കുടുംബ ജീവിതം-Q&A

ഭര്‍ത്താവിന്റെ മുമ്പില്‍ മടിക്കുന്നതെന്തിന് ?

ചോദ്യം: തീര്‍ത്തും അപൂര്‍വമായ ഒരു പ്രശ്‌നമാണ് എനിക്കിവിടെ അവതരിപ്പിക്കാനുള്ളത്. താങ്കളത് കേള്‍ക്കാനുള്ള ഹൃദയവിശാലത കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതുവര്‍ഷമായി. എനിക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. എല്ലാ സ്‌നേഹവികാരങ്ങളോടെയുമാണ് അദ്ദേഹം എന്നോട് വര്‍ത്തിക്കുന്നത്. എനിക്കും അദ്ദേഹത്തിനും ഇടയിലെ അനുഭൂതിദായകമായ നിമിഷങ്ങള്‍ക്കായി അദ്ദേഹം വളരെ മനോഹരമായി തയ്യാറെടുക്കാറുണ്ട്. എന്നെ സന്തോഷിപ്പിക്കാന്‍ എന്തുതന്നെ ചെലവഴിക്കാനും അദ്ദേഹം തയ്യാറാണ്. എനിക്ക് പൂക്കളും മറ്റുസമ്മാനങ്ങളും അദ്ദേഹം വാങ്ങിത്തരാറുണ്ട്. എന്നുമാത്രമല്ല,എന്നെയും കുഞ്ഞുങ്ങളെയും ഖുര്‍ആന്‍ പഠിപ്പിക്കുകയും, ഞങ്ങളുടെ ആരാധനകളില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.

ഞാനും അദ്ദേഹവും തമ്മിലെ സ്വകാര്യ നിമിഷങ്ങളില്‍ എനിക്ക് ലജ്ജയും വൈക്ലബ്യവും അനുഭവപ്പെടുന്നുവെന്നതാണ് എന്റെ പ്രശ്‌നം. ചിലപ്പോള്‍ അത്തരം നിമിഷങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ഞാന്‍ ശ്രമിക്കും. ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധം പോലും എനിക്ക് മോശമായി അനുഭവപ്പെടുന്നു. അതിനാല്‍ തന്നെ പ്രസ്തുത നിമിഷങ്ങളില്‍ എനിക്ക് മാനസിക വിഷമം അനുഭവപ്പെടുകയും ഞാന്‍ പ്രതികരണമില്ലാതെ നിര്‍ജ്ജീവമായി കിടക്കുകയുമാണ് പതിവ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അദ്ദേഹം ഈ പ്രശ്‌നത്തെ നിറഞ്ഞ പുഞ്ചിരിയോട് കൂടിയാണ് സമീപിക്കുന്നത്. എനിക്ക് കഴിയാത്തത് ചെയ്യാന്‍ അദ്ദേഹമെന്നെ നിര്‍ബന്ധിക്കാറില്ല. ഞാന്‍ ഒന്നും ചെയ്യാതെ തന്നെ, അദ്ദേഹമാണ് എല്ലാം ചെയ്യാറുള്ളത്.

ഭര്‍ത്താവും ഞാനും ഇവ്വിഷയകമായി ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാന്‍ കരയാന്‍ തുടങ്ങും. അദ്ദേഹത്തിന് അവകാശപ്പെട്ട പലതും എനിക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നതാണ് ദുഖകരം. ഞാനതിനെക്കുറിച്ച് വളരെയധികം ചിന്തിച്ചു. ചെറുപ്രായത്തില്‍ വീട്ടില്‍ നിന്ന് ലഭിച്ച തര്‍ബിയ്യത്തിന്റെ ഫലമായിരിക്കാം പ്രസ്തുത സമീപനമെന്ന ധാരണയിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. അതിനാല്‍ ഞാന്‍ ഇപ്പോഴും വളരെ ദുഖിതയാണ്. ഒമ്പതുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാനോ, അദ്ദേഹത്തോട് സ്‌നേഹഭാഷണം നടത്താനോ എനിക്ക് സാധിച്ചിട്ടില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചാലും.

ഉത്തരം: പ്രിയ സഹോദരീ, നമ്മുടെ സമൂഹത്തില്‍ തീര്‍ത്തും അപൂര്‍വമായ പ്രശ്‌നമൊന്നുമല്ല താങ്കളുടേത്. താങ്കള്‍ മാത്രമല്ല ഈ പ്രയാസം അഭിമുഖീകരിക്കുന്നത്. വീട്ടില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ ലഭിച്ച വഴിതെറ്റിയ ശിക്ഷണത്തിന്റെ ഫലമായി ഭാര്യ-ഭര്‍തൃ ശാരീരികബന്ധങ്ങളില്‍ പുരുഷന്‍ മുന്‍കൈയ്യെടുക്കണമെന്നും, സ്ത്രീ അവയെ ലജ്ജയോടും നാണത്തോടും കൂടിയാണ് സമീപിക്കേണ്ടതെന്നുമുള്ള തെറ്റിദ്ധാരണ വ്യാപകമായിരിക്കുന്നു. സ്ത്രീ അവളുടെ താല്‍പര്യവും ആഗ്രഹവും പ്രകടിപ്പിക്കുന്നതും, ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തിന് മുന്നിട്ടിറങ്ങുന്നതും തെറ്റാണെന്ന കാഴ്ചപ്പാട് അറിയാതെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

