Dr. Alwaye Column

ഇസ്‌ലാമിക ലോകം: ശൈഥില്യത്തിന്റെ പ്രേരകങ്ങള്‍

ഡോ. മുഹ് യിദ്ദീന്‍ ആലുവായ്

പില്‍ക്കാലത്ത് ഇസ്‌ലാമിക ലോകത്തിന്റെ ആത്മാവിലേക്ക് ശൈഥില്യത്തിന്റെ പ്രേരകങ്ങള്‍ ഓരോന്നായി അരിച്ചിറങ്ങാന്‍ തുടങ്ങുകയും പതുക്കെപ്പതുക്കെ വലുതാകാനും പെരുകാനും തുടങ്ങി. ഒടുവില്‍ അതിന്റെ ആത്മാവ് തന്നെ ചിന്നഭിന്നമായി തീര്‍ന്നു. താര്‍ത്താരികളുടെ കൈകളാല്‍ ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആസ്ഥാനം നിലം പൊത്തി.ഹിജ്‌റ പതിനാലാം നൂറ്റാണ്ടിലും അതാവര്‍ത്തിച്ചു.ഒന്നായി നില്‍ക്കാന്‍ വെമ്പുകയും വികസനക്കുതിപ്പിനായി ത്രസിക്കുകയും ചെയ്തു കൊണ്ടിരുന്ന രാജ്യങ്ങള്‍ ശോഷിക്കുകയും സമൂഹങ്ങള്‍ ശിഥിലമാവുകയും ചെയ്തു ആ രണ്ടു സന്ദര്‍ഭങ്ങളിലും. പ്രസ്തുത ശൈഥില്യത്തിലേക്കും പതനത്തിലേക്കും നയിച്ച പ്രധാനപ്പെട്ട ചില പ്രേരകങ്ങളാണ് ചുവടെ.എന്നും എവിടെയും ഏത് സാമ്രാജ്യത്തിന്റെയും ജനവിഭാഗത്തിന്റെയും ശൈഥില്യത്തിനും
നാശത്തിനും കാരണമാകുന്നത് ഇത് തന്നെയാണ്.

  1. രാഷ്ട്രീയവും വിഭാഗീയവുമായ ഭിന്നതയും നേതൃപരമായ വടംവലിയും.
    ഇസ്‌ലാം നേരത്തെ ഓര്‍മപ്പെടുത്തിയിട്ടുള്ള അപകടങ്ങളാണിവ.സമൂഹങ്ങളെയും ജനവിഭാഗങ്ങളെയും ദുഷിപ്പിച്ചു കളഞ്ഞ രോഗാണുക്കളാണിവ.’ നിങ്ങള്‍ ഭിന്നിക്കരുത്.നിങ്ങള്‍ തോറ്റു പോകും.നിങ്ങളുടെ കാറ്റ് പോവുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക.തീര്‍ച്ചയായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്’

2 . മതപരവും മദ്ഹബ് പരവുമായ ഭിന്നതകള്‍.
വിശ്വാസപരവും കര്‍മപരവുമായ അടിസ്ഥാന വിഷയങ്ങളില്‍ നിന്നു വ്യതിചലിച്ച് ആത്മാവ് നഷ്ടപ്പെട്ട് ജഢതുല്യമായ പദക്കസര്‍ത്തുകളിലേക്കും സാങ്കേതിക സംജ്ഞകളെച്ചൊല്ലിയുള്ള സംവാദങ്ങളിലേക്കുമുള്ള ചേക്കേറല്‍, വിശുദ്ധ ഖുര്‍ആനോടും പ്രവാചക ചര്യയോടുമുള്ള അവഗണന, സ്വന്തം കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും കടിച്ചുതൂങ്ങിയുള്ള ശാഠ്യങ്ങളും വിഭാഗീയതയും. വാദപ്രതിവാദവും ശണ്ഠയും സംശയവും. ഇസ്‌ലാം നിശിതമായി വിലക്കിയ
കാര്യങ്ങളാണിതെല്ലാം ‘ എന്റെ ചര്യ മുറുകെപ്പിടിച്ചു ജീവിച്ചു വരുന്ന ഒരു ജനത വഴി പിഴച്ചു പോവുകയില്ല, അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോഴല്ലാതെ.’

