വിശ്വാസം-ലേഖനങ്ങള്‍

അനുയായികളുടെ മനസ്സറിഞ്ഞ പ്രവാചകന്‍ (സ)

പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ അനുചരന്‍മാരെ ഏറ്റവും അടുത്തറിഞ്ഞിരുന്ന സുഹൃത്തുകൂടിയായിരുന്നു. ഓരോരുത്തരും തങ്ങളെ സ്വയം വിലയിരുത്തിയതിനേക്കാള്‍ ആഴത്തില്‍ തിരുമേനി അവരെ അറിഞ്ഞു. അബൂദര്‍റും അംറുബ്‌നു അബാദയുമൊക്കെ ബദവികളായിരുന്നു. (ഗ്രാമീണ അറബികളായിരുന്നു).  തിരുമേനി മക്കയിലായിരിക്കുമ്പോള്‍ ഒരിക്കല്‍ അംറുബ്‌നു അബാദ റസൂലിന്റെ അടുത്തുവന്നു. തിരുമേനിയെ കണ്ട അംറു പരുഷമായി തിരുമേനിയോടു ചോദിച്ചു. താങ്കള്‍ ആരാണ്? റസൂല്‍ വളരെ ശാന്തനായി മറുപടി പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതനാണ് ഞാന്‍’ നബിയുടെ വളരെ ശാന്തവും ഹൃദ്യവുമായ മറുപടി അംറിനെ കീഴടക്കിക്കളഞ്ഞു. അംറ് പ്രവാചകനു മുമ്പില്‍ പ്രഖ്യാപിച്ചു:’ ഞാനിപ്പോല്‍ മുതല്‍ താങ്കളെ പിന്‍പറ്റുകയാണ് ഇനി ഞാന്‍ താങ്കളുടെ അനുയായിയാണ്’.

മക്കയില്‍ വിശ്വാസികള്‍ അവിശ്വാസികളില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. അതിനാല്‍ അംറിനെ മക്കയില്‍ താമസിപ്പിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടില്ല. അവിടുന്ന് അംറിനോടു പറഞ്ഞു:’ താങ്കള്‍ സ്വന്തം ഗോത്രക്കാരുടെ അടുക്കലേക്കു തന്നെ മടങ്ങിപ്പോവുക. എന്നിട്ട് അവര്‍ക്ക് ഇസ്‌ലാമിനെ പ്രബോധനം ചെയ്യുക. ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ താങ്കള്‍ തിരികെ വന്നു എന്നോടൊപ്പം ചേര്‍ന്നു കൊള്ളുക.’

വര്‍ഷങ്ങള്‍ക്കു ശേഷം അംറ് മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ തിരുമേനിയുടെ മുമ്പില്‍ വന്നിട്ടു ചോദിച്ചു:’ അല്ലാഹുവിന്റെ ദൂതരേ അങ്ങേക്ക് എന്നെ മനസ്സിലായോ?’ തിരുമേനിയുടെ അസാധരണമായ ഓര്‍മശക്തികൊണ്ട് തിരുമേനി ആളെ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ആ മുഖം അവിടുന്ന് മറന്നില്ല. തിരുമേനി അംറിനോടു ചോദിച്ചു: ‘മക്കയില്‍ എന്റെ അടുക്കല്‍ വന്ന ആളല്ലേ താങ്കള്‍? താങ്കളെ ഞാന്‍ സ്വഗോത്രക്കാര്‍ക്കിടയില്‍ ഇസ്‌ലാം പ്രബോധനം നടത്താന്‍ തിരിച്ചയച്ചിരുന്നു. പിന്നീട് ഞാന്‍ വിജയിച്ചിരിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തിരികെ വരണമെന്ന് പറഞ്ഞത് താങ്കളോടായിരുന്നല്ലോ?’

ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ആളെ പോലും നബി തിരിച്ചറിയുകയും അവരെ പരിഗണിക്കുകയും ചെയ്തുവെന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ഖൈബര്‍ യുദ്ധം തന്റെ അനുചരന്‍മാരെകുറിച്ചുള്ള തിരുമേനിയുടെ സൂക്ഷ്മമായ അറിവ് പ്രകടമാക്കിയ ഒരു സന്ദര്‍ഭമായിരുന്നു. പ്രവാചകാനുയായികളില്‍ ഓരോരുത്തരുടെയും കഴിവും കഴിവുകേടും നൈപുണിയുമെല്ലാം അവിടുന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു. ഉപരോധം നീണ്ടു പോയപ്പോല്‍ തിരുമേനി പ്രഖ്യാപിച്ചു. ‘മുസ്‌ലിംസൈന്യത്തിന്റെ നേതൃത്വം സ്ഥാനം ഞാന്‍ നാളെ ഒരാള്‍ക്ക് കൈമാറാന്‍ പോവുകയാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അതിരറ്റ് സ്‌നേഹിക്കുന്ന ഒരാളാണ് ആ വ്യക്തിത്വം. അവരാല്‍ അദ്ദേഹം വളരെ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു. ‘ പ്രവാചകന്റെ ഭാഗത്തു നിന്നുള്ള വലിയ ഒരു ആദരമായിരുന്നു ഇത്. അതിനാല്‍ അത്തരമൊരു സ്ഥാനം തങ്ങള്‍ക്ക് ലഭിക്കണം എന്നു ഓരോരുത്തരും ആഗ്രഹിച്ചുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. സൈന്യത്തിന്റെ നേതൃത്വം അടുത്ത ദിവസം തിരുമേനി അലി (റ) യെ ഏല്‍പ്പിച്ചു. യുവാവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ യുദ്ധപ്രാവീണ്യവും നേതൃഗുണവുമാണ് ആ സ്ഥാനം അലിക്ക് നല്‍കാന്‍ തിരുമേനിയെ പ്രേരിപ്പിച്ചത്. സൈന്യത്തിന്റെ നേതൃത്വമേറ്റെടുത്ത അലി ഖൈബര്‍ യുദ്ധം മുസ് ലിംകള്‍ക്കനുകൂലമാക്കി വിജയം വരിച്ചു.

