മാനവിക സമഭാവനയിലും സാമൂഹിക നീതിയിലും അധിഷ്ടിതമായ അടിസ്ഥാന ശിലകളിലാണ് ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ നിലകൊള്ളുന്നത്.ലാളിത്യവും
സുതാര്യതയുമാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത.ഉള്‍ക്കൊള്ളാനോ ഏറ്റെടുത്ത് നിര്‍വഹിക്കാനോ കഴിയാത്ത യാതൊന്നും ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. കുടുംബ,വര്‍ഗ,വംശ,വര്‍ണ കുലമഹിമയുടെയൊന്നും അ ടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു വ്യക്തി മാഹാത്മ്യവും അത് വകവെച്ചു കൊടുക്കുന്നുമില്ല. ജാതി വ്യവസ്ഥയെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല.വെളുത്തവനും കറുത്തവനും രാജാവും പ്രജയും ഒരുപോലെ തത്ത്വത്തിലും പ്രയോഗത്തിലും പൂര്‍ണമായ സമത്വം അനുഭവിക്കുന്നു എന്നതാണ് ഇസ്‌ലാമിക വ്യവസ്ഥയുടെ മൗലികത. ഐത്തമോ ഉച്ചനീചത്വമോ ഇല്ലാതെ വയലുകളിലും പണി ശാലകളിലും വീടുകളിലും കൊട്ടാരങ്ങളിലും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലുമെന്നു വേണ്ട എവിടെയും പാരസ്പര്യത്തിലൂടെ അവരാ സമത്വത്തിന്റെ സുഖമനുഭവിക്കുന്നു.
പ്രവാചകത്വകാലത്തെ അറബികള്‍
മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവസ്ഥ വളരെ ദയനീയമായിരുന്നു. പൗരാവകാശങ്ങളോ രാഷ്ട്രീയാനുകൂല്യങ്ങളോ അനുഭവിക്കാന്‍ പൊതു സമൂഹത്തിന് കഴിഞ്ഞിരുന്നില്ല. അതെല്ലാം സമ്പന്നരിലും കയ്യൂക്കുള്ളവരിലും അഭിജാതരിലും മത പുരോഹിതരിലും മാത്രം പരിമിതമായിരുന്നു.പ്രമാണിമാരുടെയും ജന്മിമാരുടെയും ഭാഗത്ത് നിന്നുള്ള കടുത്ത പീഡനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിച്ചു വരികയായിരുന്നു കര്‍ഷകരും ദരിദ്രരും.അപ്പോഴായിരുന്നു പ്രവാചകന്റെ നിയോഗം. തിരുമേനി മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കാഹളമൂതി. ജനങ്ങള്‍ക്കിടയില്‍ സമത്വം ഉദ്‌ഘോഷിച്ചു.ജാതി വിവേചനം അവസാനിപ്പിച്ചു. നിരാലംബരെ സ്വതന്ത്രരാക്കി. ദൈവത്തിന്റെ ഏകത്വവും മനുഷ്യര്‍ക്കിടയിലെ സമത്വവും ഇസ്‌ലാം ആദ്യമേ ഗൗനിച്ചിരുന്നു. പ്രവാചകന്‍ മുന്‍ഗണന കൊടുത്തിരുന്ന രണ്ടു പ്രധാന ആശയങ്ങളായിരുന്നു ദൈവത്തിന്റെ ഏകത്വവും മനുഷ്യര്‍ക്കിടയിലെ സമത്വവും.മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ വിശാലമായൊരു വിതാനമാണ് ഇസ്‌ലാം പ്രദാനം ചെയ്തിരിക്കുന്നത്. ഇസ്‌ലാം അതിന്റെ പ്രബോധനം ആരംഭിച്ച ആദ്യ നാളുകളില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പതാക അത് വഹിച്ചിരുന്നു.സാമൂഹ്യ അതിക്രമങ്ങളില്‍ നിന്ന് വിമോചനം നേടണമെന്നാഗ്രഹിച്ച മഹാ ഭൂരിപക്ഷം ജനങ്ങളും അതിനാല്‍ തന്നെ ഇസ്‌ലാമിനേ വരവേറ്റു.കാരണം നിയമങ്ങള്‍ക്കപ്പുറത്ത് മനുഷ്യര്‍ക്കിടയില്‍ പ്രായോഗിക സമത്വം അത് ഉറപ്പാക്കിയിരുന്നു.