കുടുംബ ജീവിതം-Q&A

ഭാര്യാസഹോദരന്‍ കുഞ്ഞിനെ ദത്ത് തന്നാല്‍ ?

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായി. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഞങ്ങളുടെ മെഡിക്കല്‍ റിപോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല. എന്റെ ഭാര്യാസഹോദരന് ഒരു മകളുണ്ട്. സന്താനസൗഭാഗ്യം ലഭിക്കാത്ത ഞങ്ങളുടെ മനോവിഷമത്തെ തുടര്‍ന്ന് ഭാര്യാസഹോദരന്‍ അവരുടെ രണ്ടാമത്തെ കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരിക്കുകയാണ്. ഭാര്യാസഹോദരനും കുടുംബവും അക്കാര്യത്തില്‍ സമ്മതം നല്‍കിയിട്ടുമുണ്ട്. അവര്‍ക്ക് ഇനി അടുത്തൊന്നും കുട്ടികള്‍ ആവശ്യമില്ല എന്ന നിലപാടാണ്. അതിനാല്‍ അതീവ സന്തോഷത്തോടെയാണ് ഞങ്ങള്‍ക്ക് കുട്ടിയെ വാഗ്ദാനംചെയ്തത്. അടുത്തമാസം ആണ് അവരുടെ പ്രസവം. അങ്ങനെ കുട്ടിയെ സ്വീകരിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

ഉത്തരം: അല്ലാഹു നിങ്ങള്‍ക്ക് സന്താനസൗഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അറിയുക, എല്ലാ പ്രാപഞ്ചികവ്യവസ്ഥകളും അവന്റെ അറിവോടും ഇച്ഛയോടും കൂടിയാണ് നടക്കുന്നത്.
അല്ലാഹു പറയുന്നു: ‘ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും'(അശ്ശൂറാ 49,50).

അതിനാല്‍ സന്താനസൗഭാഗ്യത്തിനായി അല്ലാഹുവോട് നിരന്തരം പ്രാര്‍ഥിക്കുക. പാപമോചനമാവശ്യപ്പെട്ട് നിങ്ങളിരുവരും അല്ലാഹുവിനോട് ഇസ്തിഗ്ഫാറിന്റെ പ്രാര്‍ഥനയും നടത്തുക. പ്രവാചകന്‍ മുഹമ്മദ് (സ) ഇപ്രകാരം അരുളിയിരിക്കുന്നു:’ആര്‍ സ്ഥിരമായി പാപമോചനപ്രാര്‍ഥന നടത്തുന്നുവോ, അല്ലാഹു അവര്‍ പോലും ഉദ്ദേശിക്കാത്ത വഴിയിലൂടെ അവര്‍ക്കായി അനുഗ്രഹത്തിന്റെ വാതിലുകള്‍ തുറന്നുവെക്കുന്നതാണ്.’

സന്താനസൗഭാഗ്യത്തിനായി ഏറെക്കാലം ചികിത്സകള്‍ തുടരുകയും എല്ലാറ്റിനുമൊടുവില്‍ നിരാശപ്പെട്ട് കഴിയവേ ഏവരെയും അത്ഭുതപ്പെടുത്തുമാറ്, ഒന്നിലേറെ കുട്ടികളെ പ്രസവിക്കുകയും ചെയ്തിട്ടുള്ള ഒട്ടേറെ സ്ത്രീകളെ എനിക്കറിയാം. അതിനാല്‍ പാപമോചന പ്രാര്‍ഥന ഉപേക്ഷിക്കാതിരിക്കുക. നിങ്ങളെ അത്ഭുതപ്പെടുത്തി, അനുഗ്രഹത്തിന്റെ കവാടം നിങ്ങള്‍ക്കുമുമ്പില്‍ തുറന്നുവരും.

നിങ്ങള്‍ക്ക് കുട്ടിയെ ദത്തെടുക്കാം. ദത്തെടുക്കുന്ന കുട്ടി ഖരപദാര്‍ഥങ്ങള്‍ കഴിക്കുംമുമ്പുള്ള പിഞ്ചുപൈതലായിരിക്കുന്നതാണ് നല്ലത്. കുഞ്ഞിന് മുലകൊടുക്കാന്‍ കഴിയുംവിധം ഭാര്യ ചികിത്സ തേടേണ്ടതാണ്. കാരണം മുലയൂട്ടലിലൂടെ മാതൃ-സഹോദര ബന്ധം (ഭാവിയില്‍ നിങ്ങള്‍ക്ക് കുട്ടികളുണ്ടായാല്‍ ) സ്ഥാപിക്കാന്‍ അത് വളരെ സഹായകരമായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ഭാര്യാസഹോദരന്റെ കുടുംബം നല്‍കാമെന്ന് പറഞ്ഞ കുട്ടിയെ സ്വീകരിക്കാവുന്നതാണ്. കുഞ്ഞിനെ മുലയൂട്ടാന്‍ സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭാര്യക്ക് ലാക്‌റ്റേറ്റ് കുത്തിവെപ്പിന് വിധേയമാകുന്നതില്‍ കുഴപ്പമില്ല.

Topics