വിശ്വാസം-ലേഖനങ്ങള്‍

സന്തോഷത്തിലേക്കുള്ള വഴി

ഇഹപര ലോകങ്ങളില്‍ എല്ലാ മനുഷ്യരും കൊതിക്കുന്ന വൈകാരികാനുഭവമാണ് സന്തോഷം. നമുക്കിടയില്‍ ജീവിക്കുന്ന ഓരോരുത്തരും ലക്ഷ്യമാക്കുന്നത് സന്തോഷം മാത്രമാണ്. പക്ഷേ അവയെ കരഗതമാക്കാനുള്ള മാര്‍ഗം അവലംബിക്കുന്ന ജനങ്ങള്‍ രണ്ട് തരക്കാരാണ്. അല്ലാഹുവിനും അവന്റെ പ്രവാചകനും തൃപ്തിപ്പെടാത്ത മാര്‍ഗത്തിലൂടെ സന്തോഷം തേടി പുറപ്പെടുന്നവരാണ് അവരില്‍ ഒരു വിഭാഗം. ഇതില്‍ നിന്ന് ഭിന്നമായി തീര്‍ത്തും ദൈവിക വിധിവിലക്കുകള്‍ പാലിച്ച് സന്തോഷം തേടുന്നവരാണ് രണ്ടാമത്തേത്.

നാം അന്വേഷിക്കുന്ന സന്തോഷത്തിന്റെ സ്ഥാനം എവിടെയാണ്? നമ്മുടെ കരങ്ങളിലോ, രക്തത്തിലോ, വസ്ത്രത്തിലോ, ചുമരുകളിലോ അല്ല സന്തോഷമുള്ളത്. ഒരിക്കലും കാണാനോ, സ്പര്‍ശിക്കാനോ സാധിക്കാത്ത വികാരവും അനുഭവവുമാണ് സന്തോഷം. അതിന്റെ സ്ഥാനം ഹൃദയമാണ് താനും.

എങ്കില്‍ പിന്നെ എവിടെ നിന്നാണ് നമ്മിലേക്ക് സന്തോഷം കടന്നുവരുന്നത്? കൂടുതല്‍ ഭൗതിക സംവിധാനങ്ങള്‍ ലഭിക്കുമ്പോഴാണ് സന്തോഷം വന്നെത്തുകയെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ആഢംബര കാറുകള്‍, സുന്ദരിയായ ഭാര്യ, വിലകൂടിയ ഫഌറ്റ്, കുന്നുകൂടിയ ധനം, ആഗ്രഹിക്കുന്നവയൊക്കെ വാങ്ങിക്കാനാകുന്ന ഭൗതികപരിസരം തുടങ്ങിയവയൊക്കെയാണ് സന്തോഷത്തിന്റെ അടിസ്ഥാനങ്ങളെന്ന് അവര്‍ കരുതുന്നു. ഇവയിലാണ് സന്തോഷം കുടികൊള്ളുന്നതെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ദുഖിതര്‍ തന്നെ! വളരെ അപൂര്‍വം ചിലര്‍ക്ക് മാത്രമേ മേല്‍സൂചിപ്പിച്ച സാഹചര്യം ലഭ്യമാവാറുള്ളൂ. ഇതായിരുന്നു യാഥാര്‍ത്ഥ്യമെങ്കില്‍ ദുഖിക്കുന്ന ഒരു ധനികനെയും, സന്തോഷിക്കുന്ന ഒരു ദരിദ്രനെയും നമുക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, സമൂഹത്തില്‍ നാം കാണുന്ന പച്ചയായയാഥാര്‍ത്ഥ്യം തികച്ചുംവിരുദ്ധമാണല്ലോ!

മഹാന്‍മാരായ പണ്ഡിതന്മാരും, സദ്‌വൃത്തരായ പൂര്‍വികരും സന്തോഷംകണ്ടെത്താനുള്ള മാര്‍ഗത്തെ സംതൃപ്തി എന്നപേരില്‍ നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നു. ദൈവികവിധിയെയും, തീരുമാനത്തെയും അംഗീകരിച്ച് അതില്‍ തൃപ്തിപ്പെടുക എന്നതാണ് അതിന്റെ നിര്‍വചനം. എന്തുതന്നെ നേരിടേണ്ടി വന്നാലും അല്ലാഹുവിന്റെ തീരുമാനത്തില്‍ സംതൃപ്തനായി ശാന്തിപൂര്‍വം ഭക്തിയോടെ ജീവിക്കുകയാണ് അതിന്റെ പ്രായോഗികതലം. അല്ലാഹു നല്‍കുമ്പോഴും തടയുമ്പോഴും വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷമാണ് ഉണ്ടാവുക. കാരണം ഈ രണ്ടവസ്ഥകളും ഒരുപോലെ മനുഷ്യനുള്ള പരീക്ഷണങ്ങള്‍ മാത്രമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എത്രയെത്ര ആളുകളെ അവനോട് കൃതഘ്‌നത പ്രവര്‍ത്തിക്കാന്‍ കാരണമായിട്ടുണ്ട്്! അല്ലാഹു തന്റെ അനുഗ്രഹങ്ങള്‍ തടഞ്ഞുവെച്ചതുകൊണ്ടുമാത്രം എത്രയോപേര്‍ അവനിലേക്ക് അടുത്തിട്ടുണ്ട്!

താന്‍ ഏറ്റവും നല്ല അവസ്ഥയിലാണുള്ളത് എന്ന ബോധത്തില്‍ നിന്നാണ് മനുഷ്യന് സന്തോഷം കണ്ടെത്താന്‍ സാധിക്കുക. താന്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നങ്ങള്‍ പൂവണിയാന്‍ വൈകുന്നതുപോലും അവനെ ഒട്ടും അസ്വസ്ഥനാക്കില്ല.

ചുവന്ന പരവതാനി വിരിച്ച്, റോസാപൂക്കള്‍ വിതറിയ മനോഹരമായ വഴിയല്ല സന്തോഷത്തിലേക്ക് ഉള്ളത്. മനസ്സ് ആഗ്രഹിക്കുന്നതൊക്കെ അതിന് നേടിക്കൊടുക്കുകയെന്നതല്ല സന്തോഷത്തിനുള്ള മാര്‍ഗം. മറിച്ച് ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും, ചിന്തയുടെയും മാര്‍ഗമാണ് അത്. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള തീര്‍ത്തും വിഷമകരമായ മാര്‍ഗമാണ് അത്. അപ്പോള്‍ അല്ലാഹു നമ്മെ തൃപ്തിപ്പെടുകയും നമ്മുടെ മനസ്സ് സംതൃപ്തമാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ തൃപ്തി ലഭിച്ചെന്ന് ബോധ്യമുള്ളവന് പരിപൂര്‍ണ സന്തോഷമായിരിക്കും ഉണ്ടാവുക. തനിക്ക് വേണ്ടത് ലഭിച്ചില്ലെങ്കിലും, വേണ്ടതൊക്കെ ലഭിച്ചാലും ആ സന്തോഷം അവന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്നതായിരിക്കും.

അല്ലാഹു ഭൗതിക ലോകത്ത് നല്‍കുന്ന അനുഗ്രഹങ്ങളിലാണ് സന്തോഷമെന്നും, അവയില്ലാത്തവര്‍ക്ക് സന്തോഷമില്ലെന്നും ധരിച്ചുവശായവരുടെ മുന്നിലേക്ക് ഞാന്‍ ഈ ഉദാഹരണം സമര്‍പിക്കുന്നു.
ഹിജ്‌റ എട്ടാം വര്‍ഷം ഹുനൈന്‍ യുദ്ധം നടക്കുന്ന സന്ദര്‍ഭം. തിരുമേനി(സ)യുടെ കൂടെ പന്ത്രണ്ടായിരം സ്വഹാബാക്കള്‍ ഉണ്ടായിരുന്നു. അവരില്‍ തന്നെ മൂവായിരത്തോളം പേര്‍ പ്രവാചകന്റെ കീഴില്‍ സംസ്‌കരിക്കപ്പെട്ട ആദ്യകാല അനുചരന്മാര്‍ ആയിരുന്നു. അവശേഷിക്കുന്നവര്‍ പുതുതായി ഇസ്ലാമിലേക്ക് കടന്ന് വന്നവരും. അവരില്‍ തന്നെ ഭൂരിപക്ഷം മക്കാനിവാസികളായിരുന്നു. യുദ്ധം അവസാനിക്കുകയും വിശ്വാസികള്‍ വിജയിക്കുകയും ചെയ്തതിന് ശേഷം തിരുമേനി(സ) ഗനീമത്ത്(യുദ്ധാനന്തര സ്വത്ത്) വീതം വെക്കുകയായിരുന്നു. സ്വത്തില്‍ ഭൂരിഭാഗവും പുതുതായി ദീനില്‍ പ്രവേശിച്ചവര്‍ക്കാണ് തിരുമേനി(സ) നല്‍കിയത്. അവരെ സന്തോഷിപ്പിക്കാനും, അവരുടെ മനസ്സിനെ ഇസ്ലാമിനോട് ഇണക്കാനും വേണ്ടിയായിരുന്നു അത്. ഇതുകണ്ട ചില അന്‍സ്വാരികള്‍ക്ക് ദുഖം വന്നു, അവര്‍ പറഞ്ഞു ‘തിരുമേനി(സ) അദ്ദേഹത്തിന്റെ ആളുകള്‍ക്കാണല്ലോ(മക്കക്കാര്‍) നല്‍കിയത്’.

ഈ വാര്‍ത്ത തിരുമേനി(സ)യുടെ അടുത്തെത്തി. അദ്ദേഹം അന്‍സ്വാരികളെ വിളിച്ച് ചേര്‍ത്തു പറഞ്ഞു ‘അന്‍സ്വാറുകളേ, ഇഹലോക വിഭവത്തിന്റെ പേരില്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയോ? ഇസ്ലാമിലേക്ക് പുതുതായി വന്നവരെ ഇണക്കാനാണ് ഞാനവ ഉപയോഗിച്ചത്? നിങ്ങളെ ഞാന്‍ നിങ്ങളുടെ വിശ്വാസത്തിലേക്ക് ഭരമേല്‍പിക്കുകയാണ് ചെയ്തത്’. നീങ്ങിപ്പോകുന്ന വിഭവത്തിന് വേണ്ടി പ്രവാചകനെ കുറ്റപ്പെടുത്തിയവരെയാണ് അദ്ദേഹം ഇവിടെ കൈകാര്യം ചെയ്യുന്നത്. തിരുമേനി(സ) തുടര്‍ന്ന് അവരോട് ചോദിച്ചു ‘അന്‍സ്വാറുകളേ, ജനങ്ങള്‍ ആടുമാടുകളുമായി മടങ്ങിപ്പോവുകയും നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനുമായി മടങ്ങിപ്പോവുകയും ചെയ്യുന്നതല്ലേ നിങ്ങള്‍ക്ക് ഇഷ്ടം?’. അവര്‍ പറഞ്ഞു ‘അതെ, ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രവാചകനെ മതി’. സത്യം തിരിച്ചറിഞ്ഞ അന്‍സ്വാറുകള്‍ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും തൃപ്തിയാണ് അമൂല്യമായതെന്ന് മനസ്സിലാക്കുകയാണ് ചെയ്തത്.

നാം വിശ്വാസികളാണ്. അല്ലാഹു നമുക്ക് ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്‍കുകയും നമ്മില്‍ നിന്ന് അനുഗ്രഹങ്ങള്‍ തടയുകയും ചെയ്തിട്ടുണ്ട്. അല്ലാഹു വീതിച്ച് തന്നതില്‍ തൃപ്തിയടയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ നാശത്തിന് കാരണമാകുന്നവയായിരിക്കാം അല്ലാഹു നമ്മില്‍ നിന്ന് തടഞ്ഞതെന്ന് നാം മനസ്സിലാക്കുക. ‘അല്ലാഹുവാണ് നന്നായി അറിയുന്നവന്‍. നിങ്ങള്‍ ഒന്നും അറിയാത്തവരാണ് ‘.

ഡോ. മുസ്വ്ത്വഫാ ഹുസ്‌നി

Topics