ഇസ്‌ലാമിക ദൃഷ്ട്യാ, യുവാക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ഏറ്റവും സുപ്രധാനമായ മാര്‍ഗം അവരിലെ ആത്മീയോര്‍ജത്തെ ശാക്തീകരിക്കലാണ്.
അവര്‍ക്ക് മതപരമായ ശിക്ഷണം നല്‍കലാണ്. പ്രപഞ്ച സ്രഷ്ടാവിലും അവന്റെ വിധിതീര്‍പ്പുകളിലും വിശ്വസിക്കുക, അന്ത്യ നാളിലും മരണാനന്തര ജീവിതത്തിലും ദൃഢമായ ബോധ്യമുണ്ടാവുക എന്നിവ മതപരമായ ശിക്ഷണത്തിന്റെ ആധാരശിലയാണ്. ഇത്തരമൊരു ശിക്ഷണം യാഥാര്‍ഥ്യമായാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ആര്‍ജവത്തോടെ അല്ലാഹുവിനെ അവര്‍ ആശ്രയിക്കും. പ്രാര്‍ത്ഥനാപൂര്‍വം അവനിലര്‍പ്പിക്കും. അതോടെ സ്വസ്ഥഹൃദയരായ വ്യക്തികള്‍ അവരില്‍ നിന്ന് പിറവിയെടുക്കും. വിജയ ബോധത്തോടും ആത്മവിശ്വാസത്തോടും കര്‍മനിരതരാകുന്ന ശാന്ത മനസ്‌കരായിരിക്കും അവര്‍.ആത്മീയോര്‍ജം, മതശിക്ഷണം, അല്ലാഹുവിലുള്ള വിശ്വാസം എന്നിവ യുവതയില്‍ വൈയക്തികവും സാമൂഹികവുമായ നിരവധി വിശിഷ്ട ഗുണങ്ങള്‍ വളര്‍ത്തിയെടുക്കും.പ്രസ്തുത സ്വഭാവ ഗുണങ്ങളാണ് കര്‍മനിരതരായ പൗരന്‍മാരെ വാര്‍ത്തെടുക്കുന്നത്.അവരാണ് സ്വന്തം സമുദായത്തെ നിര്‍മിച്ചെടുക്കുന്നത്. അതിനെ മുന്നോട്ട് നയിക്കുന്നത്. ശക്തിയുടെയും പ്രതാപത്തിന്റെയും വിതാനങ്ങളിലേക്കു പ്രചോദിപ്പിക്കുന്നത്. ഇതര സമുദായങ്ങള്‍ക്കിടയില്‍ മാന്യവും ഉചിതവുമായ സ്ഥാനം നേടിക്കൊടുക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുന്നത്. ഈ ഗുണങ്ങളാണ് യുവാക്കളില്‍ ധൈര്യവും നിസ്വാര്‍ത്ഥതയും സ്വഛമായ ചിന്തയിലൂന്നിക്കൊണ്ടുള്ള വിശ്വാസവും നട്ടുവളര്‍ത്തുന്നത്.മുഴുവന്‍ ആര്‍ജവത്തോടും കൂടി പ്രസ്തുത വിശ്വാസത്തെ അവര്‍ പ്രതിരോധിച്ചു നിര്‍ത്തുകയും അപരന്‍മാരുടെ അവകാശങ്ങളെ മാനിക്കുകയും അവരുടെ സ്വത്തും അഭിമാനവും സംരക്ഷിക്കുകയും ചെയ്യും.അതുപോലെ സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടും പ്രശ്‌നങ്ങളെ പഠന വിധേയമാക്കിക്കൊണ്ടും സുസജ്ജരായി ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്തും അവര്‍ നേടും. ഇസ്‌ലാമിന്റെ ആദ്യ നാളുകളിലേക്ക് നാമൊന്നു തിരിഞ്ഞു നോക്കിയാല്‍ മുസ്ലിം യുവതീയുവാക്കള്‍ സത്യസന്ദേശ പ്രചരണത്തിലും അതിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുന്നതിലും മുഹമ്മദീയ സമുദായത്തെ സമുദ്ധരിക്കുന്നതിലും സുപ്രധാനമായ പങ്ക് വഹിച്ചതായി കാണാന്‍ കഴിയും.