കുടുംബ ജീവിതം-Q&A

സുന്ദരിയെ മതിയായിരുന്നു !

ചോദ്യം: 28 വയസ്സുള്ള യുവാവാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് 7 മാസമാകുന്നു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഭാവിവധുവിന്റെ രണ്ടുമൂന്ന് ഫോട്ടോകള്‍ ഉമ്മ കാട്ടിതന്നത് എനിക്ക് ഇഷ്ടമായപ്പോള്‍ ഞാന്‍ വിവാഹത്തിന് സമ്മതംമൂളുകയായിരുന്നു.
നിക്കാഹിന്റെ അന്നാണ് ഞാനാദ്യമായി നേരിട്ട് അവളെ കാണുന്നത്. നിക്കാഹിനുശേഷം ഒന്നുരണ്ടുവട്ടം ഞാനവളെ കണ്ടു. അവള്‍ വിശ്വാസിനിയായിരുന്നു.മാത്രമല്ല, ഡോക്ടറും. അതിനാല്‍ എനിക്ക് സന്തോഷമായി. എന്റെ ഉമ്മ അവളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം നേരത്തേ തന്നെ വിവരിച്ചുതന്നിരുന്നു. ശരീഅത്ത് അനുസരിച്ച് തെറ്റാണെന്നറിയാമെങ്കിലും നിക്കാഹിന് ഒരു മാസം മുമ്പ് ഞങ്ങള്‍ മൊബൈലില്‍ സംസാരിക്കുകയും വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നിക്കാഹിനുശേഷം മാത്രമാണ് ഉണ്ടായത്.

കാഴ്ചയില്‍ അത്രയൊന്നും സുന്ദരിയല്ല അവള്‍. പൊക്കം കുറവാണ് താനും. തന്ന പ്രൊഫൈലനുസരിച്ച് അവള്‍ക്ക് ഉയരമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സുന്ദരിയായിരിക്കും അവളെന്നാണ് ഞാനന്ന് കരുതിയത്.

എന്തായാലും എന്റെ വിഷമാവസ്ഥ ഞാനാരോടും പങ്കുവെച്ചിട്ടില്ല. എനിക്ക് അവളോട് ഒട്ടും ആകര്‍ഷണീയത തോന്നുന്നില്ലെന്നതാണ് പ്രശ്‌നം. സ്വപ്‌നം കണ്ട സൗന്ദര്യമില്ലാത്തതുതന്നെ കാരണം. നികാഹ് കഴിഞ്ഞ് 7 മാസമായിട്ടും ഒരുമിച്ച് താമസം തുടങ്ങിയിട്ടില്ല. എന്താണ് താമസംതുടങ്ങാന്‍ വൈകുന്നതെന്ന് ചോദിച്ച് അവളുടെ ഉമ്മ വീട്ടില്‍ വന്നിരുന്നു. ഈ വിഷയം കുടുംബത്തില്‍ പ്രശ്‌നമായിരിക്കുകയാണ്. സത്യാവസ്ഥ തുറന്ന് പറയാന്‍ എനിക്ക് മടിയാണ്. കാരണം, വിവാഹത്തിന് ഞാന്‍ സമ്മതം മൂളിയതാണല്ലോ. മനസ്സിനെ ശാന്തമാക്കാന്‍ ഞാന്‍ പരമാവധി നോക്കിയെങ്കിലും എനിക്ക് മനോവേദന മാത്രമാണ് ബാക്കി.

എനിക്ക് സുന്ദരികളായ പെണ്‍കുട്ടികളെ അതീവതാല്‍പര്യമാണെന്ന് അവള്‍ക്ക് മനസ്സിലായിട്ടുണ്ട്. സുന്ദരികളെ ഞാന്‍ പിന്തിരിഞ്ഞ് നോക്കുന്നത് അവള്‍ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെയെല്ലാമായിട്ടും അവള്‍ക്ക് എന്നോട് പെരുത്തിഷ്ടമാണ്. എല്ലാം ശരിയാക്കാന്‍ ഒരുമിച്ച് ഉംറ ചെയ്തുവരാമെന്ന് അവള്‍ പറയുന്നുണ്ട്.

1. അവളെ സന്തോഷവതിയാക്കാന്‍ എനിക്കാഗ്രഹമുണ്ട്. അവളുടെ സൗന്ദര്യമോ, സങ്കല്‍പത്തിലെ സുന്ദരിയെ അവളില്‍ കണ്ടെത്താനുള്ള ശ്രമമോ, എന്താണെന്റെ പ്രശ്‌നം ?

2. സത്യത്തില്‍ അവള്‍ സ്‌നേഹവതിയും അങ്ങേയറ്റത്തെ പരിചരണം നല്‍കുന്നവളാണ്. തീര്‍ച്ചയായും നല്ലയൊരിണയായിരിക്കും അവള്‍. വിവാഹംകഴിച്ചതുകൊണ്ടുമാത്രം ഞാന്‍ അവളോടൊപ്പം നില്‍ക്കുന്നതാണെന്നും ഞാനവളെ ജീവിതപങ്കാളിയായി സ്വീകരിച്ചിട്ടില്ലെന്നും അവളെപ്പോഴും പറയാറുണ്ട്,

3. അവളുടെ സൗന്ദര്യത്തിനപ്പുറം അവളുടെ സ്വഭാവം, ഗുണഗണങ്ങള്‍, സ്‌നേഹം എന്നിവ പ്രാധാന്യപൂര്‍വം കാണാന്‍ മനസ്സിനെ ഞാനെങ്ങനെ പാകപ്പെടുത്തും?
4. ഇതൊന്നും അവളുടെ കുഴപ്പമല്ല എന്നതില്‍ എനിക്ക് സംശയമൊന്നുമില്ല. പക്ഷേ, സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ കണ്ണുകള്‍ നിയന്ത്രിക്കാനാവില്ല. എന്നാല്‍ , വിവാഹമോചനത്തെക്കുറിച്ച് ഞാനൊട്ടും ചിന്തിക്കുന്നില്ല. ഈ വിഷയത്തില്‍ എനിക്ക് ഇസ്‌ലാമിക ഉപദേശങ്ങളും പ്രശ്‌നപരിഹാരവുമാണാവശ്യം.

5. എനിക്ക് മുമ്പുവന്ന വിവാഹാലോചനകളെക്കുറിച്ച് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. ആ സുന്ദരികളിലൊന്നിനെ വിവാഹം കഴിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. എന്റെ ഈ പശ്ചാത്താപം അവള്‍ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
6. ചിലപ്പോഴൊക്കെ തോന്നും, സ്വഭാവത്തില്‍ വിട്ടുവീഴ്ച ചെയ്ത് സുന്ദരിയായ പെണ്ണിനെ വിവാഹംകഴിക്കാമായിരുന്നുവെന്ന്. എങ്കില്‍ ആ സൗന്ദര്യധാമത്തെ സ്വന്തമാക്കിയെന്ന സംതൃപ്തിയുണ്ടാകുമല്ലോ.

എന്റെ ജീവിതത്തില്‍ ആദ്യമായി നേരിടുന്ന കടുത്ത പ്രതിസന്ധിയാണിത്. ഈ പ്രശ്‌നത്തെ തരണംചെയ്യണമെന്നെനിക്ക് ആഗ്രഹമുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ ഈ ചിന്തയാണെന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കുന്നുണ്ട്. സാധാരണയായി 4 കാര്യങ്ങള്‍ക്കായി ആളുകള്‍ വിവാഹംകഴിക്കുന്നുവെന്ന് വിവരിക്കുന്ന ഹദീസ് എനിക്കറിയാം. അതില്‍ ദീനുള്ളവളെ തെരഞ്ഞെടുക്കുകയെന്ന പ്രവാചകനിര്‍ദ്ദേശവും ഞാന്‍ മറന്നിട്ടില്ല. പക്ഷേ എന്റെ ഈ പ്രശ്‌നം എന്നെ വല്ലാതെ അലട്ടുന്നു. എന്താണ് പരിഹാരം?

ഉത്തരം: മെഗാന്‍ യാട്ട്  (wivesofjanna.com സ്ഥാപക, കൗണ്‍സിലര്‍)

താങ്കളുടെ പ്രശ്‌നങ്ങളും ചോദ്യങ്ങളും വിശദമായി വായിച്ചു. അതിന്റെ പരിഹാരത്തിനായി ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് ആകര്‍ഷണീയത ?

സൗന്ദര്യമുള്ള ഏത് സ്ത്രീയിലും പ്രത്യക്ഷത്തില്‍ ഏത് പുരുഷനും ആകര്‍ഷിതനാകും എന്നത് പൊതുസ്വഭാവമാണ്. എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുന്നതിന് അവര്‍ക്കിടയില്‍ മറ്റൊരു തലത്തിലുള്ള ത്വരകമുണ്ട്. ആ രണ്ടു വ്യക്തികളും സ്ഥിരമായി അടുത്തിടപഴകുന്നവരാണെങ്കില്‍,വൈകാരികമായി വിരുദ്ധധ്രുവങ്ങളിലുള്ളവരല്ലെങ്കില്‍ അവര്‍ക്കിടയില്‍ വൈകാരികവും ശാരീരികവുമായ ആകര്‍ഷണം ഉടലെടുക്കുന്നു.
താങ്കള്‍ പുറത്തേക്കിറങ്ങി ഭാര്യാഭര്‍ത്താക്കന്‍മാരായ ദമ്പതികളെ ഒന്നു വീക്ഷിക്കുന്നത് നന്നായിരിക്കും. അക്കൂട്ടത്തില്‍ പരസ്യ-സിനിമാ മോഡലുകളെപ്പോലെയുള്ള പങ്കാളിയുള്ളവര്‍ വളരെ ചുരുക്കമായിരിക്കും. അന്യോന്യം ഇഷ്ടപ്പെടുന്നത് അത്തരം ആവറേജ് സൗന്ദര്യമുള്ളവരാണെന്നത് ഒരു വസ്തുതതയാണ്.
രണ്ട് വ്യക്തികള്‍ തമ്മില്‍ അവരുടെ ചിന്താഗതികളും അഭിരുചികളും വികാരങ്ങളും ,ആഗ്രഹാഭിലാക്ഷങ്ങളും , സ്വപ്‌നങ്ങളും പരസ്പരം പങ്കുവെച്ച് അടുക്കുമ്പോള്‍ മാത്രമാണ് സ്‌നേഹവും ആകര്‍ഷണവുമുള്ളവരാകുന്നത്. പങ്കാളിയില്‍ വിശ്വാസവും അവര്‍ക്ക് പിന്തുണയും ഉറപ്പിക്കുമ്പോഴാണ് അതെല്ലാമുണ്ടാകുക.
ജീവിതപങ്കാളിയെ വിട്ട് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന കാലത്തോളം താങ്കള്‍ക്ക് ഭാര്യയെ സ്‌നേഹിക്കാനോ അവരില്‍ ആകര്‍ഷിതനാകാനോ കഴിയില്ല. ഭാര്യയെ മറ്റുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുകയോ, നഷ്ടപ്പെട്ട വിവാഹാവസരങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്താല്‍ ഈ അസ്വസ്ഥതകളില്‍നിന്ന് മുക്തനുമാകില്ല.

ശാരീരികബന്ധമില്ലാത്ത ദാമ്പത്യം

ഭാര്യാ-ഭര്‍തൃബന്ധത്തിന് ശ്രമിച്ചപ്പോഴൊക്കെ അത് വേദനാജനകമായി തോന്നിയതുകൊണ്ട് ഇരുവരും അതില്‍നിന്ന് ഒഴിവായി എന്ന് സൂചിപ്പിച്ചല്ലോ. വൈദ്യശാസ്ത്രപരമായ പല കാരണങ്ങളും അതിനുണ്ടാകാം. എന്നിരുന്നാല്‍തന്നെയും മറ്റുചില പ്രശ്‌നങ്ങളും അതിലേക്ക് വഴിതെളിക്കാം:

* വികാരത്തിന്റെ അഭാവത്താല്‍ വേണ്ടത്ര സ്‌നേഹദ്രവങ്ങളുണ്ടാകാതെ വരിക
* ജീവിതപങ്കാളിയെ ഉത്തേജിതയാക്കാന്‍ മതിയായ തലോടലിന്റെയും ചുംബനത്തിന്റെയും അഭാവം. സ്ത്രീകള്‍ ആണുങ്ങളെപ്പോലെ പെട്ടെന്ന് വികാരമുള്ളവരാകില്ലെന്നത് പ്രകൃതിനിയമമാണ്.
* ശാരീരികബന്ധത്തിന് വിധേയപ്പെടാനാഗ്രഹിക്കുംവിധം ജീവിതപങ്കാളിക്ക് താങ്കളില്‍ വിശ്വാസം ജനിച്ചിട്ടില്ല. അതിന് കാരണം താങ്കളുടെ ഭാര്യയോടുള്ള സമീപനമാണ്. വൈകാരികവിശ്വാസം ഉണ്ടെങ്കിലേ ലൈംഗികജീവിതം തൃപ്തികരമാവുകയുള്ളൂ.
* മുറിവുണ്ടാകുമോ എന്ന ഭയം ലൈംഗികമരവിപ്പിന് കാരണമാകുന്നു. ഭയമാണ് ഈ അവസ്ഥയുണ്ടാക്കുന്നത്.
* ജീവിതത്തിന്റെ കൗമാരദശയിലോ മറ്റോ ഉണ്ടായിട്ടുള്ള എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനും അത് ആസ്വദിക്കുന്നതിനും വിലങ്ങുതടിയാകുന്നു.

* തനിക്ക് ഭര്‍ത്താവില്‍ ആഗ്രഹംജനിപ്പിക്കാനോ അദ്ദേഹത്തിന് സംതൃപ്തി പകരാനോ കഴിയില്ലെന്ന ആശങ്ക ശരീരത്തിന്റെ വൈകാരികതയെ തണുപ്പിച്ചുകളയുന്നു.ഇത്തരമൊരവസ്ഥയെ വജൈനിസ്മസ് എന്ന് പറയുന്നു.

