സുന്നത്ത്-പഠനങ്ങള്‍

‘അന്‍തും അഅ്‌ലമു ബി അംരി ദുന്‍യാകും’

‘നിങ്ങളുടെ ദുന്‍യാ കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കാണ് ഏറ്റവും നന്നായറിയുക’ എന്ന ഹദീസ് അവസരത്തിലും അനവസരത്തിലും ഉദ്ധരിക്കപ്പെടുന്നത് പതിവാണ്. ഈ നബിവചനത്തെ മുന്‍നിര്‍ത്തി ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയനിയമവാഴ്ച എടുത്തുകളയാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. അക്കൂട്ടരുടെ വീക്ഷണപ്രകാരം രാഷ്ട്രീയം മൗലികമായും ശാഖാപരമായും മനുഷ്യരുടെ ഭൗതികകാര്യമാണ്. ദൈവികബോധം അതില്‍ ഇടപെടേണ്ട കാര്യമില്ല. മാര്‍ഗനിര്‍ദേശമോ നിയമനിര്‍മാണമോ നടത്തേണ്ടതില്ല. തദടിസ്ഥാനത്തില്‍ ഇസ്‌ലാം രാഷ്ട്രമില്ലാത്ത മതവും നിയമസംഹിത ഇല്ലാത്ത ആദര്‍ശവുമാണ് എന്നാണ് അക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്. കൂടാതെ മേല്‍നബിവചനം ഉപയോഗിച്ച് ഇസ്‌ലാമില്‍നിന്ന് സാമ്പത്തിക വ്യവസ്ഥ എടുത്തുകളയാനും ചിലര്‍ തുനിയുകയുണ്ടായി. അതിനാല്‍ ആ ഹദീസിന്റെ വ്യത്യസ്തപരമ്പരകള്‍ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

നബിശിഷ്യന്‍ ത്വല്‍ഹ(റ)യില്‍നിന്ന് നിവേദനം: ‘ഞാന്‍ ഒരിക്കല്‍ നബി(സ)യോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ ചിലയാളുകള്‍ ഈന്തപ്പനകളുടെ മുകളില്‍ കയറി ജോലിചെയ്യുന്നുണ്ടായിരുന്നു. തിരുമേനി ചോദിച്ചു:’അവരെന്താണ് ചെയ്യുന്നത്’ . അപ്പോള്‍ അവര്‍ പറഞ്ഞു:’ആണ്‍ ഈന്തപ്പനയും പെണ്‍ ഈന്തപ്പനയും തമ്മില്‍ പരാഗണം നടത്തുകയാണ്’. ‘അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല’ നബി(സ) പ്രതികരിച്ചു. ഇക്കാര്യം കര്‍ഷകരോട് പറഞ്ഞു. അവര്‍ പരാഗണം നടത്തുന്നത് ഉപേക്ഷിച്ചു. ഉപേക്ഷിച്ച കാര്യം അറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ‘അതുകൊണ്ടെന്തെങ്കിലും ഉപകാരമുണ്ടെങ്കില്‍ അവര്‍ അത് ചെയ്തുകൊള്ളട്ടെ. ഞാന്‍ ഊഹിച്ചു പറഞ്ഞതുമാത്രമായിരുന്നു അത്. ഊഹത്തിന്റെ പേരില്‍ നിങ്ങളെന്നെ പിടികൂടരുത്.എന്നാല്‍ ഞാന്‍ അല്ലാഹുവില്‍നിന്ന് കിട്ടിയകാര്യം നിങ്ങളോട് സംസാരിച്ചാല്‍ നിങ്ങള്‍ അത് സ്വീകരിക്കുക. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ മേല്‍ കള്ളം പറയില്ല.”

