വിശ്വാസം-ലേഖനങ്ങള്‍

മതം മാറ്റണോ?

‘മതംമാറ്റം ‘ സംബന്ധമായി ധാരാളം വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.’എല്ലാ മതങ്ങളും സത്യമാണെന്നിരിക്കെ മതം മാറുന്നതെന്തിന്’ എന്നുതുടങ്ങി ‘മതം മാറ്റം നിരോധിക്കണം’ എന്നുവരെ അഭിപ്രായങ്ങളുണ്ട്. മതപ്രബോധനവും മതപരിവര്‍ത്തനവും ഭരണഘടന അനുവദിക്കുന്നതാണെന്നും അതില്‍ ഇടപെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും മറുവാദമുണ്ട്.

‘എല്ലാ മതങ്ങളും സത്യമാണെങ്കില്‍ മതം മാറുന്നതെന്തിന് ‘എന്ന മറുചോദ്യംപോലെ ‘എല്ലാ മതങ്ങളും സത്യമാണെന്നിരിക്കെ മതം മാറിയാലെന്ത്?’എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. തെറ്റില്‍നിന്ന് ശരിയിലേക്ക് പോകുന്നതും ശരിയില്‍നിന്ന് കൂടുതല്‍ ശരിയിലേക്ക് പോകുന്നതും ശരിയാണ്. അതേസമയം ശരിയില്‍നിന്ന് തെറ്റിലേക്ക് പോകുന്നത് തെറ്റാണ്.

എല്ലാ നദികളും വിവിധ വഴികളിലൂടെ ഒഴുകി ഒടുവില്‍ സമുദ്രത്തിലെത്തുന്നതുപോലെ എല്ലാ മതങ്ങളും ഒരു ലക്ഷ്യത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളാണെന്ന സര്‍വമത സത്യവാദം അംഗീകരിച്ചാല്‍, ഓരോരുത്തരും തനിക്ക് ഇഷ്ടമുള്ള മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലെത്തട്ടെ എന്ന് അനുവദിക്കുന്നത് ആ വാദത്തോടുള്ള സത്യസന്ധതയാണ്. അങ്ങനെ അനുവദിക്കാതിരിക്കുന്നത് കാപട്യമായി മാറും. അപ്പോള്‍ ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അനുവാദം നല്‍കലാണ് വിശാലത. എല്ലാം ശരിയായതിനാല്‍ ജനിച്ച മതത്തില്‍ നിന്ന് മാറാനനുവദിക്കില്ല എന്ന നിലപാട് കുടുസ്സാണ്. പ്രത്യക്ഷത്തില്‍ വിശാലമാണെന്ന് തോന്നുന്ന പല വാദങ്ങളും അന്തിമ വിശകലനത്തില്‍ കുടുസ്സാണ്.

വിശാലതയുള്ളതും സഹിഷ്ണുതാപരവുമാണെന്ന് പ്രത്യക്ഷത്തില്‍ ധരിച്ചുപോകുന്ന പല നിലപാടുകളും അന്തിമവിശകലനത്തില്‍ കുടുസ്സും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് വ്യക്തമാകുന്ന പല സംഭവങ്ങളും പലപ്പോഴായി നാം അഭിമുഖീകരിക്കാറുണ്ട്. തനിക്ക് വിശ്വാസമില്ലാത്ത കാര്യമാണെങ്കിലും മറ്റൊരാളുടെ വിശ്വാസത്തെ സഹിക്കലാണ് സഹിഷ്ണുത. എന്നാല്‍, മറ്റൊരാളുടെ വിശ്വാസത്തെ സഹിക്കാതെ തന്റെ വിശ്വാസത്തെയും നിലപാടിനെയും അയാളില്‍ അടിച്ചേല്‍പിക്കല്‍ അസഹിഷ്ണുതയാണ്. ഇന്ന് നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ ഇത്തരം അസഹിഷ്ണുതകള്‍ പല സ്വഭാവത്തില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്നു. മതം മാറ്റം നിരോധിക്കണം എന്ന വാദം ഈ നിലപാടിന്റെ അങ്ങേയറ്റമാണ്. ഇത് ഏതെങ്കിലും മതസമുദായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നമല്ല. ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഇന്ന് ‘മതം’ എന്നത് ‘സമുദായം’ എന്നതിന്റെ പര്യായമല്ലെങ്കിലും സമുദായത്തിന്റെ പ്ലാറ്റ് ഫോമിലാണ് മതം നില്‍ക്കുന്നത്. മതസമുദായങ്ങള്‍ നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനമാകട്ടെ പാരമ്പര്യവുമാണ്. അതിനാല്‍ ഇന്ന സമുദായമാണ് സത്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന് പറയാനാകില്ല. കാരണം സത്യത്തിന്റെ പ്രതിനിധാനം ഒരു ജനിതക പാരമ്പര്യ പ്രക്രിയയല്ല.

സത്യാസത്യങ്ങള്‍ ഇടകലര്‍ന്ന് നില്‍ക്കുന്നിടത്ത് കണ്ടെത്തലും തെരഞ്ഞെടുപ്പുമാണ് സത്യത്തിലേക്ക് നയിക്കുക. നിലവിലെ മതസമുദായങ്ങളിലുള്ളവര്‍ അതില്‍ അംഗങ്ങളായത് കണ്ടെത്തലിലൂടെയോ തെരഞ്ഞെടുപ്പിലൂടെയോ അല്ല; ജനിച്ച മതസമുദായത്തില്‍ നിര്‍ബന്ധിതമായി അംഗമായിപ്പോയതാണ്. എന്നിരിക്കെ തന്‍ ജനിച്ച മതസമുദായമാണ് ശരി എന്ന വാദം എന്റെ രാജ്യമാണ് ശരി, എന്റെ ജാതിയാണ് ശ്രേഷ്ഠം എന്റെ ഭാഷയാണ് കേമം എന്നീ വാദങ്ങള്‍പോലെ പക്ഷപാതപരവും വിഡ്ഢിത്തവുമാണ്.

ഇനി മതങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദര്‍ശനങ്ങളെയാണെങ്കില്‍ ദര്‍ശനങ്ങളെ പ്രതിനിധീകരിക്കാന്‍ സമുദായങ്ങള്‍ക്കാവില്ല. അതിനാല്‍ മതസമുദായങ്ങളെ നോക്കി ദര്‍ശനങ്ങള്‍ വിലയിരുത്താനാകില്ല. ദര്‍ശനങ്ങളെ പഠിക്കേണ്ടത് അവയുടെ പ്രമാണങ്ങളില്‍നിന്നാണ്(തുടരും).

ജി.കെ. എടത്തനാട്ടുകര

Topics