തിരുമേനി അനുചരന്‍മാരില്‍ ആരെ ഒരു ചുമതലയേല്‍പ്പിക്കുന്നുവോ അവര്‍ അത് വിജയകരമായി നിര്‍വഹിക്കാതിരുന്നിട്ടില്ല. ഉദാഹരണത്തിന് ഖാലിദ് ബ്‌നു വലീദിനെ തിരുമേനി അല്ലാഹുവിന്റെ ഖഡ്ഗം എന്നാണ് വിശേഷിപ്പിച്ചത്. തിരുമേനി അല്ലാഹുവിന്റെ വാള്‍ എന്ന് വിശേഷിപ്പിച്ച ഖാലിദുബ്‌നു വലീദ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഹംസ, സഅദ് തുടങ്ങിയ ആജ്ഞാശക്തിയുള്ള ധീരയോദ്ധാക്കള്‍ ഉണ്ടായിരിക്കെ അവരുടെ കൂട്ടത്തില്‍ നിന്ന് സൈന്യത്തെ നയിക്കാന്‍ തിരുമേനി തെരഞ്ഞെടുത്തത് ഉസാമതു ബ്‌നു സെയ്ദിനെയായിരുന്നു. അബൂ ബകര്‍, ഉമര്‍, ഉസ്മാന്‍, ത്വല്‍ഹ, സഅ്ദിബ്‌നു അബീ വഖാസ് തുടങ്ങിയ പ്രഗല്‍ഭരും തലമുതിര്‍ന്ന സഹാബാക്കളും ഉണ്ടായിരിക്കെയാണ് ഉസാമയെ സൈനിക നേതൃത്വം ഏല്‍പ്പിക്കുന്നത്. അന്ന് സൈന്യത്തിന്‍െ നേതൃസ്ഥാനമേറ്റെടുക്കുമ്പോള്‍ പ്രവാചകഭൃത്യന്‍ സൈദിന്റെ പുത്രനായ ഉസാമക്ക് 17 വയസ്സ് മാത്രമാണുണ്ടായിരുന്നത്.

ഖദീജയെ വിവാഹം കഴിക്കുമ്പോള്‍ തിരുമേനിക്ക് വയസ്സ് ഇരുപത്തിയഞ്ച്. തന്നേക്കാള്‍ 15 വയസ്സ് പ്രായം കൂടുതലുള്ള ഒരു വിധവയെയാണ് തിരുമേനി വിവാഹം കഴിക്കുന്നത്. അവര്‍ മരിക്കുന്നതു വരേക്കും അവിടുന്ന് ആരെയും വിവാഹം കഴിച്ചിട്ടില്ല. പ്രവാചകത്വത്തിന്റെ ആദ്യ പത്തുവര്‍ഷങ്ങളില്‍ അവര്‍ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. 53 വയസ്സിന് ശേഷമുള്ള പ്രവാചകന്റെ എല്ലാ വിവാഹങ്ങളും തിരുമേനിയുടെ പ്രവാചകത്വദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി കൂടിയുള്ളതായിരുന്നു. പ്രവാചകന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഭിന്ന പ്രകൃതവും സ്വഭാവങ്ങളുമായിരുന്നു. ഇങ്ങനെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളില്‍ ഇസ്‌ലാമിന്റെ നിയമങ്ങള്‍ എങ്ങനെയെന്ന് ലോകത്തിന് പഠിപ്പിക്കപ്പെടേണ്ടതുണ്ടായിരുന്നു. തിരുമേനിയുടെ പത്‌നിമാര്‍ ഓരോരുത്തരും സ്ത്രീത്വത്തിന്റെ വ്യത്യസ്ത അവസ്ഥകളുടെയും പ്രകൃതത്തിന്റെയും ഗുരുനാഥകളും വഴികാട്ടികളുമായിരുന്നു. അവരെ തുടര്‍ന്നു വന്ന മസ്‌റൂഖ്, താവൂസ് ബ്‌നു കൈസാന്‍, അതാഅ് ഇബ്‌നു റബാഹ് എന്നിവരുടെ തലമുറകള്‍ അവരില്‍ നിന്ന് ദീന്‍ നല്ലരീതിയില്‍ പഠിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാന ശാസ്ത്രം പ്രവാചക പത്‌നിയായ ആയിശയോടു വല്ലാതെ കടപ്പെട്ടിരിക്കുന്നു. കാരണം പ്രവാചക വചനങ്ങളില്‍ 5000 ത്തോളം റിപോര്‍ട്ടുചെയ്തിരിക്കുന്നത് അവരാണ്. മാത്രമല്ല അവര്‍ നല്ലൊരു പണ്ഡിതയുമായിരുന്നു.

വിവാഹത്തിന്റെ കാര്യത്തില്‍ പോലും പ്രവാചകന്റെ തിരഞ്ഞെടുക്കല്‍ എത്രമാത്രം ബുദ്ധിപരമായിരുന്നുവെന്ന് അവരുടെ ജീവിതത്തിലൂടെ മനസ്സിലാക്കാം.

Topics