വിശ്വാസം-ലേഖനങ്ങള്‍

അവര്‍ അയല്‍ക്കാരല്ല; അടുപ്പക്കാര്‍

മനുഷ്യരാശിക്ക് മുഹമ്മദ് നബിയിലൂടെ ദൈവത്തില്‍നിന്നവതീര്‍ണമായ ദൈവികസന്ദേശത്തില്‍ അയല്‍ക്കാരോടുള്ള പെരുമാറ്റനിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ട്. ജാതിമതവര്‍ണവര്‍ഗദേശഭാഷാ ഭേദമില്ലാതെ അയല്‍ക്കാരനോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറണമെന്ന് അത് പഠിപ്പിക്കുന്നു. ആഇശയില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: നബിതിരുമേനി (സ) പറഞ്ഞു.’എന്റെ അനന്തരസ്വത്തില്‍ പങ്കാളി ആക്കിയേക്കുമോയെന്ന് ഭയപ്പെടുമാറ് അയല്‍ക്കാരോടുള്ള പെരുമാറ്റത്തെപ്പറ്റി ജിബ്‌രീല്‍ എന്നോട് വസ്വിയത് ചെയ്തുകൊണ്ടിരുന്നു(മുസ്‌ലിം)’. അയല്‍ക്കാര്‍ക്കുള്ള അവകാശങ്ങള്‍ എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് ഈ ഹദീഥ് നമ്മെ പഠിപ്പിക്കുന്നു.

‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.'(അന്നിസാഅ് 36). പ്രപഞ്ചനാഥനോടും സഹജീവികളോടുമുള്ള ബാധ്യതകളെപ്പറ്റി നബി തന്റെ അനുചരന്‍മാരെ താക്കീതുചെയ്തിരുന്നു. ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘ആര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അയല്‍വാസിയെ ശല്യപ്പെടുത്താതിരിക്കട്ടെ.’ സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെ അയല്‍ക്കാരന്‍ പട്ടിണിയാലോ സാമ്പത്തികബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇക്കാലത്ത് അയല്‍പക്കത്തെ വൃദ്ധജനങ്ങള്‍ ആരോരുമില്ലാതെ അവഗണിക്കപ്പെടുന്നു. അതേപോലെ നാം ഒട്ടേറെ ഭക്ഷണപദാര്‍ഥങ്ങള്‍ പാഴാക്കുമ്പോള്‍ അയല്‍പക്കത്ത് ഭക്ഷണംകിട്ടാതെ പട്ടിണികിടക്കുന്നവരുണ്ട്. അയല്‍ക്കാരന് നല്‍കാന്‍ വേണ്ടി കറിയില്‍ അല്‍പം കൂടി വെള്ളംചേര്‍ത്ത് നീട്ടണമെന്ന് അബൂദര്‍റുല്‍ ഗിഫാരിയോട് നബിതിരുമേനി പറഞ്ഞ ചരിത്രം നാംകേട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറ് എന്ന ഒരു സ്വഹാബി തന്റെ വീട്ടില്‍ ആടിനെയറുത്തപ്പോള്‍ അയല്‍ക്കാരനായ ജൂതസഹോദരന് അതില്‍നിന്ന് ഒരു വിഹിതം കൊടുത്തോയെന്ന് വേലക്കാരനോട് ആവര്‍ത്തിച്ച് അന്വേഷിച്ചതായി മറ്റൊരു റിപോര്‍ട്ടില്‍ കാണാം.

വിശ്വാസി തന്റെ സഹോദരങ്ങള്‍ക്ക് സമ്മാനം നല്‍കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അത് എത്രതന്നെ മൂല്യംകുറഞ്ഞതായി കണ്ടാലും ശരി. ഉദാരമനസ്സിന്റെ പ്രതിഫലനമാണ് സമ്മാനംനല്‍കുന്നതിലൂടെ സംഭവിക്കുന്നത്. കൊടുക്കുന്നതാണ് അതിന്റെ മൂല്യം നിര്‍ണയിക്കുന്നത്. പരസ്പരമുള്ള വിശ്വാസവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ സമ്മാനങ്ങള്‍ സഹായിക്കുന്നു. തനിക്ക് സമ്മാനം നല്‍കാന്‍ കഴിയുന്ന അയല്‍ക്കാര്‍ ആരെന്ന ആഇശ(റ)യുടെ ചോദ്യത്തിന് തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു:’നിന്റെ വീടിനടുത്ത് താമസിക്കുന്ന എല്ലാവരും അതിനര്‍ഹരാണ്’ . നമ്മുടെ അടുപ്പവും പരിചരണവും ലഭിക്കാന്‍ ഏറ്റവും അര്‍ഹത തൊട്ടടുത്ത അയല്‍ക്കാരാണെങ്കിലും പൊതുവായി എല്ലാ അയല്‍ക്കാരെയും പരിഗണിക്കാന്‍ ഇസ്‌ലാം ആഹ്വാനംചെയ്യുന്നു. ഒരു സമൂഹമെന്ന നിലക്ക് മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും പരിഗണിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്നത് പ്രത്യേകം സുവിദിതമാണ്.

