കുടുംബ ജീവിതം-Q&A

ദീന്‍ ഉപേക്ഷിച്ച പിതാവിനോടുള്ള സമീപനം

ചോദ്യം: എന്റെ മാതാപിതാക്കള്‍ രണ്ടുവര്‍ഷം മുമ്പ് വിവാഹമോചനം നേടിയവരാണ്. അതെത്തുടര്‍ന്ന് ഞാനും എന്റെ സഹോദരിയും ഉപ്പയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അവിടെ ഉപ്പയുടെ മാതാവ്, സഹോദരി, സഹോദരന്‍ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പതിവ് ഉപ്പ അവസാനിപ്പിച്ചു. എന്റെ മാതാവില്‍നിന്ന് മോചനം നേടിയതില്‍ പിന്നെ എന്നും രാത്രി വളരെ വൈകിയാണ് ഉപ്പ വീട്ടിലെത്തിയിരുന്നത്. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യം കാട്ടിയിരുന്നില്ല. അതിനിടയില്‍ ഒരു ക്രൈസ്തവയുവതിയുമായി അടുപ്പത്തിലായി എന്ന് കേട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതെ ആ യുവതിയെ വിവാഹംചെയ്യുകയുംചെയ്തു. കുടുംബാംഗങ്ങള്‍ എല്ലാവരും ഉപ്പയെ ഇസ്‌ലാമിലേക്ക് തിരികെവരാന്‍ എപ്പോഴും ഉപദേശിക്കാറുണ്ട്.
ദീനിചിട്ടവട്ടങ്ങളിലൊന്നും താല്‍പര്യം കാണിക്കാതിരുന്നപ്പോള്‍തന്നെ രണ്ടുവര്‍ഷം മുമ്പ് ഞാന്‍ ഉപ്പയെ അടുത്തുള്ള പള്ളിയിലെ കൗണ്‍സിലറായ ഇമാമിനടുത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആ ഇമാം എന്റെ ഉപ്പയോട് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കണമെന്ന് നിര്‍ദ്ദേശിച്ചുപോലുമില്ല. പകരം എന്നോട് ഉപ്പയെ വെറുതെവിടാനും നന്‍മയില്‍ കൂടുതലായി മുഴുകാനുമാണ് ഉപദേശിച്ചത്.

വിവാഹം കഴിച്ച ക്രിസ്ത്യന്‍ യുവതിയെ ഒരിക്കല്‍ വീട്ടില്‍ കൊണ്ടുവന്നെങ്കിലും വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം മറ്റെവിടേക്കോ താമസം മാറ്റി. ഉപ്പയ്ക്ക് കനത്ത ശമ്പളം കിട്ടുന്ന ജോലിയുള്ളതിനാല്‍ ഞങ്ങളുടെ കുടുംബം മുമ്പോട്ടുപോകുന്നു. എന്റെ ഉപ്പയുടെ സ്വഭാവമാറ്റം കാരണമായി കുടുംബാംഗങ്ങള്‍ക്ക് പ്രയാസമുണ്ടെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ഫോണ്‍ചെയ്ത് ഞങ്ങളുടെ വിശേഷങ്ങള്‍ തിരക്കും. ഞങ്ങളെ കാണാന്‍ വരുമ്പോഴെല്ലാം ജീവിതം ഇങ്ങനെ പാഴാക്കുന്നതെന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ ഉപ്പയ്ക്ക് ദേഷ്യം വരും. എന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന ഒരു പുരുഷനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം ഈയിടെയായി ശക്തമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും കോളേജ് വിദ്യാര്‍ഥിനിയാണ്. ഉപ്പയോട് എങ്ങനെയാണ് വര്‍ത്തിക്കേണ്ടത് ? എനിക്കിപ്പോള്‍ വിവാഹം കഴിക്കാമോ ?

ഉത്തരം: സഹോദരീ, അല്ലാഹുവിങ്കല്‍ കണക്കുബോധിപ്പിക്കേണ്ട വിഷയത്തില്‍ ഓരോ വ്യക്തിയും സ്വയം ഉത്തരവാദിയാണെന്ന കാര്യം ആദ്യം മനസ്സിലാക്കുക. നമ്മുടെ മാതാപിതാക്കള്‍ മനുഷ്യരെന്ന നിലയില്‍ പലനിലയ്ക്കും കുറ്റവും കുറവും ഉള്ളവരുമായിരിക്കും. താങ്കളെപ്പോലെ തന്നെ എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉപ്പയ്ക്കുണ്ട്. അത്തരം തീരുമാനങ്ങളെ മുന്‍നിര്‍ത്തിയാണ് ഓരോരുത്തരും വിചാരണചെയ്യപ്പെടുകയെന്നും താങ്കള്‍ തിരിച്ചറിയുക. അതില്‍ മറ്റാരും കുറ്റവാളിയാക്കപ്പെടുകയില്ല.

ഇസ്‌ലാമികനിയമങ്ങളനുസരിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തെ സ്വന്തംപാട്ടിന് വിട്ടേക്കുക.’മതകാര്യത്തില്‍ യാതൊരു വിധ ബലപ്രയോഗവുമില്ല. നന്‍മതിന്‍മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ദൈവേതര ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (അല്‍ബഖറ 256).

