Dr. Alwaye Column

ആര്‍ദ്ര ഹൃദയനായ പ്രബോധകന്‍

ജനങ്ങളോട് കാരുണ്യവും സഹാനുഭൂതിയും തുടിക്കുന്ന ഒരു ഹൃദയം ഓരോ സത്യപ്രബോധകന്നുമുണ്ടായിരിക്കണം. ‘മനുഷ്യരോട് കരുണയില്ലാത്തവന് ദൈവകാരുണ്യം ലഭിക്കുകയില്ല’ എന്ന പ്രവാചകമൊഴി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ‘കരുണ ചൊരിയുന്നവര്‍ക്ക് പരമകാരുണികന്‍ കരുണ ചൊരിഞ്ഞുകൊണ്ടിരിക്കും’ എന്ന പ്രവാചകവചനവും ശ്രദ്ധേയമാണ്. മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും കാണിച്ചിരുന്നു എന്നത് നബിതിരുമേനിയുടെ ഏറ്റവും ഉദാത്തമായ സ്വഭാവഗുണമായിരുന്നു. ‘നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങളനുഭവിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ താല്‍പര്യം. വിശ്വാസികളോട് അദ്ദേഹത്തിന് കൃപയും കാരുണ്യവുമുണ്ട് ‘(അത്തൗബ 128). സത്യപ്രബോധനം ഏറ്റെടുക്കുന്ന ഓരോ വ്യക്തിയും പ്രബോധക നായകനായ നബിതിരുമേനിയുടെ വിശിഷ്ട സ്വഭാവങ്ങള്‍ പിന്തുടരാന്‍ ബാധ്യസ്ഥനാണ്. വിശ്വാസികളുടെ നന്‍മയില്‍ താല്‍പര്യം , സഹാനുഭൂതി, കൃപ, കാരുണ്യം, സദുദ്ദേശ്യം, ഗുണകാംക്ഷ എന്നിവ ഓരോ പ്രബോധകനും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും സത്യപ്രബോധകന്‍ ഇഷ്ടപ്പെടണം. സന്‍മാര്‍ഗവും വിജയവും ദൈവികസംതൃപ്തിയുമാണല്ലോ തനിക്കുവേണ്ടി ഓരോ വിശ്വാസിയും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കരുണാര്‍ദ്രനായ ഒരു പ്രബോധകന്ന് ദൗത്യനിര്‍വഹണത്തില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കാന്‍ കഴിയില്ല. അഹന്തകൊണ്ട് ആരെങ്കിലും മുഖം തിരിച്ചാല്‍ പോലും അയാള്‍ നിരാശനാവുകയില്ല. വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാട്ടി അയാള്‍ തന്റെ ബാധ്യതകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കും. അല്ലാഹു ദൈവദൂതനോട് ‘വിട്ടുവീഴ്ച കൈക്കൊള്ളുക, നന്‍മകല്‍പിക്കുക. അവിവേകികളില്‍ നിന്ന് അകന്ന്‌നില്‍ക്കുക’ എന്നാണല്ലോ അരുളിയത്.

പരുഷപ്രകൃതമുള്ളവരും കഠിനഹൃദയമുള്ളവരും തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍ വിജയിക്കുകയില്ല എന്ന ദൃഢബോധ്യം സത്യപ്രബോധകര്‍ക്കുണ്ടായിരിക്കണം. മറിച്ചായാല്‍, പറയുന്ന കാര്യം എത്രമാത്രം സത്യവും യാഥാര്‍ഥ്യവുമാണെങ്കില്‍ പോലും ജനങ്ങള്‍ അയാളെ സ്വീകരിക്കുകയില്ല. പൊതുവെ മനുഷ്യരുടെ സ്വഭാവമാണത്. പ്രബോധകനുമായി പ്രബോധിതന്റെ ഹൃദയം എത്രത്തോളം താദാത്മ്യപ്പെടുന്നുണ്ടോ അത്രത്തോളം പ്രബോധകന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ലഭിക്കും. പരുഷപ്രകൃതവും ഹൃദയകാഠിന്യവും ഈ സ്വീകാര്യത ഇല്ലാതാക്കും. അല്ലാഹു പറയുന്നു:’അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചതുകൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീയൊരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ അവര്‍ നിന്റെയടുക്കല്‍നിന്ന് ഓടിപ്പോകുമായിരുന്നു.’
പ്രബോധകന് എത്രത്തോളം വൈജ്ഞാനികയോഗ്യതയും സാമൂഹികപദവിയുമുണ്ടെങ്കിലും സ്വഭാവം പരുഷമാണെങ്കില്‍ ആളുകള്‍ പിന്തിരിഞ്ഞുപോകുമെന്നതില്‍ സംശയംവേണ്ട. പ്രബോധനത്തിനിറങ്ങുംമുമ്പ് കരുണാര്‍ദ്രമായ സ്വഭാവം സ്വായത്തമാക്കാനും പാരുഷ്യം , മ്ലേഛഭാഷണം തുടങ്ങിയ രോഗങ്ങള്‍ ചികിത്സിച്ചുഭേദമാക്കാനും സത്യപ്രബോധകന്‍മാര്‍ ബാധ്യസ്ഥരാണ്.

