ഡോക്ടര്‍ ഒരു കപ്പില്‍ മദ്യവും മറ്റൊരു കപ്പില്‍ ശുദ്ധ ജലവും എടുത്ത് അതില്‍ ഓരോന്നിലും ഓരോ പുഴുവിനെ മുക്കി. വെള്ളത്തില്‍ വീണ പുഴു രക്ഷപ്പെടുകയും മദ്യത്തില്‍ വീണത് ചത്തു പോവുകയും ചെയ്തു. മദ്യത്തിന്റെ ദോഷഫലങ്ങള്‍ പ്രായോഗികമായ വ്യക്തമാക്കിയ അദ്ദേഹത്തോട് കണ്ടു നിന്നവരില്‍ ഒരാള്‍ പറഞ്ഞുവത്രെ ‘മദ്യം ആമാശയത്തെ ശുദ്ധീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്!
ഒരാള്‍ തന്റെ മകനോട് പറഞ്ഞു ‘കൂട്ടില്‍ നിന്ന് ആദ്യം പുറപ്പെടുന്ന പക്ഷിയ്ക്കാണ് കഴിക്കാന്‍ പുഴുവിനെ ലഭിക്കുക’. ഇതുകേട്ട മകന്റെ മറുപടി ‘ആദ്യം പുറത്തിറങ്ങിയ പുഴുവാണ് പക്ഷിയുടെ കെണില്‍ പെടുക’യെന്നായിരുന്നു.
ആഴമില്ലാത്ത ചിന്തകളില്‍ അഭിരമിക്കുകയും അവ മുറുകെ പിടിക്കുകയും ചെയ്യുന്നവരാണ് കൂടുതല്‍ ആളുകളും. യഥാര്‍ത്ഥ കാരണത്തില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും അവര്‍ കാര്യങ്ങളെ ഗതി തിരിച്ചുവിടുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എളുപ്പത്തില്‍ അനന്തരാവകാശ നിയമം പഠിക്കാനുള്ള തന്ത്രത്തെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നു ഉമര്‍(റ). ഏത് അടിമസ്ത്രീക്കും അങ്ങാടിയില്‍ പോയി കാശുകൊടുത്ത് സാധനം വാങ്ങാന്‍ കഴിയുന്ന കണക്ക് സംവിധാനത്തെക്കുറിച്ചായിരുന്നു ഖലീല്‍ അഹ്മദ് ചിന്തിച്ചിരുന്നത്.
ഖവാരിജുകളോട് സംവാദം നടത്താനായി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) റജാഅ് ബിന്‍ ഹയ്‌വഃയെ അയച്ചു. അവര്‍ അദ്ദേഹത്തോട് ചോദിച്ചു ‘അക്രമികളായ അമവി ഭരണാധികാരികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഖലീഫ എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല?’ അപ്പോള്‍ റജാഅ് അവരോട് ചോദിച്ചു ‘ഹാമാനെക്കുറിച്ച നിങ്ങളുടെ അഭിപ്രായം എന്താണ്? അവര്‍ പറഞ്ഞു ‘കാഫിറും, അക്രമിയുമാണ് അയാള്‍’. ‘നിങ്ങള്‍ ദിനേന എത്ര തവണ അയാളെ ശപിക്കാറുണ്ട്? റജാഅ് വീണ്ടും ചോദിച്ചു. ‘ഞങ്ങള്‍ ജീവിതത്തിലിന്നേവരെ അയാളെ ശപിച്ചിട്ടില്ല’ എന്നായിരുന്നു അവരുടെ മറുപടി. ‘കാഫിറാണെന്ന് അല്ലാഹു വിധിയെഴുതിയ മനുഷ്യനെ നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ ശപിച്ചിട്ടില്ല എന്നിരിക്കെ ഞാന്‍ എന്റെ പൂര്‍വ പിതാക്കളെ ശപിക്കണമെന്നതിലെ യുക്തിയെന്താണ്? എന്ന് റജാഅ് അവരോട് തിരിച്ച് ചോദിച്ചപ്പോള്‍ ഖവാരിജുകള്‍ക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
റജാഇനോട് ആരോ ചോദിച്ചുവത്രെ ‘താങ്കള്‍ എന്തുകൊണ്ട് ഹാമാനെ തെരഞ്ഞെടുത്തു? ഫറോവയെ പറഞ്ഞു കൂടായിരുന്നോ? അദ്ദേഹം പറഞ്ഞു ‘ഫറോവയെ അവര്‍ ചിലപ്പോള്‍ ശപിക്കാന്‍ സാധ്യതയുണ്ട്. അയാള്‍ പ്രശസ്തനാണല്ലോ. അങ്ങനെ വന്നാല്‍ അവര്‍ എന്നെ സംവാദത്തില്‍ അതിജയിക്കുകയും ചെയ്യും. അതിനാല്‍ ഞാന്‍ ഹാമാനെ എടുത്തു. അദ്ദേഹത്തെ ശപിക്കുന്നനവര്‍ വളരെ വിരളമാവാനെ വഴിയുള്ളൂ’. ഓരോ സംഘത്തിനും, എന്നല്ല ഓരോ വ്യക്തിക്കും അവന്റെതായ നിഘണ്ടുവുണ്ട്. എത്രയെത്ര വാക്കുകളാണ് എന്നെ അരിശം പിടിപ്പിക്കാറുള്ളത്! അവ നിന്നെ സ്പര്‍ശിക്കുക പോലുമില്ല. വളരെ വ്യക്തമായ ഒരു കാര്യം ചിലപ്പോള്‍ മനുഷ്യന്‍ നിഷേധിച്ചെന്ന് വരും. അതേസമയം അവന്റെ ഭാവഹാവാദികളില്‍ അതിന് വിപരീതം പ്രകടമാവുകയും ചെയ്യുന്നു.
