നാം ചെറുപ്പകാലത്തേക്ക് മടങ്ങുകയാണോ? അന്നാളുകളെക്കുറിച്ച സ്മരണയില്‍ നമ്മെ ആവേശം കൊള്ളിക്കുന്നത് എന്താണ്? ചെറുപ്പകാലത്തിന്റെ സൗന്ദര്യം അക്കാലത്ത് നമുക്ക് ബോധ്യപ്പെട്ടിരുന്നോ? അതല്ല, ഭൂതകാലത്തേക്കുള്ള മടക്കവും, ആതുരത്വവും മനുഷ്യപ്രകൃതിയുടെ ഭാഗമാണോ?
പെരുന്നാല്‍ വസ്ത്രം, പെരുന്നാള്‍പലഹാരം, പെരുന്നാള്‍ സംഗമം… വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം (ഈദുല്‍ ഫിത്വ്ര്‍) നിരത്തുകള്‍ ഇവക്ക് സാക്ഷ്യം വഹിക്കുന്നു. സ്വാദൂറുന്ന വിഭവങ്ങളാല്‍ സമൃദ്ധമായ ഭക്ഷണ തളികകള്‍, അയല്‍ക്കാര്‍ സമ്മാനിക്കുന്ന കൊതിയൂറും പലഹാരങ്ങള്‍…
നാം ഒരു പക്ഷെ നാല്‍പതുകഴിഞ്ഞ മധ്യവയസ്‌കനാണെങ്കിലും ആവേശത്തോടെ യുവത്വത്തെ സ്മരിക്കാറുണ്ട്. നമ്മുടെ മനോഹരമായ സ്മരണകളെയും സ്വപ്‌നങ്ങളെയും തഴുകി, തലോടി ഇളംകാറ്റുകള്‍ അടിച്ചുവീശാറുണ്ട്.
നാം വാര്‍ധക്യത്തോട് അടുക്കുംതോറും നഷ്ടബോധത്തോടെയാണ് ഭൂതകാലത്തിലേക്ക് കണ്ണോടിക്കാറുള്ളത്. പ്രായം കഴിയുംതോറും പരാജയ പാഠങ്ങളില്‍ നിന്ന് അവസാനത്തേതും പഠിച്ചെടുത്തതുപോലെ അനുഭവപ്പെടുന്നു. നഷ്ടപ്പെട്ടവയുടെ കാര്യത്തില്‍ നമുക്ക് വേദനയുണ്ട്. അവസരം നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ നാം നമ്മുടെ മനസ്സിനെ ശപിക്കാറുണ്ട്. പിന്നീട് അതിന്റേ പേരില്‍ ഖേദിക്കാറുമുണ്ട്. ‘ഇല്ല, ഇനിയൊരിക്കലും സമയം പാഴാക്കില്ലെന്ന്’ നമുക്കെപ്പോഴും നമ്മുടെ മനസ്സിനോട് പറയാന്‍ സാധിക്കണം .
തൊണ്ണൂറ്റി നാലാം വയസ്സിലാണ് ഫരീദ് അബ്ദുല്‍ ഖാദിര്‍ കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോട് കൂടി ഡോക്ടറേറ്റ് നേടിയത്. ഈ ഗണത്തില്‍പെട്ട, ലോകത്തിലെ തന്നെ വമ്പന്മാരില്‍ ഒരാളായി അദ്ദേഹം മാറി. തൊണ്ണൂറ്റി ഒമ്പതാം വയസ്സില്‍ സര്‍വകലാശാല ബിരുദം നേടിയ ഒരു അമേരിക്കക്കാരന്‍ റോയിട്ടറുമായുള്ള അഭിമുഖത്തില്‍ തമാശയായി പറഞ്ഞുവത്രെ:’എന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ എനിക്ക് എണ്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു!’