നിങ്ങളുടെ ഉപ്പ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നതിനാല്‍ ദീന്‍ വിലക്കിയ വ്യഭിചാരത്തില്‍നിന്നും മുക്തനായിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കുടുംബത്തിന് വേദനയുണ്ടാക്കുന്നത് ദീനീകാര്യങ്ങളില്‍നിന്നുള്ള അദ്ദേഹത്തിന്റെ അകല്‍ച്ചയാണ്. അദ്ദേഹത്തെ തിരികെകൊണ്ടുവരാന്‍ ഗുണകാംക്ഷയുടെയും വിവേകത്തിന്റെ മാര്‍ഗം ഉപയോഗിക്കുകയാണ് കരണീയം. അദ്ദേഹത്തെ നിഷേധിയായി മുദ്രകുത്താനും വിമര്‍ശിക്കാനും തുനിയുന്നത് ദീനിനെ വെറുക്കുന്ന പൈശാചികവികാരം ആളിക്കത്തിക്കാനേ ഉപകരിക്കൂ. തങ്ങളില്‍ കുറ്റമോ കുറവോ ഇല്ലെന്ന മട്ടില്‍ ഉപദേശിയാവാനുള്ള ചിലരുടെ ശ്രമം കാര്യങ്ങള്‍ വഷളാക്കുന്നുവെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.

ഒരു വിവാഹം കഴിച്ചാല്‍ ഇപ്പോഴത്തെ കുടുംബാന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെടാമെന്ന നിങ്ങളുടെ ചിന്ത തികച്ചും സ്വാഭാവികമാണ.് കുടുംബത്തിലെ പിതാവ് എന്നത് ആശ്രിതരുടെ മനോധൈര്യവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്ന ഊര്‍ജമാണ്. ആ ഊര്‍ജസ്രോതസ്സ് നഷ്ടപ്പെട്ടാല്‍ അതെങ്ങനെ പരിഹരിക്കാമെന്നായിരിക്കും ആശ്രിതര്‍ ചിന്തിക്കുക. സ്ത്രീയെന്ന നിലക്ക് നിങ്ങള്‍ വിവാഹം ആ ഊര്‍ജം ലഭിക്കാനുള്ള എളുപ്പവഴിയെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഭര്‍ത്താവിലുള്ളത് മറ്റൊരു ഊര്‍ജമാണ്. എങ്കിലും ശരിയായ ദിശയിലുള്ള ഊര്‍ജത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ തെറ്റായ തീരുമാനങ്ങളില്‍നിന്ന് അത് നിങ്ങളെ രക്ഷിക്കും.

പലപ്പോഴും പെണ്‍കുട്ടികള്‍ വിവാഹംചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് നമ്മില്‍നിന്ന അകന്നുപോയ രക്ഷിതാവിന്റെ സവിശേഷഗുണങ്ങളോടുകൂടിയ മറ്റൊരാളെയായിരിക്കും. തങ്ങള്‍ക്ക് നഷ്ടമായ ഊര്‍ജത്തെ വീണ്ടെടുക്കാനുള്ള മനസ്സിന്റെ ശ്രമമാണ് അത്. നിങ്ങളും പിതാവും തമ്മില്‍ അടുപ്പം പുലര്‍ത്താനാവുന്നില്ലെങ്കില്‍ അത് മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്നു. അപ്പോള്‍ നിങ്ങള്‍ പിതാവിനെപ്പോലെയുള്ള ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കും. അങ്ങനെ ആ നഷ്ടം നികത്താനും മനസ്സിനെ സന്തോഷിപ്പിക്കാനും ശ്രമിക്കും. അതുകൊണ്ടാണ് താങ്കള്‍ വിവാഹത്തെകുറിച്ച് സദാ ചിന്തിക്കാന്‍ കാരണം.
ഈ ഘട്ടത്തില്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍കഴിയുന്ന ഒരു കുടുംബം നിങ്ങള്‍ക്കുണ്ടല്ലോ. തല്‍ക്കാലം വിവാഹചിന്തകളില്‍നിന്ന് മാറി നിങ്ങള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. നല്ല സൗഹൃദബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. എല്ലാറ്റിനുമുപരി അല്ലാഹുവുമായുള്ള ബന്ധം ദൃഢതരവും ബലിഷ്ഠവുമാക്കുക. ജീവിതത്തിലെ ഈ വിഷമസന്ധി ഏതാനും സമയത്തേക്ക് മാത്രമേ ഉണ്ടാകൂ എന്ന് തിരിച്ചറിയുക. എല്ലാം പോസിറ്റീവായി ഉപയോഗപ്പെടുത്തുകയും അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവനാവുകയുംചെയ്യുക. നമ്മെ പ്രയാസത്തിലകപ്പെടുത്തുന്ന നൂറുപ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെയും നമ്മെ സന്തോഷിപ്പിക്കുന്ന ആയിരക്കണക്കായ അനുഗ്രഹങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുക. അതിന് കൃതജ്ഞത പ്രകടിപ്പിക്കുക.

‘നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ'(ഇബ്‌റാഹീം 34).

നിങ്ങളുടെ ഉമ്മയില്‍നിന്ന് ഉപ്പയുടെ വിവാഹമോചനം വളരെ പ്രയാസകരമായ കാര്യംതന്നെ .എങ്കിലും നമ്മുടെ സമുദായത്തിലെ സഹോദരി-സഹോദരങ്ങള്‍ ഇതിനെക്കാള്‍ കടുത്ത പ്രയാസം നേരിടുന്നുവെന്ന് മനസ്സിലാക്കുക. അല്ലാഹു കടുത്ത പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കാന്‍ നമ്മെ തുണക്കട്ടെ,ആമീന്‍.

Topics