താങ്കള്‍ക്ക് നാണമേറെയാണെന്ന് താങ്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. നാണമാവട്ടെ വിശ്വാസത്തിന്റെ ഭാഗമാണ് താനും. പക്ഷേ ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ നാണിക്കണമെന്നല്ല അതിന്റെ അര്‍ത്ഥം. പരസ്പരം ഇണചേരുകയും മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തതിന് ശേഷവും ഈ നാണം നിലനില്‍ക്കുന്നുവെങ്കില്‍ അത് പ്രശ്‌നം തന്നെയാണ്. താങ്കളുടെ രോഗം എന്താണെന്ന് താങ്കള്‍ തന്നെ നിര്‍ണിയിച്ചിരിക്കുന്നു എന്നത് ശുഭകരമാണ്. ഇനി രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുകയാണ് വേണ്ടത്. ചെറുപ്രായത്തില്‍ ലഭിച്ച വഴിതെറ്റിയ ശിക്ഷണത്തിന്റെ എല്ലാ പൊടിപടലങ്ങളും ഹൃദയത്തില്‍ നിന്ന് തൂത്തുവാരി വൃത്തിയാക്കുകയാണ് വേണ്ടത്. നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് എന്ന യാഥാര്‍ത്ഥ്യം സഹോദരി ഓര്‍ക്കുക. ചിന്തയും ആലോചനയും തീരുമാനവും കൊണ്ട് നമ്മുടെ മുന്‍ധാരണകളെ മറികടക്കാന്‍ നമുക്കാവേണ്ടതുണ്ട്. വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന ദൃഢനിശ്ചയങ്ങളാണ് പ്രസ്തുത ലക്ഷ്യത്തിന് നിങ്ങള്‍ക്ക് കരുത്തേകുക.

ദാമ്പത്യ ജീവിതത്തിന്റെ വളരെ മുഖ്യമായ ഭാഗമാണ് ശാരീരികബന്ധമെന്നത്. ഇണയും തുണയും ശാരീരികമായി പൂര്‍ണമായും ഒന്നിച്ചാലെ ദാമ്പത്യം വിജയകരമായി മുന്നോട്ടുപോവുകയുള്ളൂ. സാംസ്‌കാരികവും, ചിന്താപരവുമായ ചേര്‍ച്ച കൊണ്ടുമാത്രം ദാമ്പത്യ വിജയമുണ്ടാകില്ല. ഇരുഹൃദയങ്ങള്‍ക്കും ശരീരങ്ങള്‍ക്കുമിടയില്‍ പൂര്‍ണമായ അര്‍ത്ഥത്തിലുള്ള പരസ്പര ധാരണ രൂപപ്പെടേണ്ടതുണ്ട്. പരസ്പരം ഇണങ്ങിയ രണ്ട് ആത്മാക്കളുടെ ചേര്‍ച്ചയാണ് സ്‌നേഹം. പ്രസ്തുത ചേര്‍ച്ചയുടെ ശാരീരികപ്രകടനമാണ് ശാരീരികബന്ധമെന്നത്.

സ്‌നേഹവും ലൈംഗികതയും സ്ത്രീക്കും പുരുഷനും ഒരുപോലെ സുപ്രധാനമാണ്. അവര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഏറ്റവ്യത്യാസങ്ങളുണ്ടായേക്കാം. സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികബന്ധത്തേക്കാള്‍ പ്രാധാന്യം ഉള്ളത് സ്‌നേഹത്തിനാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് കാര്യം. പുരുഷന്മാര്‍ക്ക് സ്‌നേഹിക്കാനറിയില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. പുരുഷന്‍ നന്നായി സ്‌നേഹിക്കുമെന്നതിന്റെ ഉദാഹരണം നിങ്ങളുടെ ഭര്‍ത്താവ് തന്നെയാണ്. എത്ര വാല്‍സല്യത്തോടും സ്‌നേഹത്തോടും കൂടിയാണ് അദ്ദേഹം നിങ്ങളോട് വര്‍ത്തിക്കുന്നത്! എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് പരാജയം.

ഇണയെ തൃപ്തിപ്പെടുത്താനും, അദ്ദേഹത്തിന്റെ കണ്ണുകള്‍ കുളിരണിയിപ്പിക്കാനുമുള്ള ശ്രമമാണ് സഹോദരിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തിലെ കന്യകകളെ വിശേഷിപ്പിച്ചിരിക്കുന്നത് ‘ഇണയിലേക്ക് താല്‍പര്യമുള്ളവള്‍'(അല്‍വാഖിഅ 37) എന്നാണ്. ശാരീരികവും മാനസികവുമായ സകല ആസ്വാദനങ്ങളും നല്‍കപ്പെടുന്ന സ്വര്‍ഗമാക്കി നിങ്ങളുടെ കിടപ്പറയെ മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഡോ. വര്‍ദ നുവൈര്‍

Topics