ചോ: ഇസ്‌ലാമികചിട്ടവട്ടങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ദമ്പതികളില്‍ തന്റെ ഭര്‍ത്താവിനെ വിധവയെയോ നവമുസ്‌ലിമിനെയോ രണ്ടാമത് വിവാഹം ചെയ്യാനായി പ്രേരിപ്പിക്കുന്നതും അതിലൂടെ അവളെ സന്താനങ്ങളുള്ള കുടുംബജീവിതംലഭിച്ച് സന്തോഷവതിയാക്കുന്നതും ഭാര്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകം പ്രതിഫലാര്‍ഹമായ സത്കര്‍മമാണോ ? ഭര്‍ത്താവ് ഇന്നേവരെ രണ്ടാംഭാര്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്താണഭിപ്രായം?
ഉത്തരം: താങ്കളുടെ ചോദ്യം രസകരമായിരിക്കുന്നു. അതോടൊപ്പം താങ്കളുടെ നവമുസ്‌ലിംവനിതകളോടുള്ള താല്‍പര്യം പ്രശംസനീയമാണ്.
നവമുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് അവരുടെ അവസ്ഥ ദുരിതപൂര്‍ണമാകാതെ അല്ലാഹു സന്തോഷംനിറഞ്ഞതാക്കുകതന്നെ ചെയ്യും. ഭര്‍ത്താവിന് രണ്ടാംഭാര്യയെ നിര്‍ദ്ദേശിക്കുന്ന വിഷയം താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. കുട്ടികളുണ്ടാവാതിരുന്ന ഇബ്‌റാഹീം-സാറ ദമ്പതികളുടെ ചരിത്രം നമുക്കറിയാം. കുട്ടികളുണ്ടാകാന്‍ അവസാനം സാറ, ഇബ്‌റാഹീമിനോട് ഭൃത്യയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്കാലത്ത് നടപ്പിലുണ്ടായിരുന്ന സമ്പ്രദായമായിരുന്നു അത്.
രണ്ടാം ഭാര്യയെന്നത് ഐശ്ചികതീരുമാനം മാത്രമാണ്. അതില്‍ നിര്‍ബന്ധമോ ബാധ്യതാനിര്‍വഹണമോ സൂചിപ്പിക്കുന്ന യാതൊന്നുംതന്നെ ഇല്ല. ഇസ്‌ലാമിന്റെ ആറാംതൂണൊന്നുമല്ല അത്. ഒരേയൊരു ഭാര്യമാത്രമുള്ളവരേക്കാള്‍ ശ്രേഷ്ഠരൊന്നുമല്ല രണ്ടാംഭാര്യയെ സ്വീകരിക്കുന്നവര്‍. സപത്‌നിയാവുന്നതില്‍ സഹോദരിക്ക് പ്രയാസങ്ങളൊന്നുമില്ലെങ്കില്‍ നവമുസ്‌ലിമായ മറ്റൊരുവളെ വിവാഹംചെയ്യാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതേസമയം പുതുതായി കടന്നുവന്ന സഹോദരിക്ക് സന്തോഷദായകമായ ജീവിതം ലഭിക്കണമെന്ന താങ്കളുടെ ആഗ്രഹത്തിന് തീര്‍ച്ചയായും പ്രതിഫലംലഭിക്കും. ആ സപത്‌നിയോട് ദയാവായ്‌പോടെയും കാരുണ്യത്തോടെയും പെരുമാറുന്നതിന് പ്രതിഫലമുണ്ട്. അസൂയയും കുശുമ്പും മാറ്റിവെച്ച് അവരോട് സൗഹാര്‍ദപരമായി ഇടപെട്ടാല്‍ അതും അല്ലാഹുവിങ്കല്‍ ശ്രേഷ്ഠമാണ്.
രണ്ടാമതൊരു ഭാര്യ ഭര്‍ത്താവിനുണ്ടാകുന്നത് താങ്കളുടെ സന്തോഷം ഇല്ലാതാകാന്‍ കാരണമാകുമെങ്കില്‍ വിവാഹത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കരുത്. നവമുസ്‌ലിംയുവതികള്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗം കണ്ടെത്തി നല്‍കുകതന്നെ ചെയ്യും.
നവമുസ്‌ലിംപെണ്‍കുട്ടികളെ വിവാഹംചെയ്യാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍ ഇന്ന് രംഗത്തുണ്ട്. മാത്രമല്ല, അത്തരം പെണ്‍കുട്ടികളുടെ കുടുംബജീവിതത്തിനും സുരക്ഷയ്ക്കും മുസ്‌ലിംസമൂഹം ഒത്തൊരുമിച്ച് രംഗത്തുവരികയാണ് വേണ്ടത്.
Add Comment