ഏഴാം നൂറ്റാണ്ടിലെ പ്രാക്തന അറബുസമൂഹത്തിന്റെ പാരമ്പര്യത്തിലും മാനസിക ഘടനയിലും മദ്യം അലിഞ്ഞുചേര്‍ന്നിരുന്നു. അന്ന് നിലവിലുണ്ടായ നാഗരികതകളില്‍ മദ്യത്തെ തങ്ങളുടെ സംസ്‌ക്കാരത്തോടുചേര്‍ത്തുപിടിച്ചത് അറബികളത്രെ. അവരുടെ മദ്യസല്‍ക്കാരങ്ങളെ ആശ്രയിച്ചായിരുന്നു ഗോത്രമഹിമ കണക്കാക്കപ്പെട്ടിരുന്നത്. വിരചിക്കപ്പെട്ട കവിതകളധികവും മദ്യാസക്തിയെ മഹത്വവല്‍ക്കരിക്കുന്നവയാണ്. വ്യക്തികള്‍ അകപ്പെട്ട അരക്ഷിതാവസ്ഥയില്‍ നിന്നും കുടുംബത്തകര്‍ച്ചയില്‍ നിന്നും ഒളിച്ചോടാന്‍ മദ്യപാനം സഹായിക്കുമെന്നാണ് അന്നത്തെപ്പോലെ ആധുനിക സമൂഹത്തിന്റെയും ധാരണ. ദുര്‍ബലരെന്ന് കരുതി സ്ത്രീകളെ അവഗണനയുടെ അഗണ്യകോടിയിലേക്ക് തള്ളിയിടുന്നതുകൊണ്ടാണ് കുടുംബങ്ങള്‍ തകരുന്നത്. വിവാഹ മോചനവും അപഥസഞ്ചാരവും മറ്റും സര്‍വ്വസാധാരണമാകുന്നത് അതുകൊണ്ടാണ്. കുട്ടിക്കാലത്തെ പീഡനാനുഭവങ്ങളും വൈകാരികദുരന്തങ്ങളും കുടുംബത്തകര്‍ച്ചയും മദ്യത്തില്‍ ആശ്രയം കണ്ടെത്താന്‍ ദുര്‍ബല ചിന്താഗതിക്കാരെ പ്രേരിപ്പിക്കുന്നുവെന്ന് ആധുനിക മനശാസ്ത്ര വിശകലന വിശാരദര്‍ കണ്ടെത്തിയിരിക്കുന്നു.
ശിര്‍ക്കിന്റെ എല്ലാ മൂര്‍ത്തീമദ്ഭാവങ്ങളും അഴിഞ്ഞാടുമ്പോള്‍ തന്നെയാണ് വിശ്വാസിസമൂഹത്തെ പ്രവാചകന് വളര്‍ത്തിയെടുക്കേണ്ടിവന്നത്. അസാധാരണമായ നിശ്ചയദാര്‍ഢ്യവും വിപ്ലവവീര്യവും വളര്‍ത്തിയെടുത്തുകൊണ്ടാണ് അവരിലെ സ്വഭാവസംസ്‌ക്കരണം അദ്ദേഹത്തിന് സാധ്യമായതെന്ന് നമുക്കറിയാം.
പടിപടിയായുള്ള പരിവര്‍ത്തനത്തിന് പദ്ധതി:
മൂന്ന് വര്‍ഷത്തെ ക്രമപ്രവൃദ്ധമായ ഖുര്‍ആനിക നിര്‍ദ്ദേശങ്ങളുടെ പ്രയോഗവല്‍ക്കരണമായിരുന്നു ലഹരി നിരോധനമെന്നത്. പ്രവാചകന്റെ ഇടപെടലിലൂടെ മദ്യപാനം എന്ന ദുര്‍വൃത്തിയില്‍ നിന്ന് ഇസ് ലാം അവരെ എന്നെന്നേക്കുമായി മോചിപ്പിച്ചു.
