വിശ്വാസം-ലേഖനങ്ങള്‍

സന്തോഷത്തിലേക്കുള്ള കാലടികള്‍

ബുദ്ധിയും വിവേകവുമുള്ള എല്ലാവരും കൊതിക്കുന്ന ലക്ഷ്യമാണ് സന്തോഷം. ഒരു കച്ചവടക്കാരന്‍ തന്റെ മകനെ സന്തോഷത്തിന്റെ രഹസ്യം പഠിക്കുന്നതിന് വേണ്ടി ലോകത്തെ ഏറ്റവും വലിയ തത്വജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞയച്ചുവത്രെ. നാല്‍പത് ദിവസം നടന്നതിന് ശേഷം ആ യുവാവ് പര്‍വതത്തിന് മുകളിലെ മനോഹരമായ കൊട്ടാരത്തിനടുത്തെത്തി. അതിലായിരുന്നുവത്രെ ആ തത്വജ്ഞാനിയുടെ താമസം. കൊട്ടാരത്തില്‍ പ്രവേശിച്ച യുവാവ് അവിടെ ഒരു വലിയ ജനക്കൂട്ടത്തെ തന്നെ കണ്ടു. തന്റെ ഊഴം കാത്ത് രണ്ട് മണിക്കൂറോളം അയാള്‍ അവിടെ ഇരുന്നു. ഒടുവില്‍ തന്റെ ഊഴമെത്തിയപ്പോള്‍ തത്വജ്ഞാനിക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം ശ്രദ്ധയോടെ കുറച്ച് നേരം മൗനം പാലിച്ചതിന് ശേഷം യുവാവിനോട് പറഞ്ഞു ‘ഇപ്പോള്‍ സമയമില്ല, നിങ്ങള്‍ക്കിപ്പോള്‍ കൊട്ടാരം ചുറ്റിക്കാണാം. രണ്ട് മണിക്കൂറിന് ശേഷം എന്നെ വന്ന് കാണുക. കൊട്ടാരം ചുറ്റിക്കാണുമ്പോള്‍ കയ്യില്‍ ഈ എണ്ണ നിറഞ്ഞ സ്പൂണ്‍ ഉണ്ടായിരിക്കണം. അതില്‍ നിന്ന് ഒരു തുള്ളി പോലും പുറത്തേക്ക് ഉറ്റരുത്’.