നമുക്ക് വേണമെങ്കില്‍ നമ്മുടെയും, മറ്റുള്ളവരുടെയും കുഞ്ഞുങ്ങളെ കളിപ്പിക്കുകയും അവരുടെ കൂടെ കുട്ടികളാവുകയും ചെയ്യാവുന്നതാണ്. തമാശയും ആനന്ദവും നിഷ്‌കളങ്കതയുമായി അവരുടെ കൂടെ സമയം ചെലവഴിക്കാം. തന്റെ വഴി അന്വേഷിച്ചുനടക്കുന്ന ഒരു യുവാവിന് ഗുണകാംക്ഷിയായ വഴികാട്ടിയാവാനും നമുക്ക് സാധിക്കും. മറ്റുള്ളവരുടെ വഴിയില്‍ പ്രതീക്ഷയുടെയും കര്‍മത്തിന്റെയും ശുഭാപ്തിയുടെയും കണികകള്‍ വാരിവിതറാനും അവര്‍ക്ക് മുന്നില്‍ പുതിയ ചക്രവാളം തുറന്നുകൊടുക്കാനും നമുക്ക് സാധിച്ചേക്കും.
നമ്മുടെ നിലവിലുള്ള ജീവിതഘട്ടത്തെ അനുകൂലമായി മുതലെടുക്കാനും നമുക്ക് സാധിച്ചേക്കും. ധീരനായ യുവാവ്, സ്വപ്‌നം കാത്ത് സൂക്ഷിക്കുന്ന മധ്യവയസ്‌കന്‍, പരിവര്‍ത്തനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വൃദ്ധന്‍ തുടങ്ങിയവ അതിന് ഉദാഹരണമാണ്. പിന്നിലേക്ക് തിരിഞ്ഞ് ദുഖത്തോടെ സ്മരണകള്‍ അയവിറക്കുന്നവരാവരുത് നാം. ലഭ്യമായ ഉപകരണങ്ങള്‍ കൊണ്ട് സമകാലിക ജീവിതത്തെ മനോഹരവും, ആഹ്ലാദകരവുമാക്കുകയാണ് നാം ചെയ്യേണ്ടത്.
നമുക്ക് ഓരോ ഘട്ടത്തിലും നഷ്ടപ്പെട്ടതിനേക്കാള്‍ നല്ലത് നാം വിചാരിക്കുന്ന പക്ഷം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ശൈത്യകാലത്ത് നമുക്ക് വിറക് കത്തിച്ച് ചൂടുകായാം. ശരീരത്തിന് ചൂട് നല്‍കുന്ന പ്രത്യേകമായ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കാം. ഉഷ്ണ കാലത്തേക്ക് കടക്കുമ്പോള്‍ വസ്ത്രവും, ഭക്ഷണവും പാനീയവും, ജോലി സമയവും മാറ്റി അതിനുവേണ്ടി ഒരുങ്ങാം.
രാത്രിയില്‍ നിന്ന് വ്യത്യസ്തമായി പകലിന് മറ്റൊരു വ്യവസ്ഥ നിര്‍ണയിച്ചതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ‘നാം രാത്രിയെ വസ്ത്രമാക്കിയിരിക്കുന്നു. നാം പകലിനെ ഉപജീവനസമയമാക്കിയിരിക്കുന്നു’. (അന്നബഅ് 10-11)
രാത്രിയുടെ ശാന്തതയും, ആത്മീയതയും ഒന്നുവേറെ തന്നെയാണ്. എന്നാല്‍ ജോലിക്കും, അധ്വാനത്തിനും അനുയോജ്യമായത് തീര്‍ച്ചയായും പകലാണ് താനും. നാം നമ്മുടെ ജീവിതത്തിലെ രാപ്പകലുകളെ ഇപ്രകാരം തിരിച്ചറിയുകയും അവക്ക് യോജിച്ച വസ്ത്രവും ഭക്ഷണപാനീയവും തയ്യാറാക്കുകയാണ് വേണ്ടത്.
Add Comment