ഒരു വിജ്ഞാനം മറ്റൊരാളിലേക്ക് എത്തിക്കുന്നതിന് -എഴുതിയായാലും, സംസാരത്തിലൂടെ ആയാലും- നല്ല ഭാഷയും, വ്യക്തമായ ഉള്‍ക്കാഴ്ചയും ആവശ്യമാണ്. നല്ല അവബോധമുള്ള വ്യക്തികള്‍ക്ക് മാത്രമെ ഇത് സാധിക്കുകയുള്ളൂ.
തന്റെ പ്രസിദ്ധമായ കണ്ടെത്തല്‍ നടത്തിയ ആര്‍ക്കിമെഡീസ് യുറേക്കാ, യുറേക്കാ എന്ന് അട്ടഹസിച്ച് ഉടുതുണിയില്ലാതെ രാജകൊട്ടാരത്തിലേക്ക് ഓടിയെന്ന് പറയപ്പെടുന്നു. ആശ്ചര്യവും വിസ്മയവും ബുദ്ധിപരമായ പതിവുകളാണ്. പുതിയതും മനോഹരവുമായ ഒരു വസ്തു കണ്ടെത്തുന്ന മനുഷ്യന് സ്വാഭാവികമായും അമ്പരപ്പുണ്ടാകുന്നു. നാം ആകാംക്ഷയോട് കൂടി അന്വേഷിച്ച് നടക്കുന്ന കാര്യമാണല്ലോ കണ്ടെത്തിയിരിക്കുന്നത്!
പാകപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ചിന്തകളെ പ്രയോഗവല്‍ക്കരിക്കാന്‍ ചില യുവാക്കള്‍ ശ്രമിക്കാറുണ്ട്. തല്‍ഫലമായി അവ പൂര്‍ത്തീകരിക്കാനോ വിജയിപ്പിക്കാനോ അവര്‍ക്ക് സാധിക്കാറില്ല. അതിന് ശേഷം ഒരു ചിന്തയും -അവ എത്ര തന്നെ ശക്തവും അപഗ്രഥനത്തിന് വിധേയമായതാണെങ്കില്‍ പോലും- സ്വീകരിക്കാന്‍ ധൈര്യപ്പെടുകയില്ല അവര്‍. അപകടങ്ങളിലേക്ക് ചാടുക, സാഹസികത ഇഷ്ടപ്പെടുക, പരാജയം ഭയക്കാതിരിക്കുക തുടങ്ങിയവയും ബുദ്ധിപരമായ സ്വാഭാവികതകളാണ്.
ബുദ്ധിപരമായ ഏറ്റവും വലിയ സ്വാഭാവികത വിശ്വാസമാണ് എന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസം സത്യസന്ധവും, ജീവിതഗന്ധിയുമായി മാറുന്നതോടെ ചിന്താമണ്ഡലത്തെ നിര്‍ണയിക്കുകയും വിജ്ഞാന ഔല്‍സുക്യം ഉണ്ടാക്കുകയും ജീവിതത്തില്‍ വളര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. ക്ഷമയോടും, സഹനത്തോടും കൂടി നിലകൊള്ളാനും, ചിന്തയെ ആരാധനയാക്കി മാറ്റാനും പരാജയ സന്ദര്‍ഭത്തില്‍ സ്വയം ആശ്വസിക്കാനും വിശ്വാസം മനുഷ്യനെ വഴികാണിക്കുന്നു.
Add Comment