വിശ്വാസം-ലേഖനങ്ങള്‍

അവധിയെത്തുംവരെ പ്രതീക്ഷയോടെ മുന്നോട്ട്

കര്‍മങ്ങളിലുള്ള പ്രതീക്ഷ അല്ലാഹു മനുഷ്യന് ഏകിയ തൗഫീഖ് ആണ്. എന്നാല്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള അവധി അല്ലാഹുവിന്റെ മാത്രം കരങ്ങളില്‍ നിക്ഷിപ്തമാണ്. പരിധികളില്ലാതെ നീണ്ടുകിടക്കുന്ന പാശമാണ് പ്രതീക്ഷ. എന്നാല്‍ അല്ലാഹുവിന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിട്ടുള്ള പരിമിതമായ പാശമാണ് മനുഷ്യന്റെയും അവന്റെ കര്‍മങ്ങളുടെയും അവധി.  പ്രതീക്ഷ മനുഷ്യനെ കര്‍മനിരതനാക്കുന്നു. എന്നാല്‍ കാലാവധി കര്‍മങ്ങളെ മുറിച്ചുകളയുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. ദുര്‍ബലനായ മനുഷ്യനെ ഏറ്റവും കൊടിയ പ്രതിസിന്ധികളെയും സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍  പ്രാപ്തനാക്കുന്നത് പ്രതീക്ഷയാണ്. ഏറ്റവും ശക്തനായ മനുഷ്യനെ അല്ലാഹുവിന്റെ വിധിക്ക് വിധേയപ്പെടാന്‍മാത്രം ദുര്‍ബനാക്കുന്നത് ജീവിതത്തിന്റെ കാലാവധിയാണ്. വിശ്വാസിയുടെ പ്രതീക്ഷ ഇഹലോകം മുതല്‍ പരലോകം വരെ വിശാലമായിക്കിടക്കുന്നതാണ്. എന്നാല്‍ അവിശ്വാസിയുടെ  പ്രതീക്ഷ ഇഹലോകത്ത് പരിമിതമാണ്. ‘ഐഹികജീവിതത്തിന്റെ ബാഹ്യവശം മാത്രമെ അവരറിയുന്നുള്ളൂ. പരലോകത്തെപ്പറ്റി അവര്‍ തീര്‍ത്തും അശ്രദ്ധരാണ് (അര്‍റൂം 7).

എന്നാല്‍ കാലാവധി അങ്ങനെയല്ല. വിശ്വാസിക്കും അവിശ്വാസിക്കും, സല്‍കര്‍മ്മിക്കും ദുര്‍മാര്‍ഗിക്കും ഒരുപോലെയാണ് അത്. പ്രതീക്ഷകള്‍ പലവിധമാണ്. രോഗാനന്തരം ശമനവും, പരാജയശേഷം വിജയവും, വഴികേടിന് ശേഷം സന്മാര്‍ഗവും, പീഡനത്തിന് ശേഷം സ്വാതന്ത്ര്യവും, പതനത്തിന് ശേഷം പ്രതാപവും, ദാരിദ്ര്യത്തെ തുടര്‍ന്ന് ഐശ്വര്യവും, ഛിദ്രതക്ക് ശേഷം ഐക്യവും, സന്താപത്തിന് ശേഷം സന്തോഷവും, പാപത്തെ തുടര്‍ന്ന് പശ്ചാത്താപവുമെല്ലാം പ്രതീക്ഷകളുടെ വിവിധ രൂപങ്ങളും സാധ്യതകളുമാണ്. പ്രതീക്ഷകളുടെ വ്യത്യസ്ത സാധ്യതകളെക്കുറിച്ച് ഒരു അറബിക്കവി പാടിയത് ഇപ്രകാരമാണ് 

‘ചെറിയവന്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നു, വൃദ്ധനാവട്ടെ ചെറുപ്പത്തെയാണ് കൊതിക്കുന്നത്

തൊഴിലില്ലാത്തവന്‍ ഉദ്യോഗം തേടിയലയുന്നു, തൊഴിലാളിയോ മടുപ്പോടെ ജോലി ചെയ്യുന്നു

സമ്പാദിച്ചവന്‍ ആകെ പരിക്ഷീണിതനാണ്, ദരിദ്രന്‍ സമ്പാദ്യത്തിലേക്കുള്ള അധ്വാനത്തിലാണ്

തങ്ങളുടെ വിധികളില്‍ പരിഭ്രമിച്ചവരാണോ ഇവര്‍, ഇവരുടെ ഏര്‍പാടുകളില്‍ വിധിയാണോ പരിഭ്രമിച്ചത്’. 

എന്നാല്‍ കാലാവധി എണ്ണപ്പെട്ട ഇനങ്ങളെ ഉള്ളൂ. ഗര്‍ഭധാരണത്തിന്റെ കാലാവധിയാണ് അവയിലൊന്ന്. ‘തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ്. പിന്നെ ബീജത്തില്‍ നിന്ന്, പിന്നെ ഭ്രൂണത്തില്‍ നിന്ന്, പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്ന്. നാമിത് വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു’. (അല്‍ഹജ്ജ് 5). ശേഷമുള്ള അവധി മുലുയൂട്ടലിന്റേതാണ്. ‘മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ണമായി മുലയൂട്ടേണ്ടതാണ്’ (അല്‍ബഖറ 233). പ്രായപൂര്‍ത്തിയാണ് ശൈശവകാലത്തിന്റെ അവധി. കടത്തിന്റെ അവധി അത് തിരിച്ചുകൊടുക്കുന്നത് വരെയാണ്. വിധവയുടെ കാലാവധി ഇദ്ദ അവസാനിക്കുമ്പോഴാണ്. ‘നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തുദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല’. (അല്‍ബഖറ 234). മനുഷ്യന്റെ അവധി അവന്റെ മരണമാണ്. സമൂഹങ്ങളുടെ അവധി അവയുടെ ശക്തി ക്ഷയിക്കുന്നതോടെയാണ് തീരുന്നത്. അവധി ഒരു നിമിഷത്തേക്ക് നീട്ടപ്പെടുകയോ, കുറക്കപ്പെടുകയോ ഇല്ല. 

എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമാണ് പ്രതീക്ഷകള്‍. അവക്ക് പരിധിയോ, പരിമിതിയോ ഇല്ല. അവ അധികരിച്ചgകൊണ്ടേയിരിക്കുന്നു. നാം എപ്പോഴും പ്രതീക്ഷകള്‍ മുറുകെ പിടിച്ച് ജീവിക്കുകയാണ് വേണ്ടത്. ഇന്നലെയേക്കാള്‍ മികച്ച ഇന്നിനെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇന്നത്തേക്കാള്‍ നല്ല നാളെയാണ് നാം സ്വപ്‌നം കാണേണ്ടത്. പ്രതീക്ഷയോടെ കര്‍മനിരതരായി കാലാവധിയെത്തുന്നതുവരെ മുന്നേറുകയെന്നതാണ് നമ്മുടെ ദൗത്യം.  

Topics