സ്പൂണ്‍ കയ്യില്‍ പിടിച്ച് കൊട്ടാരത്തിലെ കോണിപ്പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറാന്‍ തുടങ്ങി ആ യുവാവ്. കൊട്ടാരം മുഴുവന്‍ ചുറ്റി സഞ്ചരിച്ചതിന് ശേഷം യുവാവ് തത്വജ്ഞാനിയുടെ മുന്നിലെത്തി. ഭക്ഷണമുറിയില്‍ വിരിച്ച പേര്‍ഷ്യന്‍ പരവതാനി നീ കണ്ടോ? പുന്തോട്ടത്തിലെ മനോഹരമായ പനനീര്‍ പൂക്കള്‍ എങ്ങനെയുണ്ടായിരുന്നു? എന്റെ ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ ശ്രദ്ധിച്ചുവോ? തുടങ്ങിയ ചോദ്യങ്ങളുമായാണ് അദ്ദേഹം യുവാവിനെ വരവേറ്റത്. യുവാവ് താനൊന്നും കണ്ടില്ലെന്ന് വിറച്ച് കൊണ്ട് മറുപടി പറഞ്ഞു. സ്പൂണില്‍ നിന്ന് എണ്ണ ഉറ്റാതിരിക്കാന്‍ ശ്രദ്ധിക്കുകയായിരുന്നു തന്റെ നടത്തത്തില്‍ ഉടനീളം യുവാവ് ശ്രമിച്ചിരുന്നത്. തത്വജ്ഞാനി പറഞ്ഞു ‘നീ മടങ്ങുക. ഒരിക്കല്‍ കൂടി കൊട്ടാരം ചുറ്റി സഞ്ചരിക്കുക. യുവാവ് വീണ്ടും കൊട്ടാരം നടന്നു കണ്ടു. ചുവരിലെ മനോഹരമായ കലാരൂപങ്ങളും, പുറത്തെ പൂന്തോട്ടവും കണ്‍നിറയെ ആസ്വദിച്ചു. മടങ്ങി തത്വജ്ഞാനിയുടെ മുന്നില്‍ വന്ന് താന്‍ കണ്ട കാര്യങ്ങളൊക്കെയും അദ്ദേഹം വിശദീകരിച്ചു. തത്വജ്ഞാനി ചോദിച്ചു ‘പക്ഷേ സ്പൂണില്‍ ഞാന്‍ താങ്കളെ ഏല്‍പിച്ച എണ്ണയെവിടെ? യുവാവ് തന്റെ കയ്യിലുണ്ടായിരുന്ന സ്പൂണിലേക്ക് നോക്കി. അതിലുള്ള എണ്ണയൊക്കെയും ഒഴുകിപ്പോയിരുന്നു. ഇതു കണ്ട തത്വജ്ഞാനി പറഞ്ഞു ‘ഇത് തന്നെയാണ് ഞാന്‍ നിനക്ക് നല്‍കുന്ന സന്ദേശം. ഒരു തുള്ളി എണ്ണപോലും പുറത്ത് കളയാതെ ഐഹികലോകത്തിന്റെ അലങ്കാരവും, സൗന്ദര്യവും ആഘോഷിക്കുകയെന്നതാണ് സന്തോഷത്തിന്റെ രഹസ്യം.

തത്വജ്ഞാനിയുടെ വാക്കുകള്‍ യുവാവിന്റെ കണ്‍തുറപ്പിച്ചു. കാര്യങ്ങള്‍ക്കിടയില്‍ സന്തുലിതത്വം കാത്ത് സൂക്ഷിക്കുകയാണ് സന്തോഷത്തിന്റെ മാര്‍ഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നബിതിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥില്‍ നാല് കാര്യങ്ങള്‍ സന്തോഷത്തിന്റെ മാനദണ്ഡമായി വിവരിക്കുന്നു. സദ്‌വൃത്തയായ ഭാര്യയും, സദ്‌വൃത്തനായ അയല്‍വാസിയും വിശാലമായ വീടും സുഖകരമായ വാഹനവുമാണ് അവ. തന്റെ കുടുംബത്തില്‍ നിര്‍ഭയനായി ജീവിക്കുകയും ആരോഗ്യകരമായ ക്ഷേമമനുഭവിക്കുകയും അതാത് ദിവസത്തേക്കുള്ള അന്നം കയ്യിലുണ്ടാവുകയും ചെയ്തവന് ഇഹലോകം മുഴുക്കെ ലഭിച്ചിരിക്കുന്നുവെന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു.

സൗന്ദര്യം തന്റെ കണ്‍മുന്നിലുണ്ടായിരിക്കെ അതന്വേഷിച്ചു നടക്കുകയെന്നത് മനുഷ്യന്റെ പ്രകൃതമാണ്. തന്റെ അയല്‍പക്കത്ത് അഴകുള്ളവളുണ്ടായിരിക്കെ വിവാഹം കഴിക്കാന്‍ സുന്ദരിയെ തേടി അലയുന്നു അവന്‍. സദ്‌വൃത്തയായ ഭാര്യ തനിക്കുണ്ടായിരിക്കെ തന്നെ സന്തോഷവും, ആനന്ദവും തേടി മറ്റു മാര്‍ഗങ്ങളന്വേഷിക്കുന്നു അവന്‍. കൈവശമുള്ള വസ്തുവിനെ നിസ്സാരമായി കാണുന്നുവെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിഢ്ഢിത്തമെന്ന് പറഞ്ഞത് എത്ര ശരിയാണ്!

അഷ്‌റഫ് ഹുമൈസഃ

Topics