വിശിഷ്ടനാമങ്ങള്‍

അല്‍ബാഇസ് (പുനരുജ്ജീവിപ്പിക്കുന്നവന്‍, നിയോഗിക്കുന്നവന്‍)

പുനരുത്ഥാന നാളില്‍ സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുന്നവനും അവരുടെ ഹൃദയങ്ങളെ പുറത്തുകൊണ്ടുവരുന്നവനുമാണ് അല്ലാഹു. അതുപോലെ സൃഷ്ടികളിലേക്ക് പ്രവാചകന്‍മാരെ നിയോഗിക്കുന്നവനെന്നും അര്‍ഥമുണ്ട്. ഒന്നിലധികം തവണ സൃഷ്ടികളെ അല്ലാഹു പുനര്‍ജീവിപ്പിക്കുമെങ്കിലും അന്ത്യദിനത്തിലെ പുനര്‍ജീവിപ്പിക്കലാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതു ദൈവികനീതിയുടെ ഭാഗമായി മനുഷ്യന്റെ ഇഹലോകജീവിതത്തിലെ നന്‍മ തിന്‍മകള്‍ പരിശോധിച്ച് രക്ഷാശിക്ഷകള്‍ നല്‍കുന്നതിനുവേണ്ടിയാണ്. ഒന്നുമില്ലായ്മയില്‍ മനുഷ്യനെ ഈ രൂപത്തില്‍ സൃഷ്ടിച്ച അല്ലാഹുവിന് അവന്‍ മരണമടഞ്ഞശേഷം ഒന്നുമില്ലായ്മയില്‍നിന്ന് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. സത്യനിഷേധികളുടെ പൊള്ളവാദങ്ങളെല്ലാം അന്നേദിവസം തകര്‍ന്നുവീഴും. ”സത്യനിഷേധികള്‍ വലിയ വായില്‍ വാദിച്ചുവല്ലോ, മരണാനന്തരം തങ്ങള്‍ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുന്നതല്ലെന്ന്. അവരോട് പറയുക: അല്ല, എന്റെ നാഥനാണ, നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടും. പിന്നെ നിങ്ങള്‍ (ഇഹത്തില്‍) പ്രവര്‍ത്തിച്ചതെന്തായിരുന്നുവെന്ന് വിശദീകരിച്ചുതരികയും ചെയ്യും. അങ്ങനെ ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു.” (അത്തഗാബുന്‍: 7), ”പുനരുത്ഥാനവേള വരുകതന്നെ ചെയ്യും-അതില്‍ സംശയമേതുമില്ല, ഖബ്‌റിടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും (എന്നതിനുള്ള തെളിവാണിത്).” (അല്‍ഹജ്ജ്: 7)

Topics