യുവതീ യുവാക്കള്‍ ധര്‍മ സമരങ്ങള്‍ നടത്തിയതിന്റെയും ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിച്ചതിന്റെയും സത്യദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് അത് വിജയിപ്പിച്ചെടുക്കാന്‍ തിക്തമായ വേദനകള്‍ അനുഭവിച്ചതിന്റെയും ഉജ്വലമായ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഖുര്‍ആനികാധ്യാപനങ്ങളുടെയും പ്രവാചക ശിക്ഷണത്തിന്റെയും മഹത്വമാണിത് കാണിക്കുന്നത്. ഭൗതികമായും ആത്മീയമായും യുവതീയുവാക്കളെ നല്ല നിലയില്‍ വാര്‍ത്തെടുക്കാന്‍ ഇസ്‌ലാമിന് സാധിച്ചത് ഖുര്‍ആനികാധ്യാപനങ്ങള്‍ കൊണ്ടും പ്രവാചക ശിക്ഷണം കൊണ്ടുമാണ്. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ നബി തിരുമേനി തീരുമാനിച്ചതറിഞ്ഞ് ഖുറൈശികള്‍ അവിടുത്തെ വധിക്കാന്‍ ഉദ്യമിച്ച രാത്രിയില്‍ ദൈവദൂതന്‍ ആവിഷ്‌കരിച്ച തന്ത്രം നമുക്കറിയാം. തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ അലി (റ)യോട് തിരുമേനി ആവശ്യപ്പെട്ടു. മരണമുഖത്താണ് താന്‍ കിടക്കേണ്ടത് എന്നറിഞ്ഞു കൊണ്ടുതന്നെയാണ് യുവാവായ അലി(റ) അന്നാ സാഹസത്തിന് മുതിര്‍ന്നത്. അല്ലാഹുവിന്റെയും ദൈവദൂതന്റയും മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധനായി
ആത്മനിര്‍വൃതിയനുഭവിച്ച് അദ്ദേഹം വിരിപ്പില്‍ കിടക്കുകയായിരുന്നു. ശത്രു ഗൂഡാലോചനയില്‍ നിന്ന് അങ്ങനെ നബി തിരുമേനി രക്ഷപ്പെടുകയും ഇസ്‌ലാമിക പ്രബോധനം വ്യാപകമാവുകയും ചെയ്തു. ഉമറു ബ്‌നുല്‍ ഖത്താബിന്റ സഹോദരി ഫാത്തിമ ഇരുപത് വയസ്സ് തികയും മുമ്പ് ഇസ്‌ലാം സ്വീകരിച്ച യുവതിയായിരുന്നു. സഹോദരന്റെ കാര്‍ക്കശ്യ സ്വഭാവം ഭയന്ന് അവരാ യാഥാര്‍ത്ഥ്യം മറച്ചുവെച്ചു. ഉമര്‍ പക്ഷേ , അതറിയാനിടയായി. പ്രകോപിതനായി ഉമര്‍ ഫാത്തിമയുടെ വീട്ടിലേക്ക് ചെന്നു. ‘ നീ പിഴച്ചു പോയി അല്ലേ’ ഉമര്‍ അലറി.അവളെ അടിച്ചു വീഴ്ത്തി.ഭര്‍ത്താവിനെ ചവിട്ടി താഴെയിട്ടു.എന്നിട്ട് അദ്ദേഹത്തിന്റെ നെഞ്ചില്‍ കയറിയിരുന്നു . തടയാന്‍ ചെന്ന ഫാത്തിമയുടെ മുഖത്തടിച്ചു. ചോരയൊലിക്കുന്നതു കണ്ട് അവള്‍ വിതുമ്പി.
