വിശ്വാസം-ലേഖനങ്ങള്‍

ക്ഷമിക്കുന്നവനാണ് ശക്തന്‍

ആത്മനിയന്ത്രണം എന്ന ഗുണം നേടിയെടുക്കണമെന്ന്  ഏതൊരാളും ആഗ്രഹിക്കുന്നു. ആത്മ നിയന്ത്രണം പരിശീലിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അല്ലാഹു തന്റെ സൂക്തങ്ങളിലൂടെ വിവരിച്ച നിര്‍ദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും നമ്മുടെ ജീവിതത്തില്‍ അനുധാവനം ചെയ്യുകയാണ്. പ്രക്യത്യാ മനുഷ്യന്‍ ഒന്നിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്.  നാം നമ്മുടെ മേല്‍ നിയന്ത്രണങ്ങളുള്ള ആളാകാന്‍ തീരുമാനിക്കുകയെന്നതാണ് പ്രഥമമായ കാര്യം. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നത് നിങ്ങള്‍ സ്വയം  നാശത്തിലേക്ക് എറിയരുത് എന്നാണ്. അതിനാല്‍ നാം സ്വയം നശിക്കുന്നില്ലെന്നു് ആദ്യമേ ഉറപ്പു വരുത്തേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ അസ്വ്‌റിലെ ഏതാനും ചില സൂക്തങ്ങളിലൂടെ അല്ലാഹു  നമുക്കെല്ലാവര്‍ക്കും വളരെ ലളിതമായ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു: ‘കാലമാണ സത്യം. മനുഷ്യന്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്. സത്യസന്ദേശത്തില്‍ വിശ്വസിക്കുകയും സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരൊഴികെ. പരസ്പരം സത്യം കൊണ്ടും സഹനം കൊണ്ടും ഉപദേശിച്ചവരുമൊഴികെ’.

നമ്മെ സൃഷ്ടിച്ച അല്ലാഹുവിന്ന്  നമ്മള്‍ വിശ്വാസിയാണോ, കപടനാണോ, അതല്ല കളങ്കം ഹൃദയത്തില്‍ പേറിയാണോ ജീവിക്കുന്നത് തുടങ്ങി മനുഷ്യരുടെ വികാരവിചാരങ്ങളറിയാമെന്നാണ് ഈ സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഈ സൂക്തത്തിന്റെ തുടക്കത്തില്‍ തന്നെ കാലത്തെ പിടിച്ചു സത്യം ചെയ്ത ശേഷം അല്ലാഹു പറയുന്നു.  മുസ്‌ലിം അമുസ്‌ലിം എന്ന വിവേചനമില്ലാതെ ആദമിന്റെ എല്ലാ സന്താനങ്ങളും നഷ്ടകാരികളില്‍ പെടുമെന്നാണ്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ അതില്‍ നിന്നൊഴിവാണ്. അല്ലാഹു ആദ്യം ഉപയോഗിച്ചതു പൊതുവായ പരാമര്‍ശമാണ്. മനുഷ്യന്‍ എന്ന നിലയില്‍ എല്ലാവരും പരാജിതരാണ്. എല്ലാവരും നഷ്ടത്തിലാണ്. വിശ്വസിച്ചവര്‍ ഒഴികെ. ആരാണ് ഈ വിശ്വാസികള്‍? നിരവധി ദൈവങ്ങളില്‍ വിശ്വസിക്കാതെ ഒരൊറ്റ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് അവര്‍. 

ഇനി നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും ഒരു പക്ഷേ നഷ്ടകാരിയായേക്കാം. കാരണം ഇസ്‌ലാമില്‍ വിശ്വാസം കൊണ്ട് മാത്രം കാര്യമില്ല. വിശാസത്തിനു പുറമെ അതിനെ സാക്ഷ്യപ്പെടുത്തുന്ന കര്‍മങ്ങളും അതിനെ തുടര്‍ന്നുണ്ടാകേണ്ടതുണ്ട്. സദ്കര്‍മങ്ങളില്ലാത്ത വിശ്വാസം ഫലമില്ലാത്ത വൃക്ഷം പോലെയാണ്. അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമുണ്ടാകുകയില്ല.  ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ പോരാ. മറിച്ച്, സദ്പ്രവര്‍ത്തനങ്ങള്‍ തന്നെ ഉണ്ടാകണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അല്ലാഹു ചെയ്യാന്‍ കല്‍പ്പിച്ച ഈ സല്‍കര്‍മങ്ങളെന്തെന്ന്  നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. മുഹമ്മദ് നബി (സ) ആ പ്രവര്‍ത്തനങ്ങളെ പ്രവൃത്തിപഥത്തിലൂടെ കാണിച്ചുതന്നിട്ടുമുണ്ട്. മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട് അതായത്, ഈ കര്‍മങ്ങളുടെ ഉദ്ദേശ്യം അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കണം. അല്ലാതെ സുഹൃത്തെക്കളെയോ ബന്ധുജനങ്ങളെയോ തൃപ്തിപ്പെടുത്തലാകരുത്. ചിലപ്പോള്‍ ഇതൊക്കെയുണ്ടെങ്കിലും ഒരാള്‍ നഷ്ടകാരിയായിത്തീരും. അതിനുകാരണം ആത്മനിയന്ത്രണമില്ലായ്കയേ്രത.  ആത്മസംസ്‌കരണം നടത്തിയശേഷം  മറ്റുള്ളവരെ സംസ്‌കരിക്കുന്ന പരിശ്രമങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് ഇസ്‌ലാമിലെ ആത്മ നിയന്ത്രണം.

ഓരോരുത്തരും തനിക്കുതോന്നിയ രീതിയില്‍ അല്ലാഹുവില്‍ വിശ്വസിക്കുകയല്ല ചെയ്യേണ്ടത്. അല്ലാഹുവിനെ നാം വിശ്വസിക്കുന്നതും പിന്‍പറ്റുന്നതും നമ്മുടെ താല്‍പര്യംമാത്രം ലാക്കാക്കിയല്ല. ഒരുപാട് ജനങ്ങളുണ്ട് ഇങ്ങന. അല്ലാഹുവിന്റെ  കാരുണ്യവും ആനുകൂല്യങ്ങളും നേടിയെടുക്കാനായി അവര്‍ തങ്ങളുടെ യുക്തംപോലെ അല്ലാഹുവില്‍ വിശ്വസിക്കുന്നു. അവരവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അല്ലാഹുവിനെ കുറിച്ച് അവരില്‍ പലരും സങ്കല്‍പ്പിച്ചു വെച്ചിരിക്കുന്നു. തന്നിഷ്ടപ്രകാരം കര്‍മങ്ങളനുഷ്ഠിക്കുന്നു. 

അല്ലാഹു നമ്മോട് ഏതു രീതിയില്‍ വിശ്വസിക്കാനാണോ കല്‍പ്പിച്ചത് തദനുസാരം നാമെന്തുകൊണ്ട് വിശ്വസിക്കുന്നില്ല? പ്രവാചകന്‍ തിരുമേനി എങ്ങനെയാണോ നമുക്ക് വിവരിച്ചുതന്നത്, അതു പോലെ നാമെന്തു കൊണ്ട് പ്രവര്‍ത്തിക്കുന്നില്ല. ‘വതവാസൗ ബില്‍ ഹഖ്’ എന്ന ഖുര്‍ആന്റെ ആഹ്വാനം മറ്റുള്ളവരെയും നന്മയിലേക്ക് ക്ഷണിക്കുകയെന്നതാണ്. അങ്ങനെ മറ്റുള്ളവരെ ക്ഷണിക്കുമ്പോള്‍ തീര്‍ച്ചയായും പ്രസ്തുത നന്‍മ കൈമുതലായി ആദ്യമേ നമ്മിലുണ്ടാകണം. അതാണ് ആത്മനിയന്ത്രണത്തിന്റെ ആദ്യപടി.  

സത്യത്തില്‍ മറ്റുള്ളവരെ നന്മയിലേക്കു ക്ഷണിക്കുക എന്നത് നിസ്സാര കാര്യമല്ല. കാരണം ആദ്യമേ നിങ്ങളില്‍ ആ നന്‍മകള്‍ ഉണ്ടെങ്കിലേ മറ്റുള്ളവരെ ഉപദേശിക്കാന്‍ അര്‍ഹതയുള്ളൂ. നമ്മള്‍ സ്വയം തന്നെ പരിവര്‍ത്തിക്കപ്പെടാതെ മറ്റുള്ളവരോട് സംസ്‌കൃതചിത്തരാകണമെന്ന്  എങ്ങനെയാണ് ഉപദേശിക്കാന്‍ കഴിയുക? 

ജനങ്ങളെ ക്ഷണിക്കുന്നതില്‍ വല്ലാത്ത സഹനം ആവശ്യമുണ്ട്. ആത്മനിയന്ത്രണത്തിന്റെ ഒരു സന്ദര്‍ഭമാണ് മറ്റുള്ളവരെ നന്‍മയിലേക്ക് ക്ഷണിക്കുകയെന്നത്. ആത്മ നിയന്ത്രണമില്ലെങ്കില്‍ ഈ രംഗത്ത് ഏതൊരാളും പരാജയപ്പെടും. അതു കൊണ്ടാണ്  പ്രവാചകന്‍ തന്റെയടുക്കല്‍ വന്ന് ഉപദേശമാരാഞ്ഞ ഒരാളോട് ഇപ്രകാരം  മറുപടി നല്‍കിയത്. അബൂ ഹുറൈയ്‌റ റിപോര്‍ട്ട് ചെയ്യുന്ന ആ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നുപറഞ്ഞു: ‘എന്നെ ഉപദേശിക്കൂ! നബി അദ്ദേഹത്തോടു പറഞ്ഞു. നിങ്ങള്‍ കോപിക്കരുത്. ആ മനുഷ്യന്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തിരുമേനി അതേ മറുപടി തന്നെ കൊടുത്തുകൊണ്ടിരുന്നു.’ നീ കോപിക്കരുത്. നീ ആത്മ നിയന്ത്രണം പാലിക്കുക’.

പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞില്ലേ, ഇസ്‌ലാമില്‍ ഏറ്റവും ശക്തനായ മനുഷ്യന്‍ ദ്വന്ദയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല;കോപം വരുമ്പോള്‍ നിയന്ത്രിക്കുന്നവനാണെന്ന്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് ഇസ്‌ലാമില്‍ ശക്തന്‍. അനാവശ്യമായ കാര്യങ്ങള്‍ക്ക് കോപിക്കുന്നവര്‍. കാര്യമില്ലാത്ത കാര്യങ്ങളില്‍ കോപിക്കുന്നവര്‍. അത്തരം കോപം അല്ലാഹുവിന് വേണ്ടിയല്ല, പിശാചിന് വേണ്ടി മാത്രമാണ്. അതിനാല്‍ അതെല്ലാം നിയന്ത്രിക്കാന്‍ കഴിയുംവിധം അല്ലാഹു നമ്മുടെ ഈമാനും നമ്മുടെ സഹന ശക്തിയും വര്‍ധിപ്പിച്ചുനല്‍കട്ടെ. 

Topics