വിശ്വാസം-ലേഖനങ്ങള്‍

ആത്മസംഘര്‍ഷമില്ലാത്ത വിശ്വാസി മനസ്സ്

മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന പൈലറ്റിനെക്കുറിച്ച് പൂര്‍ണ വിശ്വാസമാണ് ഉള്ളത്. പൈലറ്റിന് വഴിതെറ്റുകയില്ലെന്നും, അദ്ദേഹത്തിന് തന്റെ മേഖലയില്‍ പരിജ്ഞാനവും വൈദഗ്ധ്യവും ഉണ്ടെന്നും വിശ്വാസിക്ക് അറിയാം. എല്ലാ സാഹചര്യങ്ങളും അഭിമുഖീരിക്കാന്‍ അവന്‍ സജ്ജനാണ്. ചൂടും തണുപ്പും, കാറ്റും മഴയും ഭേദിച്ച് വിമാനം മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.

വിശ്വാസി സമാധാനത്തോടെ ഉറങ്ങുകയും ശാന്തമായി തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്യുന്നു. യാത്രക്കിടയില്‍ വിമാനം മെല്ലെ ചെരിയുകയോ, താഴുകയോ, ഉയരുകയോ ചെയ്താല്‍ പോലും അദ്ദേഹത്തിന് വിറയോ കുലുക്കമോ ബാധിക്കുകയില്ല. അവയെല്ലാം പൂര്‍ണ ആസൂത്രണത്തോടെ, പൈലറ്റിന്റെ ഉദ്ദേശ്യത്തോടെയാണ് നടക്കുന്നതെന്ന് വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ വിശ്വാസി തന്റെ മനസ്സിനെ പൂര്‍ണമായും അതിന് സജ്ജമാക്കുന്നു. അദ്ദേഹം പൈലറ്റിനെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ഇല്ല. തന്റെ എല്ലാ വിശ്വാസവും അദ്ദേഹത്തില്‍ സമര്‍പിച്ച് ശാന്തമായ മനസ്സോടെ തന്റെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് ചെയ്യുന്നത്. 

ഇപ്രകാരമാണ് വിശ്വാസിയും തന്റെ നാഥനും തമ്മിലുള്ള ബന്ധം. സംഭവങ്ങളുടെ ഗതി നിര്‍ണയിക്കുന്ന, ഗോളങ്ങളെ നയിക്കുന്ന, അവയുടെ ദിശ നിര്‍ണയിക്കുന്ന, അവയുടെ ഉദയാസ്തമയങ്ങള്‍ തീരുമാനിക്കുന്നവനാണ് വിശ്വാസിയുടെ നാഥന്‍. തന്റെ കഴിവില്‍പെടാത്ത എന്ത് കാര്യവും ഒടുവില്‍ തനിക്ക് നന്മയായി ഭവിക്കുമെന്ന് വിശ്വാസി ഉറച്ച് പ്രതീക്ഷിക്കുന്നു. 

അവന് രോഗം ബാധിക്കുകയും അത് ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം പരാജയപ്പെടുകയുംചെയ്താല്‍ അത് തനിക്ക് നന്മയാണെന്ന് അവന്‍ മനസ്സില്‍ വിശ്വസിക്കുന്നു. താന്‍ നട്ടുവളര്‍ത്തിയ തന്റെ കൃഷി വെയിലേറ്റ് ഉണങ്ങി നശിച്ചാല്‍ അവനതില്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു തനിക്ക് അതിനേക്കാള്‍ ഉത്തമമായത് പകരം വെക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. തന്റെ പ്രണയത്തില്‍ പരാജയപ്പെട്ടാല്‍, പ്രസ്തുത പരാജയമാണ് വിവാഹ പരാജയത്തേക്കാള്‍ ഉത്തമമെന്ന് അവന്റെ മനസ്സ് പറയുന്നു. വിവാഹ ജീവിതത്തില്‍ പരാജയപ്പെടുന്നുവെങ്കില്‍ ‘അല്ലാഹുവിന് സ്തുതി, അവന്‍ തിന്മ എടുത്ത് കളഞ്ഞ് എനിക്ക് ആശ്വാസം നല്‍കിയല്ലോ’ എന്ന് അവന്‍ പ്രതിവചിക്കുന്നു. മോശപ്പെട്ട കൂട്ടിനേക്കാള്‍ ഉത്തമമായത് ഏകനായി ജീവിക്കുന്നതാണല്ലോ. തന്റെ കച്ചടം പൊളിഞ്ഞ് പോയാല്‍ ‘അല്ലാഹുവിന് സ്തുതി, ഞാന്‍ സമ്പന്നനായാല്‍ വഴികെട്ടേക്കാം എന്ന് അറിഞ്ഞവനാണ് അവന്‍’ എന്നായിരിക്കും വിശ്വാസിയുടെ ആത്മഗതം. വിശ്വാസിയുടെ സമീപനം എപ്പോഴും ‘നിങ്ങള്‍ വെറുക്കുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് നന്മയായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം ഒരു പക്ഷെ നിങ്ങള്‍ക്ക് തിന്മയായേക്കാം. അല്ലാഹുവാണ് കാര്യങ്ങള്‍ നന്നായി അറിയുന്നവന്‍. നിങ്ങള്‍ അറിവില്ലാത്തവരാണ്’. (വിശുദ്ധ ഖുര്‍ആന്‍). 

