വിശ്വാസം-ലേഖനങ്ങള്‍

ആഢംബരത്തില്‍ ആറാടിയവര്‍ ഇന്നെവിടെ ?

1. താന്‍പോരിമയും അവിശ്വാസവും

എല്ലാവിധസുഖസൗകര്യങ്ങളും ആഡംബരങ്ങളും കൈപ്പിടിയിലാക്കിയ ഭൗതികപ്രമത്തരായ ആളുകള്‍ തങ്ങളുടെ സമ്പത്തും സ്ഥാനമാനങ്ങളും ഉപയോഗപ്പെടുത്തി അഹങ്കാരികളായി കഴിയുന്നു. അല്ലാഹുവിലേക്കും പരലോകവിജയത്തിലേക്കും ക്ഷണിച്ചാല്‍ അവര്‍ തീര്‍ത്തും അത് അവഗണിക്കുന്നു. അവര്‍ പുനരുത്ഥാനനാളിനെ ധിക്കരിക്കുക മാത്രമല്ല, അതിനെപ്പറ്റി പറയുന്ന ആളുകളെയോര്‍ത്ത് അത്ഭുതം കൂറുകയുംചെയ്യുന്നു. എല്ലും തോലും മണ്ണില്‍ നുരുമ്പിച്ചേര്‍ന്നശേഷവും  പഴയപടി പുനരുജ്ജീവിക്കപ്പെടുകയില്ലെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

‘അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: ”ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു.

നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, സംശയമില്ല; നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍ തന്നെ. നിങ്ങള്‍ മരിക്കുകയും എല്ലും മണ്ണുമായി മാറുകയും ചെയ്താല്‍ പിന്നെയും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുമെന്നാണോ ഇവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നത്?”നിങ്ങള്‍ക്കു നല്‍കുന്ന ആ വാഗ്ദാനം വളരെ വളരെ വിദൂരം തന്നെ. നമ്മുടെ ഈ ഐഹികജീവിതമല്ലാതെ വേറെ ജീവിതമില്ല. നാം ജീവിക്കുന്നു; മരിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല.

 ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച ഒരുത്തന്‍ മാത്രമാണിവന്‍. ഞങ്ങളൊരിക്കലും ഇവനില്‍ വിശ്വസിക്കുന്നവരല്ല'(അല്‍മുഅ്മിനൂന്‍ 33-38)

ഇതിലൂടെ അവരെ അല്ലാഹു അവര്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള നാശത്തിലകപ്പെടുത്തുകയാണ് ചെയ്യുന്നത്.

അദ്ദേഹം പറഞ്ഞു: ”എന്റെ നാഥാ, ഇവരെന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”അല്ലാഹു അറിയിച്ചു: ”അടുത്തുതന്നെ അവര്‍ കൊടുംഖേദത്തിനിരയാകും.അവസാനം യഥാര്‍ഥത്തില്‍ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി. അങ്ങനെ നാമവരെ ചവറുകളാക്കി. അക്രമികളായ ജനത്തിനു നാശം!(അല്‍മുഅ്മിനൂന്‍ 39-41)

2. അഹംഭാവവും നിഷേധവും

ആഡംബരപ്രമത്തര്‍ എല്ലായ്‌പോഴും ദുനിയാവിലെ  വിലകുറഞ്ഞ വിഭവങ്ങളില്‍ വഞ്ചിതരാകുന്നവരും അതിന്റെ പളപളപ്പില്‍ മതിമയങ്ങിപ്പോകുന്നവരും  ആയിരിക്കും. അത് നല്‍കുന്ന ആസ്വാദനങ്ങളും സുഖസൗകര്യങ്ങളും ഒരിക്കലും അല്ലാഹുവിന്റെ ശിക്ഷാവിധികള്‍ക്ക് വിധേയമാകില്ലെന്നും അവര്‍ ധരിച്ചുവശാകുന്നു. എന്നല്ല, അത്തരം സൗഭാഗ്യങ്ങള്‍ തങ്ങളിലുള്ള ദൈവത്തിന്റെ പ്രീതിയുടെ ദൃഷ്ടാന്തമാണെന്ന് അഹന്തനടിക്കുകയുംചെയ്യും. തങ്ങളെ ഒരിക്കലും കുറ്റവിചാരണചെയ്യില്ലെന്നും അവര്‍ കരുതുന്നു. എന്നാല്‍ ഖുര്‍ആന്‍ അവരുടെ ഇത്തരം വ്യാമോഹങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു.