അക്രമത്തില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ചൂഷണത്തില്‍ നിന്നും നിന്ദനത്തില്‍ നിന്നുമെല്ലാം സ്വതന്ത്രരാക്കുന്നവര്‍ എന്ന നിലയില്‍ എന്നും എവിടെയും ജനങ്ങള്‍ മുസ്‌ലിങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്‌ലാം എപ്പോഴെങ്കിലും ചെറുത്തു നില്‍പ്പിന് വിധേയമായിട്ടുണ്ടെങ്കില്‍ അത് പ്രമാണിമാരില്‍ നിന്നും ജന്‍മിമാരില്‍ നിന്നും ചൂഷകരായ പുരോഹിതന്‍മാരില്‍ നിന്നുമാണ്. ‘അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്’ എന്നിങ്ങനെ രണ്ടു പ്രഖ്യാപന വചനങ്ങള്‍ ഉച്ചരിക്കുന്നതോടെ എല്ലാവരും സമന്‍മാരായി മാറുന്നു എന്നതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗമുള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളും ഇസ്‌ലാമിന്റെ കൊടിക്ക് കീഴില്‍ അണിചേര്‍ന്നു. അക്രമികളായ ജന്മിമാരുടെ ക്രൂരതകള്‍ക്കും ഗോത്രപരവും രാഷ്ട്രീയപരവുമായ വടംവലികളുടെയുമിടയില്‍ ജീവിക്കേണ്ടി വന്ന പേര്‍ഷ്യക്കാരും സിറിയക്കാരും റോമാക്കാറും ഈജിപ്തുകാരുമെല്ലാം വിമോചനത്തിന്റെ സുവിശേഷം കേട്ട് ഇസ്‌ലാമിലേക്ക് വന്നു.അവരങ്ങനെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു.മനുഷ്യ സാഹോദര്യത്തിന്റെ തണലില്‍ അവര്‍ നീതി അനുഭവിച്ചു . ഇപ്പറഞ്ഞ സ്വാതന്ത്ര്യവും നീതിയുമാണ് എക്കാലത്തേയും ഇസ്‌ലാമിന്റെ സാംസ്‌കാരിക ചിഹ്നം. ഒടുവില്‍ ഇസ്‌ലാമിന്റെ തണലില്‍ അവരെല്ലാം സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സൗഭാഗ്യം തൊട്ടറിഞ്ഞു.
മനുഷ്യരെല്ലാം ഒരുപോലെ
ഇസ്‌ലാമില്‍ മനുഷ്യരെല്ലാം സമന്‍മാരാണ് എന്ന് തെളിയിക്കുന്ന ഒരു സംഭവം ഉമര്‍ ബ്‌നുല്‍ ഖത്താബ് ഖലീഫയായിരുന്ന കാലത്ത് സംഭവിച്ചിട്ടുണ്ട്. ബനൂ ഗസ്സാന്‍ രാജാവായിരുന്ന ജിബില്ലത്ത് ബ്‌നുല്‍ അയ്അം ഇസ്‌ലാം ആശ്ലേഷിച്ചതിനു ശേഷം ഖലീഫയെ നേരില്‍ കാണാനും ബൈഅത്ത് ചെയ്യാനുമായി ഒരിക്കല്‍ മദീനയിലെത്തി. വലിയ പ്രൗഢിയിലും ഗരിമയിലുമായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. കാണേണ്ട താമസം, ഖലീഫ അതിഥിയെ വരവേല്‍ക്കുകയും തന്റെ ഇരിപ്പിടത്തില്‍ ഇരുത്തുകയും ചെയ്തു. പിന്നീട് , മദീനയിലെ വിശുദ്ധ ഭവനം ചുറ്റി നടന്നു കാണുകയായിരുന്നു ജിബില്ലത്ത് ബ്‌നുല്‍ അയ്അം.അതിനിടെ, അങ്ങാടിയില്‍ നിന്ന് വന്ന ഒരാളുടെ കാലില്‍ തട്ടി അദ്ദേഹത്തിന്റെ മേല്‍വസ്ത്രം താഴെ വീണു. പ്രകോപിതനായ അയാള്‍ ആ സാധുവിന്റെ മുഖത്ത് ആഞ്ഞടിച്ചു.അടിയുടെ ആഘാതത്തില്‍ മുന്‍പല്ല് പൊട്ടി. മര്‍ദ്ദിതന്‍ പരാതിയുമായി നേരെ ഖലീഫയുടെ അടുത്തെത്തി. ജിബില്ലയെ ഖലീഫ വിളിപ്പിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു. ‘ എന്റെ മേല്‍ വസ്ത്രത്തില്‍ കരുതിക്കൂട്ടി ചവിട്ടുകയായിരുന്നു ഇവന്‍. വിശുദ്ധ ഭവനത്തിന്റെ മഹത്ത്വം മാനിച്ചതു കൊണ്ടാണ്, അല്ലെങ്കില്‍ ഇവന്റെ കഥ കഴിക്കുമായിരുന്നു.’