ഒരു വ്യക്തി അനുഭവിക്കുന്ന പ്രയാസം സമൂഹത്തിന്റെ മൊത്തം പ്രയാസമായി കണക്കാക്കുകയെന്നതാണ് ഇസ്‌ലാം അനുയായികളെ പഠിപ്പിക്കുന്നത്. പ്രയാസവും വിഷമതകളും നേരിടുമ്പോള്‍ ബന്ധുക്കളെ കഴിഞ്ഞാല്‍ നാം ആശ്രയിക്കുന്നത് അയല്‍ക്കാരെയാണ്. അതിനാല്‍തന്നെ അയല്‍ക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാത്തവന് ജീവിതം ദുരിതപൂര്‍ണമായിരിക്കും. അതിനാല്‍ തന്നെ പരസ്പരം വിശ്വാസവും സഹകരണവും വെച്ചുപുലര്‍ത്തുന്ന അയല്‍പക്കങ്ങളെ ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. അവിടെ ജാതിമതചിന്തകള്‍ വിലങ്ങുതടികളായിക്കൂടാ. അയല്‍ക്കാര്‍ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നുനല്‍കാന്‍ മുസ്‌ലിമിന്കഴിയണം. മുസ്‌ലിമിന്റെ ജീവിതത്തില്‍ സന്തോഷകരമായ ഒന്നാണ് നല്ല അയല്‍ക്കാരനെന്ന് നബിതിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി.’ഒരു വിശ്വാസിയുടെ ജീവിതത്തില്‍ മൂന്ന് സംഗതികള്‍ സന്തോഷം പകരുന്നവയാണ്: നല്ല അയല്‍ക്കാരന്‍, വിശാലമായ വീട്, നല്ല വാഹനം'(ഹാകിം). നല്ല അയല്‍ക്കാരന്‍ ആശ്വാസവും സുരക്ഷിതത്വബോധവും സംരക്ഷണവും നല്‍കുന്നവനായിരിക്കും. ഇക്കാരണത്താല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ പ്രീതികാംക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ തന്റെ അയല്‍ക്കാരനെ പരിഗണിക്കുകയും ഉദാരതയോടെ പെരുമാറുകയുംചെയ്യും.

അയല്‍ക്കാരെ ഉപദ്രവിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് നബിതിരുമേനി താക്കീതുനല്‍കിയിട്ടുണ്ട്. നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ക്ക് പുറമേ ഐശ്ചികകര്‍മങ്ങളും ധാരാളം ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയുംചെയ്തിരുന്ന ഒരു സ്ത്രീ തന്റെ അയല്‍ക്കാരോട് പരുഷമായി പെരുമാറിയതിന്റെ പേരില്‍ നരകശിക്ഷയ്ക്ക് അര്‍ഹയാണെന്ന് നബി പറയുകയുണ്ടായി. അതേസമയം മറ്റൊരു സ്ത്രീ അവര്‍ നിര്‍ബന്ധകര്‍മങ്ങള്‍ മാത്രം ചെയ്യുകയും കുറച്ചുമാത്രം ദാനധര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരായിരുന്നു. എന്നാല്‍ അവരില്‍നിന്ന് അയല്‍ക്കാര്‍ക്ക് യാതൊരുവിധത്തിലുമുള്ള പ്രയാസങ്ങള്‍ നേരിടേണ്ടിവന്നില്ലയെന്ന കാരണത്താല്‍ സ്വര്‍ഗത്തിന് അര്‍ഹയായി. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണത്തിനും സഹവര്‍ത്തിത്വത്തിനും ഇസ്‌ലാം അതിയായ പ്രാധാന്യം നല്‍കുന്നുവെന്നാണ് ഈ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.

മോശം അയല്‍ക്കാരോടുള്ള ഇടപെടല്‍

എല്ലാ അയല്‍ക്കാരോടും ഏറ്റവും നല്ല രീതിയില്‍ പെരുമാറണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. എന്നിരുന്നാലും സാമാന്യമര്യാദപോലും വെച്ചുപുലര്‍ത്താത്ത മോശം അയല്‍ക്കാരും ചിലര്‍ക്കുണ്ടാകാം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ഏതുമോശം പ്രവര്‍ത്തനത്തോടും പകയോ വിദ്വേഷമോ വെച്ചുപുലര്‍ത്തി പ്രതികരിക്കുന്നവരല്ല. ഏറ്റവും നല്ല രീതിയില്‍ പെരുമാറി അത്തരം അയല്‍ക്കാരെ നന്നാക്കാനാണ് അവര്‍ പരിശ്രമിക്കുക. അതിനാല്‍ അവര്‍ മോശം പെരുമാറ്റങ്ങള്‍ സഹിക്കുന്നു. എന്നാല്‍ പെരുമാറ്റം അസഹനീയവും പരിധി ലംഘിക്കുന്നതുമാകുമ്പോള്‍ മറ്റൊരു നിലപാട് സ്വീകരിക്കേണ്ടിവരും. അയാളുടെ മോശം പ്രവര്‍ത്തനം മറ്റുള്ളവരോട് പറയുകയെന്നതാണ് ഒരുവഴി.

ഒരിക്കല്‍ മോശം അയല്‍ക്കാരനെക്കുറിച്ച് പരാതിപറഞ്ഞ ആളോട് തന്റെ വീട്ടുസാമഗ്രികള്‍ എടുത്ത് റോഡിന്റെ മധ്യത്തില്‍ കുത്തിയിരിക്കാന്‍ ഉപദേശിച്ചു. അതെത്തുടര്‍ന്ന് ആ അയല്‍ക്കാരന്‍ മാപ്പുചോദിച്ചു. ഒരാളും തന്റെ അയല്‍ക്കാരനാല്‍ അപമാനിതനാകാന്‍ ഇഷ്ടപ്പെടുകയില്ല. ഇത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ശരിയാണ്. കാരണം ഇസ് ലാം അനുശാസിക്കുന്ന ഏകദൈവത്വം ആദരവ്, സഹിഷ്ണുത, വിട്ടുവീഴ്ച എന്നീ സദ്ഗുണങ്ങള്‍ അയല്‍വാസിയോട് വെച്ചുപുലര്‍ത്താന്‍ ആവശ്യപ്പെടുന്നു.

Topics