മദ്യം നിഷിദ്ധമാണെന്ന് കേട്ടപ്പോള്‍തന്നെ അതുപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകം അവരെ സംസ്‌ക്കരിച്ച രീതിശാസ്ത്രമായിരുന്നു. കുടിച്ചുകൊണ്ടിരുന്നതിനെ അവര്‍ തുപ്പിക്കളഞ്ഞു. വയറ്റിലായത് വായില്‍ വിരലിട്ടുഛര്‍ദ്ദിച്ച് പുറത്താക്കി. ചഷകങ്ങളില്‍ ബാക്കിയായതിനെ ചഷകത്തോടെ വലിച്ചെറിഞ്ഞു. മദ്യം സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ വഴിയിലേക്കെറിഞ്ഞ് തച്ചുടച്ചു. മദീനയില്‍ സുരയരുവി ഒഴുകുമാറ് എല്ലാ ശേഖരങ്ങളും ചൊരിഞ്ഞുകളഞ്ഞു. വിശ്വാസം മനസ്സില്‍ കരുപ്പിടിപ്പിച്ച ദൃഢനിശ്ചയത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ചരിത്രമൊരിക്കലും കണ്ടിട്ടില്ലാത്ത ആ മദ്യവര്‍ജനപ്രക്രിയ.
മാറ്റത്തിനുള്ള ചോദന:
ഒരു സാമൂഹികനിയമത്തിന്റെ നന്മയും അതിന്റെ പ്രയോജനപരതയും ബോധ്യപ്പെട്ടാല്‍ ജനസമൂഹം അതിനെ സ്വീകരിക്കുമെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. മദീനയിലെ പ്രവാചക അനുയായികളെ മദ്യവുമായി ബന്ധപ്പെട്ട കല്പന ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കിയത് ഏകദൈവ വിശ്വാസവും തദനുസൃതമുള്ള ജീവിതവുമാണ്. അതുകൊണ്ടുതന്നെ മദ്യവര്‍ജനം നടപ്പിലാകുന്നതിന്റെ പരിശ്രമങ്ങള്‍ക്ക് 13 വര്‍ഷത്തെ ചരിത്രമുണ്ട്. പ്രവാചകന്‍ ആദ്യം അറബികളുടെ തെറ്റായ വിശ്വാസത്തെയും ആചാരങ്ങളെയും ആക്രമിച്ചു. അധാര്‍മിക വൃത്തികളുടെ ഉല്‍ഭവം അത്തരം വിശ്വാസങ്ങളായിരുന്നുവല്ലോ. ഈ ജാഹിലിയ്യത്തിന്റെ പ്രകട രൂപങ്ങളായിരുന്നു മദ്യം, ചൂതാട്ടം, അശ്ലീലത തുടങ്ങിയവയൊക്കെതന്നെ. അതിനാല്‍ നബി(സ) ജനങ്ങളുടെ പിഴച്ച വിശ്വാസത്തെ തിരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തി. ഇവിടെ ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ക്ക് നാളെ അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരുമെന്ന ബോധം അങ്കുരിപ്പിച്ചു. അവരില്‍ നരക ശിക്ഷയെക്കുറിച്ച ഭീതിജനിപ്പിച്ചു. സ്വര്‍ഗത്തെക്കുറിച്ച പ്രത്യാശ നല്‍കി. വിശ്വാസക്രമം അടിമുടി മാറിയതോടെ തന്നിഷ്ടം പ്രവര്‍ത്തിക്കാമെന്ന ധാര്‍ഷ്ട്യം ഇല്ലാതായി. വൈരനിര്യാതന ബുദ്ധി സാഹോദര്യബോധത്തിന് വഴിമാറി. കുടുംബങ്ങള്‍ കെട്ടുറപ്പുള്ള സമൂഹതാളക്രമത്തിന് ഇമ്പം പകര്‍ന്നു. വ്യക്തികള്‍തമ്മിലും ഗോത്രങ്ങള്‍ക്കിടയിലും സുരക്ഷിത ബോധം സൃഷ്ടിക്കപ്പെട്ടു. തിന്മകള്‍ പൊത്തിലൊളിച്ചു.