‘ താങ്കള്‍ ഇദ്ദേഹത്തോട് മാപ്പ് പറയുന്നോ, അതല്ല ഞാന്‍ താങ്കളോട് പ്രതിക്രിയ ചെയ്യണോ’ ഖലീഫ ചോദിച്ചു.
‘ രാജാവായ എന്നോട് അങ്ങാടിയില്‍ നിന്ന് വന്ന ഇവന് വേണ്ടി പ്രതിക്രിയയോ’? ജിബില്ല അല്‍ഭുതം കൂറി.
‘ അതെ, ഇസ്‌ലാമില്‍ താങ്കളും അയാളും ഒരുപോലെയാണ്’ ഖലീഫ പറഞ്ഞു.
കുലീനതയോ വര്‍ണമോ മനുഷ്യര്‍ക്കിടയിലെ വിവേചനത്തിനുള്ള അളവുകോലായി ഇസ്‌ലാം ഗണിക്കുന്നില്ല. ഇസ്‌ലാമില്‍ ആദ്യമായി ബാങ്ക് വിളിച്ചത് എതോപ്യക്കാരനായ ഒരടിമയായിരുന്നു.
ഇസ്‌ലാമും സ്ത്രീയും
ജീവിതത്തിന്റെ പ്രധാന മേഖലകളില്‍ പുരുഷന്റെതിന് സമാനമായ അവകാശങ്ങള്‍ അനുവദിച്ചു കൊണ്ട് ഇസ്‌ലാം സ്ത്രീയെ സമാദരിച്ചിട്ടുണ്ട്.സ്ത്രീയുടെ ക്ഷേമവും ഉയര്‍ച്ചയും സാധ്യമാക്കുന്നതിനായി ഇസ്‌ലാം സ്വീകരിച്ച മുന്‍കരുതലുകളെ എന്നും എവിടെയുമുള്ള നിഷ്പക്ഷരായ ചരിത്രകാരന്മാരും നല്ലവരായ എഴുത്തുകാരും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.മുസ്‌ലിംശാസ്ത്രജ്ഞന്മാരുടെ രചനകള്‍ വായിച്ചിട്ടുള്ള ജ്ഞാനികള്‍ക്ക് ഇതൊന്നും അജ്ഞാതമായ കാര്യങ്ങളല്ല.യൂറോപ്പിലോ ഇതര വന്‍കരകളിലോ ഉള്ള വികസിത സമൂഹങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ള സ്ത്രീ പക്ഷ നിയമങ്ങളേക്കാള്‍ എത്രയോ മികച്ചതും ശ്രേഷ്ഠവുമാണ് ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുള്ള നിയമങ്ങളെന്ന് കാണാന്‍ കഴിയും.സ്തീ പ്രശ്‌നങ്ങളില്‍ ഇസ്‌ലാം ആവിഷ്‌കരിച്ച നിയമ നിര്‍ദേശങ്ങളിലേക്ക് ഇത്തരുണത്തില്‍ ഒരോട്ട പ്രദക്ഷിണം നടത്തുന്നത് നന്നായിരിക്കും.സമൂഹത്തിന് പൊതുവിലും സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ക്ഷേമം ഉറപ്പാക്കുന്നതാണ് ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥ എന്ന് അപ്പോള്‍ വ്യക്തമാവും.
പുരുഷന്‍ അനുഭവിക്കുന്ന അതേ അവകാശങ്ങള്‍ സ്ത്രീക്കും ഇസ്‌ലാം പൂര്‍ണമായി വകവെച്ചു കൊടുക്കുന്നു.മാതാപിതാക്കള്‍ വിട്ടേച്ചു പോകുന്ന അനന്തരസ്വത്തില്‍ പുരുഷ സഹോദരങ്ങള്‍ ക്കൊപ്പം ഇസ്‌ലാമിലെ സ്ത്രീയും അവകാശം പങ്കിടുന്നത് അങ്ങനെയാണ്. അനന്തരാവകാശത്തിന്റെ ചില ഘട്ടങ്ങളില്‍ പുരുഷന്റെതില്‍ നിന്ന് വ്യത്യസ്തമായ വിഹിതമാണ് സ്ത്രീക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ അതിനു കാരണം സാമൂഹിക മാനദണ്ഡങ്ങളിലെ മാറ്റങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളിലെ വ്യത്യാസങ്ങളുമാകും. സമൂഹത്തിലായാലും കുടുംബത്തിലായാലും സ്ത്രീയും പുരുഷനും നിര്‍വഹിക്കുന്നത് വ്യത്യസ്ത ധര്‍മങ്ങളാണല്ലൊ. വിവാഹിതയാവുന്നതോടെ സ്ത്രീയുടെ വ്യക്തിത്വമോ സ്വാതന്ത്ര്യമോ നഷ്ടപ്പെട്ടു കൂട.എന്നല്ല, യഥാര്‍ത്ഥത്തില്‍ അവള്‍ സമൂഹത്തിലെ മറ്റു വ്യക്തികളില്‍ നിന്ന് സ്വതന്ത്രയാവുകയാണ്.
ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ചു കൊടുത്തിട്ടുള്ള അധികാരമല്ലാതെ അമിതാധികാരം സ്ത്രീയുടെ മേല്‍ പ്രയോഗിക്കാന്‍ പുരുഷന് വിവാഹ ഉടമ്പടി അനുവദിക്കുന്നില്ല.അവളുടെ സ്വത്തിലോ വസ്തു വഹകളിലോ അവകാശങ്ങളിലോ കൈവെക്കുന്നതിനെയും വിലക്കുന്നു.വിവാഹമെന്നത് ഒരു സാംസ്‌കാരിക പ്രക്രിയയാണ്.സവിശേഷമായൊരു രീതിശാസ്ത്രമോ പുരോഹിത മാധ്യസ്ഥമോ അ തിനാവശ്യമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പിതാവിന്റെയോ ഭര്‍ത്താവിന്റെയൊ ഇടപെടലില്ലാതെ തന്നെ താനധ്വാനിച്ചുണ്ടാക്കിയ സ്വത്തും സമ്പാദ്യങ്ങളും സ്വമേധയാ ക്രയവിക്രയം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റാരുടെയും വക്കാലത്തില്ലാതെ സ്വമേധയാ കോടതിയുടെ മുമ്പാകെ സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യവും ഇസ്‌ലാം സ്ത്രീക്ക് വകവെച്ചു കൊടുക്കുന്നുണ്ട്.പിതാവിന്റെ പോലും വക്കാലത്ത് ഇക്കാര്യത്തില്‍ ആവശ്യമില്ല.സ്ത്രീയുടെ സുവ്യക്തമായ അനുമതി കിട്ടാതെ അവളെ വിവാഹം കഴിച്ചു കൊടുക്കാനുള്ള അവകാശവും പിതാവിനോ ഇതര രക്ഷിതാക്കള്‍ക്കോ ഇല്ല.നൂറ്റാണ്ടുകളോളം രാജാക്കന്മാരും ഭരണാധികാരികളും വഴി ലോകത്തുടനീളം വ്യാപകമായി പ്രചരിച്ചിരുന്ന ദുഷിച്ചൊരു സമ്പ്രദായത്തിനെതിരായ ശക്തമായൊരു പ്രഹരമായിരുന്നു ഇസ്‌ലാം ഇക്കാര്യത്തില്‍ നടത്തിയത്. അവരെല്ലാം വിവാഹത്തിന്റെ പേരില്‍ സ്ത്രീയെ അടിച്ചമര്‍ത്തുകയായിരുന്നു.