‘എടാ ദൈവ വിരോധീ, അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചതിനാണോ നീ എന്നെ അടിച്ചത്. ഖത്താബിന്റെ മകനേ, നിന്റെ ഇഷ്ടാനിഷ്ടം നോക്കിയല്ല ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചത്. നീ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്‌തോളൂ’
ഉമര്‍ അതു കേട്ട് ചിന്താനിമഗ്‌നനായി. ചെയ്തു പോയ അപരാധത്തെയോര്‍ത്ത് ഖേദിച്ചു. ആ ഖേദവും തുടര്‍ചിന്തയും ഉമറിനെ ഇസ്‌ലാമിന്റെ പറുദീസയിലേക്കാണ് പിന്നെ ആനയിച്ചത്. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്‌ളേഷം സത്യപ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്നു.ചരിത്രത്തിലെ ശ്രദ്ധേയമായൊരു കുതിപ്പായിരുന്നു അത്.യുവത്വത്തെ ഏറ്റവും നല്ല നിലയില്‍ വാര്‍ത്തെടുക്കാന്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് കഴിയും എന്നതിന്റെ രണ്ടു ഉത്തമ ഉദാഹരണങ്ങളാണ് ഉമറു ബ്‌നുല്‍ ഖത്താബിന്റയും ഫാത്തിമ ബിന്‍തുല്‍ ഖത്താബിന്റയും ഇസ്‌ലാമാശ്‌ളേഷം. തന്നിഷ്ടങ്ങളില്‍ നിന്നുള്ള ആത്മ സംസ്‌കരണവും വിനാശ പ്രവണതകളില്‍ നിന്നുള്ള മനസ്സിന്റെ ശുദ്ധീകരണവുമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ശിക്ഷണ വ്യവസ്ഥയുടെ പ്രഥമ ലക്ഷ്യം. കാരണം നല്ല വ്യക്തികളില്‍ നിന്നേ നല്ല സമൂഹമുണ്ടാകു. വ്യക്തിയുടെ സുപ്രധാന ജീവിത ലക്ഷ്യങ്ങള്‍ നീതിയും സമത്വവും സഹജീവി സ്‌നേഹവും സമുദായ സമുദ്ധാരണവും രാജ്യക്ഷേമവും ജന സേവനവുമൊക്കയായി മാറുമ്പോഴേ നല്ല വ്യക്തിയായി തീരുകയുള്ളു. തന്നിഷ്ടമൊരിക്കലും നല്ല കാര്യത്തിന് നിമിത്തമാകില്ല.അതുകൊണ്ടു തന്നെ മനുഷ്യന്‍ ഇച്ഛാശക്തിയാര്‍ജിക്കേണ്ടതുണ്ട്.പിഴവുകളില്‍ പെട്ട് പോകാതെയും മനസ്സ് പ്രേരിപ്പിക്കുന്ന തിന്മയില്‍ വീണു പോകാതെയും മനുഷ്യനെ കാത്തുരക്ഷിക്കുന്നത് ഇച്ഛാശക്തിയാണ്. ഒരിക്കല്‍ ഉമര്‍ ബ്‌നു അബ്ദില്‍ അസീസിനോട് ഒരാള്‍ ചോദിച്ചു:
‘ ഏറ്റവും ശ്രേഷ്ഠമായ ധര്‍മസമരമേതാണ് ” തന്നിഷ്ടങ്ങളോടുള്ള നിന്റെ സമരം . ധീരനായ ഒരു പോരാളി ഒരു പക്ഷേ, തന്റെ പ്രതിയോഗികളെ പരാജയപ്പെടുത്തിയേക്കാം. എന്നാല്‍ , തന്റെ ദേഹേച്ഛകളെ തോല്‍പ്പിക്കാന്‍ അവന്‍ അശക്തനായിരിക്കും. അതുകൊണ്ടാണ് നബി തിരുമേനി , ഗുസ്തിയില്‍ തോല്‍പ്പിക്കുന്നവനല്ല ദ്വേഷ്യം വരുമ്പോള്‍ ആത്മസംയമനം പാലിക്കുന്നവനാണ് ശക്തന്‍ എന്ന് പറഞ്ഞത് ‘ ഇന്നത്തെ യുവാക്കളാണ് നാളത്തെ നായകര്‍. സമുദായത്തിന്റെ സാരഥികള്‍.