കുടുംബ ജീവിതം-Q&A

പരിവര്‍ത്തിതന്‍, പക്ഷേ ദീനില്ല. വിവാഹമോചനം?

ചോദ്യം: മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരു ക്രൈസ്തവയുവാവിനെയാണ് ഞാന്‍ വിവാഹംകഴിച്ചത്. ഏതാനും മാസങ്ങളായി അദ്ദേഹം ദീനിന്റെ നിര്‍ബന്ധകര്‍മങ്ങളടക്കം യാതൊന്നും അനുഷ്ഠിക്കുന്നില്ല. അതെപ്പറ്റി ചോദിച്ചാല്‍ ദൈവത്തിന്റെ പത്ത് കല്‍പനകള്‍ താന്‍ മുറുകെപ്പിടിക്കുന്നുണ്ടല്ലോ എന്നാണ് മറുപടി. ഞങ്ങള്‍ക്ക് 6 മാസം പ്രായമായ കുഞ്ഞുണ്ട്. ആ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ അനിവാര്യമായും വേണ്ട ഒരു മാതൃകാപിതാവായിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ എന്ന ആശങ്കയാണെനിക്ക്. ക്രൈസ്തവ-ഇസ്‌ലാമിക മതദര്‍ശനങ്ങള്‍ കുട്ടിയെ പഠിപ്പിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. പ്രായപൂര്‍ത്തിയെത്തുന്ന ഘട്ടത്തില്‍ താല്‍പര്യമുള്ള മതം കുട്ടിക്ക് സ്വീകരിക്കാമല്ലോ എന്നാണ് വാദം. ഞാനാകട്ടെ, ദീനിനെക്കുറിച്ച അറിവ് ലഭിക്കാതെ എന്റെകുട്ടി വളരില്ലേയെന്ന ആശങ്കയിലും. ഈ ദാമ്പത്യം ഉപേക്ഷിക്കുന്നതാണോ കരണീയം? അതല്ല,ഒരു നാള്‍ അദ്ദേഹം യഥാര്‍ഥവിശ്വാസത്തിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോകുന്നതോ? മറുപടി പ്രതീക്ഷിക്കുന്നു?

ഉത്തരം: ഇസ്‌ലാമിലേക്ക് ശഹാദത്ത് കലിമചൊല്ലി പ്രവേശിച്ച വ്യക്തിയാണ് താങ്കളുടെ ഭര്‍ത്താവ്. എന്നാല്‍ ദീനിന്റെ അടിസ്ഥാനകര്‍മങ്ങള്‍ അനുഷ്ഠിക്കാത്തയാളും. സത്യത്തില്‍, ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങളായ നമസ്‌കാരം, സകാത്ത് , നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയും നിഷേധിക്കുകയുമാണെങ്കില്‍ മാത്രമേ അദ്ദേഹം ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുകയുള്ളൂ. അതുവരെ അദ്ദേഹം മുസ്‌ലിമായി തന്നെയാണ് പരിഗണിക്കപ്പെടുക. പത്തുകല്‍പനകളിലെ സാബത് ഒഴിച്ചുള്ള ബാക്കിയെല്ലാ കല്‍പനകളും ഖുര്‍ആനിലുമുണ്ടെന്ന കാര്യം താങ്കള്‍ അറിയണം.
അതിനാല്‍ ഭര്‍ത്താവെന്ന നിലയില്‍ അദ്ദേഹം മറ്റുള്ള ബാധ്യതകള്‍ നിറവേറ്റുകയും വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ ഈ ദാമ്പത്യത്തില്‍ താങ്കള്‍ തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിന് നേര്‍മാര്‍ഗം കരഗതമാകാന്‍ വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുക. അല്ലാഹു അദ്ദേഹത്തിന് യഥാര്‍ഥസത്യം വെളിപ്പെടുത്തിക്കൊടുത്തേക്കാം.
ഇനി, അദ്ദേഹത്തെ വിശ്വസിക്കാന്‍ മതിയായ കാരണങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കില്‍, അദ്ദേഹം മതത്തെ കളിതമാശയായി കാണുന്നുവെങ്കില്‍ താങ്കള്‍ക്ക് വിവാഹമോചനം തേടാന്‍ അര്‍ഹതയുണ്ട്.
ശൈഖ് അഹ്മദ് കുട്ടി

Topics