ഭാര്യയോടൊപ്പം സഹവസിക്കുക

ജീവിതപങ്കാളിക്ക് സമയവും പിന്തുണയും നല്‍കിക്കൊണ്ട് തികച്ചും ക്ഷമയോടെ താങ്കള്‍ നിലയുറപ്പിക്കണമെന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കില്‍ താങ്കളെ സ്‌നേഹിക്കാനും താങ്കളില്‍ വിശ്വാസമര്‍പ്പിക്കാനും അവള്‍ക്ക് കഴിയും.
അവളുടെ ശരീരം താങ്കളെ ആകര്‍ഷിക്കുന്നുണ്ടെന്ന കാര്യം അവളെ ബോധ്യപ്പെടുത്തണം. താങ്കളുടെ സ്പര്‍ശനവും തലോടലും അവള്‍ക്ക് അനുഭൂതിദായകമായി അനുഭവപ്പെടണം. അവള്‍ക്ക് എല്ലാം അനുഭവവേദ്യമായിത്തീരേണ്ടതുണ്ട്.
നിങ്ങള്‍ രണ്ടുപേര്‍ക്കും കടുത്തസമ്മര്‍ദ്ദത്തിന്റെ സാഹചര്യമാണുള്ളതെങ്കിലും നിങ്ങള്‍ വിചാരിക്കുന്നതുപോലെ അത്യസാധാരണസംഭവമൊന്നുമല്ല. രണ്ടുപേരും ഒരുമിച്ചുനിന്ന് പരിശ്രമിച്ചാല്‍ മുന്നോട്ടുപോകുന്തോറും എളുപ്പത്തില്‍ പരിഹാരംകണ്ടെത്താനാകും.
പക്ഷേ, എന്തുപ്രശ്‌നം ഉണ്ടായാലും ‘നാം, നമുക്ക്’ എന്ന ബോധം വളര്‍ത്തിയെടുക്കണം. അല്ലാത്തപക്ഷം, അവളോട് താങ്കള്‍ ആവശ്യപ്പെടുന്നത് താന്‍ ഇഷ്ടപ്പെടാത്ത ആളുമായുള്ള ശാരീരികബന്ധമായിരിക്കും. അത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഭയാനകമായ കാര്യമാണ്.അങ്ങനെ ഒരു ജീവിതം ഒരു ജീവിതപങ്കാളിയും ആഗ്രഹിക്കില്ല.
ശാരീരികബന്ധം എന്നതിനപ്പുറം പരസ്പരമുള്ള സ്‌നേഹപരിലാളനകളും സ്പര്‍ശനങ്ങളും തൊട്ടുതലോടലുകളും നിങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറ്റവുമധികം ശ്രമിക്കേണ്ടത്. അത് നിങ്ങള്‍ക്ക് ആഹ്ലാദംപകര്‍ന്നുനല്‍കും. ആഹ്ലാദവും ആസ്വാദനവും ഉണ്ടാക്കാനും അനുഭവിക്കാനും ഏറ്റവും നല്ലയിടമാണ് ശരീരമെന്നത് മറക്കരുത്. ഈയവസരത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും ഏറ്റവും മുന്‍ഗണനയര്‍ഹിക്കുന്ന സംഗതിയാണിത്.

കണ്ണുകളെ നിയന്ത്രിക്കാന്‍ പാടുപെടുന്നു

അവിഹിതമായ നോട്ടത്തെ ചെറുക്കാന്‍ താങ്കള്‍ അതിയായി പ്രയാസപ്പെടുന്നതായി കുറിക്കുകയുണ്ടായല്ലോ. താങ്കള്‍ നോട്ടത്തെ ആത്മീയവത്കരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അനാവശ്യവും അശ്ലീലവുമായ നോട്ടത്തില്‍നിന്നും മുക്തനാവുക എന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അതിനായി ആത്മാര്‍ഥത, അച്ചടക്കം, വ്യക്തിത്വവികാസം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ആത്മസമരം നടത്തുക.

അരുമയോടൊപ്പം ഒരുമ

താങ്കള്‍ വിവാഹംകഴിച്ചിട്ടുള്ളത് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഏറ്റവും ഉത്കൃഷ്ടയായ ഒരു പെണ്‍കുട്ടിയെയാണ്. ദമ്പതികളെന്ന നിലയ്ക്ക് ഒരുമിച്ച് ഉംറപോകുന്നതും ഇഹ-പരലോകവിജയങ്ങള്‍ക്ക് അനുഗുണമാണ്. രണ്ടുകൂട്ടരും പരസ്പരം അറിയുന്നതിനും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതിനും അത് സഹായകരമാണ്. അതിനാല്‍ പങ്കാളി താല്‍പര്യപ്പെട്ടതുപോലെ ഉംറ ചെയ്യാന്‍ പരിശ്രമിക്കുക.

നല്ലതല്ലെന്ന് തോന്നുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുക. പങ്കാളിയെ അടുത്തറിയാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക. അതിലൂടെ താങ്കളെ അവളും അടുത്തറിയട്ടെ. മാനസികസമ്മര്‍ദ്ദം കുറയ്ക്കുക.

പരമാവധി നിങ്ങളിരുവരും ഒരുമിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. ഒരുവേള ട്രക്കിങോ, കാര്‍ യാത്രയോ, അങ്ങനെതുടങ്ങി സൗഹൃദം വളര്‍ത്താവുന്ന എന്തുമാവാം. മുകളില്‍ പറഞ്ഞകാര്യങ്ങള്‍ വിസ്മരിക്കാതിരിക്കുക.

Topics