സാമൂഹിക പ്രേരണ:
നന്മചെയ്യാനുള്ള പ്രേരണയും തിന്മ വര്‍ജിക്കാനുള്ള താക്കീതും ദൈവത്തില്‍ നിന്ന് മനുഷ്യനുള്ള വെളിപാടായിരുന്നു. ഏത് കര്‍മത്തിനുമുള്ള പ്രതിഫലത്തെക്കുറിച്ച നിരന്തരമായ ഓര്‍മപ്പെടുത്തലിനെ ദൈവിക വചനങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ അതിന്റെ സ്വാധീനം വലുതത്രെ. ആധുനിക ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ള പരിമിതിയും ഇവിടെയാണ്. പരലോക ശിക്ഷയെക്കുറിച്ച ബോധം സമൂഹത്തില്‍ വേരുറച്ചതാണ്. വിശ്വാസിയായ മുസ് ലിമിന് ദൈവകോപത്തെക്കാള്‍ വലുതല്ല ഇഹലോക നേട്ടം. ഭൗതികനഷ്ടം ദൈവപ്രീതിയെ അപേക്ഷിച്ച് ഒന്നുമല്ല. ദൈവകല്‍പ്പനകള്‍ അനുസരിക്കുമ്പോള്‍ അവന് കിട്ടുന്ന മാനസിക സന്തോഷവും ആത്മ നിര്‍വൃതിയും അവനെ സംബന്ധിച്ച് ഇവിടെനിന്ന് കിട്ടുന്ന പ്രതിഫലമാണ്. പരലോകത്ത് അളവറ്റ പ്രതിഫലം അവനെ കാത്തിരിക്കുന്നുവെന്ന് മനസ്സ് എപ്പോഴും പ്രത്യാശയോടെ മന്ത്രിക്കുന്നു.
ഇസ് ലാം സ്വസമൂഹത്തില്‍ വളര്‍ത്തിയെടുത്തിട്ടുള്ള പൊതുബോധത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് മറ്റൊരു സംഗതിയാണ്. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി എല്ലാതലങ്ങളും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പൊതുബോധത്തെ പ്രതിഷ്ഠിക്കുന്നു. മദ്യപാനിയില്‍ ആരോഗ്യകരമായ സമ്മര്‍ദ്ധം ചെലുത്താന്‍ ഇതു വളരെയേറെ സഹായിക്കും. ദുശ്ശീലങ്ങളില്‍ നിന്ന് പടിപടിയായുള്ള വിമുക്തി അത്തരം സാഹചര്യങ്ങളില്‍ സാധ്യമാണ്. ഇസ് ലാമിന്റെ കോട്ടകണക്കെയുള്ളസാഹോദര്യബന്ധവും പരസ്പര ബന്ധവും തെറ്റുകളിലേക്ക് വഴുതിവീഴുന്നവനെ സംരക്ഷിക്കാനും അവനെ പരിഗണിക്കാനുമുള്ള പ്രേരണയാണ്. ഇതിനപ്പുറം പ്രധാനപ്പെട്ട മറ്റൊരു സംഗതിയുമുണ്ട്. ചോദ്യം ചെയ്യാന്‍ കഴിയുന്ന, അനുസരിപ്പിക്കാന്‍ കഴിയുന്ന ശക്തമായ നേതൃത്വം ഇസ് ലാമിനുണ്ടായിരുന്നു. പ്രവാചകന്റെ നേത പാടവം അനുയായികളില്‍ അനന്യ മാതൃകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അനുസരിക്കാനും അനുകരിക്കാനും അവര്‍ വ്യഗ്രത കാട്ടി.