ഹൃദയശാന്തതയും മനസ്സമാധാനവും വിശ്വാസിയുടെ തുണയാണ്. ഇഹലോകം പരീക്ഷണകേന്ദ്രമാണെന്നും, അത് സ്ഥിരവാസകേന്ദ്രമല്ല മറിച്ച് കേവലം ഇടവഴിയാണെന്നും, താല്‍ക്കാലിക ആതിഥേയത്വമാണ് അവിടെ നിന്ന് ലഭിക്കുന്നതെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച വിശ്വാസിക്ക് മാത്രമേ ഉള്ളൂ. ഇഹലോകത്ത് ക്ഷമയോടെ, കൃതജ്ഞതാപൂര്‍വം ജീവിക്കുന്നവനാണ് നേട്ടം കൊയ്തവനും വിജയം വരിച്ചവനുമെന്ന് അവന്‍ തിരിച്ചറിയുന്നു. അവന്റെ ഹൃദയത്തിലേക്ക് ആശങ്ക കടന്നുവരികയില്ല. അവന്റെ മനസ്സില്‍ അസ്വസ്ഥതകളില്ല. കാരണം അവയെല്ലാം അല്ലാഹുവിനെ എപ്പോഴും  സ്മരിച്ചുകൊണ്ടേയിരിക്കുകയാണ്. ഓരോ ഹൃദയമിടിപ്പിനോടും ചേര്‍ന്ന് അല്ലാഹ്…. അല്ലാഹ്… എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു അവന്‍. പിശാചിന് അവന്റെ മനസ്സില്‍ ഇടമില്ല. അവന് അവിടെ കാല്‍വെക്കാന്‍ പോലും സ്ഥലം ലഭിക്കില്ല. പ്രകൃതി വിപത്തോ, ദുരന്തങ്ങളോ കുലുക്കാത്ത, ഭൂകമ്പങ്ങളില്‍ തകര്‍ന്നുപോകാത്ത ഹൃദയമാണ് അത്. 

സ്‌നേഹവും കരുണയും ക്ഷമയും നന്ദിയും വിവേകവും വിട്ടുവീഴ്ചയും ആത്മനിര്‍വൃതിയുമെല്ലാമാണ് അവന്റെ മനസ്സിലുള്ളത്. നിരാശയോ, വേദനയോ, ദുഖമോ, വഞ്ചനയോ, പ്രതികാരമോ, അസൂയയോ, ഭയമോ അതില്‍ പ്രവേശിക്കുന്നില്ല. കാരണം അത് വിശ്വാസിയുടെ രാഷ്ട്രമാണ്. അവിടേക്ക് മാനസിക രോഗങ്ങള്‍ക്കോ, അസ്വസ്ഥതകള്‍ക്കോ പ്രവേശനമില്ല. 

സമ്പത്ത്, വികാരം, കുലമഹിമ, അധികാരം തുടങ്ങിയ ബിംബങ്ങളെ അവന്‍ മുമ്പേ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. അവയ്ക്കിനി എഴുന്നേറ്റ് നില്‍ക്കാനാവില്ല. ദൃഢനിശ്ചയത്തോടെ, ശാന്തതയോടെ, മനസ്സിനെ നിയന്ത്രണ വിധേയമാക്കി വിശ്വാസി മുന്നോട്ട് ഗമിക്കുന്നു. മനസ്സിന്റെ അടിമയില്‍ നിന്ന് അതിന്റെ ഉടമയായി അവന്‍ മാറിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് അത്. അല്ലാഹുവിന്റെ മനോഹരമായ ആവിഷ്‌കാരത്തെയും സൃഷ്ടിവൈഭവത്തെയും ചുറ്റും നിന്ന് അവന്‍ വായിച്ചെടുക്കുന്നു. വിജ്ഞാനം അധികരിക്കുന്നതനുസരിച്ച് അവന്റെ വിസ്മയം അധികരിച്ചുകൊണ്ടേയിരിക്കുന്നു. അവന് മടുപ്പോ ആലസ്യമോ, പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നേയില്ല.   

Topics