3 . ആര്‍ഭാടത്തിലും സമൃദ്ധിയിലും അഭിരമിക്കുകയും സുഖലോലുപതയിലേക്കും തന്നിഷ്ടങ്ങളിലേക്കും ചായുകയും ചെയ്തത്.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നിരവധി മുസ്‌ലിം ഭരണാധികാരികളാണ് ഇങ്ങനെ അധ:പ്പതിച്ചു പോയത്.അല്ലാഹുവിന്റ വാക്കുകള്‍ അവരപ്പോഴും പാരായണം ചെയ്യുന്നുണ്ടായിരുന്നു.
‘ നാമൊരു നാട് നശിപ്പിക്കണമെന്നുദ്ദേശിച്ചാല്‍ അവിടുത്തെ സുഖലോലുപരോട് നാം കല്‍പ്പിക്കും.അപ്പോള്‍ അവരവിടെ ധിക്കാരം പ്രവര്‍ത്തിക്കും.അതോടെ ദൈവകല്‍പ്പന അവരില്‍ പുലരും.അങ്ങനെ നാമാ നാടിനെ തകര്‍ത്തു തരിപ്പണമാക്കും.’

4.പ്രാപഞ്ചിക വിജ്ഞാനങ്ങളെയും പ്രായോഗിക ശാസ്ത്രത്തെയും അവഗണിച്ച്, സമയം തുലക്കുകയും വന്ധ്യമായ തത്ത്വചിന്തകളിലും രോഗാതുരമായ ശാസ്ത്രങ്ങളിലും കെട്ടിമറിഞ്ഞ് അധ്വാനം പാഴാക്കുകയും ചെയ്തത്.

എന്നാല്‍ ഇസ്‌ലാമാകട്ടെ പ്രപഞ്ചത്തെ നിരീക്ഷിക്കാനും സൃഷ്ടി രഹസ്യങ്ങളുടെ പൊരുളറിയാനും ഭൂമിയിലൂടെ യാത്ര ചെയ്യാനും ഭുവനവാനങ്ങളുടെ ആധിപത്യയാഥാര്‍ഥ്യ ത്തെക്കുറിച്ച് ചിന്തിക്കാനുമാണ് പ്രോത്സാഹിപ്പിക്കുന്നത്.

5.അധികാരത്തിലും ശക്തിയിലും മതിമറന്ന് വഞ്ചിതരായിപ്പോവുകയും ജനങ്ങളുടെ സാമൂഹികമായ വളര്‍ച്ചയിലും പുരോഗതിയിലും ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്തത്.
ഒടുവില്‍ പൊടുന്നനെയെന്നോണം, മറ്റുള്ളവര്‍ അവരുടെ മുന്നിലെത്തി. അശ്രദ്ധയുടെ അപകടത്തില്‍ പെടാതെ സൂക്ഷിക്കാനും ജാഗരൂകരാകാനും ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുള്ളതാണ്. ശ്രദ്ധയില്ലാതെ ജീവിക്കുന്നവരുടെ അവസ്ഥ മൃഗങ്ങളുടേതിനേക്കാള്‍ ദയനീയമാണ് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

6 . മുഖസ്തുതി പറയുന്നവരുടെ ഉപജാപക്കെണികളില്‍ വീണുപോവുകയും അവരുടെ വേലത്തരങ്ങളിലും ജീവിത നാട്യങ്ങളിലും വിസ്മയിച്ച് പോവുകയും വിനാശകരമാം വിധം അവരെ അനുകരിക്കുകയും ചെയ്തത്.

അത്തരക്കാരുമായി സാമ്യപ്പെടുന്നതിനെ ശക്തമായി വിലക്കുകയും അവരുടെ നിലപാടുകളോട് ജാഗ്രത പാലിക്കാന്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട് ഇസ്‌ലാം.

7. ഖുര്‍ആന്റെ പ്രകാശത്താല്‍ ഹൃദയങ്ങള്‍ ശോഭിതമാകാത്തവരുടെയും ഇസ്‌ലാമിന്റെ സ്വച്ഛമായ രുചിയാസ്വദിക്കാത്തവരുടെയും കൈകളിലേക്ക് അധികാരവും നേതൃത്വവും വഴുതിപ്പോയത്.
രാഷ്ട്രത്തെ ഇസ്‌ലാമിലേക്കുള്ള വഴി ആക്കുന്നതിനു പകരം ഇസ്‌ലാമിനെ രാഷ്ട്രത്തിനു വേണ്ടിയുള്ള ആയുധമാക്കുകയാണ് അവര്‍ ചെയ്തത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയും. ഇസ്‌ലാം ലക്ഷ്യമാണ്, രാഷ്ട്രം മാര്‍ഗവും എന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. സൃഷ്ടികര്‍ത്താവ് അവതരിപ്പിച്ചു തന്ന ഭരണഘടനയാണല്ലൊ വിശുദ്ധ ഖുര്‍ആന്‍.

വിവ. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics