വിശ്വാസം-ലേഖനങ്ങള്‍

സന്തോഷമെന്ന സ്വപ്‌നം

എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ മനോഹര ചിറകടിച്ച് പാറിക്കളിക്കുന്ന സ്വപനമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന ആശ്വാസമാണ് ഹൃദയത്തില്‍ സന്തോഷം നിറയുമ്പോഴുണ്ടാവുക. സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് മിക്കപ്പോഴും ആവശ്യമായ സന്തോഷം ലഭിക്കാറില്ല എന്നതാണ് വസ്തുത. ആദമിന്റെ ചരിത്രം മുതല്‍ മനുഷ്യന്റെ അനുഭവമാണ് അത്. സന്തോഷത്തിലേക്ക് മനുഷ്യന്‍ അടുക്കുമ്പോഴേക്കും പിശാച് അവന് മുന്നില്‍ തടസ്സം സൃഷ്ടിക്കുകയും അത് ദുഖത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു.

സന്തോഷം എവിടെയാണ്? എങ്ങനെയാണ്? തുടങ്ങിയവ വളരെ ലളിതമാണെങ്കിലും അങ്ങേയറ്റം ആശയതലങ്ങളുള്ള ചോദ്യങ്ങളാണ്. നല്ല പരിജ്ഞാനവും, കാഴ്ചപ്പാടുമുള്ള ബുദ്ധിമാന്‍മാര്‍ക്കേ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കുകയുള്ളൂ. വിശാലമായ ചിന്താശേഷിയും, ഉന്നതമായ സംസ്‌കാരവുമുള്ളവര്‍ക്ക മാത്രമെ അതിന് കഴിയാറുള്ളൂ.

ധാരാളം സമ്പത്ത് നേടിയെടുക്കുന്നതിലൂടെയാണ് സന്തോഷം കടന്ന് വരികയെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. ‘സന്താനവും, സമ്പത്തും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്’ എന്ന ഖുര്‍ആനിക വചനം അവര്‍ അവലംബമാക്കിയിരിക്കുന്നു. ഭൗതികമായ ജീവിതനിലവാരും ഉയര്‍ന്ന യൂറോപ്പും അവിടെ തന്നെ ലോകത്തെ സ്വര്‍ഗമായി അറിയപ്പെടുന്ന സ്വീഡനുമെല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങളാണ്. എല്ലാവര്‍ക്കും അവിടെ മനോഹരമായ വീടുകളുണ്ട്. വിലയേറിയ കാറുകളുണ്ട്. ലാഭം കൊയ്യുന്ന ഉദ്യോഗവുണ്ട്. എല്ലാറ്റിനും പുറമെ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് വാര്‍ഷിക ആനുകൂല്യങ്ങളുമുണ്ട്. എല്ലാ കുടുംബത്തിനും ആരോഗ്യ-സാമൂഹ്യ ഇന്‍ഷുറന്‍സുമുണ്ട്. പ്രസവിക്കുന്ന സ്ത്രീക്ക് ഗവണ്‍മെന്റ് പ്രത്യേകം സംഭാവന കൂടി നല്‍കുന്നു. ഇത്രയൊക്കെ സുഖലോലുപതയില്‍ ജീവിച്ചിട്ടും അവിടത്തെ പൗരന്‍മാര്‍ സന്തോഷവാന്‍മാരല്ല എന്ന് അവര്‍ തന്നെ അഭിപ്രായപ്പെടുന്നു! ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് അതെന്നത് നമ്മുടെ അല്‍ഭുതം വര്‍ധിപ്പിക്കുന്നു.

ജനങ്ങള്‍ക്ക് എന്ത് കൊണ്ട് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നില്ല? നമ്മുടെ നാട്ടിലെ സമ്പന്നരെ നോക്കൂ. രാപ്പകലുകള്‍ ഓടി നടന്ന് സമ്പാദിക്കുന്നു അവര്‍. അവരുടെ മുഖത്തെപ്പോഴെങ്കിലും പൂര്‍ണ സംതൃപ്തി കാണാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? അവരെപ്പോഴെങ്കിലും മനസ്സ് നിറഞ്ഞ് ചിരിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവരുടെ ഹൃദയത്തില്‍ സമാധാനമില്ല. അവരുടെ കൂടെ ജീവിക്കാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുന്നതാണ്. അവര്‍ കൂടുതലായി ഉറങ്ങാറില്ല. ഉറങ്ങിയാല്‍ തന്നെ ഗാഢമായ ഉറക്കം അവര്‍ക്ക് ലഭിക്കാറില്ല. എപ്പോഴും അസ്വസ്ഥരും വിഷണ്ണരുമായി ജീവിക്കുന്നു അവര്‍.

ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ താമസിക്കുന്നത് അമേരിക്കയിലാണ്. അതേസമയം തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ദുരന്തങ്ങളും പ്രശ്‌നങ്ങളും കാണപ്പെടുന്നതും അവിടെ തന്നെയാണ്. മാനസികവും, ബുദ്ധിപരവുമായ അസ്വസ്ഥതകള്‍ പേറിയാണ് അവര്‍ ജീവിക്കുന്നത്. അവരില്‍പെട്ട ഒരാള്‍ എഴുതിയത്രെ ‘ന്യൂയോര്‍ക്കിലെ ജീവിതം പ്രയാസത്തിനും അസ്വസ്ഥതക്കുമുള്ള മനോഹരമായ കവചമാണ്’.

തിരുദൂതര്‍(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു വചനം മനുഷ്യമനസ്സിന്റെ സമ്പത്തിനോടും സുഖലോലുപതയോടുമുള്ള അടങ്ങാത്ത ആഗ്രഹത്തെ കുറിക്കുന്നതാണ് ‘പരലോകം മുന്നില്‍ കണ്ട് ജീവിക്കുന്നവന് അല്ലാഹു ഹൃദയത്തില്‍ ഐശ്വര്യം നല്‍കുകയും അവന്‍ ഐഹിക വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍ ഇഹലോകത്തെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നവന് അല്ലാഹു ദാരിദ്ര്യം നല്‍കുകയും അവന്റെ കുടുംബം ചിദ്രിക്കുകയും ചെയ്യുന്നതാണ്’.

സന്തോഷത്തിന്റെ ഭാഗമായി രണ്ടാമത് പറയുന്നത് സന്താനങ്ങളാണല്ലോ. അവര്‍ ഐഹിക ലോകത്തെ അലങ്കാരങ്ങളാണെന്നതില്‍ സംശയമില്ല. പക്ഷേ അവരാണ് സന്തോഷത്തിന്റെ ഉറവിടമെന്ന് അതിനര്‍ത്ഥമില്ല. സന്താനങ്ങള്‍ മാതാപിതാക്കളെ അപമാനിക്കുന്ന, അവര്‍ക്ക് നിന്ദ്യതയും ദാരിദ്ര്യവും കൊണ്ട് വരുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇക്കാര്യത്തില്‍ ആണ്‍കുട്ടികളെന്നോ, പെണ്‍കുട്ടികളെന്നോ വ്യത്യാസമില്ല.

മനുഷ്യന്റെ അന്തരംഗത്ത് നിന്ന്പുറപ്പെടുന്ന വികാരമാണ് സന്തോഷം. അത് പുറമെ നിന്ന് ഇറക്കുമതി ചെയ്യാനാവില്ല. കണ്ണുകള്‍ കൊണ്ട് കാണാനോ, തൂക്കിയെടുക്കാനോ, നാണയം കൊണ്ട് വാങ്ങാനോ സാധിക്കാത്ത ആശയമാണ് അത്. അല്ലാഹുവിലുള്ള ദൃഢവിശ്വാസവും, നല്‍കപ്പെട്ട ഭൗതിക വിഭവങ്ങളിലുള്ള സംതൃപ്തിയും സ്വയം വികസിക്കാനുള്ള ആഗ്രഹവുമാണ് അത്.

ഡോ. ഖാലിദ് കമാല്‍

Topics