മറ്റൊരു നബി ശിഷ്യനായ റാഫിഉബ്‌നു ഖദീജില്‍ നിന്ന് നിവേദനം:
‘നബി(സ) മദീനയില്‍ വന്ന കാലത്ത് മദീനഃക്കാര്‍ ഈന്തപ്പനകളില്‍ പരാഗണം നടത്തിയിരുന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? ‘ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഇങ്ങനെ ചെയ്യാറുണ്ട്.’ അതിന് നബി ഇങ്ങനെ പ്രതികരിച്ചു: ‘നിങ്ങള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാവും നന്നാവുക’. അങ്ങനെ അവര്‍ അത് ഉപേക്ഷിച്ചു. അതുകാരണം ഈത്തപ്പഴം കുറഞ്ഞു. ഇതേക്കുറിച്ച് ആളുകള്‍ നബിയെ ധരിപ്പിച്ചു. അപ്പോള്‍ നബിതിരുമേനി പറഞ്ഞു:’ഞാന്‍ മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദീനുമായി ബന്ധപ്പെട്ട എന്തെങ്കിലും ഞാന്‍ എന്തെങ്കിലും ഞാന്‍ നിങ്ങളോട് കല്‍പിച്ചാല്‍ നിങ്ങള്‍ അത് സ്വീകരിക്കുക. എന്റെ അഭിപ്രായം എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് വല്ലതും പറഞ്ഞാല്‍ ഞാന്‍ (നിങ്ങളെപ്പോലെ) ഒരു മനുഷ്യന്‍ മാത്രമാണ്.”
ആഇശ(റ)യും അനസും(റ) ഉദ്ധരിക്കുന്നു:

‘ഈന്തപ്പന പരാഗണം നടത്തുകയായിരുന്ന ഒരു കൂട്ടം ആളുകളുടെ അടുത്തുകൂടി നബി(സ) നടന്നുപോകാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു:’നിങ്ങള്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ അതാകും നന്നാവുക’. (അതുപ്രകാരം ചെയ്തപ്പോള്‍) ഉല്‍പാദനം കുറഞ്ഞു. പിന്നീടൊരിക്കല്‍ നബി(സ) അതുവഴി വന്നു. തദവസരം അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ ഈന്തപ്പനകള്‍ക്കെന്തുപറ്റി’ ആളുകള്‍ പറഞ്ഞു:’താങ്കള്‍ ഇന്നയിന്ന പ്രകാരമെല്ലാം പറഞ്ഞിരുന്നല്ലോ’. അതിന് വിശദീകരണമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ഐഹികകാര്യങ്ങളെപറ്റി നിങ്ങള്‍ക്കാണ് ഏറ്റവും നന്നായി അറിയുക”
മേലുദ്ധരിച്ച 3 ഹദീസുകളും ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ച അഭിപ്രായപ്രകടനം മാത്രമാണ്. അദ്ദേഹത്തിന് കൃഷിയുമായി ബന്ധപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നില്ല. കൃഷിയുമായി പൊതുവെ ബന്ധമില്ലാതിരുന്ന മക്കാവാസിയായിരുന്നല്ലോ അദ്ദേഹം (മക്കയെക്കുറിച്ച, കൃഷിയില്ലാത്ത താഴ്‌വര എന്ന ഖുര്‍ആന്‍ പ്രയോഗം ഓര്‍ക്കുക). എന്നാല്‍ നബിശിഷ്യര്‍ അതിനെ മതപരമായി പിന്തുടരേണ്ട നിര്‍ദ്ദേശമായി കണക്കിലെടുത്തു. അനുസരിക്കപ്പെടേണ്ട നിയമമായി പരിഗണിച്ചു. പക്ഷേ, ഫലം നിരാശാജനകമായിരുന്നു. ഈന്തപ്പഴം വല്ലാതെ കുറഞ്ഞു. മതപരമല്ലാത്ത ഒരു കാര്യത്തെപ്പറ്റി തന്റെ ഒരു ധാരണ പങ്കുവെക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും കൃഷി ഒരു വിജ്ഞാനമേഖലയാണെന്നും നിങ്ങള്‍ക്കാണ് അതെപ്പറ്റി കൂടുതല്‍ അറിയുക എന്നുമാണ് നബി(സ) അതെക്കുറിച്ച് വിശദീകരിച്ചത്.

Topics