ഏതൊരു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരെ അയച്ചുവോ, അപ്പോഴൊക്കെ അവിടങ്ങളിലെ ധൂര്‍ത്തന്മാര്‍ പറഞ്ഞു: ”നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ ഞങ്ങളിതാ തള്ളിക്കളയുന്നു. അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ”ഞങ്ങള്‍ കൂടുതല്‍ സമ്പത്തും സന്താനങ്ങളുമുള്ളവരാണ്. ഞങ്ങളെന്തായാലും ശിക്ഷിക്കപ്പെടുകയില്ല.പറയുക: ”എന്റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ ഉദാരത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതിലിടുക്കമുണ്ടാക്കുകയും ചെയ്യുന്നു.” പക്ഷേ, അധികമാളുകളും അതറിയുന്നില്ല.  നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ നമ്മോട് ഒട്ടും അടുപ്പിക്കുകയില്ല. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ക്ക് തങ്ങളുടെ കര്‍മങ്ങളുടെ ഇരട്ടി പ്രതിഫലം കിട്ടും. അവര്‍ അത്യുന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നവരായിരിക്കും. നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ വചനങ്ങളെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നവരെ കൊടിയശിക്ഷക്കിരയാക്കും.(സബഅ് 34-38)

ചരിത്രത്തില്‍ ഇതാണ് ആവര്‍ത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ആഢംബരപ്രമത്തത ഹൃദയത്തെ കരിങ്കല്ലിനെക്കാള്‍ കടുത്തതാക്കുന്നു. സത്യത്തിലേക്കുള്ള സൂചനകളെ നിരാകരിക്കുംവിധം മനുഷ്യനെ സ്വാഭാവികചോദനകളെ മാറ്റിമറിക്കുന്നു. സത്യത്തെ സദാ കളവാക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി ധിക്കാരിയായ വ്യക്തികള്‍ക്ക് മേല്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ യഥാര്‍ഥത്തില്‍ തനിക്കുള്ള ഇരയാണ് എന്ന് തിരിച്ചറിയുകപോലുമില്ല. നബിതിരുമേനി (സ)പറഞ്ഞു: ‘തന്റെ അഹിതകരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ആര്‍ക്കെങ്കിലും ദൈവഹിതം ലഭ്യമാകുന്നുവെങ്കില്‍ അത് പ്രലോഭനം മാത്രമല്ലാതെ മറ്റൊന്നുമല്ല.’ തുടര്‍ന്ന് തിരുമേനി ഖുര്‍ആന്‍ വചനം ചൊല്ലി.’അവര്‍ക്കു നാം നല്‍കിയ ഉദ്‌ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.'(അല്‍അന്‍ആം 44)(മുസ്‌നദ് അഹ്മദ്)

3. തിന്‍മയുടെ വക്താക്കള്‍

ആഢംബരത്തിന്റെ ആളുകള്‍ എപ്പോഴും അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവരും അത്തരംകാര്യങ്ങളോട് എളുപ്പത്തില്‍ പ്രതികരിക്കുന്നുവരുമായിരിക്കും. സത്യവും ധര്‍മവും തങ്ങളുടെ ശാരീരികേച്ഛകള്‍ക്ക് മൂക്കുകയറിടുമെന്ന് അവര്‍ തിരിച്ചറിയുന്നു. ആഗ്രഹങ്ങളിലും മോഹങ്ങളിലും ആസക്തിയിലും മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുന്ന അവരെ സത്യം വഴികാട്ടാന്‍ മുന്നില്‍വന്നാലും അതിനെ ധിക്കരിക്കാനായിരിക്കും താല്‍പര്യം. ഈ സ്വഭാവസവിശേഷതയെ ഖുര്‍ആന്‍ ഇപ്രകാരം വിവിവരിച്ചിരിക്കുന്നു:

‘കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.അവര്‍ ചോദിക്കാറുണ്ടായിരുന്നു; ”ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?ഞങ്ങളുടെ പൂര്‍വപിതാക്കളും?”(അല്‍വാഖിഅ 45-48)

