നമുക്ക് അഗോചരമായ ലോകത്തുള്ളതും, ഖുര്‍ആനിലും നബിചര്യയിലും പരാമര്‍ശവിധേയവുമായ സൃഷ്ടികളില്‍പെട്ടതാണ് അര്‍ശ്, കുര്‍സീ എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെട്ട അല്ലാഹുവിന്റെ സിംഹാസനം. സകലസൃഷ്ടികളുടെയും വിധികള്‍ രേഖപ്പെടുത്തിയ ലൗഹാണ് മറ്റൊന്ന്. ഇതിനെ ഖുര്‍ആന്‍ ‘ഉമ്മുല്‍കിതാബ് ‘ എന്നാണ് വ്യവഹരിച്ചിരിക്കുന്നത്.
‘യഥാര്‍ഥത്തില്‍ ഇത് മൂലവേദത്തില്‍ സ്ഥിരപ്പെട്ടതത്രേ. നമ്മുടെ സംരക്ഷണത്തില്‍ ഉന്നതസ്ഥാനമുള്ളതും തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ വേദം'(അസ്സുഖ്‌റുഫ് 4). മേല്‍ മൂന്ന് അഗോചരവസ്തുക്കളെക്കുറിച്ച് , വിശിഷ്യ അല്ലാഹുവിന്റെ അര്‍ശി(സിംഹാസനം)നെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്.’ചോദിക്കുക: ഏഴ് ആകാശങ്ങളുടെയും മഹദ് സിംഹാസനങ്ങളുടെയും നാഥനാര്?'(അല്‍മുഅ്മിനൂന്‍ 86). അല്ലാഹു സിംഹാസനത്തില്‍ ആസനസ്ഥനായി എന്ന് ഏഴിടങ്ങളില്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘ദൈവികസിംഹാസനത്തിന്റെ വാഹകരായ മലക്കുകളും അതിനുചുറ്റും നിലകൊള്ളുന്നവരും എല്ലാം തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട് കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ അവനില്‍ വിശ്വസിക്കുന്നു. വിശ്വാസികള്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു(ഗാഫിര്‍ 7)’. ‘അന്നാളില്‍ നിന്റെ റബ്ബിന്റെ സിംഹാസനം എട്ടുമലക്കുകള്‍ തങ്ങള്‍ക്കുമീതെ ചുമക്കുന്നുണ്ടാകും'(അല്‍ഹാഖ്ഖ 17). എന്നാല്‍ കുര്‍സീ എന്ന പദപ്രയോഗം ഒരു സൂക്തത്തില്‍ മാത്രമേ പരാമൃഷ്ടമായിട്ടുള്ളൂ. ഇത് ‘ആയത്തുല്‍ കുര്‍സീ’എന്ന പേരില്‍ പ്രസിദ്ധമാണ്. ഈ സൂക്തത്തിന് ‘ഖുര്‍ആനികസൂക്തങ്ങളുടെ മാതാവ്’ എന്ന വിശേഷണം കാണാം. ‘കുര്‍സീ’ എന്ന പ്രയോഗമുള്ള സൂക്തം അവസാനിക്കുന്നത് ഇങ്ങനെയാണ്; ‘അവന്റെ ‘കുര്‍സീ'(ആധിപത്യം) വാനലോകങ്ങളിലും ഭൂമിയിലും സമഗ്രമായിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ'(അല്‍ബഖറ 255).
മലക്കുകള്‍ , ജിന്നുകള്‍, അര്‍ശ് , കുര്‍സീ മുതലായ അദൃശ്യവും അഗോചരവുമായ സൃഷ്ടികളെ കാണുന്നില്ലെന്ന ന്യായേന നിരാകരിക്കാന്‍ ബുദ്ധിമാന്‍മാര്‍ക്ക് കഴിയില്ല. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ക്ക് അപ്രാപ്യവും അഗോചരവുമായിരുന്ന ഏതെല്ലാം സൃഷ്ടികള്‍ ഇന്ന് നമുക്ക് ദൃശ്യമാണ്! ബാക്റ്റീരിയകള്‍,വൈറസുകള്‍ ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള കോടാനുകോടി നക്ഷത്രങ്ങളെ വമ്പന്‍ ടെലസ്‌കോപ്പിലൂടെ നിരീക്ഷിച്ചുകണ്ടെത്താന്‍ മനുഷ്യന് ഇന്ന് സാധിച്ചില്ലേ? മൊത്തം ഭൗതികലോകത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇപ്പോഴും ദൃശ്യമായിട്ടുള്ളൂ എന്ന് മനസ്സിലാക്കുമ്പോള്‍ മനുഷ്യന്റെ നിസ്സാരത നമുക്ക് പിടികിട്ടും. അഥവാ, ഭൗതികപ്രപഞ്ചത്തിന്റെ 97%വും നമുക്ക് ഇപ്പോഴും പ്രാപ്യമല്ലെന്ന്, ‘കറുത്തദ്വാരങ്ങള്‍'(ബ്ലാക് ഹോള്‍സ്) അഥവാ ‘കറുത്ത ആഴങ്ങള്‍’ എന്നിങ്ങനെ ശാസ്ത്രജ്ഞര്‍ വ്യവഹരിക്കുന്ന ഭൗതികപ്രപഞ്ചത്തിലെത്തന്നെ അനാവൃതമേഖലകളെക്കുറിച്ച് ഗ്രഹിക്കാന്‍ ശാസ്ത്രത്തിന്റെ പക്കല്‍ മാധ്യമങ്ങളില്ല. ‘നിങ്ങള്‍ക്ക് ഗോചരമായ വസ്തുക്കളെക്കൊണ്ട് ഞാന്‍ ആണയിടുന്നു. നിങ്ങള്‍ക്ക് അഗോചരമായ വസ്തുക്കളെക്കൊണ്ടും. ഇത് മഹാനായ ഒരു ദൈവദൂതന്റെ വചനമാകുന്നു'(അല്‍ഹാഖ്ഖ 38-40). നാം കണ്ടതിനെക്കാള്‍ എത്രയോ ഭീമവും ബൃഹത്തുമാണ് നമുക്ക് അദൃശ്യമായ ലോകം. ഭൗതികപ്രപഞ്ചം തന്നെ വിവരണാതീതമാണെങ്കില്‍ അഭൗതികപ്രപഞ്ചത്തിന്റെ കാര്യം പറയാനുണ്ടോ?
ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവി
Add Comment