വിശ്വാസം-ലേഖനങ്ങള്‍

എല്ലാം തുലച്ചുകളയാനായി എന്തിനിത്ര ദുര്‍വ്യയം ?

ജീവിതത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ മിതത്വം ലംഘിക്കുന്നതിനാണ് ധൂര്‍ത്ത് എന്ന് പറയാറ്. രാത്രിയും പകലും, ഉറക്കവും ഉണര്‍ച്ചയും, ചലനവും നിശ്ചലനവും, ക്ഷീണവും ആശ്വാസവും, വിശപ്പും പട്ടിണിയും, തീറ്റയും കുടിയും തുടങ്ങിയ ജീവിതത്തിന്റെ വിപരീത ദിശകള്‍ക്കിടയിലെ മാറ്റത്തിലാണ് അതിന്റെ ആനന്ദവും, സന്തോഷവും കുടികൊള്ളുന്നത്. മനുഷ്യന്‍ ഇവയെ പരിധി വിടാതെ ആവശ്യത്തിന് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നതാണ് പ്രശംസനീയമായ മിതത്വം. ഇവയില്‍ വല്ലാതെ കുറവ് വരുത്തുകയോ, കൂടുതല്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നത് മനുഷ്യന് നല്‍കപ്പെട്ട ഉത്തരവാദിത്വത്തില്‍ വരുത്തുന്ന വീഴ്ചയായാണ് പരിഗണിക്കപ്പെടുക. ഓരോ കാര്യത്തിലും ആവശ്യത്തേക്കാളുപരിയായി ഉപയോഗപ്പെടുത്തുന്നതിനെയാണ് ധൂര്‍ത്തെന്നും, ദുര്‍വ്യയമെന്നും വിശേഷിപ്പിക്കുന്നത് ‘ധൂര്‍ത്തന്മാരുടെ ആജ്ഞകള്‍ നിങ്ങള്‍ അനുസരിക്കരുത്. ഭൂമയില്‍ കുഴപ്പമുണ്ടാക്കുന്നവരാണ് അവര്‍. ഒരുവിധ സംസ്‌കരണവും വരുത്തവാരും'(അശ്ശുഅറാഅ് 151). ഈ ദൈവിക പരാമര്‍ശത്തില്‍ അല്‍ഭുതമില്ല.

കാരണം ദുര്‍വ്യയം മാരകമായ രോഗവും ഗുരുതരമായ കുറ്റവുമാണ്. അങ്ങേയറ്റത്തെ പ്രത്യാഘാതങ്ങളും തീര്‍ത്താല്‍ തീരാത്ത പ്രശ്‌നങ്ങളുമാണ് അവ സൃഷ്ടിക്കുക. അതുമുഖേന സന്തുലിതത്വം നഷ്ടപ്പെടുകയും മാനദണ്ഡങ്ങള്‍ തലകീഴായി മറിയുകയും ചെയ്യുന്നു. തല്‍ഫലമായി നന്മ തിന്മയായും ഉപകാരം ഉപദ്രവമായും മാറുന്നു. ഏറ്റവും മോശപ്പെട്ട തിന്മയാണ് അത്. വാക്കുകളിലും, പ്രവര്‍ത്തനങ്ങളിലുമെല്ലാം ധൂര്‍ത്ത് ഒരേ ഫലമാണ് ചെയ്യുക. ബുദ്ധിമാനായ മനുഷ്യന്‍ അതുപേക്ഷിക്കുന്നതിലാണ് സന്തോഷം കണ്ടെത്തുക. 

ധൂര്‍ത്തിനെക്കുറിച്ച് പണ്ഡിതരും, തത്ത്വജ്ഞാനികളും നന്നായി വിശദീകരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിര്‍ദേശങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുള്ളതാണ്. പ്രവാചക വചനങ്ങളെ അവര്‍ അതിനോട് ചേര്‍ത്തുവെച്ചിരിക്കുന്നു. അറബികളുടെ പഴഞ്ചൊല്ലുകളും, സാഹിത്യകാരന്മാരുടെ ഗദ്യങ്ങളും, കവികളുടെ പദ്യങ്ങളും അതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും കൊള്ളരുതായ്മയിലും, ദുഷ്ഫലങ്ങളിലുമെല്ലാം അവര്‍ ഏകാഭിപ്രായക്കാരാണ്. അന്നപാനീയങ്ങളില്‍ ധൂര്‍ത്ത് കാണിക്കരുതെന്നും അത് ആരോഗ്യത്തെ  പ്രതികൂലമായി ബാധിക്കുമെന്നും വൈദ്യന്മാര്‍ നിര്‍ദേശിക്കുന്നു. പ്രതീക്ഷയിലും സൂക്ഷ്മതയിലും അതിര് കവിയരുതെന്നും അത് അവസരം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ജീവിതാനുഭവമുള്ളവര്‍ ഉപദേശിച്ചിരിക്കുന്നു. ധനവും, സമ്പത്തും ധൂര്‍ത്തടിക്കരുതെന്നും, അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും സാമ്പത്തികവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാഠിന്യത്തിലും നൈര്‍മല്യത്തിലും അതിര് കവിയരുതെന്ന് പണ്ഡിതന്മാര്‍ ഉപദേശിക്കുന്നു. ധൂര്‍ത്തും, ദുര്‍വ്യയവും എല്ലാ അര്‍ത്ഥങ്ങളിലും വൃത്തികെട്ട ആശയമാണെന്നര്‍ത്ഥം. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ അതിനെ അഭിശംസിക്കുകയും, അതിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. 

കളവ് പറയുന്ന, ദുര്‍വ്യയം കാണിക്കുന്ന വ്യക്തി സന്മാര്‍ഗത്തില്‍ നിന്ന് വളരെ അകലെയാണെന്ന് ഖുര്‍ആന്‍ (ഗാഫിര്‍ 20) വ്യക്തമാക്കുന്നുണ്ട്. ധൂര്‍ത്തന്മാരെ അനുസരിക്കരുതെന്ന് (അശ്ശുഅറാഅ് 151) കല്‍പിക്കുന്ന ഖുര്‍ആന്‍  വിശ്വാസികള്‍ ധൂര്‍ത്ത് കാണിക്കുകയോ, പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതത്വം പാലിക്കുന്നവരാണെന്ന് കൂടി (അല്‍ഫുര്‍ഖാന്‍ 67) കൂട്ടിച്ചേര്‍ക്കുന്നു. അന്നപാനീയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും നിങ്ങള്‍ ധൂര്‍ത്തടിക്കരുതെന്ന് (അല്‍അഅ്‌റാഫ് 31) അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നുണ്ട്. ഭക്ഷണത്തില്‍ അമിതത്വം കാണിക്കുന്നത് ദഹനക്കേടിന് കാരണമാവുകയും ആമാശയത്തെ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് ‘ആമാശമാണ് രോഗത്തിന്റെ ഭവനം’ എന്ന് പണ്ട് കാലം മുതലെ പറയപ്പെടുന്നത്. തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ് ‘ആദമിന്റെ പുത്രന്‍ തന്റെ വയറിനേക്കാള്‍ മോശപ്പെട്ട ഒരു പാത്രവും നിറച്ചിട്ടില്ല. തന്റെ മുതുക് നിവര്‍ത്താനാവശ്യമായ ഏതാനും ഉരുളകള്‍ മതി അവന്’. 

Topics