തങ്ങളുടെ പിതാക്കന്‍മാര്‍ മുറുകെപ്പിടിച്ച പാരമ്പര്യമാണ് തങ്ങളും മുറുകെപ്പിടിക്കുന്നതെന്ന ന്യായവാദവും അവര്‍ ഉയര്‍ത്തും. ഖുര്‍ആന്‍ പറയുന്നു:

‘ ഇവ്വിധം നാം നിനക്കുമുമ്പ് പല നാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു; അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: ”ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒരു മാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്. ആ മുന്നറിയിപ്പുകാരന്‍ ചോദിച്ചു: ”നിങ്ങളുടെ പിതാക്കള്‍ പിന്തുടരുന്നതായി നിങ്ങള്‍ കണ്ട മാര്‍ഗത്തെക്കാള്‍ ഏറ്റം ചൊവ്വായ വഴിയുമായി ഞാന്‍ നിങ്ങളുടെ അടുത്തുവന്നാലും നിങ്ങളതംഗീകരിക്കില്ലേ?” അവര്‍ പറഞ്ഞു: ”നിങ്ങള്‍ ഏതൊരു ജീവിതമാര്‍ഗവുമായാണോ അയക്കപ്പെട്ടിരിക്കുന്നത് അതിനെ ഞങ്ങളിതാ തള്ളിപ്പറയുന്നു.’

ശിക്ഷിക്കപ്പെട്ട ആഢംബരപ്രമത്ത സമുദായങ്ങള്‍

ഖുര്‍ആനും ചരിത്രവും സുഖലോലുപരും ആഢംബരപ്രമത്തരുമായ ജനതയ്ക്ക്  നേരിടേണ്ടിവന്ന ദുരന്തം വിവരിക്കുന്നു. അവയില്‍ ചിലതാണ് താഴെ:

ആദ് സമൂഹം

തങ്ങളുടെ പൊങ്ങച്ചപ്രകടനവും ശക്തിപ്രകടനവും ആദ്‌സമൂഹം പ്രകടിപ്പിച്ചത് രമ്യഹര്‍മങ്ങള്‍ പണികഴിപ്പിച്ചുകൊണ്ടായിരുന്നു. പരലോകശിക്ഷയെക്കുറിച്ച യാതൊരു മുന്നറിയിപ്പുംവകവെക്കാതെ തികഞ്ഞ അഹംഭാവികളായി മാറി അവര്‍. അല്ലാഹുവിന്റെ ദൂതനും ആദുസമൂഹവുമായി നടന്ന സംഭാഷണം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ:

‘വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങള്‍ എല്ലാ കുന്നിന്‍മുകളിലും സ്മാരകസൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ?നിങ്ങള്‍ക്ക് എക്കാലവും പാര്‍ക്കാനെന്നപോലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുകയാണോ?നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്.അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.അല്ലാഹു നിങ്ങളെ സഹായിച്ചതെങ്ങനെയെല്ലാമെന്ന് നിങ്ങള്‍ക്കു നന്നായറിയാമല്ലോ. അതിനാല്‍ നിങ്ങള്‍ അവനെ സൂക്ഷിക്കൂ.കന്നുകാലികളെയും മക്കളെയും നല്‍കി അവന്‍ നിങ്ങളെ സഹായിച്ചു. അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ നാമവരെ നശിപ്പിച്ചു. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമദയാലുവുമാണ്.'(അശ്ശുഅറാഅ് 128-140)

സമൂദ് സമുദായം

ആദ്ജനതയെ തുടര്‍ന്നുവന്നവരായിരുന്നു സമൂദ് സമുദായം. തങ്ങളുടെ മുന്‍ഗാമികള്‍ക്ക് സംഭവിച്ചതെന്താണെന്നതിനെ സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ജ്ഞാനമുണ്ടായിരുന്നു. എന്നിരുന്നാലും അവരും ജീവിതത്തിന്റെ സുഖഭോഗാലസ്യങ്ങളില്‍ മുഴുകിക്കഴിഞ്ഞു. അവരിലേക്ക് കടന്നുവന്ന സ്വാലിഹ് പ്രവാചകനുമായുള്ള സംഭാഷണവും അവരുടെ പരിണതിയും ഖുര്‍ആന്‍ വിവരിക്കുന്നതുകാണുക:

”അല്ലാ, ഇവിടെ ഇക്കാണുന്നതിലൊക്കെ നിര്‍ഭയമായി യഥേഷ്ടം വിഹരിക്കാന്‍ നിങ്ങളെ വിട്ടേക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?അതായത് ഈ തോട്ടങ്ങളിലും അരുവികളിലും?വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും? നിങ്ങള്‍ ആര്‍ഭാടപ്രിയരായി പര്‍വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു.നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്.ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്‌കരണവും വരുത്താത്തവരും.അവര്‍ പറഞ്ഞു: ”നീ മാരണം ബാധിച്ചവന്‍ തന്നെ.നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍! അദ്ദേഹം പറഞ്ഞു: ”ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്. ”നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും. എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി. അങ്ങനെ മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.(അശ്ശുഅറാഅ് 146-159)

ഫറോവയും കിങ്കരന്‍മാരും

സുഖലോലുപരും അധമനടപടിക്കാരുമായ ഭീകരഭരണമേലാളവര്‍ഗത്തിന്റെ പ്രതീകമായി ഉദാഹരിക്കപ്പെടുന്നത് ഫറോവയെയാണ്. തന്റെ ജനതയോട് അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയാനും ആട്ടിയോടിക്കാനും ആഹ്വാനംചെയ്ത ധിക്കാരിയായിരുന്നു അയാള്‍. ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക:

‘ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: ”എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ? അല്ല, നന്നെ നിസ്സാരനും വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഇവനെക്കാളുത്തമന്‍ ഞാന്‍ തന്നെയല്ലേ? ഇവന്‍ പ്രവാചകനെങ്കില്‍ ഇവനെ സ്വര്‍ണവളകളണിയിക്കാത്തതെന്ത്? അല്ലെങ്കില്‍ ഇവനോടൊത്ത് അകമ്പടിക്കാരായി മലക്കുകള്‍ വരാത്തതെന്ത്? അങ്ങനെ ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു. അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി. അങ്ങനെ അവരെ നാം പിന്‍ഗാമികള്‍ക്ക് ഒരു മാതൃകയാക്കി. ഒപ്പം ഗുണപാഠമാകുന്ന ഒരുദാഹരണവും.'(അസ്സുഖ്‌റുഫ് 51-56)

ഖാറൂന്‍

അനുഗ്രഹങ്ങളെ നിസ്സാരവത്കരിച്ച്, അതിരുലംഘിച്ച്, അല്ലാഹുവിന്റെ കാരുണ്യത്തെ നിഷേധിച്ച് , സാധാരണജനത്തിന്റെ ഹൃദയംനിര്‍ദ്ദയം പിച്ചിച്ചീന്തുന്നവരുടെ പ്രതിനിധിയാണ് ഖാറൂന്‍.

‘അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടുംകൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് ഐഹികജീവിതസുഖം കൊതിക്കുന്നവര്‍ പറഞ്ഞു: ”ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ മഹാ ഭാഗ്യവാന്‍ തന്നെ.”

 എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: ”നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല.അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തി. അപ്പോള്‍ അല്ലാഹുവൊഴികെ അവനെ സഹായിക്കാന്‍ അവന്റെ കക്ഷികളാരുമുണ്ടായില്ല. സ്വന്തത്തിന് സഹായിയാകാന്‍ അവനു സാധിച്ചതുമില്ല.”(അല്‍ഖസ്വസ്വ് 79-81)

ഇന്ന് സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍കൊണ്ടും സമ്പത്തുകൊണ്ടും ശരീരഗാംഭീര്യംകൊണ്ടും പെരുമനടിക്കുകയും സത്യത്തെ പുച്ഛിച്ചുതള്ളുകയുംചെയ്യുന്ന അധികാരിവര്‍ഗവും മേലാളവര്‍ഗവും മുന്‍കാലസമൂഹത്തിന്റെയും ഭരണാധികാരികളുടെയും വ്യക്തികളുടെയും പരിണിതി അറിഞ്ഞിരുന്നുവെങ്കില്‍!

Topics