പടിഞ്ഞാറന്‍ സാംസ്‌കാരിക അധിനിവേശത്തിന്റെ ഇക്കാലത്ത് വിശ്വാസ ദൗര്‍ബല്യം നമ്മെ ചൂഴ്ന്നുനില്‍ക്കുന്നുവെങ്കിലും പരസ്പരമുള്ള ഗുണകാംക്ഷ നമ്മുടെ ബോധമണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. സുപ്രസിദ്ധ ഇസ് ലാമിക മനഃശാസ്ത്രജ്ഞനായ മാലിഖ് ബദ് രി ഇസ് ലാമിക ആദര്‍ശത്തിന്റെ ഈ സവിശേഷ സ്വഭാവഗുണം തന്റെയടുക്കല്‍ വരുന്ന മദ്യപന്‍ന്മാരുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താറുണ്ടെന്ന് പറയുന്നു. ഇതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം പശ്ചാത്താപവിവശനായി, തെറ്റുകള്‍ ഏറ്റുപറഞ്ഞ് പുതിയ മനുഷ്യനായി ജീവിതം ആരംഭിക്കാന്‍ ഇസ് ലാം അവസരം നല്‍കുന്നുവെന്നതാണ്. എപ്പോഴും ഏത് സമയത്തും കാരുണ്യവാനായ ദൈവം എല്ലാം വിട്ടുപൊറുത്തുതരുമെന്ന ചിന്ത നിരാശാബോധത്തില്‍ നിന്നും മനുഷ്യനെ മുക്തനാക്കുന്നു.
ആഫ്രോ അമേരിക്കന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കവേ തനിക്കുണ്ടായ അനുഭവത്തെ ജയിംസ് ബാള്‍ഡ് വിന്‍ തന്റെ ‘ദ ഫയര്‍ നെക്സ്റ്റ് ടൈം’ എന്ന പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: ‘ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട ആളുകള്‍ തങ്ങളുടെ ഇസ് ലാം ആശ്ലേഷത്തോടെ ആസക്തികളില്‍ നിന്ന് ക്ഷിപ്രവേഗത്തില്‍ മോചിതരാകുന്നുവെന്നത് എന്നെ ഒട്ടേറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മനഃപരിവര്‍ത്തനത്തോടെ ,തന്റെ ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത സംഗതികളെ അവര്‍ ഉള്‍ക്കൊള്ളുന്നു. തദനുസൃതം സ്വഭാവങ്ങളെ പരിഷ്‌ക്കരിക്കുന്നു. സാമൂഹിക ക്ഷേമ പ്രവര്‍ത്തകരും പ്രശ്‌ന പരിഹാര സമിതികളും പരാജയപ്പെട്ടിടത്ത് ഇസ് ലാം ഇങ്ങനെ അനായാസവിജയം നേടുന്നു. മയക്കുമരുന്നുമാഫിയയില്‍ നിന്നും മദ്യാസക്തരില്‍ നിന്നും തങ്ങളുടെ ഭവനങ്ങളും കളിസ്ഥലങ്ങളും സംരക്ഷിക്കാന്‍ പാര്‍പ്പിട നിര്‍മ്മാണ കമ്പനികള്‍ വിഷമിച്ചിരുന്നു. ആളുകള്‍ മദ്യാസക്തരെ ദുശ്ശീലങ്ങളില്‍ നിന്ന് കരകയറ്റാന്‍ ഒട്ടേറെ പരിശ്രമിക്കുന്നുണ്ട്. ജയിലില്‍ നിന്നിറങ്ങുന്നവരെ മാനസാന്തരപ്പെടുത്തി, തെറ്റുകളില്‍ നിന്ന് വിമോചിപ്പിച്ച്, ജീവിത വിശുദ്ധി പുലര്‍ത്തുന്ന പുരുഷന്‍മാരും നന്മ നിറഞ്ഞ സ്ത്രീകളുമാക്കി അവരില്‍ അഭിമാനവും ശാന്തിയും പ്രശോഭിപ്പിക്കാന്‍ പക്ഷേ, സാധിച്ചത് ഇസ് ലാമിന് മാത്രമാണ്.’
(അരിസോണയിലെ അമേരിക്കന്‍ കറക്ഷണല്‍ കോര്‍പ്പറേഷനിലെ ഇസ് ലാമിക് കണ്‍സല്‍ട്ടന്റാണ് ഡോ. സിറാജ് മുഫ്തി)
Add Comment