ഒരു ആപത്ത് വിശ്വാസിയെ ആത്മവിചാരണക്ക് പ്രേരിപ്പിക്കുമെന്നതാണ് അതിന്റെ ഏറ്റവും പ്രയോജനകരമായ മുഖം. ദുരന്ത സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുത്ത് പദവി അധികരിക്കുന്നു എന്നതോടൊപ്പം തന്നെ, അടിമയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയുടെ ഫലമായിരിക്കും പ്രസ്തുത ദുരന്തമെന്ന ബോധ്യവുമുണ്ടായിരിക്കേണ്ടതുണ്ട്. ഈയര്‍ത്ഥത്തിലുള്ള ആപത്തുകളെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു (നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും ‘ഇതെങ്ങനെ സംഭവിച്ചു’വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്കേല്‍പിച്ചിട്ടുണ്ട്. പറയുക ‘ഇത് നിങ്ങളുടെ ഭാഗത്ത് നിന്നു തന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്) ആലുഇംറാന്‍ 165. സൂറ അശ്ശൂറയില്‍ അല്ലാഹു ഇപ്രകാരം പറയുന്നു. (നിങ്ങള്‍ക്ക് വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്ത് തരുന്നുമുണ്ട്). അശ്ശൂറാ 30
ഇത് പൊതുവായ ഒരു സിദ്ധാന്തമല്ല എന്നതാണ് ശരി. കാരണം അല്ലാഹു അടിമകള്‍ക്ക് പരീക്ഷണങ്ങളായി നല്‍കുന്ന വിപത്തുകള്‍ തെറ്റുകളുടെയോ, കുറ്റങ്ങളുടെയോ ഫലമല്ല.
നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍ തിരിച്ചെടുത്തത് എന്ത് കൊണ്ട്?
ഒരു പക്ഷെ പദവികള്‍ ഉയര്‍ത്താനും, ശുഹദാക്കളെ സ്വീകരിക്കാനുമുള്ള അല്ലാഹുവിന്റെ പരീക്ഷണമായിരിക്കും. ഇത് തീര്‍ത്തും മനോഹരമാണ്. അത്തരം പരീക്ഷണ സന്ദര്‍ഭങ്ങളില്‍ ഉറച്ച് നില്‍ക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ. മറ്റ് ചിലപ്പോള്‍ നാം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ മാലിന്യങ്ങളുടെ ഫലമായിരിക്കും അവ. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞില്ലേ (ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നത് വരെ അല്ലാഹു ആ ജനതക്ക് ചെയ്തു കൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്). അന്‍ഫാല്‍ 53
നാം പ്രതീക്ഷിക്കാത്ത എത്രയോ അനുഗ്രഹങ്ങള്‍ അല്ലാഹു ദിനേനെ നമുക്ക് നല്‍കുന്നുണ്ട്. പിന്നീട് ദിവസങ്ങള്‍ക്കകം പ്രസ്തുത അനുഗ്രഹങ്ങള്‍ അല്ലാഹു നമ്മില്‍ നിന്ന് എടുത്ത് കളയുകയും മറ്റ് പലര്‍ക്കും നല്‍കുകയും ചെയ്യുന്നു. ചിലപ്പോള്‍ നല്ലവരില്‍ നിന്ന് അനുഗ്രഹങ്ങള്‍ എടുത്ത് മോശപ്പെട്ടവര്‍ക്ക് നല്‍കുന്നു. നമുക്ക് തീര്‍ത്തും അല്‍ഭുതകരമായി തോന്നുന്ന കാര്യമാണ് അത്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്? നമ്മുടെ നിലപാടില്‍ മാറ്റം സംഭവിക്കാതെ അല്ലാഹു അനുഗ്രഹങ്ങള്‍ മാറ്റുകയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. നമ്മുടെ ഹൃദയത്തില്‍ എന്താണ് സംഭവിച്ചത്? നാം എന്താണ് മാറ്റിയത്?