നാടിന്റെ അമരക്കാര്‍.അവരുടെ കൈകളിലാണ് അധികാരത്തിന്റെ കടിഞ്ഞാണ്‍ വരാന്‍ പോകുന്നത്. ലോകസമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും താക്കോലുകള്‍ എത്താനിരിക്കുന്നത്. അതു കൊണ്ട് തന്നെ യുവാക്കള്‍ക്ക് ഭാരിച്ചൊരു ദൗത്യം നിര്‍വഹിക്കാനുണ്ട്.മഹാകവി അല്ലാമാ ഇഖ്ബാലിന്റെ വരികളോര്‍ക്കുക ‘ ആരാണൊരു മാതൃകാ മുസ്‌ലിം? ഊഹാപോഹങ്ങളും സംശയങ്ങളുമായി കഴിയുന്നവര്‍ക്കിടയില്‍ തന്റെ ദൃഢ വിശ്വാസവും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ച് വ്യത്യസ്തത പുലര്‍ത്തുന്നവന്‍. ഭീരുക്കളുടെയും പേടിത്തൊണ്ടന്‍മാരുടെയുമിടയില്‍ ആത്മബലവും ധൈര്യവും പ്രദര്‍ശിപ്പിക്കുന്നവന്‍. വീരാരാധകരുടെയും ബിംബാരാധകരുടെയും പണാരാധകരുടെയുമിടയില്‍ നിഷ്‌കളങ്കമായ തൗഹീദ് പ്രതിനിധാനം ചെയ്യുന്നവന്‍.
വര്‍ണ,വംശ,ദേശ വാദങ്ങളുടെ അടിമത്തം പേറുന്നവര്‍ക്കിടയില്‍ വിശാല മനസ്‌കതയും മാനവീയതയും പങ്ക് വെക്കുന്നവന്‍. ദേഹേച്ഛകളുടെയും വ്യാമോഹങ്ങളുടെയും പിന്നാലെ പോകുന്നവര്‍ക്കിടയില്‍ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവന്‍. സമൂഹത്തിന്റെ പിഴച്ച കാഴ്ചപ്പാടുകളോടും വില കുറഞ്ഞ നാട്യങ്ങളോടും കലഹിക്കുന്നവന്‍.അഹന്തയും വ്യക്തിമാഹാത്മ്യവും കാട്ടുന്നവര്‍ക്കിടയില്‍ വിരക്തിയും വൈരാഗ്യ ബുദ്ധിയും ശീലമാക്കിയവന്‍. അങ്ങനെ തന്റെ സത്യസന്ദേശ വുമായും അതിന് വേണ്ടിയും ജീവിക്കുന്നവന്‍. മൂല്യ സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞാലും ജീവിതം പരിണാമ വിധേയമായാലും മാറി മറിയാതെ സുസ്ഥിര യാഥാര്‍ത്ഥ്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ശരിയായ വിശ്വാസി ഇപ്പറഞ്ഞവനാണ്.’
സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാവുന്നവനല്ല ഈ മുസ്‌ലിം യുവാവ്. ഇച്ഛാശക്തിയോടെ ലോകത്തെ നേരിടാനാണ് അവന്‍് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സത്യസന്ദേശത്തിന്റെ വക്താവും ദൃഢജ്ഞാനത്തിന്റെ വാഹകനും ആയിരിക്കുമവന്‍. അനുകരണവും അനുയായിത്തവുമല്ല നേതൃത്വവും സാരഥ്യവുമാണ് അവന്റെ ഇടം.
ഒരിക്കല്‍ യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ട് അഹ്മദ് ശൗഖി പാടി:
‘യുവത്വമേ, ജീവിതത്തില്‍ ഉറച്ചു നിന്നു പോരാടുക.
തീര്‍ച്ചയായും, ജീവിതമെന്നാല്‍ വിശ്വാസവുംപോരാട്ടവുമാണ്’
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment