വിശിഷ്ടനാമങ്ങള്‍

അശ്ശഹീദ് (സാക്ഷി)

എല്ലാ കാര്യങ്ങളും നേരില്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍. അല്ലാഹു തന്റെ ഏകത്വത്തിനും പരമാധികാരത്തിനും ദിവ്യത്വത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രവൃത്തികള്‍ക്കും സൃഷ്ടിജാലങ്ങളുടെ പ്രവൃത്തികള്‍ക്കും അല്ലാഹുതന്നെ മതിയായ സാക്ഷിയാണ്. അല്ലാഹുവിന്റെ കാഴ്ചയില്‍നിന്നു മറഞ്ഞ് ഒരാള്‍ക്കും ഒരു പ്രവൃത്തിയും ചെയ്യുക സാധ്യമല്ല. അല്ലാഹുവിന്റെ സര്‍വ്വസാന്നിധ്യം എന്നതുകൊണ്ടുദ്ദേശിക്കുന്നതും മറ്റൊന്നല്ല. തന്റെ സകലപ്രവര്‍ത്തികളും അല്ലാഹു വീക്ഷിക്കുന്നുണ്ടെന്ന ബോധം മനുഷ്യനെ തെറ്റില്‍നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു. പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളത്രയും അല്ലാഹുവിന്റെ അസ്തിത്വത്തെയും മഹത്വത്തെയും വിളിച്ചോതുന്നു. ”മനുഷ്യാ, നിനക്കു ലഭിക്കുന്ന ഏതൊരു നന്‍മയും അല്ലാഹുവിന്റെ ഔദാര്യത്താല്‍ ലഭിക്കുന്നതാകുന്നു. നിന്നെ ബാധിക്കുന്ന തിന്‍മയോ, അതു നിന്റെ കര്‍മഫലമായും.’ അല്ലയോ മുഹമ്മദ്, നാം നിന്നെ ജനങ്ങള്‍ക്കുവേണ്ടി ദൈവദൂതനായി അയച്ചിരിക്കുന്നു. അതിന് അല്ലാഹുവിന്റെ സാക്ഷ്യം തന്നെ മതിയായതാകുന്നു.” (അന്നിസാഅ്: 79), ”നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.” (അല്‍മാഇദ: 117)

Topics