ഒരു പക്ഷെ ഐഹിക ലോകം നമ്മുടെ ഹൃദയത്തിലേക്ക് കടന്നേക്കാം. അത് അല്‍ഭുതകരമോ, അപൂര്‍വമോ ആയ കാര്യമല്ല. ഉഹ്ദ് യുദ്ധ സന്ദര്‍ഭത്തില്‍ ചില പ്രവാചകാനുചരന്‍മാരുടെ ഹൃദയങ്ങളിലേക്ക് കടക്കാന്‍ അതിന് സാധിച്ചിട്ടുണ്ട്. അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞു (നിങ്ങള്‍ ഐഹിക ലോകം ആഗ്രഹിക്കുന്നവരുമുണ്ട്) ആലുഇംറാന്‍ 152
സ്വന്തത്തെക്കുറിച്ച് അതിര് കവിഞ്ഞ വിശ്വാസം ഒരു പക്ഷം നമ്മുടെ ഹൃദയത്തിലേക്ക് കടന്നിരിക്കാം. അഹങ്കാരം ഹൃദയത്തിലേക്ക് കടക്കുകയും ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതിരിക്കുകയും ചെയ്‌തേക്കാം.
തെറ്റ് വ്യക്തമായതിന് ശേഷം അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായിരിക്കും നമ്മുടെ ഹൃദയത്തിന്റെ രോഗം. കാര്യങ്ങളില്‍ ആവശ്യമില്ലാതെ തര്‍ക്കിക്കുക, കൂട്ടുകാരോടും ഉറ്റമിത്രങ്ങളോടും ശണ്ഠ കൂടലും നമ്മുടെ രോഗമായിരിക്കാം.
ജനങ്ങളെ സന്തോഷിപ്പിക്കാനുള്ള താല്‍പര്യം നമ്മുടെ ഹൃദയത്തിലേക്ക് കടന്നേക്കാം. അല്ലാഹുവിനെ വെറുപ്പിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതില്‍ എന്ത് നേട്ടമാണ് നമുക്കുള്ളത്. ജനങ്ങളുടെ വെറുപ്പ് ഭയന്ന് നാം അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിക്കുന്നു.
നമ്മുടെ സഹായം പ്രതീക്ഷിച്ച് ജീവിക്കുന്ന നമ്മുടെ സഹോദരന്‍മാരെ നാം വഞ്ചിക്കുന്നോ എന്നും നാം വിലയിരുത്തേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകളയുന്ന നിലപാടാണോ നാം സ്വീകരിക്കുന്നത്.
മേല്‍പറഞ്ഞവയൊക്കെയോ അവയില്‍ ചിലതോ നമ്മുടെ ഹൃദയത്തില്‍ കുടിയേറിയേക്കാം. ഇവയേതെങ്കിലും സംഭവിച്ചാല്‍ അല്ലാഹു അവന്റെ അനുഗ്രഹം എടുത്ത് കളയുകയോ മാറ്റുകയോ ചെയ്യുന്നതാണ്.
നമ്മുടെ ഹൃദയങ്ങളില്‍ അവയൊന്നും ഇടം കണ്ടെത്തിയിട്ടില്ലെന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മറ്റുള്ളവരുടെ ഹൃദയത്തില്‍ എന്താണ് ഉള്ളത് എന്ന് അല്ലാഹു അല്ലാത്ത മറ്റാര്‍ക്കും അറിയാന്‍ സാധിക്കുകയില്ല. ഉഹ്ദ് യുദ്ധത്തിന് ശേഷം അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) ഇപ്രകാരം പറഞ്ഞുവത്രെ (വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വരെ പ്രവാചകസഖാക്കളുടെ ഹൃദയങ്ങളില്‍ ഐഹിക ലോകം കടന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല)
റാഗിബ് സര്‍ജാനി
Add Comment