വിനയം

അഹന്ത, ഔദ്ധത്യം എന്നിങ്ങനെയുള്ള നികൃഷ്ടസ്വഭാവങ്ങളെ നിശിതമായി വിലക്കുന്ന എണ്ണമറ്റ മൂലവാക്യങ്ങള്‍ വിശുദ്ധഖുര്‍ആനിലും പ്രവാചകവചനങ്ങളിലും വന്നിട്ടുണ്ട്. ‘ജനങ്ങളെ കാണുമ്പോള്‍ നീ മുഖം ചുളിക്കരുത്. ഭൂമിയില്‍ അഹങ്കാരത്തോടെ നീ നടക്കരുത്. പൊങ്ങച്ചക്കാരെയും ആത്മപ്രശംസകനെയും അല്ലാഹുവിന് ഇഷ്ടമല്ല'(ലുഖ്മാന്‍ 18).
‘ഭൂമിയില്‍ ഔദ്ധത്യവും അരാജകത്വവും ഉദ്ദേശിക്കാത്ത സജ്ജനങ്ങള്‍ക്കാണ് പാരത്രികഭവനം നാം ‘നിശ്ചയിച്ചുവെച്ചിട്ടുള്ളത് ‘
മുഹമ്മദ് നബി(സ) പറഞ്ഞു:’അണു അളവുപോലും അഹന്ത ഹൃദയത്തിലുള്ള ഒരാളും സ്വര്‍ഗത്തില്‍ കടക്കുകയില്ല.’
അല്ലെങ്കിലും അഹന്ത എന്നത് ഒരുതരം ഭോഷണവും വിവരക്കേടുമാണല്ലോ. അഹങ്കാരി തന്റെ വിലയും നിലയും തിരിച്ചറിയാത്തവനാണ്. സ്വന്തത്തെയും സ്വന്തം രക്ഷിതാവിനെയും അവന്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അഹങ്കരിക്കാനുള്ള അര്‍ഹത അല്ലാഹുവിനുമാത്രമേയുള്ളൂ എന്ന വസ്തുത അവന്‍ മനസ്സിലാക്കുമായിരുന്നു. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘പ്രതാപം എന്റെ വസ്ത്രമാണ്. അഹന്ത എന്റെ പുടവയും. ഇവയില്‍ ഏതെങ്കിലുമൊന്നിന്റെ കാര്യത്തില്‍ ആരെങ്കിലും എന്നോട് ഏറ്റുമുട്ടിയാല്‍ അവനെ ഞാന്‍ ശിക്ഷിക്കും’.

തന്റെ തുടക്കം ഒരു രേതസ്‌കണമാണെന്നും ഒടുക്കം മൃതദേഹമാണെന്നും മാലിന്യങ്ങള്‍ പേറുന്ന ഒരു വട്ടിയായി പിന്നീട് രൂപാന്തരപ്പെടുമെന്നും അഹങ്കാരികള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ സ്വയമവര്‍ ലജ്ജിച്ച് തലതാഴ്ത്തുമായിരുന്നു. അതിര്‍ലംഘിക്കാതെ നിലയുറപ്പിക്കുമായിരുന്നു. സത്യത്തിലേക്ക് തിരിച്ചുപോവുമായിരുന്നു.

അഹന്തയുടെ പൊരുളെന്താണ്? സ്വയം മഹത്ത്വപ്പെടുത്തുക. അന്യരെ ഇകഴ്ത്തിക്കാട്ടുക. ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:’സത്യം കണ്ടില്ലെന്ന് നടിക്കലും മറ്റുള്ളവരെ നിസ്സാരരായി ഗണിക്കലുമാണ് അഹന്ത.’ യാഥാര്‍ഥ്യത്തെ തിരസ്‌കരിക്കലും ജനത്തെ നിന്ദിക്കലും എന്ന് ചുരുക്കം. തന്നെയും തനിക്കുള്ള ജ്ഞാനം , ധനം, സ്ഥാനം, കുടുംബം ,അധികാരം എന്നിവയെക്കുറിച്ചുമെല്ലാം പൊങ്ങച്ചം കാട്ടുകയും അല്ലാഹുവിനെ മറന്നുകൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ പൊങ്ങച്ചം നടിക്കാന്‍ ഉദ്യുക്തമാവുകയും ചെയ്യുന്നതാണ് അഹന്ത. ഇപ്പറഞ്ഞതൊക്കെ അല്ലാഹുവില്‍ നിന്നുണ്ടായ അനുഗ്രഹങ്ങളാണെന്ന സത്യം വിസ്മരിച്ചുകളഞ്ഞാല്‍ ഏത് സമയവും അല്ലാഹു അവ തിരിച്ചെടുത്തുകളയും. മാരകവും നീചവുമായ ഈ രോഗത്തിന് ഒരു ചികിത്സയേ ഉള്ളൂ. സ്വന്തത്തെയും സ്വന്തം രക്ഷിതാവിനെയും തിരിച്ചറിഞ്ഞുകൊണ്ട് വിനയാന്വിതനാവുക. പ്രതാപവാനായ അല്ലാഹുവിന് മാത്രമേ അഹങ്കാരിയാകാനുള്ള അര്‍ഹതയുള്ളൂ എന്ന ബോധ്യംനേടുക. അണുഅളവായാല്‍പോലും അഹന്ത ഹൃദയത്തിനകത്തേക്ക് അരിച്ചുവരാതിരിക്കാനാണ് മനഷ്യന്‍ ശ്രദ്ധിക്കേണ്ടത്. കാരണം അഹന്ത അപകടകാരിയായ വൈറസാണ്. വിശ്വാസത്തിന്റെ പ്രകാശം കെടുത്തിക്കളയുകയും സല്‍ക്കര്‍മങ്ങളെ മലിനീകരിക്കുകയും പൊതുസമൂഹത്തിനുമുമ്പില്‍ മനുഷ്യനെ അഭിശപ്തനും അപമാനിതനാക്കുകയും ചെയ്യുന്ന വിഷാണുവാണത്.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics