ് സുലൈമാന്‍(അ). തന്റെ സൈന്യവുമായി താഴ്‌വരയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ സുലൈമാന്‍നബി കേട്ട ഉറുമ്പുകളുടെ സംഭാഷണം വളരെ അര്‍ത്ഥവത്തായിരുന്നു. സംഭവിക്കുന്നതിന് മുമ്പ് ദുരന്തനിവാരണം നടത്തുകയെന്ന വളരെ ലളിതമായ ആശയമാണ് അവിടെ പെണ്ണുറുമ്പ് തന്റെ കൂടെയുള്ളവരെ ബോധ്യപ്പെടുത്തുന്നത്. ദുരന്തം ഉണ്ടാകാതെ നോക്കുന്നതിന് പകരം എല്ലാം കഴിഞ്ഞ് അതിനെ കൈകാര്യം ചെയ്യുന്നത് അബദ്ധമാണെന്ന് പ്രസ്തുത ചരിത്രം നമുക്ക് വിവരിച്ച് തരുന്നു.’അങ്ങനെ അവരെല്ലാം ഉറുമ്പുകളുടെ താഴ്‌വരയിലെത്തി. അപ്പോള്‍ ഒരുറുമ്പ് പറഞ്ഞു ‘ഹേ, ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ മാളങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യവും അവരറിയാതെ നിങ്ങളെ ചവുട്ടിത്തേച്ചുകളയാനിടവരാതിരിക്കട്ടെ'(അന്നംല് 18).

ഉറുമ്പുകളുടെ അധ്വാനവും അവയുടെ സഞ്ചാരവും തീര്‍ത്തും വിസ്മയകരമാണ്. തിരക്കുകൂട്ടി സംഘംസംഘമായി സഞ്ചരിക്കുന്ന ഇവക്കിടയില്‍ യാതൊരു പ്രശ്‌നമോ, കൂട്ടിമുട്ടലുകളോ ഇല്ല. ഒരു ഉറുമ്പ് കോളനിയില്‍ ഏകദേശം മുന്നൂറ് മില്യനില്‍ അധികം ഉറുമ്പുകള്‍ ഒന്നിച്ച് ജീവിക്കുന്നുവെന്നാണ് ഇതേസംബന്ധിച്ച്് 2002-ല്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. ഏതാണ്ട് ഇരുന്നൂറ് കിലോമീറ്റര്‍ വിസ്തൃതിയില്‍ തീര്‍ത്തും വ്യവസ്ഥാപിതമായി അവ സഞ്ചരിക്കുകയും തങ്ങളുടെ ജോലികള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നുവത്രെ. ഉറുമ്പുകളുടെ സഞ്ചാരരീതിയെക്കുറിച്ച് ഗ്രഹാം കെറിയെന്ന ശാസ്ത്രജ്ഞന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗവേഷണം നടത്തുകയുണ്ടായി. ഓരോ ഉറുമ്പും തന്റെതായ വഴി വ്യവസ്ഥപ്പെടുത്തുകയും വളരെ വേഗത്തില്‍ അതിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. ഒരു ഉറുമ്പ് തയ്യാറാക്കിയ വഴിയില്‍ മറ്റൊരു ഉറുമ്പും പ്രവേശിക്കുകയോ, സഞ്ചരിക്കുകയോ ചെയ്യാറില്ല! മാത്രമല്ല, മറ്റ് ഉറുമ്പുകള്‍ക്ക് ദിശനിര്‍ണയിക്കാന്‍ വേണ്ടി ഈ വഴി ഉപയോഗിക്കപ്പെടാറുണ്ട്. കൂടാതെ ഭക്ഷണവിഭവങ്ങള്‍ ശേഖരിച്ച് ചുമന്ന് വരുന്ന ഉറുമ്പുകള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ മധ്യത്തില്‍ പ്രത്യേകമായ വഴികള്‍ വേറെയുമുണ്ട്. ഈ വഴികള്‍ക്ക് ചേര്‍ന്ന് സമാന്തരമായി പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളില്ലാത്ത ഉറുമ്പുകള്‍ക്ക് സഞ്ചരിക്കാനായി വേഗതയേറിയ വഴി (എക്‌സ്പ്രസ് ഹൈവേ)കളുമുണ്ട്. കാരണം ഭാരം വഹിച്ച് വരുന്ന ഉറുമ്പുകള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുകയില്ലല്ലോ. ഉറുമ്പുകളുടെ സഞ്ചാര രീതികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവയെ മനുഷ്യന്റെ ഗതാഗത മേഖലകളില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് ജര്‍മനിയിലെ ടെക്‌നോളജിക്കല്‍ വിഭാഗത്തില്‍ പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാരുടെ ശ്രമം.

ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം നടത്തുന്ന ചുറുചുറുക്കുള്ള പൗരന്മാരാണ് ഓരോ ഉറുമ്പും. ശേഖരിക്കുക, സൂക്ഷിച്ച് വെക്കുക എന്ന സംസ്‌കാരമാണ് ഉറുമ്പുകളുടേത്. ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ആസൂത്രണം നടത്തുകയും ചെയ്യുന്നവരാണ് അവര്‍. കയ്യിലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് തീര്‍ക്കുന്ന നമ്മുടെ പാരമ്പര്യ സംസ്‌കാരത്തില്‍ നിന്ന് ഭിന്നവും ഉയര്‍ന്നതുമാണ് അവയുടെതെന്ന്് വ്യക്തം. തീര്‍ത്തും വ്യവസ്ഥാപിതമായ ശൈലിയിലാണ് ഉറുമ്പുകള്‍ ധാന്യങ്ങള്‍ ശേഖരിക്കുന്നത്. അവ മുളച്ചുപോകാതിരിക്കാന്‍ പ്രത്യേകരീതിയില്‍ നുറുക്കിയാണ് സൂക്ഷിക്കുന്നത്.

നല്ല തന്റേടവും സ്ഥൈര്യവുമുള്ള പോരാളികളാണ് ഉറുമ്പുകള്‍. ലോകപ്രശസ്ത സൈന്യാധിപനായ തയ്മൂര്‍ ലങ്ക് തന്റെ പരാജയത്തില്‍ വളരെ ദുഖിതനും നിരാശനുമായിരുന്നു. എന്നാല്‍ മിനുസമുള്ള പാറകളില്‍ പിടിച്ച് കയറാനുള്ള ഉറുമ്പുകളുടെ ആര്‍ജ്ജവവും പോരാട്ട വീര്യവും മനസ്സിലാക്കിയ അയാള്‍ പോരാട്ടത്തിലൂടെ തന്റെ അധികാരം വീണ്ടെടുത്തു.

പരസ്പര സഹകരണത്തിന്റെയും ത്യാഗത്തിന്റെയും കാര്യത്തില്‍ ഉറുമ്പുകള്‍ നമുക്ക് മഹത്തായ സന്ദേശം നല്‍കുന്നു. അവ പരസ്പരം കൂടിച്ചേര്‍ന്ന് പാലം പണിയുകയും അവക്ക് പുറത്ത് കയറി മറ്റ് ഉറുമ്പുകള്‍ സുരക്ഷിതമായി യാത്ര നടത്തുകയും ചെയ്യുന്നു.

ഉറുമ്പുകളുടെ സാമ്രാജ്യത്തില്‍ സത്യസന്ധത അതീവപ്രാധാന്യമേറിയതാണ്. കളവ് പറയുകയോ, ശരിയല്ലാത്ത വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന ഉറുമ്പിനെ വധിച്ചുകളയുന്നതാണ് അവയുടെ രീതി.

അബ്ദുല്ലാഹ് അല്‍മുദൈഫിര്‍

Topics