പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്ന് വരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍ തിരിച്ച് വരികയും, വഴിതെറ്റിയവന്‍ ശരിയായ വഴി കണ്ടെത്തുകയും, പ്രയാസം പരിഹരിക്കപ്പെടുകയും, ഇരുള്‍ നീങ്ങി പ്രകാശം പരക്കുകയും ചെയ്‌തേക്കും. അല്ലാഹു വിജയമോ, അവനില്‍ നിന്നുള്ള മറ്റു വല്ല കല്‍പനയോ കൊണ്ട് വരാതിരിക്കില്ല.
അന്ധകാര നിബിഢമായ രാത്രിയെ പുലരാനിരിക്കുന്ന പ്രഭാതം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക. ഇരുട്ടിനെ താഴ്‌വരകള്‍ക്കും, പര്‍വതങ്ങള്‍ക്കുമപ്പുറം ആട്ടിയോടിക്കുന്ന പ്രകാശമായിരിക്കും ആ പ്രഭാതത്തിനുണ്ടാവുക. ദുഖമനുഭവിക്കുന്നവന് സന്തോഷം കൊണ്ട് സുവിശേഷമറിയിക്കുക. പ്രകാശത്തിന്റെ വേഗതയില്‍ കണ്ണുചിമ്മി തുറക്കുന്നതിന് മുമ്പ് അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം.
നീണ്ടു കിടക്കുന്ന വിശാലമായ മരുഭൂമി നിങ്ങള്‍ കണ്ടിരിക്കും. അവയ്ക്ക് അപ്പുറം പച്ചപുതച്ച് കിടിക്കുന്ന പൂന്തോട്ടങ്ങളും തണല്‍മരങ്ങളുമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നമ്മുടെ മുന്നിലുള്ള വടം എത്ര തന്നെ ശക്തവും, വലിയതുമാണെങ്കിലും അതൊരിക്കല്‍ മുറിഞ്ഞു പോകുമെന്ന് നാം മനസ്സിലാക്കുക. കണ്ണുനീരിന്റെ കൂടെ പുഞ്ചിരിയുണ്ട്. ഭയത്തിന്റെ കൂടെ നിര്‍ഭയത്വവും, ഭീതിയുടെ കൂടെ ശാന്തതയുമുണ്ട്.
നീയൊരിക്കലും പരിഭ്രമിക്കേണ്ടതില്ല. ഒരേ അവസ്ഥ തന്നെ എല്ലാകാലത്തും തുടരുകയെന്നത് അസംഭവ്യമാണ്. രക്ഷാമാര്‍ഗം പ്രതീക്ഷിച്ചിരിക്കുകയെന്നത് തന്നെയാണ് ഏറ്റവും മഹത്തായ ആരാധന. ദിനങ്ങള്‍ കഴിഞ്ഞുപോകുകയും വര്‍ഷങ്ങള്‍ മാറിമറിയുകയും ചെയ്യുന്നു. അദൃശ്യം മറക്കപ്പെട്ട കാര്യമാണ്. ഓരോ ദിവസവും തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് ബുദ്ധിമാന്‍. അല്ലാഹു തന്റെ കാര്യം തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നവനാണ് അവന്‍. അതെ പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. ഒന്നല്ല രണ്ട് തവണയാണ് അല്ലാഹു അത് ആവര്‍ത്തിച്ചിരിക്കുന്നത്.
ഹദീഥ് പണ്ഡിതനായ അബൂഖുലാബഃ പറയുന്നു. ഒരു ദിവസം ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു. ചുറ്റും കനത്ത പേമാരി കോരിച്ചൊരിയുന്നു. കുഞ്ഞുങ്ങള്‍ വിശന്ന് കരയുന്നു. എന്റെയടുത്താണെങ്കില്‍ ഒരു ധാന്യമണി പോലുമില്ല. ഞാനാകെ പരിഭ്രമിച്ചിരിക്കുകയാണ്. ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി, എന്റെ മനസ്സ് വേദന കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു. വഴിയിലാരെയും കാണുന്നില്ല. ഈ കനത്ത പേമാരിയില്‍ ആര് പുറത്തിറങ്ങാനാണ്!
അപ്പോഴുണ്ട് ബുദ്ധിമതിയായ ഒരു സ്ത്രീ തന്റെ വിലകൂടിയ കഴുതപ്പുറത്ത് കടന്നുവരുന്നു. അവള്‍ എന്റെ വീടിന് നേരെയാണ് വന്നത്. എന്നോട് സലാം ചൊല്ലിയതിന് ശേഷം ചോദിച്ചു. ‘അബൂഖുലാബഃയുടെ വീട് എവിടെയാണ്? ഞാന്‍ പറഞ്ഞു ‘ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വീട്, ഞാന്‍ തന്നെയാണ് അബൂ ഖുലാബഃ.
അവരെന്നോട് വൈജ്ഞാനികമായ ഒരു സംശയം ചോദിക്കുകയും ഞാനത് ദൂരീകരിച്ച് കൊടുക്കുകയും ചെയ്തു. എന്റെ മറുപടിയില്‍ സംതൃപ്തയായ അവര്‍ തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കിഴി പുറത്തെടുത്തു. എനിക്ക് മുപ്പത് ദീനാര്‍ തന്നതിന് ശേഷം പറഞ്ഞു ‘അബൂ ഖുലാബ, താങ്കളെ സൃഷ്ടിച്ച നാഥന്‍ എത്ര പരിശുദ്ധന്‍!
ഒരു പണ്ഡിതന്‍ പറയുന്നു. ഞാന്‍ ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീയെ കണ്ടുമുട്ടുകയുണ്ടായി. തണുപ്പടിച്ച് അവളുടെ കൃഷി നശിച്ചു പോയിരുന്നു. അനുശോചനവും ദുഖവുമറിയിച്ച് ആളുകള്‍ അവരുടെ അടുത്തെത്തി. അപ്പോള്‍ തന്റെ തല ആകാശത്തേക്ക് ഉയര്‍ത്തി അവര്‍ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവേ, നിന്നിലാണ് പ്രതീക്ഷളൊക്കെയും അര്‍പിക്കപ്പെട്ടിരിക്കുന്നത്. നീയാണ് ഏറ്റവും നല്ലത് പകരം വെക്കുന്നവന്‍. നശിപ്പിക്കപ്പെട്ടതിനേക്കാള്‍ ഉത്തമമായത് നല്‍കാന്‍ കഴിവുറ്റവനാണ് നീ. നിനക്ക് യോജിച്ചത് നീ പ്രവര്‍ത്തിക്കുക. ഞങ്ങളുടെ അന്നം നിന്റെ കരങ്ങളിലാണ്. ഞങ്ങളുടെ പ്രതീക്ഷകള്‍ നിന്നിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു’. അവരത് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കെ നല്ലവനായ ഒരു ധനാഢ്യന്‍ അതിലൂടെ കടന്ന് പോവുകയുണ്ടായി. അവരുടെ ദുരിതമറിഞ്ഞ ആ മനുഷ്യന്‍ അഞ്ഞൂറ് സ്വര്‍ണ നാണയം അവര്‍ക്ക് നല്‍കി. അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ദുരിതം നീക്കുകയും ചെയ്തു.
സംസമഃ അഹ്മദ
Add Comment