കുടുംബ ജീവിതം-Q&A

വിവാഹം നിര്‍ബന്ധമാണോ ?

ചോ: ഇസ്‌ലാമില്‍ സ്ത്രീകള്‍ വിവാഹം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ? തനിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ കിട്ടുന്നില്ലെങ്കില്‍ അത് സാധ്യമാകുന്നതുവരെ ഒരു യുവതിക്ക് ഏകാകിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കുഴപ്പമുണ്ടോ ? സത്യത്തില്‍, പുരുഷന്‍മാരില്‍ ഏറെപ്പേരും ഏകാധിപത്യപ്രവണതയുള്ളവരും താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നവരുമാണെന്നാണ് എനിക്ക് അനുഭവത്തില്‍ നിന്ന് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, പ്രായക്കൂടുതലുള്ള സ്ത്രീകളെക്കാള്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ താല്‍പര്യം കാട്ടുന്ന പുരുഷ സമീപനത്തെയും എനിക്ക് വെറുപ്പാണ്. ഇന്ന് സമൂഹത്തില്‍ നടമാടുന്ന വിവാഹമെന്ന സങ്കല്‍പത്തോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നു?

ഉത്തരം: വിവാഹവും ദാമ്പത്യജീവിതവും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ കാര്യമാണ്. എന്നാല്‍ ഈ വിഷയം ഓരോ വ്യക്തികളുടെയും ചുറ്റുപാടുകളും പരിതസ്ഥിതിയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ കര്‍മശാസ്ത്രവീക്ഷണത്തില്‍ നോക്കിയാല്‍ ദാമ്പത്യം എന്നത് ഫര്‍ദ്, മുസ്തഹബ്ബ്, ഹറാം, ഹലാല്‍ എന്നിങ്ങനെ അവസ്ഥാന്തരങ്ങളുടേതായി വരുന്നത് കാണാം.

1. ഒരു വ്യക്തി താന്‍ വന്‍പാപത്തില്‍ ആപതിച്ചേക്കുമോ എന്നാശങ്കിക്കപ്പെടുമാറ് ലൈംഗികവികാരത്താല്‍ പരവശനാണെങ്കില്‍ തീര്‍ച്ചയായും അയാളെ സംബന്ധിച്ചിടത്തോളം വിവാഹം നിര്‍ബന്ധമായിത്തീരും(ഫര്‍ദ്). വ്യഭിചാരം എന്നത് തീര്‍ച്ചയായും ശരീഅത്തില്‍ നിയമവിരുദ്ധമായ സംഗതിയാണ്. അതിനാല്‍ പ്രകൃത്യാലുള്ള വികാരശമനത്തിന് ആശ്വാസമേകുന്ന ഒരേയൊരു നിയമാനുസൃതമാര്‍ഗം വിവാഹം മാത്രമാണ്. നിര്‍ബന്ധമായ ഒരു സംഗതിയുടെ പൂര്‍ത്തീകരണത്തിന് മറ്റൊരു സംഗതി ആവശ്യമുണ്ടെങ്കില്‍ ആ സംഗതി നിര്‍ബന്ധമായിത്തീരുമെന്നത് ശറഈ അടിസ്ഥാനങ്ങളില്‍പെട്ടതാണ്.

2. ഇനി ഒരാള്‍ ലൈംഗികവികാരത്തിന്റെ പീഢകളൊന്നും താന്‍ അനുഭവിക്കുന്നില്ലെന്നും അതിനാല്‍ വന്‍പാപത്തിലേക്ക് വീണുപോകില്ലെന്നും കരുതുന്നുവെന്നിരിക്കട്ടെ. എങ്കില്‍പോലും എല്ലാ അര്‍ഥത്തിലും പര്യാപ്തനെങ്കില്‍ വിവാഹം കഴിക്കുന്നതാണ് അയാള്‍ക്കുത്തമം. അവ്വിധം ചെയ്യുന്നതിലൂടെ എക്കാലത്തേക്കും ജനങ്ങള്‍ക്ക് മാതൃകയായ മുഹമ്മദ് നബി(സ)യുടെ ചര്യ(സുന്നത്ത്)യെ പിന്‍പറ്റുകയാണ് അയാള്‍ ചെയ്യുന്നത്.

3. ദാമ്പത്യജീവിതത്തില്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള ഒരു വ്യക്തിക്ക് ഗുരുതരപാപങ്ങളിലേക്ക് വഴുതിവീഴുമെന്ന ആശങ്കയൊട്ടുമില്ലെങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം വിവാഹജീവിതം നിഷിദ്ധമാണ്. മറ്റൊരു വ്യക്തിയോട് അനീതി പ്രവര്‍ത്തിക്കുന്നത് ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. തന്റെ ജീവിതപങ്കാളിക്ക് ദാമ്പത്യത്തില്‍ നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നതാണ് വിവാഹം അത്തരം വ്യക്തികള്‍ക്ക് നിഷിദ്ധമാകാന്‍ കാരണം.

4. വിവാഹജീവിതത്തിന് ആവശ്യമായ നിലയ്ക്കുള്ള സാമ്പത്തികചുറ്റുപാടില്ലാത്ത ഒരു വ്യക്തി; അദ്ദേഹം പ്രകൃതിസഹജമായ ലൈംഗികവികാരത്തെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് കരുതുക. അപ്പോള്‍ അയാള്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദമുണ്ട്. ശരീഅത്ത് കല്‍പിക്കുന്നത് അയാള്‍ മതിയായ വരുമാനം ലഭിക്കുന്ന ജോലിക്കായി ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവോട് പ്രാര്‍ഥിക്കുകയുംചെയ്യണമെന്നാണ്. അത്തരം ആളുകള്‍ക്ക് അല്ലാഹു സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു.’അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്'(അന്നൂര്‍ 32). അതോടൊപ്പം അത്തരം വ്യക്തികളെ സമുദായം പ്രത്യേകം പരിഗണിക്കുകയും അവരുടെ വിവാഹജീവിതം എളുപ്പമാക്കുംവിധം ജീവിതായോധനമാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുകയും വേണം.

ഇനി ഒരാള്‍ക്ക് അത്തരത്തിലുള്ള വഴികളൊന്നും എളുപ്പത്തില്‍ ലഭ്യമായില്ലെങ്കില്‍ , ദാമ്പത്യജീവിതത്തിലെ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ തന്റെ വികാരങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ നോമ്പനുഷ്ഠിക്കുകയാണ് വേണ്ടത്. അതോടൊപ്പം സദ്‌വിചാരങ്ങളെ പോഷിപ്പിക്കുന്ന കര്‍മങ്ങളില്‍വ്യാപൃതരാവുകയും ചെയ്യട്ടെ.

Topics