പ്രമുഖ എഴുത്തുകാരന്‍ സയ്യിദ് അമീര്‍ അലി സ്ത്രീയുടെ സുസ്ഥിതി ഉറപ്പാക്കുന്നതിനായി മുഹമ്മദ് നബി (സ)പ്രാവര്‍ത്തികമാക്കിയ കാര്യങ്ങളെ അനുസ്മരിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു:
‘ ഈ പ്രവാചകന്‍ തീര്‍ച്ചയായും മാനവതയുടെ നന്ദിയും കടപ്പാടും അര്‍ഹിക്കുന്നു.സ്ത്രീയുടെ ക്ഷേമത്തിനു മാത്രമായി മുഹമ്മദ് നബി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എടുത്താല്‍ മതി മാനവതയോട് കാണിച്ച മഹാമനസ്‌കതയുടെ കാര്യത്തില്‍ അവിടുത്തെ സംബന്ധിച്ച് യാതൊരു വിധ അഭിപ്രായ വ്യത്യാസവും ഉണ്ടാകില്ല. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള നിയമവിധികള്‍ നാം മാനിക്കുകയാണ്.നമുക്കുറപ്പിച്ച് പറയാനാവും, ഇസ്‌ലാം സ്ത്രീക്ക് വകവെച്ചു കൊടുത്തിട്ടുള്ള പൗരാവകാശങ്ങള്‍ യൂറോപ്പിനേക്കാളും ശ്രേഷ്ഠമാണ്.’
സ്ത്രീക്ക് , ഭാര്യ ,ഉമ്മ, സഹോദരി എന്നീ നിലകളിലെല്ലാമുള്ള പ്രത്യേക അവകാശങ്ങള്‍ ഖുര്‍ആനികാധ്യാപന ങ്ങളാല്‍ സംരക്ഷിക്കപ്പട്ടതാണ്, അല്ലാതെ നാട്ടു നടപ്പ് വഴിയോ കര്‍മശാസ്ത്ര ഗവേഷണങ്ങള്‍ വഴിയോ രൂപപ്പെട്ടതല്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. പ്രസ്തുത അവകാശങ്ങള്‍ ആപേക്ഷികമായി പിന്നാക്കം പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം, ഇസ്‌ലാമിക വ്യവസ്ഥയോ പ്രസ്തുത വ്യവസ്ഥയുടെ വെളിച്ചത്തില്‍ മുസ്‌ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച നിയമാവലിയോ അല്ല.മറിച്ച് പില്‍ക്കാലത്ത്, സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ച അജ്ഞതയും മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ത്ഥ ഇസ്‌ലാമികാധ്യാപനങ്ങളില്‍ നിന്നുള്ള അകന്നു പോക്കുമാണ് അതിന്റെ കാരണം. മനുഷ്യന്‍ തന്റെ സഹോദരനോട് എങ്ങനെയാണ് വര്‍ത്തിക്കേണ്ടത് എന്ന് ബോധ്യപ്പെടുത്താനും അടിസ്ഥാന മാനവീയ ബാധ്യതകളും ഉത്തരവാദിത്തങ്ങളും എന്താണ് എന്ന് അവനെ വഴി കാട്ടാനും ഉദ്ദേശിച്ചു കൊണ്ട് ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥിതിയുടെ സവിശേഷതകളിലേ ക്കുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് നാം നടത്തിയത്.പ്രസ്തുത ബാധ്യതകളും ഉത്തരവാദിത്തങ്ങളും സമൂഹത്തിന്റെ ഇരു ചിറകുകള്‍ എന്ന നിലയില്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അനുഭവിക്കാന്‍ കഴിയണം.
ഇങ്ങനെ, വ്യക്തികളില്‍ മാത്രമല്ല ഇതര സമൂഹങ്ങളിലും ജനവിഭാഗങ്ങളിലും മനുഷ്യ സമൂഹത്തിലാകമാനവും ഇസ്‌ലാമിക വ്യവസ്ഥ സ്ഥാനമുറപ്പിച്ചു.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Add Comment